
കരുനാഗപ്പള്ളി: വീടും കുടുംബവും സ്ത്രീകളുടെ എഴുത്തിനെ വല്ലാതെ ഞെരുക്കുന്നുണ്ടെന്ന് കവയിത്രി കണിമോള്‍. മാതൃഭൂമി അക്ഷരോത്സവത്തിന് മുന്നോടിയായുള്ള പ്രഭാഷണപരമ്പരയുടെ ഭാഗമായി തഴവയിലെ കരുനാഗപ്പള്ളി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 'എഴുത്ത് കുടുംബം സമൂഹം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കോളേജിലെ മലയാളവിഭാഗത്തിന്റെയും ചവറ കെ.എം.എം.എല്ലിന്റെയും സഹകരണത്തോടെയായിരുന്നു പരിപാടി.
സ്ത്രീ വീട്ടിനുള്ളില്‍ ഒതുങ്ങേണ്ടവളാണ്, എഴുതുന്നവര്‍ക്ക് കുടുംബജീവിതം ശരിയാകില്ല എന്ന ധാരണ ഇപ്പോഴും സമൂഹത്തില്‍ ശക്തമാണ്. സമൂഹത്തോടും തന്നോടുതന്നെയും സമരം ചെയ്തുകൊണ്ട് മാത്രമേ എഴുത്തുകാരിക്ക് നിലനില്‍ക്കാനാകൂ-കണിമോള്‍ പറഞ്ഞു. കുടുംബവും സമൂഹവും ഞെരുക്കുന്നതുകൊണ്ട് ഉള്ളിന്റെയുള്ളില്‍നിന്ന് അവളുടേതുമാത്രമായ ഒരു തത്ത്വചിന്തയും ജീവിതദര്‍ശനവും ഉയര്‍ത്തിക്കൊണ്ടുവരാനും ലോകത്തെ അവളിലേക്ക് ചുരുക്കാനും സ്ത്രീക്ക് കഴിയുന്നു.
വീടിനെ ചുറ്റിപ്പറ്റിയുള്ള അടുക്കളക്കവിതകളെന്ന് പറയുമ്പോഴും മറ്റൊരു കാഴ്ചപ്പാടില്‍ നോക്കിയാല്‍ ആ വീട് കഥാപാത്രമാക്കി എത്ര ആഴത്തിലാണ് അത് പെണ്ണ് അവതരിപ്പിക്കുന്നതെന്ന് കാണാന്‍ കഴിയും. പെണ്ണ് വീടിനു പുറത്തേക്കു പോകുകയെന്നത് നവോത്ഥാനകാലത്ത് ഉയര്‍ത്തിക്കൊണ്ടുവന്ന ആശയമാണ്. എന്നാല്‍, വീടിനെ മഹത്ത്വവത്കരിച്ചുകൊണ്ട് വീടിനുള്ളില്‍ ഒതുങ്ങുകയെന്ന സങ്കുചിതമായ ചിന്ത വലിയ തോതില്‍ സമൂഹത്തില്‍ പ്രചരിക്കുന്നുണ്ട്.
വീട്ടിനുള്ളില്‍ അകില്‍പോലെ പുകയുന്ന, ചന്ദനംപോലെ അലിയുന്നവളാകണം ഭാര്യ. അവളുടെ അധ്വാനം മഹത്ത്വവത്കരിക്കപ്പെടുന്നു. അങ്ങനെ കുടുംബത്തിനുവേണ്ടി തേഞ്ഞരഞ്ഞ് ഒഴുകുമ്പോഴാണ് അവള്‍ വിശുദ്ധയായും വാഴ്ത്തപ്പെടേണ്ടവളായും മാറുന്നതെന്നാണ് പലരും കരുതുന്നത്. നമുക്ക് എഴുത്തച്ഛന്‍മാര്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. എഴുത്തമ്മമാര്‍ ഉണ്ടായിട്ടില്ല. ബാലാമണിയമ്മയും മാധവിക്കുട്ടിയും സുഗതകുമാരിയും കെ.ആര്‍.മീരയുമൊക്കെ ഉണ്ടാകാന്‍ എത്രയോ കാലം കാത്തിരിക്കേണ്ടിവന്നെന്ന് ഓര്‍ക്കണം. ഇതിനിടയില്‍ ഇവരൊക്കെയാകാതെ പോയ ഒട്ടേറെപ്പേരുണ്ട്.
എഴുത്തുകാരിയുടെ ജീവിതത്തിന് തോട്ടമായി നിലനില്‍ക്കാനാകില്ല. അവള്‍ക്ക് ഏകശിലാഘടനയുള്ള ഒരു ജൈവരൂപമായിരിക്കാന്‍ കഴിയില്ല. കാടായി നിലനില്‍ക്കാനേ സാധിക്കൂ. ഈയൊരു സംഘര്‍ഷം എഴുത്തുകാരിയുടെ കുടുംബത്തില്‍ നിരന്തരം നിലനില്‍ക്കുന്നുണ്ട്. ആ അവസ്ഥയെ പൊട്ടിച്ചെറിഞ്ഞ് പുറത്തുവരേണ്ടതുണ്ടെന്നും കണിമോള്‍ പറഞ്ഞു.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എസ്.ആര്‍.ഇന്ദുശ്രീ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എം.എം.എല്‍. ജനറല്‍ മാനേജര്‍ വി.അജയകൃഷ്ണന്‍ ഉപഹാരസമര്‍പ്പണം നടത്തി. മലയാളവിഭാഗം മേധാവി ജെയിംസ് വര്‍ഗീസ്, മാതൃഭൂമി കൊല്ലം സ്പെഷ്യല്‍ കറസ്പോണ്ടന്റ് ജി.സജിത് കുമാര്‍, ചീഫ് സബ് എഡിറ്റര്‍ ബിജു പാപ്പച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.
മാതൃഭൂമി അക്ഷരോത്സവത്തില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക് ചെയ്യാം
Content Highlights: mbifl lecture series 2023 mbifl 2023 kanimol speaks at karunagappalli government arts and science
Published: 20 Jan 2023, 03:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented