
ഇരിങ്ങാലക്കുട : സാംസ്‌കാരിക വ്യവസായവത്കരണത്തിന്റെ ഭാഗമായി വരുന്ന അക്രമത്തിന്റെ ഉത്പന്നമാണ് കുറ്റാന്വേഷണ നോവലുകളും ക്രൈം ത്രില്ലറുകളുമെന്ന് ബാലചന്ദ്രൻ വടക്കേടത്ത്. മാതൃഭൂമി അക്ഷരോത്സവത്തിന്റെ മുന്നോടിയായി നടത്തുന്ന പ്രഭാഷണപരമ്പരയിൽ ജില്ലയിലെ ഏഴാമത്തെ പ്രഭാഷണം ഇരിങ്ങാലക്കുട സെയ്ന്റ് ജോസഫ്‌സ് കോളേജിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ‘മലയാള നോവലിലെ ക്രൈം വായനകൾ’ എന്നതായിരുന്നു വിഷയം.
നിലവിലുള്ള സാമൂഹികവ്യവസ്ഥിതിയെ മറികടക്കാനോ ഇല്ലാതാക്കാനോ നടത്തുന്ന ശ്രമമാണ് എഴുത്ത്. ക്രൈം ഭാവുകത്വമെന്ന് വിശേഷിപ്പിക്കാവുന്ന മാറ്റം ഇന്ന് മലയാളസാഹിത്യത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ സാമൂഹികരംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന ക്രിമിനൽവത്കരണത്തിന്റെ രൂപഭാവങ്ങളാണ് സാഹിത്യത്തിലേക്കും കടക്കുന്നത്. മനസ്സിനുള്ളിൽ എവിടെയോ ഉറങ്ങിക്കിടക്കുന്ന ഹിംസയെ ഉണർത്തുകയോ പുറത്തുകൊണ്ടുവരുകയോ ചെയ്യുന്ന തരത്തിൽ ഈ കൃതികൾ മറ്റൊരു ഭാവുകത്വത്തിന്റെ സൃഷ്ടിയായി മാറുന്നു.
ഇത്തരം സാഹിത്യങ്ങൾ മനുഷ്യമനസ്സുകളിലുണ്ടാക്കുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യേണ്ടതാണ്.
കേരളത്തിലുണ്ടായ നരബലിയെക്കുറിച്ചും അതിനു പിന്നിലെ അന്ധവിശ്വാസങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിനുമുമ്പെ അത് ക്രൈം നോവലിൽ ആഘോഷിച്ചുകഴിഞ്ഞു. പഴയകാലത്ത് ഒരു കൊലപാതക കുറ്റാന്വേഷണത്തിൽ തുടങ്ങിയ നോവൽ ഇന്ന് ഭ്രാന്തമായ വിശകലനസാധ്യതകളെക്കൂടി ഉപയോഗപ്പെടുത്തിക്കൊണ്ട് പുതിയതലത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു.
തത്ത്വചിന്താപരമായ ആശയങ്ങളെക്കുറിച്ച് സംസാരിക്കുകയും ചർച്ചചെയ്യുകയും ചെയ്യുന്നവയാണ് യഥാർഥ നോവലുകൾ. ഡിറ്റക്ടീവ് നോവലുകളിൽ കണ്ണീരും ചിരിയുമില്ല, ജീവിതവുമില്ല.
ക്രൈം നോവലുകൾ ഉണ്ടാക്കുന്ന സാമൂഹികമായ പരിണാമങ്ങളും തകർച്ചകളും പരിശോധിക്കേണ്ടതുണ്ടെന്നും ബാലചന്ദ്രൻ വടക്കേടത്ത് പറഞ്ഞു.

കെ.പി. നമ്പൂതിരീസ് ആയുർവേദിക്സ് സീനിയർ ബ്രാൻഡ് മാനേജർ സുനോജ് പങ്കുണ്ണി ഉപഹാരസമർപ്പണം നടത്തി. സെയ്ന്റ് ജോസഫ്‌സ് കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ എലൈസ സ്വാഗതം പറഞ്ഞു. ക്ലബ്ബ് എഫ്.എം. ആർ.ജെ. അച്ചു ആമുഖവും മാതൃഭൂമി ബുക്സിലെ എം.കെ. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
Content Highlights: mbifl lecture series2023, mbifl2023, Balachandran Vadakkedath, st joseph's college, Irinjalakuda
Published: 09 Dec 2022, 08:09 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented