കഴിഞ്ഞ കുറച്ചുകാലമായി മനഃസാക്ഷിയെ നടുക്കുന്ന അക്രമ പരമ്പരകളുടെ കുറ്റകൃത്യങ്ങളുടെ വാര്‍ത്ത കേട്ടു മടുത്തിരിക്കുകയാണ് മലയാളി. ജന്മം നല്‍കിയതാണ് കാരണമെന്ന് പറഞ്ഞ് മകന്‍ ഉമ്മയെ വെട്ടിക്കൊന്നത് കോഴിക്കോട് കട്ടിപ്പാറയിലാണ്. യുവതിയെ വെട്ടിക്കൊന്ന് ജയിലിലാവുകയും ജാമ്യത്തിലിറങ്ങി അതേ യുവതിയുടെ ഭര്‍ത്താവിനേയും അവരുടെ അമ്മയേയും ചെന്താമരയെന്ന ക്രിമിനല്‍ വെട്ടിക്കൊലപ്പെടുത്തിയത് നെന്മാറയില്‍. 15 വയസ്സുകാരനെ റാഗ് ചെയ്ത് ക്ലോസറ്റില്‍ തലമുക്കിവെച്ച് ഫ്‌ളഷ് ചെയ്യിപ്പിച്ചതും അതിന്റെ മനോവേദനയില്‍ അവന്‍ ആത്മഹത്യ ചെയ്തതും കൊച്ചിയില്‍. പീഢനം ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്നും ചാടി യുവതി ഗുരുതരമായി പരിക്കേറ്റ സംഭവം കോഴിക്കോട്ട് മുക്കത്ത്. യുവാവിനെ വെട്ടിമുറിച്ച് ബാഗിലാക്കി റോഡില്‍ ഉപേക്ഷിച്ചത് വയനാട്ടില്‍. ഒമ്പതാംക്ലാസുകാരി പ്രസവിച്ചതും എട്ടാംക്ലാസുകാരന്‍ പ്രതിയായതും കട്ടപ്പനയില്‍. ഇങ്ങനെ കുറ്റകൃത്യങ്ങളുടെ കണക്കുപട്ടിക നീണ്ട് നീണ്ടു കിടക്കുകയാണ്. ഈയൊരു സാഹചര്യത്തില്‍ കേരളത്തിന്റെ ക്രമസമാധാന വിഷയത്തെക്കുറിച്ചും വായനയെ കുറിച്ചുമെല്ലാം  പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കനകക്കുന്നില്‍ നടക്കുന്ന അക്ഷരോത്സവത്തിനിടെ  മാതൃഭൂമി ഡോട്‌കോമിനോട് സംസാരിക്കുന്നു. 

To advertise here,

വര്‍ധിച്ചുവരുന്ന കൊലപാതക പരമ്പരകള്‍ കേരളത്തിന്റെ ഉറക്കം കെടുത്തുകയാണ് എന്തുകൊണ്ടാണ് പരിഹാരം കാണാനാവാത്തത്.

കേരളം ഭയങ്കര അപകടത്തിലേക്ക് പോവുകയാണ്. കുറ്റകൃത്യം വര്‍ധിക്കുന്നു കുറ്റകൃത്യങ്ങളുടെ സ്വഭാവം വര്‍ധിക്കുന്നു. ഇതിനെയൊന്നും നിയന്ത്രിക്കാന്‍ പോലീസിനോ ബന്ധപ്പെട്ടവര്‍ക്കോ കഴിയുന്നില്ല എന്നതാണ് സങ്കടം. പുറത്തിറങ്ങാന്‍ പേടിച്ച് വീട്ടിലിരുന്നാല്‍ വീടാക്രമിക്കപ്പെടുകയാണ്. നിരപരാധികളാണെന്നോ അല്ലെന്നോ നോട്ടമില്ലാതെ ഏത് നിമിഷവും മനുഷ്യന്‍ തെരുവില്‍ കൊല്ലപ്പെടാമെന്നും മര്‍ദിക്കപ്പെടാമെന്നുമുള്ള അവസ്ഥ. അതിന് പോലീസും കൂട്ട് നില്‍ക്കുന്നു. കഴിഞ്ഞ ദിവസം വിവാഹത്തിന് പോയി വരുന്ന ഒരു യുവതിയുടെ തോളെല്ല് ലാത്തികൊണ്ട് അടിച്ചൊടിച്ചത് പോലീസാണ്. ഇങ്ങനെ ക്രിമിനലുകളും മയക്കുമരുന്ന് മാഫിയകളും തെരുവുകള്‍ കീഴടക്കി. ഇതൊന്നും അത്ര വലിയ പ്രശ്‌നമല്ലെന്ന നയമാണ് സര്‍ക്കാരിനുള്ളത്.

കുട്ടികളടക്കമുള്ളവര്‍ കുറ്റകൃത്യങ്ങളിലേക്ക് പോവുന്നതിനെ അത്ര നിസ്സാരമായി കാണാന്‍ കഴിയുമോ.

പുറത്തിറങ്ങിയാല്‍ കൊല്ലപ്പെടുമോ എന്ന് ഭയപ്പെട്ട് നടക്കേണ്ട കാലത്തിലൂടെയാണ് കേരളം കടന്നു പോവുന്നത്. അക്രമങ്ങളെ ചങ്ങലക്കിടേണ്ട പോലീസ് അവരെ പ്രോത്സാഹിപ്പിക്കുകയാണ്. നിലവില്‍ പോലീസിനെ ചങ്ങലയ്ക്കിടേണ്ട അവസ്ഥയാണുള്ളത്. 

മയക്കുമരുന്നുകളുടെ ഹബ്ബായി കേരളം മാറിയിരിക്കുകയാണ്. ആരാണ് ഇവരെ നിയന്ത്രിക്കുന്നതെന്ന് സര്‍ക്കാരിനോ പോലീസിനോ അറിയാന്‍ കഴിയുന്നില്ല. കുട്ടികളടക്കമുള്ളവര്‍ വലിയ കുറ്റവാളികളായി മാറുന്ന സാഹചര്യം. ബോധവത്കരണമെന്ന് പറഞ്ഞ് എക്‌സൈസ് അധികൃതരും മറ്റും കുറെ കാട്ടിക്കൂട്ടല്‍ നടത്തുകയല്ലാതെ ഒന്നും നടക്കുന്നില്ല. എന്തെങ്കിലും അനീതി ആരെങ്കിലും ചോദ്യം ചെയ്താല്‍ ഒരുപക്ഷെ നിങ്ങള്‍ വടിവാളിന് ഇരയായേക്കാം. ഇതിനൊക്കെ ആരാണ് പരിഹാരം കാണുക. ബോധവത്കരണമെന്ന് പറഞ്ഞ് നടത്തുന്നത് തട്ടിപ്പാണ്. ബോധവത്കരണമൊന്നുമല്ല വേണ്ടത് ശക്തമായ എന്‍ഫോഴ്‌സ്‌മെന്റാണ്. കേരളത്തിലേക്ക് മയക്കുമരുന്നെത്തുന്നതിന്റെ സോഴ്‌സ് അറിയണം. എങ്കില്‍ മാത്രമേ പരിഹാരം കാണാന്‍ കഴിയുകയുള്ളൂ. 

ഒരാള്‍ തെറ്റായി വണ്ടിയോടിച്ചാല്‍ എന്താണ് ഇങ്ങനെ വണ്ടിയോടിക്കുന്നത് എന്ന് ചോദിക്കാന്‍ ഇന്ന് ആര്‍ക്കെങ്കിലും ധൈര്യമുണ്ടോ. ഇല്ല, കാരണം ചോദിച്ചാല്‍ ചിലപ്പോള്‍ അവന്‍ നിങ്ങളെ പുറകില്‍ നിന്ന് വടിവാള് കൊണ്ട് കുത്തും. അതാണ് സാഹചര്യം. വയലന്‍സ് സിനിമകളുടെ സ്വാധീനം ഒരു ഭാഗത്തില്ല എന്ന് പറയാന്‍ പറ്റില്ല. അതിനൊപ്പം എല്ലാത്തിനും കാരണം മയക്കുമരുന്നാണ്. ഇതിനെ എങ്ങനെയാണ് നിയന്ത്രിക്കേണ്ടതെന്ന് അധികൃതര്‍ക്കുമറിയുന്നില്ല. 

placeholder
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കനകക്കുന്നില്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിനെത്തിയപ്പോള്‍. ഫെസ്റ്റിഫെല്‍ ക്യുറേറ്റര്‍ പി.കെ രാജശേഖരന്‍ സമീപം| ഫോട്ടോ:അഭിലാഷ് ചിറക്കടവ്

കുറ്റകൃത്യങ്ങളെല്ലാം തല്‍ക്കാലം മാറ്റിവെച്ച് നമുക്ക് കനകക്കുന്നിലെ അക്ഷരങ്ങളിലേക്ക് വരാം. ഒരു രാഷ്ട്രീയക്കാരനെന്നതിനപ്പുറം താങ്കള്‍ വലിയൊരു വായനക്കാരന്‍ കൂടിയാണ്. എങ്ങനെയാണ് ഇതിനെ രണ്ടിനേയും കൊണ്ടുപോവുന്നത്.

ഒരു രാഷ്ട്രീയക്കാരന് ആദ്യംവേണ്ടത് വയനയാണ്. ഇതിന് ശേഷമാണ് മറ്റ് കാര്യങ്ങളെ കുറിച്ച് ചിന്തിക്കേണ്ടത്. ഒരെഴുത്തുകാരന്‍ ഒരു പ്രത്യേക കഥാപരിസരം തീര്‍ത്ത് വായനക്കാരനെ അതിലൂടെ കൊണ്ടുപോവുമ്പോള്‍ അത് ഒരു രാഷ്ട്രീയക്കാരന് നല്‍കുന്നത് പുതിയ അനുഭവം കൂടിയാണ്. ജനങ്ങളോട് കൂടുതല്‍ സംവദിക്കാനും അടുത്തിടപഴുകാനും അവരുടെ പ്രശ്‌നങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാനും വായന നമുക്ക് ഗുണം ചെയ്യുന്നു. അതുകൊണ്ടു തന്നെ വായനയും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്.

ഏകാധിപതികളായിരുന്നു ഒരുകാലത്ത് നമ്മളെയെല്ലാം നിയന്ത്രിച്ചിരുന്നത്. കാലക്രമേണ ജനാധിപത്യരൂപേണ അധികരത്തിലേറിയവരും മറ്റൊരു തരത്തിലുള്ള ഏകാധിപതികളായി. അവര്‍ക്ക് സാങ്കേതിക വിദ്യകളുടെ പിന്‍ബലം കിട്ടി. അവരുടെ വഴിയെ നമ്മളെ കൊണ്ടുപോകാനുള്ള ശ്രമം നടത്തുകയാണ്. ചരിത്രങ്ങളെ മാറ്റിയെഴുതാന്‍ ശ്രമിക്കുകയാണ്. ഏകാധിപതികളുടേതായ പുതിയ പുതിയ വാക്കുകള്‍ കടന്നുവരുന്നു. ഈയൊരു സാഹചര്യത്തിലാണ് നമ്മള്‍ വായനയെ കുറിച്ച് വലിയ രീതിയില്‍ ചര്‍ച്ച നടത്തുന്നത്. അത് നല്ല കാര്യമാണ്. മാധ്യമങ്ങളടക്കം വിധേയപ്പെട്ട് പോവുന്ന കാലത്ത് വായനയെ മാറ്റി നിര്‍ത്താന്‍ കഴിയില്ല. മാറ്റി നിര്‍ത്താനും പാടില്ല. പ്രത്യേകിച്ച് രാഷ്ട്രീയക്കാര്‍. 

പുതിയ കാലത്തെ എഴുത്തുകാരുടെ പുസ്തകങ്ങളാണ് വലിയ തോതില്‍ വിറ്റുപോവുന്നത്. ഇത് പുസ്തക രചനയിലും ഭാഷയിലുമുണ്ടായ മാറ്റത്തിന്റെ സൂചനയാണോ.

ഭാഷ എന്നതിലപ്പുറം നല്ല കഥാപരിസരമാണ് അവര്‍ തിരഞ്ഞെടുക്കുന്നത്. അവര്‍ക്ക് അവരുടെ വായനക്കാരെ കൃത്യമായി അറിയാം. കഴിഞ്ഞ ഒരു വര്‍ഷമെന്നത് മലയാളത്തിലെ പ്രത്യേകമായ വര്‍ഷമായിട്ടാണ് ഞാന്‍ കാണുന്നത്. കാരണം അത്രയധികം നല്ല നോവലുകളാണ് പുറത്തിറങ്ങിയത്. ആരെയും അനുകരിക്കാത്തെ എഴുത്തുകളാണ് പുതിയ കാലത്തെ യുവ എഴുത്തുകാരുടേത്. മാത്രല്ല പുതിയ ആശയങ്ങള്‍ അവര്‍ക്ക് അവര്‍ ഉദ്ദേശിക്കുന്ന ആളുകളിലേക്ക് കൃത്യമായി എത്തിക്കാന്‍ കഴിയുന്നു. 

ഭാഷയുടെ കാര്യവും പറയേണ്ടത് തന്നെയാണ്. അവരുടേതായ രീതിയില്‍ അവര്‍ കഥ പറയുന്നു. വലിയ ആലങ്കാരിക പ്രയോഗങ്ങള്‍ക്കപ്പുറം ആളുകളെ വായിപ്പിക്കാനുള്ള എന്തോ ഒന്ന് ഈ പറഞ്ഞുവരുന്ന ഓരോ എഴുത്തുകാരുടേയും പുസ്തക ഭാഷയ്ക്കുണ്ട്. വായിപ്പിക്കുക എന്നത് തന്നെയല്ലെ ഓരോ രചയിതാവിന്റെയും രചനകളുടെ ഉദ്ദേശ്യം. അത് കൃത്യമായി നടക്കുന്നുണ്ട്. പുസ്തകം കൈയിലെടുത്താൽ വെക്കാന്‍ തോന്നരുത്. അങ്ങനെയൊരു കഴിവ് പുതിയ കാലത്തെ എഴുത്തുകാര്‍ക്കുണ്ട്. അതുകൊണ്ടു തന്നെ പുസ്തകങ്ങള്‍ വിറ്റ് പോവുന്നതില്‍ വലിയ അത്ഭുതമൊന്നും എനിക്ക് തോന്നുന്നില്ല.

എന്തെഴുതിയാലും സാഹിത്യമാകുന്ന കാലം എന്നൊക്കെയുള്ള ചര്‍ച്ചകളൊക്കെ ഉയര്‍ന്ന് വരുന്നത് കണ്ടു. അങ്ങനെ എന്തെഴുതിയാലും ആകുന്നതാണോ സാഹിത്യം.

അത്തരത്തിലുള്ള പുസ്തകങ്ങളും വിറ്റ് പോവുന്നുണ്ടാവാം. പക്ഷെ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്ന കൃത്യമായി പറഞ്ഞാല്‍ അര ഡസനോളം പുസ്തകങ്ങള്‍ നല്ല ആഴത്തിലുള്ള ആശയങ്ങളും ഉള്ളടക്കവും കൊണ്ട് സമ്പന്നമാണ്. എനിക്ക് പോലും അസൂയതോന്നിപ്പോകാറുണ്ട്. ഒപ്പം അവര്‍ക്കതിന്റെ മാര്‍ക്കറ്റിനെ പറ്റിയും നല്ല ധാരണയുണ്ട്. തന്റെ പുസ്തകം ആരെയെല്ലാം സ്വാധീനിക്കുമെന്നും എന്തെല്ലാം അവരില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നും പുതിയകാലത്തെ എഴുത്തുകാര്‍ക്ക് നന്നായി അറിയാം. അതുതന്നെയാണ് അവരുടെ വിജയവും. ഈ ക്രിയേറ്റീവ് എഴുത്തുകളെ ഇഷ്ടപ്പെടുന്ന ഒരാള്‍ കൂടിയാണ് ഞാന്‍. ഒരെഴുത്തുകാരന്‍ ഒരു ലോകമുണ്ടാക്കുകയും അതിലൂടെ വായനക്കാരനെ കൊണ്ടുപോയി മനുഷ്യ ജീവിതത്തെ കാണിച്ച് തരികയും ചെയ്യുന്നു. അത്തരം മനുഷ്യജീവിതങ്ങള്‍ നല്‍കുന്ന അറിവും സ്വാധീനവുമാണ്  ഒരു വായനക്കാരനെന്ന നിലയില്‍ എന്നെ നയിക്കുന്നത്.