
തിരുവനന്തപുരം: വിജയത്തെ വെട്ടിപ്പിടിക്കുന്നവരാണ് ചില മനുഷ്യർ. പരാജയങ്ങൾ അവർക്ക് ഇന്ധനങ്ങളാണ്. മണിക്കൂറിന് ലക്ഷങ്ങൾ വിലമതിക്കുന്ന പ്രഭാഷണങ്ങളിലൂടെ പ്രശസ്തനായ ശിവ് ഖേരയുടെ ജീവിതം അത്തരത്തിലുള്ള ഒന്നാണ്. കാർ കഴുകുന്നയാളായും ലൈഫ് ഇൻഷുറൻസ് ഏജന്റായും ഫ്രാഞ്ചൈസി ഓപ്പറേറ്ററായും ജീവിക്കുമ്പോഴും വിജയിക്കാനുള്ള കുതിപ്പ് അദ്ദേഹത്തിലുണ്ടായിരുന്നു.
‘ദ പോസിറ്റീവ് തിങ്കിങ്’ എന്ന ലോകപ്രസിദ്ധമായ പുസ്തകമെഴുതിയ നോർമൻ വിൻസെന്റ് പീലിന്റെ പ്രഭാഷണമാണ് ഖേരയുടെ ജീവിതത്തിന്റെ വിജയകവാടം തുറന്നത്. ‘യു കാൻ വിൻ’ അടക്കമുള്ള ഒട്ടേറെ പുസ്തകങ്ങൾ. ജാതിവിവേചനത്തിനെതിരായ പ്രക്ഷോഭങ്ങളും പ്രവർത്തനങ്ങളും. ശിവ് ഖേര തന്റെ ജീവിതത്തെ മാറ്റിമറിച്ചപ്പോൾ അത് തലമുറകൾക്ക് പ്രചോദനമായി. വാക്കുകളിൽ വിജയനക്ഷത്രങ്ങൾ പതിപ്പിച്ച ശിവ് ഖേരയുടെ പ്രഭാഷണം അക്ഷരോത്സവത്തിൽ കേൾക്കാം.
പഠിക്കുന്ന കാലംമുതൽ ബെംഗളൂരുവിലെ വീട്ടിൽനിന്ന് ചരിത്രംമണക്കുന്ന മൈസൂരുവിന്റെ വഴികളിലേക്ക് അലഞ്ഞു സഞ്ചരിച്ചിരുന്നയാളായിരുന്നു വിക്രം സമ്പത്ത്. മൈസൂരു വൊഡയാർ രാജവംശത്തിന്റെ ചരിത്രം എഴുതിയതിനുശേഷം നടത്തിയ ചില പ്രഭാഷണങ്ങളിൽ ടിപ്പു സുൽത്താനെപ്പറ്റി രേഖകളുടെ അടിസ്ഥാനത്തിൽ നടത്തിയ ചില പ്രഭാഷണങ്ങൾ സമ്പത്തിനെ പലരുടെയും കണ്ണിലെ കരടാക്കി. അദ്ദേഹത്തിനെതിരേ അക്രമങ്ങളും ഭീഷണികളുമുണ്ടായി. അമ്മ വിക്രമിനോട് പറഞ്ഞു: ‘‘പൊതുപരിപാടികളിൽ നീയിനി ടിപ്പുവിനെക്കുറിച്ച് ഒന്നും പറയരുത്’’. അമ്മ മരിക്കുംവരെ വിക്രം വാക്കുപാലിച്ചു. അമ്മ മരിച്ചപ്പോൾ അദ്ദേഹം ടിപ്പുവിന്റെ ചരിത്രം എഴുതി - TIPU SULTAN: THE SAGA OF MYSORE'S INTERREGNUM.
വസ്തുതകളുടെ അടിസ്ഥാനത്തിൽ ഹൈദരാലിയെയും ടിപ്പു സുൽത്താനെയും തുറന്നുകാണിക്കുന്ന ബൃഹദ് രചനയാണിത്. വിവാദങ്ങൾക്ക് തിരികൊളുത്തുന്ന ഒട്ടേറെ കാര്യങ്ങൾ പുസ്തകത്തിലുണ്ട്. ടിപ്പു സുൽത്താനെക്കുറിച്ച് വിക്രം സമ്പത്ത് അക്ഷരോത്സവത്തിൽ സംസാരിക്കുമ്പോൾ അതൊരു ചൂടുള്ള വിഷയമായിമാറും.
‘ക്യു & എ’ എന്ന നോവൽ എഴുതുമ്പോൾ വികാസ് സ്വരൂപ് എന്ന നയതന്ത്രജ്ഞനായ എഴുത്തുകാരൻ കരുതിയിരിക്കില്ല അത് ‘സ്ലം ഡോഗ് മില്യണയർ’ എന്ന സിനിമയാവുമെന്നും ആ സിനിമ ഓസ്‌കർ അവാർഡും ഗോൾഡൻ ഗ്ലോബ് അവാർഡുമെല്ലാം നേടുമെന്നും.
പല രാജ്യങ്ങളിൽ നയതന്ത്ര ഉദ്യോഗസ്ഥനായി ജീവിച്ച വികാസ് സ്വരൂപിന് എഴുത്തിന് അനുഭവങ്ങൾക്കുവേണ്ടി അലയേണ്ടിവന്നില്ല. വ്യത്യസ്തമായ നോവലുകൾ സ്വരൂപിൽനിന്നും ജനിച്ചു. മൂന്നാം നോവലായ ‘ആക്‌സിഡന്റൽ അപ്രന്റൈസ്’ സിനിമയായി. ഏറ്റവും പുതിയ നോവലായ ‘ദ ഗേൾ വിത്ത് സെവൻ ലൈവ്സ്’ വായനസമൂഹത്തിനിടയിൽ ഇതിനകംതന്നെ ചർച്ചയായിക്കഴിഞ്ഞു. അക്ഷരോത്സവത്തിൽ വികാസ് സ്വരൂപ് എത്തുന്നത് ലോകമറിയുന്ന നയതന്ത്രജ്ഞനായിട്ടില്ല, ജനപ്രിയനായ നോവലിസ്റ്റായിട്ടാണ്.
96, മെയ്യഴകൻ എന്നീ രണ്ടു സിനിമകൾകൊണ്ട് മലയാളി കാതരതയോടെ നെഞ്ചോടുചേർത്ത സംവിധായകനാണ് സി. പ്രേംകുമാർ. കഥപറച്ചിലിന്റെ കാലത്തെ പ്രേംകുമാർ തമിഴ് സിനിമയിലേക്ക് തിരിച്ചുകൊണ്ടുവന്നു. തന്റെ ലോകത്തെക്കുറിച്ചും സിനിമാ സങ്കല്പങ്ങളെക്കുറിച്ചും പ്രേംകുമാർ അക്ഷരോത്സവത്തിൽ സംസാരിക്കുമ്പോൾ ഗൃഹാതുരമായ ഒരു കാലത്തെ മലയാളിക്ക് തൊട്ടടുത്തു കാണാൻ സാധിക്കും. വയലൻസിനപ്പുറമുള്ള ഒരു ലോകത്തേക്ക് തമിഴ് സിനിമയെ കൊണ്ടുപോയ ഈ സംവിധായകൻ ഗൃഹാതുരതകളെക്കുറിച്ചും തഞ്ചാവൂരിലെ തന്റെ കുട്ടിക്കാല ജീവിതത്തെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും സംസാരിക്കും.
രേവന്ത് റെഡ്ഡിയും കെ. മാധവനും അക്ഷരോത്സവത്തിൽ
തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയും വാൾട്ട് ഡിസ്‌നി ഇന്ത്യ മേധാവി കെ. മാധവനും മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ പങ്കെടുക്കാനെത്തും. റീ ഇമാജിൻ ഇന്ത്യ എന്ന വിഭാഗത്തിലാണ് രേവന്ത് റെഡ്ഡി പ്രസംഗിക്കുക. ലോകമാധ്യമരംഗത്തെ മാറ്റങ്ങളെക്കുറിച്ചും തന്റെ ജീവിതയാത്രകളെക്കുറിച്ചും മാധവൻ സംസാരിക്കും.
Content Highlights: mbifl literature festival starts on february 9
Published: 04 Feb 2025, 08:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented