തിരുവനന്തപുരം: ചിലർക്ക് നായ്ക്കളോടുള്ള ഇഷ്ടം കുട്ടിക്കാലം മുതലേ കൂടെയുള്ളതാണ്. എന്നാൽ മറ്റുചിലർക്ക് അത് അപ്രതീക്ഷിതമായി കടന്നുവരുന്ന ഒന്നാണ്. എഴുത്തുകാരി ഹേമാലി സോധിക്ക് നായകൾ എന്നാൽ ഭയപ്പെടുന്ന കാലമുണ്ടായിരുന്നു. എന്നാൽ ഒരു നായക്കുട്ടിയെ ആദ്യമായി കൈകളിൽ എടുത്ത ആ നിമിഷം തന്റെ ജീവിതം മാറിമറിഞ്ഞുവെന്ന് ഹേമാലി പറയുന്നു.

To advertise here,

നായ്ക്കളും മനുഷ്യരും തമ്മിലുള്ള ആഴമേറിയ വൈകാരിക ബന്ധത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഹേമാലി സോധിയും എഴുത്തുകാരിയും മൃഗസംരക്ഷണ പ്രവർത്തകയുമായ അനുഷ രാമനാഥനും. നായകൾ മനുഷ്യരോടൊപ്പം വസിക്കുക മാത്രമല്ല, അവരെ വൈകാരികമായി തളരാതെ കാത്തുസൂക്ഷിക്കുമെന്നും ഇരുവരും സാക്ഷ്യപ്പെടുത്തുന്നു.

'മറ്റേതൊരു ബന്ധങ്ങൾക്കിടയിലും നിബന്ധനകളുണ്ടാകാം. എന്നാൽ ഈ ഓമനകളുമായുള്ള ബന്ധത്തിൽ നമുക്ക് പൂർണമായും നമ്മളായിത്തന്നെ ഇരിക്കാനാകും. കൃത്രിമത്വമില്ലാത്ത ഏറ്റവും നിർമലമായ ബന്ധമാണത്- ഹേമാലി പറയുന്നു. മാതൃഭൂമി ഡയറക്ടർ (ഡിജിറ്റൽ ബിസിനസ്) എ.എസ്. മയൂര മോഡറേറ്ററായി.

മനുഷ്യരുടെ വികാരങ്ങൾ തിരിച്ചറിയാൻ നായകൾക്ക് പ്രത്യേക കഴിവുണ്ട്. തെരുവ് നായകളുടെ കാര്യമെടുത്താൽ, തങ്ങൾക്ക് ഭക്ഷണം കിട്ടുമോ അതോ കല്ലേറ് കിട്ടുമോ എന്നറിയാത്ത അവസ്ഥയിലും അവ കാട്ടുന്ന സ്നേഹം വലുതാണ്. അവരോട് അല്പം കരുണയും കൃത്യമായ പരിചരണവും കാണിക്കുകയാണ് വേണ്ടത്- അനുഷ രാമനാഥൻ പറയുന്നു.

തെരുവ് നായകളുമായി ബന്ധപ്പെട്ട തർക്കങ്ങളും അവയെ കൊന്നൊടുക്കുന്ന പ്രവണതയും ആശങ്കാജനകമാണെന്ന് ഇരുവരും ചൂണ്ടിക്കാട്ടി.

നായകളെ സ്നേഹിക്കുന്നവരെന്നും ഭീഷണിയായി കാണുന്നവരെന്നും സമൂഹം രണ്ടായി വിഭജിക്കപ്പെടുന്നത് അപകടകരമാണ്. അവയ്ക്ക് കൃത്യമായി ഭക്ഷണവും പ്രതിരോധ കുത്തിവെപ്പും നൽകാത്തതാണ് പ്രശ്നം- അനുഷ അഭിപ്രായപ്പെട്ടു. അവയെ മോശക്കാരാക്കുന്നത് വളർത്തുന്ന ഉടമകളാണ്. അഥവാ മനുഷ്യരുടെ തെറ്റായ ഇടപെടലുകളാണ്,' ഹേമാലി പറയുന്നു. നായയെ വളർത്തുക എന്നത് വലിയൊരു ഉത്തരവാദിത്തമാണെന്ന് ഇരുവരും ഓർമിപ്പിച്ചു.