കൊച്ചി: ജീവിതത്തില്‍ വിജയം വരിച്ചവരുടെ ആത്മകഥകള്‍ വായിക്കണമെന്ന് വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. ജീവിതം കൊണ്ട് സന്ദേശം എഴുതിയവര്‍ മരണശേഷവും ജനമനസ്സുകളില്‍ ജീവിക്കും. അദ്ഭുത ജീവിയായി ആരും ജനിക്കുന്നില്ല. ജീവിതം കൊണ്ടാണ് പലരും അദ്ഭുതം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി നടത്തുന്ന 100 ദേശങ്ങള്‍ 100 പ്രഭാഷണങ്ങള്‍ എന്ന പരിപാടിയില്‍ കളമശ്ശേരി എസ്.സി.എം.എസ്. കോളേജില്‍ 'ജീവിതം കൊണ്ട് സന്ദേശം എഴുതുമ്പോള്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. 

To advertise here,

പ്രതിസന്ധികള്‍ വരുമ്പോഴാണ് അതിനെ മറികടക്കാനുള്ള ആര്‍ജവം കാണിക്കേണ്ടത്. അത് സാധിക്കുന്നുണ്ടോ എന്നിടത്താണ് ഒരാളുടെ വിജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത്. 'ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും, കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും' എന്ന പാട്ട് പോലെയാണ് ജീവിതം. ജീവിതംകൊണ്ട് സന്ദേശമെഴുതിയവരുടെ ഇച്ഛാശക്തിയും കഠിനാധ്വാനവും അര്‍പ്പണബോധവും പ്രധാനമാണ്. ആത്മധൈര്യം നേടാനുള്ള മാര്‍ഗം പ്രതിസന്ധികളെ നേരിടല്‍ മാത്രമാണെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.

കേരളത്തില്‍ രാഷ്ട്രീയ പ്രശ്നങ്ങള്‍ വ്യവസായികളെ ബാധിക്കുന്നതായി കണ്ടിട്ടുണ്ട്. എന്നാല്‍ നിയമങ്ങള്‍ പാലിച്ച് മുന്നോട്ടുപോയാല്‍ രാഷ്ട്രീയക്കാരെ സ്വാധീനിക്കേണ്ടി വരില്ലെന്നാണ് അനുഭവം. ഉപഭോക്താവാണ് ഒരു ഉത്പന്നത്തെ ഉയര്‍ത്തിപ്പിടിക്കുന്നത്. നിലവാരത്തില്‍ അത് തയ്യാറാക്കിയാല്‍ ജനങ്ങള്‍ എക്കാലത്തും അതേറ്റെടുക്കുമെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.

പ്രഭാഷണ പരമ്പരയുടെ ഭാഗമായി നടത്തിയ നറുക്കെടുപ്പില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വിതരണം ചെയ്തു. മാതൃഭൂമി സീനിയര്‍ ന്യൂസ് എഡിറ്റര്‍ എസ്. പ്രകാശ് ആമുഖ പ്രഭാഷണം നടത്തി. 

ഫെബ്രുവരി 2,3,4,5 തിയ്യതികളിലായി തിരുവനന്തപുരം കനകക്കുന്നില്‍ വെച്ച് നടക്കുന്ന അക്ഷരോത്സവത്തില്‍ സ്‌പോട്ട് അഡ്മിഷന്‍ മുഖേനയും പങ്കെടുക്കാനുള്ള അവസരമൊരുക്കിയിട്ടുണ്ട്.
മാതൃഭൂമി അക്ഷരോത്സവത്തില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക് ചെയ്യാം

placeholder
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് എസ്.സി.എം.എസ്. സ്‌കൂള്‍ ഓഫ് ബിസിനസ് പി.ജി.ഡി.എം. ചെയര്‍പേഴ്സണ്‍ ഡോ. കെ. അനില്‍കുമാര്‍ ഉപഹാരം നല്‍കുന്നു. 

ചടങ്ങില്‍ എസ്.സി.എം.എസ്. സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് പ്രിന്‍സിപ്പല്‍ ഡോ. ജി. ശശികുമാര്‍ സ്വാഗതവും പി.ജി.ഡി.എം. ഡിപ്പാര്‍ട്ട്മെന്റ് ചെയര്‍പേഴ്സണ്‍ ഡോ. കെ. അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു. മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ സിറാജ് കാസിം അവതാരകനായിരുന്നു.