മാത്തിൽ: കവിയും എഴുത്തുകാരനും പ്രഭാഷകനും നിരൂപകനുമായ എ.സി. ശ്രീഹരിയ്ക്ക് നാട് വിടനൽകി. ജന്മനാടായ ആലപ്പടമ്പ് ചെറുപ്പാറ രക്തസാക്ഷി സ്മാരക വായനശാലയിലും ആലപ്പടമ്പിലെ വസതിയിലും പൊതുദർശനത്തിന് വെച്ചു. സാഹിത്യരംഗത്തും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലുമള്ള നൂറുകണക്കിനാളുകൾ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. പയ്യന്നൂർ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്ന ശ്രീഹരി വിരമിച്ച് ആറാം ദിവസമാണ് അന്തരിച്ചത്.

To advertise here,

തങ്ങളുടെ പ്രിയങ്കരനായ അധ്യാപകനെ അവസാനമായി കാണാൻ നൂറുകണക്കിന് ശിഷ്യർ എത്തിയിരുന്നു. ശനിയാഴ്ച രാത്രി പുസ്തകവായനയ്ക്കിടെയാണ് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ജീവിതത്തിന്റെ അവസാനനിമിഷവും വായനയിൽ മുഴുകിയാണ് കവി യാത്രയായത്. കുറച്ചുമാസങ്ങൾക്ക് മുമ്പ് മരണത്തെക്കുറിച്ച് ശ്രീഹരി എഴുതിയ കവിത അദ്ദേഹത്തിന്റെ മരണശേഷം നവമാധ്യമങ്ങളിൽ നിരവധിപേർ പങ്കുവെച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ആളയങ്കോട് മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്ന സദ്യയിൽ നാട്ടുകാർക്ക് ഭക്ഷണം വിളമ്പാനും ശ്രീഹരിയുണ്ടായിരുന്നു. നാട്ടിലും പൊതുസമൂഹത്തിലും ഏവർക്കും പ്രിയങ്കരനായിരുന്നു അദ്ദേഹം

ഭിന്നശേഷി വിദ്യാർഥികളെ നെഞ്ചോടുചേർത്തുനിർത്തുന്ന സൗമ്യനായ അധ്യാപകനായിരുന്നു ശ്രീഹരി. നിരവധി കാര്യണ്യ സംഘടനകളിലും സജീവമായിരുന്നു. കോളേജിലെത്തുന്ന ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് സഹായഹസ്തമായിരുന്നു അദ്ദേഹം. വിരമിക്കലിന് ശേഷം കൃഷിയിലേക്ക്‌ ശ്രദ്ധതിരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. വീടിന് സമീപം ഫലവൃക്ഷങ്ങളുടെ തോട്ടം തയ്യാറാക്കിത്തുടങ്ങിയിരുന്നു. ഒരേക്കർ സ്ഥലം കിളച്ച് കൃഷിയിറക്കാനുള്ള തയാറെടുപ്പും നടത്തിയിരുന്നു. കൃഷിയ്ക്കായി കിളച്ചിട്ട മണ്ണിലൂടെയുള്ള ശ്രീഹരിയുടെ അന്ത്യയാത്ര ഏവരെയും കണ്ണീരിലാഴ്ത്തി.

പി. സന്തോഷ് കുമാർ എം.പി., വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ., പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്‌ കെ.കെ. ജോയ്, പയ്യന്നൂർ നഗരസഭാ ചെയർമാൻ സരിൻ ശശി, കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡൻറ്‌ പി. അനസൂയ, ജില്ലാ പഞ്ചായത്ത് അംഗം ലേജു ജയദേവൻ, മുൻ എം.എൽ.എ. സി. കൃഷ്ണൻ, കെ.കെ.ആർ. വെങ്ങര, ഇ.പി. രാജഗോപാലൻ, മാധവൻ പുറച്ചേരി, ദിവാകരൻ വിഷ്ണുമംഗലം, പ്രദീപ് മണ്ടൂർ, ഒ.എൻ. രാമകൃഷ്ണൻ, മനോജ് കാന, കെ. ജയരാജൻ, കെ.കെ. സുരേഷ് കുമാർ, അഡ്വ. പി. സന്തോഷ്, പി. ശശിധരൻ, അഡ്വ. കെ. ബ്രിജേഷ് കുമാർ, ഗംഗാധരൻ കാളീശ്വരം, എം.ടി.പി. നൂറുദ്ദീൻ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. ‘മാതൃഭൂമി’ക്ക് വേണ്ടിയും വിവിധ സംഘടനകൾക്കായും റീത്ത് സമർപ്പിക്കപ്പെട്ടു.