
കേരളീയ സാംസ്‌കാരിക ജീവിതത്തിലെ പുതിയ പൊതുസ്ഥലങ്ങളാണ് സാഹിത്യോത്സവങ്ങള്‍. പുസ്തകമേളകളിലും സാംസ്‌കാരിക സമ്മേളനങ്ങളിലും സാഹിത്യപ്രഭാഷണ വേദികളിലുംനിന്ന് വ്യത്യസ്തമാണ് ഉത്സവത്തിന്റെ വൈവിധ്യപ്രകൃതിയുള്ള സാഹിത്യോത്സവങ്ങള്‍. പലരാജ്യങ്ങളിലും ഭാഷകളിലുംനിന്നുള്ള എഴുത്തുകാരും ചിന്തകരും കലാകാരന്മാരും പൊതുപ്രവര്‍ത്തകരും ഒത്തുചേരുകയും സംവാദങ്ങളില്‍ ഏര്‍പ്പെടുകയും കാണികളുമായി നേരിട്ട് ഇടപെടുകയും ചെയ്യുന്ന സാഹിത്യോത്സവങ്ങള്‍ വായനയുടെയും എഴുത്തിന്റെയും പുസ്തകത്തിന്റെയും ചിന്തയുടെയും ആഘോഷവേദികളാണ്. സമകാലികതയോടുള്ള സ്വതന്ത്രമായ ഇടപെടലാണ് അവ വാഗ്ദാനം ചെയ്യുന്നത്.
വ്യത്യസ്തമായ നിലപാടുകളും ആശയങ്ങളും ഏറ്റുമുട്ടുന്ന സംവാദവേദികളാണ് സാഹിത്യോത്സവങ്ങളുടെ ഏറ്റവും വലിയ സവിശേഷത. ബഹുസ്വരതയുടെയും പക്ഷാന്തരത്തിന്റെയും സംവാദാത്മകതയുടെയും ബഹുശാബ്ദികതയുടെയും ആ വേദികള്‍ സാഹിത്യത്തെ ജനാധിപത്യവത്കരിക്കുന്നു; സമകാലിക സാംസ്‌കാരിക ജീവിതത്തിന്റെ വൈവിധ്യങ്ങളിലേക്ക് ആളുകളെ നയിക്കുന്നു; വ്യത്യസ്തതകളെ അംഗീകരിക്കാനും നവീനാവിഷ്‌കാരങ്ങളെയും ആശയങ്ങളെയും സ്വീകരിക്കാനും പ്രേരിപ്പിക്കുന്നു.

കുമാരനാശാന്റെയും ഫ്രാന്റ്സ് കാഫ്കയുടെയും ചരമശതാബ്ദി വര്‍ഷത്തില്‍ നടക്കുന്ന അക്ഷരോത്സവം സാഹിത്യത്തിന്റെ ദേശീയവും അന്തര്‍ദേശീയവുമായ സമകാലികതയുടെ പരിച്ഛേദമായാണ് സംവിധാനം ചെയ്തിട്ടുള്ളത്. എഴുത്തിന്റെയും വായനയുടെയും പുസ്തകത്തിന്റെയും പ്രശ്‌നങ്ങള്‍ മാത്രമല്ല ഡിജിറ്റല്‍ യുഗത്തിന്റെയും നിര്‍മിതബുദ്ധിയുടെയും പശ്ചാത്തലത്തില്‍ അവയുടെ ഭാവിയെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ ഉണ്ടാവും. സമകാലിക മലയാള സാഹിത്യത്തിന്റെ വൈവിധ്യവും വ്യത്യസ്തതയും ചര്‍ച്ചചെയ്യുന്നതിനൊപ്പം പാരമ്പര്യവും പുതുമയും തമ്മിലുള്ള പുതിയ ഏറ്റുമുട്ടലും സംവാദവിഷയമാകും. കുമാരനാശാന്റെ കവിതകള്‍ ആലപിക്കുന്ന കാവ്യാഞ്ജലിയും തീവ്രമായ രാഷ്ട്രീയ-സാമ്പത്തിക സംവാദങ്ങളും അതിതീവ്രമായ ജീവിതാനുഭവങ്ങളുടെ സാക്ഷ്യങ്ങളും മലയാള പുസ്തകത്തിന്റെ ചരിത്രവും എഴുത്തിന്റെ ന്യൂറോളജിയും സര്‍ഗാത്മകതയുടെ രഹസ്യങ്ങളും കുറ്റാന്വേഷണനോവലുകളും അക്ഷരോത്സവവേദികളില്‍ ചര്‍ച്ചാവിഷയമാകും.

നേരിട്ടുള്ള പങ്കാളിത്തം മാത്രമല്ല സംവാദാവസരവും കാണികള്‍ക്ക് നല്‍കുന്നു എന്നതാണ് അക്ഷരോത്സവത്തിന്റെ സവിശേഷത. കാണികള്‍ അക്ഷരോത്സവത്തില്‍ നിഷ്‌ക്രിയ സാക്ഷികളല്ല, സക്രിയ പങ്കാളികളാണ്. ഒറ്റ സ്വരമോ ഒറ്റ നിലപാടോ അല്ല അക്ഷരോത്സവം ഉയര്‍ത്തുന്നത്, മറിച്ച് ബഹുസ്വരങ്ങളും വ്യത്യസ്തനിലപാടുകളുമാണ്. ബഹുസ്വരതയുടെയും ബഹുശാബ്ദികതയുടെയും ഈ ചതുര്‍ദിന സംവാദോത്സവം വായനക്കാരെയും കലാസ്വാദകരെയും നൈതിക ജാഗ്രതയുള്ളവരെയുമെല്ലാം അനുഭവത്തിന്റെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകും.
(പ്രമുഖ നിരൂപകനായ ലേഖകന്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ക്യുറേറ്ററാണ്)
Content Highlights: mbifl2024, P.K. Rajasekharan, Mathrubhumi International Festival of Letters
Published: 04 Feb 2024, 08:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented