തിരുവനന്തപുരം: മാതൃഭൂമി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് മുന്നോടിയായി കനകക്കുന്നിൽ മാതൃഭൂമി ബുക്‌സ് പുസ്തകശാല തുറന്നു. മലയാളത്തിന്റെ അണയാത്ത എഴുത്തുവിളക്കുകൾക്ക് ആദരമർപ്പിച്ചുകൊണ്ടാണ് കനകക്കുന്നിൽ വായനാ കലവറയുടെ താള് തുറന്നത്. മലയാളത്തിന്റെ മൺമറഞ്ഞുപോയ ഏഴ് എഴുത്തുകാരുടെ മക്കൾ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.
ജനുവരി 29 മുതൽ ഫെബ്രുവരി ഒന്നു വരെ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം ഏഴാം പതിപ്പിലേക്കുള്ള ക്ഷണംകൂടിയായി മാറി പുസ്തകശാലയുടെ തുടക്കം. വ്യാഴാഴ്ച വെെകിട്ട് അഞ്ചിന് ഏഴു തിരികൾ തെളിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം. വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീർ, വയലാർ രാമവർമ്മയുടെ മകൻ ശരത്ചന്ദ്രവർമ്മ, ഒ.എൻ.വി. കുറുപ്പിന്റെ മകൻ രാജീവ് ഒ.എൻ.വി., സുഗതകുമാരിയുടെ മകൾ ലക്ഷ്മി ദേവി, എം.കൃഷ്ണൻ നായരുടെ മകൾ രാധ, കാക്കനാടന്റെ മകൾ രാധാ കാക്കനാടൻ, എം.കെ.സാനുവിന്റെ മകൾ രേഖ എന്നിവർ ചേർന്നാണ് തിരിതെളിച്ചത്. എംടിയുടെ മകൾ അശ്വതി ശ്രീകാന്തും എസ്.കെ.പൊറ്റെക്കാട്ടിന്റെ മകൾ സുമിത്രയും വീഡിയോയിലൂടെ ചടങ്ങിൽ പങ്കെടുത്തു.
മാതാപിതാക്കളുടെ രചനകളിൽ പ്രിയപ്പെട്ട വരികൾ മക്കൾ വായിച്ചത് കാഴ്ചക്കാർ വിരുന്നായി. രാജീവ് ഒ.എൻ.വി - സൂര്യഗീതം, ശരത്ചന്ദ്രവർമ്മ - ശാരികേ, ലക്ഷ്മി ദേവി - ഒരു സ്വപ്നം, അനീസ് ബഷീർ - ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്, രാധാ കാക്കനാടൻ -ഒറോത, രേഖ - കർമ്മഗതി, അശ്വന്തി ശ്രീകാന്ത് - രണ്ടാമൂഴം, സുമിത്ര - അന്തർവാഹിനി എന്നിങ്ങനെയാണ് വായിച്ചത്. എം.കൃഷ്ണൻ നായരുടെ മകൾ രാധ- ഓ വി. വിജയൻ്റെ ഖസാക്കിൻ്റെ ഇതിഹാസമാണ് വായിച്ചത്. സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തുള്ള പ്രമുഖരുൾപ്പെടെ പരിപാടിയിൽ സന്നിഹിതരായി. ഉദ്ഘാടനദിവസം പുസ്തകങ്ങൾക്ക് 15 ശതമാനം വിലക്കിഴിവുമുണ്ടായിരുന്നു.
Content Highlights: Kanakakkunnu Welcomes Mathrubhumi's Literary Festival with Grand Bookshop Opening
Published: 22 Jan 2026, 07:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented