തിരുവനന്തപുരം: യാത്രകൾ പകർന്നുതന്ന പാഠങ്ങൾ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ പങ്കുവെച്ച് എഴുത്തുകാരനും പ്രഭാഷകനുമായ ഷൗക്കത്ത്. സ്വയം സ്‌നേഹിക്കാൻ മനുഷ്യൻ പഠിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

To advertise here,

'യാത്രകൾ പറഞ്ഞത്' സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷൗക്കത്ത് പങ്കുവെച്ച ജീവിതാനുഭവങ്ങളും ഓർമകളും ഹിമാലയ യാത്രയിലെ വിശേഷങ്ങളും സദസ്സിന് അനുഭൂതിയായി. തന്റെ പ്രിയപ്പെട്ട നാരായണ ഗുരുവിന്റെ ചിന്തകളിലൂടെയും ഇഷ്ടപ്പെട്ട പുസ്തകത്തിലെ വരികളിലൂടെയുമാണ് അദ്ദേഹം കാണികളുമായി സംവദിച്ചത്.

താൻ വായിച്ച ഏറ്റവും നല്ല 'യാത്ര വിവരണം' ഒ.വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസ'മാണെന്ന് ഷൗക്കത്ത് പറഞ്ഞു. 'ഖസാക്കിന്റെ ഇതിഹാസം' പോലെ തന്നെ സ്പർശിച്ച മറ്റൊന്ന് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഹിമാലയത്തിൽ യാത്ര പോയ സമയത്ത് അറിയാതെ ഒറ്റയ്ക്കായിപ്പോയ അവസരമുണ്ടായി. രണ്ട് ദിവസത്തിനു ശേഷമാണു വേറെ ആരെയെങ്കിലും ഞാൻ കണ്ടുമുട്ടിയത്. ആ സമയം പാറയോട് പോലും സംവദിക്കാൻ എനിക്ക് സാധിച്ചു. യാത്രകൾക്കിടയിൽ പല തരത്തിലുള്ള മനുഷ്യരെ കാണാൻ സാധിച്ചിട്ടുണ്ട്. സമാധാനത്തിൽ ജീവിക്കാൻ സാധിക്കുന്ന ഒരുപാട് മനുഷ്യരെ കണ്ടുമുട്ടി. തന്റെ പ്രശ്‌നങ്ങൾ ആടിനോട് പങ്കുവെക്കുന്ന 80 വയസുള്ള ഉമ്മൂമ്മയെ ഒരിക്കൽ ഞാൻ കണ്ടു. മനുഷ്യനോട് സംസാരിച്ചിട്ടല്ല, ആടുമായി സംസാരിച്ചാണ് അവർ സമാധാനം കണ്ടെത്തുന്നത്.

മനുഷ്യരില്ലെങ്കിലും ഒറ്റപ്പെടൽ അനുഭവപ്പെടാതിരിക്കാൻ നാം പഠിക്കണം. മനുഷ്യരിൽ നിന്ന് മാത്രം ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്നവർക്ക് കുറച്ച് മാത്രമേ സമാധാനം കിട്ടൂ. ഒരു കവിത വായിക്കാതെ, ഒരു പാട്ട് കേൾക്കാതെ, ഒന്ന് നടന്നുവരാതെ നമുക്ക് സമാധാനം കിട്ടില്ല. മനുഷ്യനിൽ നിന്നും ഇറങ്ങി പ്രകൃതിയിലേക്ക് നാം യാത്ര ചെയ്യണം.

സ്വയം സ്‌നേഹിക്കാൻ ഓരോരുത്തരും പഠിക്കണം. സ്‌നേഹം എന്നാൽ പകർന്ന് കൊടുക്കേണ്ട ഒന്നാണ്. പക്ഷെ അതെവിടെയോ നമുക്ക് നഷ്ടമായി. നമ്മുടെ മാനസികാവസ്ഥ നോക്കിയാകരുത് നമ്മൾ മറ്റുള്ളവരെ പരിഗണിക്കേണ്ടത് എന്നതാണ് യാത്ര എന്നെ പഠിപ്പിച്ച പാഠം. നമ്മൾ അസ്വസ്ഥരായിരിക്കുമ്പോൾ എങ്ങനെ മറ്റുള്ളവരോട് പെരുമാറുന്നുവോ അതാണ് നമ്മൾ. പല പുസ്തകങ്ങളിലും പഠിക്കാത്തത് യാത്രകൾ എന്നെ പഠിപ്പിച്ചു', ഷൗക്കത്ത് പറഞ്ഞു.