തിരുവനന്തപുരം: കവിക്ക് രാഷ്ട്രീയം വേണോ? എന്താണ് കവിതയിലെ രാഷ്ട്രീയം? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് കവികളായ കുരീപ്പുഴ ശ്രീകുമാറും പി.എൻ. ഗോപീകൃഷ്ണനും മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ സംവാദത്തിലൂടെ കണ്ടെത്താൻ ശ്രമിച്ചത്.
നിങ്ങളുടെ കവിതയിൽ എത്രയുണ്ട് രാഷ്ട്രീയം എന്നതായിരുന്നു വിഷയം. വർഗീയ ഫാസിസത്തിന്റെ കടന്നുവരവിനെക്കുറിച്ചുള്ള മുന്നറിയിപ്പായി മുപ്പത് വർഷം മുൻപെഴുതിയ ഗോഡ്സെ നഗർ എന്ന കവിത ആലപിച്ച് ഗാന്ധിജിയെ സ്മരിച്ചുകൊണ്ടാണ് കുരീപ്പുഴ തുടങ്ങിയത്.
തന്റെ കവിതയിൽ എത്രത്തോളം രാഷ്ട്രീയമുണ്ടെന്ന് ഇതുവരെ അന്വേഷിച്ചിട്ടില്ലെന്ന് കുരീപ്പുഴ പറഞ്ഞു. എന്റെ രാഷ്ട്രീയം കക്ഷി രാഷ്ട്രീയമല്ല അത് കവിതയും സ്നേഹവും മരങ്ങളും പുഴകളും അരാജകത്വവും നാസ്തികതയുമെല്ലാം നിറഞ്ഞ ഹൃദയപക്ഷ രാഷ്ട്രീയമാണ്. എന്റെ കവിതയിൽ എനിക്ക് രാഷ്ട്രീയമുണ്ട്. അത് പാർട്ടി രാഷ്ട്രീയമല്ല. രാഷ്ട്രീയം. എന്റെ കവിതകളുടെ പകർപ്പകാശം ദൈവത്തിനല്ല എന്ന് ഞാൻ പരസ്യമായി പറഞ്ഞിട്ടുണ്ട്.
മാതൃഭൂമി ആഴ്ചപ്പതിപ്പിലെ അഭിമുഖത്തിൽ ഞാൻ പറഞ്ഞത് ദൈവത്തെ കാട്ടി തരൂ ഒരു കൈത്തോക്കും തരൂ, ഞാൻ ആ ഇഡിയറ്റിനെ വെടിവെച്ച് കൊല്ലാം എന്നാണ്. ഇതൊക്കെയാണ് എന്റെ രാഷ്ട്രീയം. ആ രാഷ്ട്രീയം എന്റെ കവിതയിൽ ഒരു പക്ഷേ പ്രതിഫലിച്ചേക്കാം- കുരീപ്പുഴ പറഞ്ഞു. ഏതാനും നഗ്നകവിതകളും കുരീപ്പുഴ ആലപിച്ചു.
രാഷ്ട്രീയ കവിത എന്നത് വ്യത്യസ്ത ഗണത്തിൽ പെടുന്ന ഒന്നല്ലെന്ന് പി.എൻ. ഗോപീകൃഷ്ണൻ പറഞ്ഞു. സ്വാഭാവികമായും വ്യക്തിഗതമായ പ്രശ്നങ്ങൾ എന്ന പോലെ സാമൂഹ്യപ്രശ്നങ്ങളെ തൊടാതെ നമുക്ക് ജീവിക്കാൻ കഴിയില്ല. അത് സ്വാഭാവിക പ്രക്രിയയാണ്. ഏതെങ്കിലും ഗണത്തിൽ പെടും എന്ന് വിചാരിച്ച് എഴുതുന്നതല്ല. എഴുതിപ്പോവുന്നതാണ്. രാഷ്ട്രീയം എന്നു പറയുമ്പോൾ ജനങ്ങളുടെ മനസ്സിൽ പാർട്ടികളുമായി ബന്ധപ്പെട്ട രാഷ്ട്രീയമാണ് വരുന്നത്. അത് പരസ്പര ആക്രോശങ്ങളുടേതാണ്.
കവിയുടെ രാഷ്ട്രീയം പാർട്ടികളുമായി നേരിട്ട് ബന്ധമുള്ള ഒന്നല്ല. അത് ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വം സ്വാതന്ത്ര്യം സാഹോദര്യം തുടങ്ങിയ വലിയ മൂല്യങ്ങളുമായിട്ട് ഇടപെടുന്നതിന്റെ രാഷ്ട്രീയമാണ്. ഇന്ത്യയിൽ സാമൂഹിക ജനാധിപത്യം അസ്തമിക്കുകയാണ്. ജനാധിപത്യത്തിന്റെ ഫ്രെയിം മാത്രമാണ് നിൽക്കുന്നത്. അതിലൂടെ ഏത് വർഗീയവാദിക്കും ഏത് ഫാസിസ്റ്റിനും കടന്നിരിക്കാവുന്ന ഒരു അന്തരീക്ഷം ഉണ്ടാകും. അപ്പോൾ കവിയുടെ രാഷ്ട്രീയം ഈ സമത്വമില്ലായ്മയും സാഹോദര്യമില്ലായ്മയും സ്വാതന്ത്ര്യമില്ലായ്മയും നിരന്തരം കണ്ടുപിടിക്കുക എന്നതാണ്- ഗോപീകൃഷ്ണൻ പറഞ്ഞു. 1948 ജനുവരി 30 എന്ന കവിതയും ഗോപീകൃഷ്ണൻ ആലപിച്ചു.
Content Highlights: Explore the intersection of poetry and politics with Kureepuzha Sreekumar and P.N. Gopinathan at the Mathrubhumi International Festival of Letters. They discuss their views on party politics vs. heart-centric politics.
Published: 30 Jan 2026, 05:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented