തൃശ്ശൂര്‍: 'ക' എന്നു പറഞ്ഞാല്‍ കഥയുടേയും കവിതയുടേയും കലഹത്തിന്റെയും തുടക്കത്തിലെ അക്ഷരം. ഇതില്‍ കലഹത്തിന്  മനുഷ്യസംസ്‌കാരത്തിന്റെ വികാസത്തില് ഏറെ പങ്കുണ്ട്. സാഹിത്യമാവട്ടെ കലയാവട്ടെ സംസ്‌കാരമാവട്ടെ മുന്നോട്ടുള്ള പ്രയാണം എല്ലാക്കാലത്തും കലഹത്തില് നിന്നായിരുന്നു. അതുകൊണ്ടു തന്നെ മാതൃഭൂമിയുടെ അക്ഷരോത്സവത്തിന്റെ 'ക' എന്ന് പേരിന് ഏറെ പ്രസക്തിയുണ്ട് -തൃശ്ശൂര്‍ കളക്ടര്‍ ഹരിത വി. കുമാര്‍ പറഞ്ഞു. മാതൃഭൂമി അക്ഷരോത്സവത്തിന്റെ മുന്നോടിയായ പ്രഭാഷണപരമ്പരയില്‍ വായനയുടെ പ്രസക്തി ഇന്ന് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

To advertise here,

 പുസ്തകങ്ങളുടെ പൊടിയും മണവും ശ്വസിച്ച്, ഏറെ സമയം വായനയ്ക്കായി മാറ്റിവെച്ചിരുന്ന കാലത്ത് നിന്ന് നാമിന്ന് ഏറെ മുന്നോട്ട് പോയിരിക്കുന്നു. പോക്കറ്റില്‍ സൂക്ഷിക്കുന്ന ചെറിയൊരു മൊബൈലില്‍ നിന്ന് വായിക്കാനാഗ്രഹിക്കുന്നത് നിമിഷനേരം കൊണ്ട് കണ്ടെത്താന്‍ ഇന്നാകും. അതിന് ആരുടേയും സഹായവും വേണ്ട. ആ അര്‍ഥത്തില്‍ വായന ജനകീയവത്കരിച്ചിരിക്കുന്നു. ഒപ്പം പരത്തിപ്പറഞ്ഞിരുന്നത് ഒതുക്കിപ്പറയാനും നമ്മള്‍ പഠിച്ചു. പുതിയ കാലത്തെ വായനയില്‍ ഒന്നാമതായി വേണ്ടത് സത്യാന്വേഷണമാണ്. ഏതു മിഥ്യയും വളരെ വേഗം സത്യമായി മാറുന്ന കാലത്ത് വായനയിലെ സത്യാന്വേഷണം പരമപ്രധാനമാണ്. സ്‌പെഷലൈസേഷനും കടന്ന് സൂപ്പര്‍ സ്‌പെഷലൈസേഷന്റെ കാലത്ത് നമ്മുടെ പ്രവൃത്തി മണ്ഡലത്തില്‍ ഒതുങ്ങാതെ ഓരോ മിനിറ്റിലും നവീകരിച്ചുകൊണ്ടിരിക്കണം. ഈ സ്വയം നവീകരണത്തിന് വായന തന്നെയാണ് മുഖ്യം. ഓരോ പുസ്‌കവും മുന്നില്‍ തുറക്കുന്നത് അക്ഷരപ്രപഞ്ചമാണ്. അതിലൂടെ കടന്നുപോകുമ്പോള്‍ നമ്മള്‍ എന്താണ് എന്ന തിരിച്ചറിവ് ലഭിക്കുന്നു. അങ്ങിനെ വായന എഴുത്തുകാരനോട് മാത്രമല്ല നമ്മോട് തന്നെയുള്ള കലഹമായി മാറുന്നു. 

 പ്രഭാഷണത്തിനിടെ വിവിധ ഭാഷകളിലെ സാഹിത്യ സൃഷ്ടികളുടെ വായനാനുഭവങ്ങളും ഹരിത വി. കുമാര്‍ തൃശ്ശൂര്‍ സെയ്ന്റ് തോമസ് കോളേജിലെ വിദ്യാര്‍ഥികളോട് പങ്കുവെച്ചു.