ആകാശത്തിനും ഭൂമിയ്ക്കും ഇടയിലെ വിശുദ്ധവിപ്ലവത്തിനായി, ഏഴ് ബറ്റാലിയന്‍ പീരങ്കിപ്പട പുറപ്പെട്ടിട്ട് ദിവസങ്ങളായി. ഈ യുദ്ധം അനിവാര്യമാണ്. ദുര്‍ഭരണത്തിന്റെ ചൂട് നിശ്വാസവായുവിലെ തണുപ്പിനെ വരെ തടങ്കലിലിട്ടു. മാളികമുകളിലെ രാജാവ് ഒന്നും വകവയ്ക്കാതെ കോട്ടമുകളില്‍ ഉലാത്തിക്കൊണ്ടേയിരുന്നു. ഇപ്പോള്‍ പകല്‍ സമയത്ത് പുറത്തിറങ്ങാനുള്ള  ജനങ്ങളുടെ അവകാശം പോലും വിലക്കിയിരിക്കയാണ്. പുറത്തിറങ്ങുന്നവരെ ഭടന്മാര്‍ കുത്തിയും പൊള്ളിച്ചും മുറിവേല്‍പ്പിച്ചു. രാജാവാകട്ടെ കണ്ണുരുട്ടി ജനങ്ങളെ പേടിപ്പിച്ചുകൊണ്ടിരുന്നു. 

To advertise here,

പച്ചപ്പിന്റെ നിഴലില്‍ വേഴാമ്പലിനെ പോലെ നാക്കുനുണഞ്ഞ് വിടുതലിനായി കാത്തിരിക്കയാണ് ജനം മുഴുവന്‍. ഒരു അട്ടിമറി അനിവാര്യമാണ്. അന്ന് അതിരാവിലെ പീരങ്കിയുടെ മുഴക്കശബ്ദം കേട്ടുകൊണ്ടും അതില്‍നിന്നു ചീറ്റിയ തീപ്പൊരിയുടെ വലയം കണ്ടുകൊണ്ടുമാണ് പലരും കണ്ണുതുറന്നത്. കോട്ടയ്ക്ക് മുന്നിലെ ചുവന്ന അരിപ്പൊടിക്കോലം ചവിട്ടിയരച്ചുകൊണ്ട് കറുത്ത കുതിരകളെ പൂട്ടിയ രഥം പടിവാതിലില്‍ എത്തി. രഥത്തിന്റെ വേഗതയില്‍ കൊടിക്കൂറകള്‍ ആടിയുലഞ്ഞു. വിപ്ലവകാരികള കണ്ട് ജനങ്ങളുടെ ഹൃദയത്തില്‍ സന്തോഷത്തിന്റെ മാരി പെയ്തിറങ്ങി. 

ഒരേസമയം പല വ്യൂഹങ്ങളായി രൂപങ്ങള്‍ മാറ്റുന്ന സെന്യം. സൈനികരാകട്ടെ, കാര്‍മേഘത്തിന്റെ കറുപ്പുള്ള ബലിഷ്ടമായ പേശികള്‍ ഉള്ളവര്‍. അവരുടെ തലയോട്ടിയിലെ തിളക്കവും സമുദ്രത്തിന്റെ കരുപ്പുള്ള കണ്ണുകളും കണ്ട് ജനം ആര്‍ത്തുവിളിച്ചു. ഞൊടിയിടയില്‍ത്തന്നെ കോട്ട വിഴുങ്ങി ദുര്‍ഭരണത്തിന്റെ ചൂടിനെ രാത്രിയിലേയ്ക്ക് ഒരു പുലരി എന്നോണം ഞൊടിയിടയില്‍ അവര്‍ അട്ടിമറിച്ച് മുന്നോട്ട് നീങ്ങി.

ആര്‍ക്കും ഒന്നും വ്യക്തമായില്ല. വനത്തിന്റെ നിശബ്ദത പോലെ ചീവിടുകളുടെ തീക്ഷ്ണമായ ശബ്ദം മാത്രം. വാളുകളുടെ കൂട്ടിമൂട്ടലിലെ തീപ്പൊരിയില്‍ ജനങ്ങള്‍ പരിഭ്രാന്തരായി. പരസ്പരം ശരങ്ങള്‍ പോലെ ആക്രോശിച്ചിടിക്കുന്ന സൈനികരുടെ ശബ്ദം അവരെ കൂടുതല്‍ ഭയപ്പെടുത്തി. ആകാശങ്ങളെ കൂട്ടിക്കെട്ടിയ നൂല്‍ നഷ്ടമായതുപോലെ അവര്‍ക്ക് തോന്നി. സൈനികരുടെ രക്തം വിണ്ണില്‍ നിന്നും മണ്ണിലേക്ക് ഒരു പ്രളയംപോലെ ഒഴുകിയെത്തി. ജനങ്ങള്‍ വിപ്ലവകാരികളെ മറന്ന് രാജാവിനെ സ്തുതിക്കാന്‍ തുടങ്ങി. അവരുടെ ആഗ്രഹമെന്നോണം പിന്നെയും യുദ്ധം അവസാനിച്ചു. സൂര്യന്‍ പിന്നയും കിഴക്ക് സമാധാനത്തിന്റെ തിലശീല തൂക്കി. ഭൂമിയുടെ ദാഹം മാറ്റിയ മഴയെ അവര്‍ മറന്നു.

ആരോ ഒരാള്‍ ഓര്‍മകളുടെ ശവക്കല്ലറകളില്‍ പിന്നെയും ഏഴു നിറങ്ങളുള്ള പൂക്കള്‍ പാകി...ആരെന്നറിയില്ല! പ്രത്യാശയുടെ ഗര്‍ഭപാത്രത്തില്‍ വീണ്ടും പ്രത്യാശ നിറച്ച് അവര്‍ യാത്രയായി. പിന്നെയും പ്രാണന്‍ ഉയിരു പിഴിഞ്ഞ് മേഘക്കെട്ടുകളായി സമുദ്രത്തില്‍ അടര്‍ന്നുവീണു, മറ്റൊരു പുനര്‍ജനിക്കായി...