നമ്മുടെ അരുമ മൃഗങ്ങളോട് സ്‌നേഹം കാണിക്കാൻ അവർക്ക് നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ കൊടുക്കുന്നത് പലരുടെയും ശീലമാണ്. എന്നാൽ മനുഷ്യർക്ക് ആരോഗ്യകരമായ പല ഭക്ഷണങ്ങളും നായ്ക്കൾക്ക് വിഷത്തിന് തുല്യമാണ്. നായ്ക്കളുടെ ആരോഗ്യത്തിന് ഹാനികരമായ ഭക്ഷ്യവസ്തുക്കൾ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.

To advertise here,

ചോക്ലേറ്റ്, കോഫി, കഫീൻ എന്നിവ ആദ്യം ഒഴിവാക്കണം. ചോക്ലേറ്റിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന 'മീഥൈൽസാന്തൈൻ' എന്ന ഘടകം നായ്ക്കൾക്ക് വളരെ അപകടകരമാണ്. ഇത് കഴിക്കുന്നത് വയറിളക്കം, ഛർദ്ദി, അമിതമായ ദാഹം, അസ്വസ്ഥത, വിറയൽ, ഹൃദയമിടിപ്പിലെ വ്യതിയാനം എന്നിവയ്ക്കും ചിലപ്പോൾ മരണത്തിനും വരെ കാരണമാകാം. ചോക്ലേറ്റിന്റെ ഇരുണ്ട നിറം കൂടുന്തോറും അപകടസാധ്യതയും കൂടും. അതിനാൽ ഡാർക്ക് ചോക്‌ളേറ്റ് കൊടുക്കരുത്.

മുന്തിരിങ്ങയും ഉണക്കമുന്തിരിയും കൊടുക്കാനേ പാടില്ലാത്ത ഭക്ഷ്യവസ്തുക്കളാണ്. മുന്തിരിയും ഉണക്കമുന്തിരിയും നായ്ക്കളിൽ വൃക്കസ്തംഭനത്തിന് കാരണമാകും. ചെറിയ അളവിൽ കഴിച്ചാൽ പോലും ഇത് നായ്ക്കൾക്ക് ജീവനാശമുണ്ടാക്കാം.അതുപോലെ നട്‌സുകളും നല്ലതല്ല. ബദാം, വാൽനട്ട്, പെകാൻ തുടങ്ങിയ നട്‌സുകളിൽ ഉയർന്ന അളവിൽ കൊഴുപ്പും എണ്ണയും അടങ്ങിയിട്ടുണ്ട്. ഇത് നായ്ക്കളിൽ ഛർദ്ദി, വയറിളക്കം, പാൻക്രിയാറ്റിസ് എന്നിവയ്ക്ക് കാരണമാകാം. മാക്കാഡമിയ നട്‌സ് കഴിക്കുന്നത് നായ്ക്കളിൽ തളർച്ചയും ശരീര താപനില ഉയരുന്നതിനും ഇടയാക്കും.

നായ്ക്കൾക്ക് പാൽ കൊടുത്ത് സ്‌നേഹം പ്രകടിപ്പിക്കുന്ന നിരവധി ആളുകളുണ്ട്. നായ്ക്കൾക്ക് പാലിലെ പ്രോട്ടീനായ ലാക്ടോസ് ദഹിപ്പിക്കാൻ ആവശ്യമായ 'ലാക്‌റ്റേസ്' എന്ന എൻസൈം ശരീരത്തിൽ ഉണ്ടാകാറില്ല. അതിനാൽ പാലും മറ്റ് പാലുൽപ്പന്നങ്ങളും നൽകുന്നത് ദഹനക്കേടിനും വയറിളക്കത്തിനും കാരണമാകുമെന്നും സീനിയർ വെറ്റിറിനറി സർജനും എറണാകുളം ആനിമൽ ഹസ്ബന്ററി ഡിപ്പാർമെന്റ് പി.ആർ.ഓയുമായ ഡോ.സൈറ പറഞ്ഞു.എന്നാൽ ലാക്ടോസ് ഇൻടോളറൻസ് എല്ലാ നായ്ക്കൾക്കും ഉണ്ടാകണമെന്നില്ലെന്നും അവർ പറഞ്ഞു.

 

 

വെളുത്തുള്ളി, സവാള എന്നിവ ചേർത്തും ഭക്ഷണം നൽകരുത്. വെളുത്തുള്ളിയും ഉള്ളിയും നായ്ക്കളുടെ രക്തത്തിലെ ചുവന്ന രക്താണുക്കളെ നശിപ്പിക്കുകയും വിളർച്ചയ്ക്ക് കാരണമാകുകയും ചെയ്യും. ഇവ ദഹനവ്യവസ്ഥയെയും തകരാറിലാക്കും.

വേവിക്കാത്ത മാംസവും പച്ചമുട്ടയും നായ്ക്കൾക്ക് കൊടുക്കരുത്. വേവിക്കാത്ത മാംസത്തിലും മുട്ടയിലും സാൽമൊണെല്ല , ഇകോളി തുടങ്ങിയ അപകടകാരികളായ ബാക്ടീരിയകളും ഉണ്ടാകാം. കൂടാതെ, പച്ചമുട്ടയിലെ 'അവിഡിൻ' എന്ന എൻസൈം നായ്ക്കളുടെ ചർമ്മത്തിന്റെയും രോമത്തിന്റെയും ആരോഗ്യം നശിപ്പിക്കും.വേവിച്ച എല്ലുകൾ കൊടുക്കാൻ പാടില്ല. ഇവ പെട്ടെന്ന് പൊട്ടിപ്പോകാൻ സാധ്യതയുള്ളവയാണ്. ഇത് കഴിക്കുമ്പോൾ വായിലോ തൊണ്ടയിലോ ദഹനനാളത്തിലോ കുടുങ്ങി ആന്തരിക മുറിവുകൾ ഉണ്ടാക്കാൻ സാധ്യതയേറെയാണ്.

സ്വീറ്റ്നറായി ഉപയോഗിക്കുന്ന സൈലിറ്റോൾ അടങ്ങിയ മധുരപലഹാരങ്ങൾ, ച്യൂയിംഗം എന്നിവ നായ്ക്കളുടെ ഇൻസുലിൻ അളവ് പെട്ടെന്ന് ഉയർത്തുകയും രക്തത്തിലെ ഷുഗർ കുറയുന്ന അവസ്ഥയ്ക്കും വൃക്ക തകരാറിലാകുന്നതിനും കാരണമാകും.അമിതമായി ഉപ്പ് അടങ്ങിയ ഭക്ഷണങ്ങൾ നായ്ക്കളിൽ അമിത ദാഹത്തിനും മൂത്രമൊഴിക്കലിനും ഇടയാക്കും. ചിപ്‌സ്, പോപ്‌കോൺ തുടങ്ങിയ ഉപ്പടങ്ങിയ ലഘുഭക്ഷണങ്ങൾ നായ്ക്കൾക്ക് നൽകരുത്. അമിതമായ ഉപ്പ് 'സോഡിയം അയോൺ പോയിസണിംഗിന്' കാരണമാകും.വേവിക്കാത്ത ബ്രെഡ്, ഈസ്റ്റ് ചേർത്ത മാവ് എന്നിവ നായ്ക്കളുടെ വയറ്റിലെത്തിയാൽ ഗ്യാസ് നിറഞ്ഞ് വയറിന് ബുദ്ധിമുട്ട് ഉണ്ടാക്കും. ഇത് ഉടനടി വൈദ്യസഹായം വേണ്ടുന്ന ഗുരുതരമായ അവസ്ഥയാണ്.