നവതിയുടെ നിറവില്‍ മധു സാര്‍

To advertise here,

മീശ വെച്ച  ശ്രീകൃഷ്ണന്മാർ അത്യപൂർവമായേ  അവതരിച്ചിട്ടുള്ളൂ നമ്മുടെ സിനിമയിൽ. ``ആഭിജാത്യ''ത്തിലെ മധു ഉദാഹരണം. നിലാവ് പെയ്യുന്ന  രാത്രിയിൽ സഖിമാർക്കൊപ്പം നൃത്തം ചെയ്യുന്ന  രാധയെ നോക്കി  മരത്തണലിൽ മറഞ്ഞുനിന്ന്  ``രാസലീലക്ക് വൈകിയതെന്തു നീ രാജീവലോചനേ രാധികേ'' എന്ന് പ്രണയപൂർവം മൂളുന്ന ആ മുകിൽവർണ്ണനെ  എങ്ങനെ മറക്കാൻ? ``ഇന്നോർക്കുമ്പോൾ ചിരി വരും. എങ്കിലും പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ആ ഗാനരംഗം മനോഹരമായി  ചിത്രീകരിച്ച വിൻസന്റ് മാസ്റ്ററെ നമിച്ചേ പറ്റൂ..'' -- മധുവിന്റെ വാക്കുകൾ. 

ശിഷ്യയും ആരാധികയുമായ  ശാരദയെ പാട്ടു പഠിപ്പിക്കുകയാണ് മധു. ഗാനം ആസ്വദിക്കുന്നതിനിടെ  മനസ്സുകൊണ്ട്  രാധയായി മാറുന്നു ശാരദയുടെ കഥാപാത്രം. ഗുരുവായ മധു സങ്കൽപ്പത്തിലെ കൃഷ്ണനും. ``സ്വപ്നരംഗമാണെങ്കിലും ശ്രീകൃഷ്ണന്റെ റോൾ എന്റെ  ശരീര പ്രകൃതിക്ക്  ഒട്ടും ചേരില്ലെന്നറിയാം.  മീശ വടിച്ച്  അഭിനയിക്കുന്നതിനെ കുറിച്ച് ചിന്തിക്കാനേ വയ്യ. മാത്രമല്ല അതേ സമയത്ത് വേറൊരു  സിനിമയിൽ മീശ വെച്ച് അഭിനയിച്ചു കൊണ്ടിരിക്കുകയുമാണ്. എന്റെ നിസ്സഹായാവസ്ഥ കണ്ട് മനസ്സലിഞ്ഞാവണം, സംവിധായകൻ വിൻസന്റ് മാസ്റ്റർ പറഞ്ഞു: സാരമില്ല; മീശയ്ക്ക് പൊടി പോലും പോറൽ  ഏല്ക്കാതെ ഞാൻ നോക്കിക്കൊള്ളാം.   എന്റെ മുഖത്തിന്റെ താഴത്തെ പകുതി ക്യാമറയിൽ നിന്ന് മറച്ചു പിടിച്ചുകൊണ്ട്   മാസ്റ്റർ ആ രംഗം ഷൂട്ട് ചെയ്തു തീർത്തുവെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?  ക്ലോസപ്പിൽ കണ്ണും നെറ്റിയും കിരീടവും മാത്രം. ലോംഗ് ഷോട്ടിൽ മുഖം മരച്ചില്ലകൾ കൊണ്ട് മറച്ചും നിഴൽ വീഴ്ത്തിയും കാത്തു അദ്ദേഹം. ഭാഗ്യത്തിന് മീശ ആരുടെയും ശ്രദ്ധയിൽ പെട്ടില്ല ....'' - മധു ചിരിക്കുന്നു.

വെള്ളിത്തിരയിൽ പാട്ടിനൊത്ത് ചുണ്ടനക്കാനും നായികയുടെ പിറകെ മരം ചുറ്റി ഓടാനും പണ്ടേ  താൽപ്പര്യമില്ല മധുവിന്. ചെറുപ്പം മുതലേ ഉള്ളിലുള്ള `റിയലിസ്റ്റിക്' സിനിമാസങ്കൽപ്പങ്ങളുമായി പൊരുത്തപ്പെടുന്നവയല്ലല്ലോ അത്തരം ഏർപ്പാടുകളൊന്നും. എന്നിട്ടും വിധി മധുവിനെ  സിനിമയിലെ പ്രിയകാമുകനാക്കി.  ഒപ്പം, എണ്ണമറ്റ   സുന്ദര ഗാനങ്ങൾ പാടി അഭിനയിക്കാനുള്ള നിയോഗവും നൽകി.  മാണിക്യവീണയുമായെൻ, മാനസമൈനേ വരൂ, ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നും തോണി, ഏഴിലംപാല പൂത്തു, സുറുമയെഴുതിയ മിഴികളേ, സ്വർണഗോപുര നർത്തകീശിൽപ്പം, കർപ്പൂരദീപത്തിൻ കാന്തിയിൽ, പാർവണേന്ദുവിൻ ദേഹമടക്കി, മലമൂട്ടിൽ നിന്നൊരു മാപ്പിള, ഓമലാളേ കണ്ടു ഞാൻ, പൊന്നിൽ കുളിച്ച രാത്രി, അനുരാഗഗാനം പോലെ,  വൃശ്ചിക രാത്രി തൻ, ചെമ്പകപ്പൂങ്കാവനത്തിലെ , ആറ്റിനക്കരെ അക്കരെ ആരാരോ, പാതിരാവായില്ല, സാമ്യമകന്നൊരുദ്യാനമേ, അമ്പലപ്പുഴ വേല കണ്ടു ഞാൻ, പൊൻവളയില്ലെങ്കിലും, അപാരസുന്ദര നീലാകാശം, അനുവദിക്കൂ ദേവീ, പുഷ്പമംഗലയാം ഭൂമിക്ക്, കൃഷ്ണപക്ഷ കിളി ചിലച്ചു, പ്രിയമുള്ളവളേ നിനക്ക് വേണ്ടി,  മംഗളം നേരുന്നു ഞാൻ, എന്റെ രാജകൊട്ടാരത്തിന്  ... എല്ലാം മധു പാടി അഭിനയിച്ച് അനശ്വരമാക്കിയ ഗാനങ്ങൾ.

``പാട്ടുരംഗങ്ങൾ പലതും  ഇന്ന് കാണുമ്പോൾ ബോറായി തോന്നും. ചിലതൊക്കെ കൊള്ളാമല്ലോ എന്നും.'' -- മധു പറയുന്നു.  അഭിനയജീവിതത്തിൽ  മധുവിനെ  ഏറ്റവുമധികം  വലച്ചുകളഞ്ഞ  പാട്ട് ഭാർഗ്ഗവീനിലയത്തിലെ ``ഏകാന്തതയുടെ അപാരതീരം'' തന്നെ.   തലശേരിയിലെ തലായി കടപ്പുറത്ത്   ചിത്രീകരിച്ച പാട്ടാണ്.. ``സാധാരണഗതിയിൽ  പല്ലവി തുടങ്ങും മുൻപ് ആമുഖമായി ചെറിയൊരു ഓർക്കസ്ട്ര ബിറ്റ് ഉണ്ടാകും. ഈ പാട്ടിൽ അതില്ല. നേരിട്ട് പാട്ടിന്റെ വരികളിലേക്ക് പ്രവേശിക്കുകയാണ്. തുടക്കത്തിൽ ബി ജി എം ഉണ്ടെങ്കിൽ  പാട്ടിനൊത്ത് ചുണ്ടനക്കാൻ  സാവകാശം കിട്ടും.  തയ്യാറെടുക്കാം നമുക്ക്. ഇവിടെ അതിനു സ്‌കോപ്പില്ല. ഏകാന്തതയിലെ `ഏ' എന്ന അക്ഷരം ഞാൻ പാടിത്തുടങ്ങുമ്പോഴേക്കും പാട്ട് അതിന്റെ പാട്ടിന് പോയിക്കഴിഞ്ഞിരിക്കും. എത്ര ശ്രമിച്ചിട്ടും ലിപ് സിങ്കിംഗ് ശരിയാവുന്നില്ല. കടപ്പുറം ആയതുകൊണ്ട് ആയിരക്കണക്കിന് ആളുകളുണ്ട് ഷൂട്ടിംഗ് കാണാൻ. അവർ വായിൽ തോന്നിയ അഭിപ്രായങ്ങൾ വിളിച്ചുപറയുന്നു. ടേക്കുകൾ ആവർത്തിക്കപ്പെട്ടതോടെ ഞാൻ നെർവസ് ആയി. പാടാനുള്ള വിദ്യ പറഞ്ഞുതരാൻ സംഗീത ബോധമുള്ള ആരും സ്ഥലത്തില്ലതാനും. ഒടുവിൽ, ദീർഘ നേരത്തെ ശ്രമത്തിനു ശേഷമാണ് പാട്ടും എന്റെ ചുണ്ടനക്കവും ഒത്തുവന്നത് . ശരിക്കും ആശ്വാസം തോന്നി.  ഷോട്ട് ഓക്കേ ആകാൻ അത്രയും നേരം ക്ഷമയോടെ കാത്തിരിക്കാൻ വിൻസന്റ് മാസ്റ്റർ തയ്യാറായി എന്നതാണ് പ്രധാനം. മറ്റേതെങ്കിലും സംവിധായകൻ ആയിരുന്നെങ്കിൽ സ്ഥിതി മാറിയേനെ. ''

ഷൂട്ട് ചെയ്യാൻ പോകുന്ന രംഗത്തെ കുറിച്ച്  കൃത്യമായ കാഴ്ചപ്പാടും പ്ലാനിംഗും  ഉള്ള ആളാണ് വിൻസന്റ്. താൻ ആഗ്രഹിക്കുന്ന ചലനങ്ങളും ഭാവങ്ങളും നടീനടന്മാരിൽ നിന്ന് എങ്ങനെ ചോർത്തിയെടുക്കണം എന്നറിയാം അദ്ദേഹത്തിന്.  അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും മാസ്റ്ററിൽ നിന്ന് പ്രതീക്ഷിക്കേണ്ട. തുലാഭാരത്തിലെ `തൊട്ടു തൊട്ടില്ല' (വയലാർ -ദേവരാജൻ, യേശുദാസ് ) എന്ന ഗാനത്തിന്റെ ചിത്രീകരണം ഉദാഹരണമായി  എടുത്തു പറയുന്നു മധു. ഏറണാകുളത്തെ സുഭാഷ് പാർക്കാണ് ലൊക്കേഷൻ. കാമുകിയെ പിന്തുടർന്ന് കോളേജ് കുമാരനായ മധു  പാട്ട് പാടി പാർക്കിലൂടെ നടക്കണം.  ``റിഹേഴ്‌സൽ സമയത്ത്  ശ്രദ്ധിക്കാത്തതു കൊണ്ട് ഒരബദ്ധം പറ്റി.  പാടി നടക്കുന്നതിനിടെ കാൽ അറിയാതെ മുന്നിലെ കുഴിയിൽ പെട്ടു. വീണുപോയെങ്കിലും പെട്ടെന്ന് ബാലൻസ് വീണ്ടെടുത്ത്  ഞാൻ പാട്ട് തുടർന്നു. ടേക്ക് എടുക്കുന്ന സമയത്ത് കുഴിയിൽ ചെന്ന് കാൽ കുടുങ്ങാതെ ഒഴിഞ്ഞുമാറി നടന്നാണ് പാടിയത്. പക്ഷെ വിൻസന്റ് മാസ്റ്റർ കട്ട് പറഞ്ഞു. നേരത്തെ ഇട്ട ആ ആക്ഷൻ  ഇപ്പോൾ കണ്ടില്ലല്ലോ. എന്താത്? -- ഗൗരവത്തോടെ അദ്ദേഹത്തിന്റെ ചോദ്യം. അയ്യോ, അതൊരു അബദ്ധമായിരുന്നു എന്ന് പറഞ്ഞു നോക്കി ഞാൻ.  എന്നാൽ ഈ സീനിൽ എനിക്കാ അബദ്ധം ഒന്നുകൂടി  വേണമെന്ന് മാസ്റ്റർ. അതിനൊരു സ്വാഭാവികത ഉണ്ടായിരുന്നു. പിന്നെന്തു പറയാൻ? കുഴിയിൽ വീണു കൊണ്ട് തന്നെ ഞാൻ ആ രംഗം അഭിനയിച്ചു തീർത്തു.'' 

 യേശുദാസാണ്  മധുവിന് വേണ്ടി ഏറ്റവും കൂടുതൽ ഗാനങ്ങൾ പാടിയത്. സിനിമയിൽ ആദ്യമായി ചുണ്ടനക്കിയതുതന്നെ യേശുദാസിന്റെ പാട്ടിനൊത്തായിരുന്നു -- `മൂടുപട' (1963) ത്തിലെ ``അയലത്തെ സുന്ദരീ അറിയാതെ വലയ്ക്കല്ലേ'' എന്ന യുഗ്മഗാനം. ഒപ്പം അഭിനയിക്കുന്നത് ഷീല. തുടക്കക്കാരന്റെ പരിഭ്രമം ഉണ്ടായിരുന്നെങ്കിലും ആ പാട്ട് അത്ര വലിയ പ്രശ്‌നം ഉണ്ടാക്കിയില്ല എന്ന് മധു. തൃശൂരിനടുത്ത് ഏതോ ഒരു തെങ്ങിൻതോപ്പിലായിരുന്നു ചിത്രീകരണം. `` അങ്ങേയറ്റം  ലളിതമായ ഈണവും വരികളും. ഏറെക്കുറെ ഗദ്യം പോലുള്ള അവതരണം. അധികം ടേക്കുകൾ ഒന്നും വേണ്ടിവന്നില്ല ആ ഗാനരംഗം ഓക്കേ ആക്കാൻ.''  എല്ലാ പാട്ടുകളുടെയും സ്ഥിതി  ഇതല്ല. പാട്ട് അഭിനയിച്ചു തളർന്നു പോയ സന്ദർഭങ്ങളുമുണ്ട്. തൃശൂർ ജില്ലയിലെ നാട്ടിക കടപ്പുറത്ത്  ചെമ്മീനിലെ ``മാനസമൈനേ'' മാർക്കസ് ബാർട്ട്‌ലി ക്യാമറയിലാക്കുമ്പോൾ സമയം നട്ടുച്ച.  ``പൊള്ളുന്ന മണൽപ്പരപ്പിൽ തോണിപ്പുറത്തിരുന്ന് വികാരതീവ്രമായ ഗാനം പാടി അഭിനയിക്കുന്നത് അത്ര സുഖമുള്ള ഏർപ്പാടല്ല.   എത്രയും പെട്ടെന്ന് ഗാനചിത്രീകരണം തീർന്നു കിട്ടണേ എന്നായിരുന്നു എന്റെ പ്രാർത്ഥന. പക്ഷേ പിന്നീടത് സിനിമയിൽ കണ്ടപ്പോൾ അന്തം വിട്ടു പോയി. എത്ര ഹൃദയസ്പർശിയായാണ് ആ രംഗത്തിന്  ഡേ ഫോർ നൈറ്റ് എന്ന സങ്കേതമുപയോഗിച്ച്  കാര്യാട്ടും ബാർട്ട്‌ലിയും ചേർന്ന് നിലാവിന്റെ സൗന്ദര്യം പകർന്നിരിക്കുന്നത്!   '' ഉച്ചാരണ ശുദ്ധിയേക്കാൾ, ആലാപനത്തിലെ ഭാവാംശമാണ് ഏതു ഗാനത്തേയും  ശ്രോതാവിന്റെ മനസ്സിൽ കുടിയിരുത്തുക എന്നതിന്റെ ഏറ്റവും ഉദാത്തമായ ഉദാഹരണമായി  മന്നാഡേ പാടിയ `മാനസമൈനേ'  എടുത്തുപറയുന്നു  മധു. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പത്തു പാട്ടെടുത്താൽ അതിൽ രണ്ടാം സ്ഥാനത്തോ മൂന്നാം സ്ഥാനത്തോ ഇടം നേടും ആ പാട്ട്. 
  
മധുവിനൊപ്പം നിരവധി ഗാനരംഗങ്ങളിൽ അഭിനയിച്ച വിധുബാലയുടെ ഓർമ്മയിൽ രസകരമായ ഒരനുഭവമുണ്ട്. ``ഭൂമിദേവി പുഷ്പിണിയായി'' എന്ന ചിത്രത്തിലെ `പാതിരാത്തണുപ്പ് വീണു' എന്ന ഗാനത്തിന്റെ ചിത്രീകരണവേള. ഗൗരവക്കാരനായ മധുവിന്റെ കഥാപാത്രത്തെ ഭാര്യയായ വിധുബാല പാട്ടു പാടി വശീകരിക്കാൻ ശ്രമിക്കുന്നതാണ് രംഗം. ``പാടിക്കൊണ്ട് അദ്ദേഹത്തിന്റെ മടിയിലേക്ക് വീഴുമ്പോൾ ക്യാമറ എന്റെ മുഖത്താണ്.  പുറം തിരിഞ്ഞു നിൽക്കുന്ന മധുസാറിനെ പ്രേക്ഷകർ കാണുന്നില്ല. അതറിഞ്ഞുകൊണ്ടു തന്നെ അദ്ദേഹം വികാരലോലയായി പാടുന്ന എന്റെ മുഖത്ത് നോക്കി ഗോഷ്ഠികൾ കാണിക്കും.  അറിയാതെ ചിരി പൊട്ടിപ്പോകും എനിക്ക്. ടേക്കുകൾ  ആവർത്തിച്ചപ്പോൾ സംവിധായകൻ ഹരിഹരൻ സാർ ഇടപെട്ടു. മധു സാറിനെ സ്‌നേഹപൂർവ്വം ശാസിച്ചു. ഒടുവിൽ ചിരി അടക്കിക്കൊണ്ട് എങ്ങനെയൊക്കെയോ ആ ഗാനരംഗം അഭിനയിച്ചു തീർക്കുകയായിരുന്നു ഞാൻ..'' 

ഏറ്റവും ഇഷ്ടപ്പെട്ട ഗാനചിത്രീകരണം ഏതാണ്? ശതാഭിഷിക്തനാകുന്ന മധുവിനോടൊരു ചോദ്യം. ``പെട്ടെന്ന് ഓർമ്മയിൽ വരുന്നത്  തോപ്പിൽ ഭാസി സംവിധാനം ചെയ്ത `യുദ്ധകാണ്ഡം' എന്ന സിനിമയിലെ ശ്യാമസുന്ദര പുഷ്പമേ എന്ന പാട്ടാണ്. ഒ എൻ വി യുടെ കാവ്യാത്മകമായ വരികൾ.  അഷ്ടമുടിക്കായലിന്റെ പരിസരത്ത് സാമ്പ്രാണിക്കടവ് എന്ന സ്ഥലത്ത് വച്ചായിരുന്നു ഷൂട്ടിംഗ്. ഗാനസന്ദർഭവുമായി പ്രകൃതി ഇത്രത്തോളം താദാത്മ്യം പ്രാപിച്ച സന്ദർഭങ്ങൾ അപൂർവമായേ എന്റെ അഭിനയ ജീവിതത്തിലുണ്ടായിട്ടുള്ളൂ. ഷൂട്ടിംഗ് തുടങ്ങുമ്പോൾ തന്നെ  മേഘങ്ങൾ വന്നു ആകാശം മൂടി. എല്ലാ അർത്ഥത്തിലും ശ്യാമസുന്ദരമായ  അന്തരീക്ഷം. പാട്ടിലേക്ക്  ഒ എൻ  വിയും രാഘവൻ മാസ്റ്ററും യേശുദാസും ചേർന്ന് ആവാഹിച്ച  വിഷാദമാധുര്യം മുഴുവൻ പ്രകൃതി  നമ്മെ അതേപടി അനുഭവിപ്പിക്കുകയാണ്. ജീവിതവും സിനിമയും ഒന്നാകുന്ന അപൂർവ മുഹൂർത്തം. ഇന്നും ആ ഗാനം കേൾക്കുമ്പോൾ ആ നിമിഷങ്ങൾ ഓർമ്മവരും. സിനിമ നമുക്ക് കനിഞ്ഞു നൽകുന്ന സൗഭാഗ്യങ്ങളാണ് അതൊക്കെ... ''