മലയാള സിനിമയുടെ തലപ്പൊക്കമായ മധു ഇന്ന് നവതിനിറവിൽ. മലയാളികൾ നെഞ്ചോടുചേർത്തുവെച്ച മഹാനടനെക്കുറിച്ച് അടുത്തസുഹൃത്തുകൂടിയായ എം.ടി. വാസുദേവൻ നായർ സംസാരിക്കുന്നു. ഭാനുപ്രകാശിന് അനുവദിച്ച അഭിമുഖത്തിൽനിന്ന്
എം.ടി. ജനിച്ച 1933-ൽ തന്നെയാണ് പി. മാധവൻ നായർ എന്ന മധുവിന്റെയും പിറവി. രണ്ടുപേരുടെയും സിനിമാജീവിതം ആരംഭിക്കുന്നതും ഏറക്കുറെ ഒരേകാലത്ത്. ഈ യാദൃച്ഛികതയെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ
= പ്രായംകൊണ്ട് മധുവിനെക്കാൾ രണ്ടുമാസം മൂത്തത് ഞാനാണ്. ഏതാനും വർഷങ്ങൾക്കുമുമ്പ് ഞങ്ങൾ രണ്ടുപേരും പങ്കെടുത്ത ഒരു ചടങ്ങിൽ സംസാരിക്കുമ്പോൾ മധുതന്നെയാണ് ഈ കാര്യം പറഞ്ഞത്. ‘‘വേണമെങ്കിൽ എം.ടി.യെ എനിക്ക് ജ്യേഷ്ഠാ എന്നൊക്കെ വിളിക്കാമെന്ന്’’. സ്ക്രിപ്റ്റ് എഴുത്തുമായി ബന്ധപ്പെട്ട് അക്കാലത്ത് ഞാൻ ഇടയ്ക്കിടെ മദിരാശിയിൽപ്പോകും. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് അഭിനയം പഠിച്ചിറങ്ങിയ മധുവിനെ എങ്ങനെയെങ്കിലും സിനിമയിൽ കൊണ്ടുവരണമെന്ന ആഗ്രഹമായിരുന്നു അന്ന് രാമു കാര്യാട്ടിനും ശോഭന പരമേശ്വരൻ നായർക്കും. അതിനപ്പുറം വലിയൊരു നടനായി മധു ഉയർന്നുവരണം എന്നുകൂടി അവർ ആഗ്രഹിച്ചിരുന്നു. ഒപ്പം കുറെ സുഹൃത്തുക്കളും. ആ സുഹൃദ്വലയത്തിൽ ഞാനുമുണ്ടായിരുന്നു. പക്ഷേ, സിനിമയുടെ പലമേഖലകളിലും തന്റെ കൈയൊപ്പുചാർത്തിക്കൊണ്ട് ഞങ്ങളെല്ലാം പ്രതീക്ഷിച്ചതിനുമപ്പുറമുള്ള ഉയരങ്ങളിലേക്ക് മധു എത്തിച്ചേർന്നു.
ഹൃദയംകൊണ്ട് ഏറെ അടുപ്പമുള്ളവരാണ് രണ്ടുപേരും. മധുവിനെ ആദ്യമായിക്കണ്ടത് എവിടെവെച്ചായിരുന്നുവെന്ന് ഓർക്കുന്നുണ്ടോ
= അറുപത്തിരണ്ടിലോ മറ്റോ ആവണം. ശോഭന പരമേശ്വരൻ നായർ ‘മൂടുപടം’ എന്ന സിനിമയെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. ടി.കെ. പരീക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള ‘ചന്ദ്രതാര’യുടെ ഓഫീസ് ഞങ്ങളുടെ സ്ഥിരം താവളമായിരുന്നു. രാമു കാര്യാട്ട്, അടൂർഭാസി, ശങ്കരാടി, ആർ.എസ്. പ്രഭു, പരമേശ്വരൻ നായർ തുടങ്ങിയവർക്കൊപ്പം ഞാനും. ആ സൗഹൃദത്തിലേക്കാണ് ഒരുദിവസം മധു കടന്നുവരുന്നത്. അന്ന് മധുവായിട്ടില്ല. മാധവൻ നായരാണ്. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് അഭിനയം പഠിച്ചിറങ്ങിയ ആളെന്നനിലയിലും അതിനുമുമ്പേ കോളേജ് അധ്യാപകനായിരുന്നതുകൊണ്ടും എല്ലാവർക്കും മധുവിനോട് വലിയ ബഹുമാനമായിരുന്നു. മൂടുപടത്തിൽ അഭിനയിക്കാൻവന്ന മധു വളരെപ്പെട്ടെന്നാണ് ഞങ്ങളുടെ സൗഹൃദത്തിൽ ഇഴുകിച്ചേർന്നത്.
സത്യനും പ്രേംനസീറും നിറഞ്ഞുനിൽക്കുന്ന കാലമായിരുന്നു അത്. അവർക്കിടയിൽ മധുവിന് ഒരു ഇടംലഭിക്കാൻ പ്രയാസപ്പെടേണ്ടിവന്നിരുന്നോ
= മധുവിന്റെ കാഴ്ചപ്പാടുകളും സ്വഭാവരീതികളുമെല്ലാം അന്നേ വ്യത്യസ്തമായിരുന്നു. നേരെവാ നേരെപോ എന്ന മട്ട്. മൂടുപടത്തിനുമുമ്പേ നിണമണിഞ്ഞ കാൽപ്പാടുകളിലൂടെ മധുവിന്റെ പേര് വെള്ളിത്തിരയിൽ തെളിഞ്ഞു. പുതുമുഖമായിട്ടുകൂടി മധു ശ്രദ്ധിക്കപ്പെട്ടത് അഭിനയത്തിലെ വ്യത്യസ്തതകൊണ്ടായിരുന്നു. അഭിനയം അക്കാദമിക് തലത്തിൽ പഠിച്ചെടുത്ത ആൾ എന്നനിലയിലും മധുവിനെ എല്ലാവരും പരിഗണിച്ചിരുന്നു. ഉറച്ചനിലപാടുകൾകൊണ്ടും തന്റെ കഴിവിലുള്ള ആത്മവിശ്വാസംകൊണ്ടും തനിക്ക് ഒരു വേഷം തരണമെന്ന് മധു ആരോടും പറഞ്ഞിട്ടില്ല. മധുവിന് ഒരു വേഷം നൽകണമെന്ന് എനിക്കും ആരോടും പറയേണ്ടതായിവന്നിട്ടില്ല. അവസരങ്ങൾ ഒന്നൊന്നായി മധുവിനെ തേടിയെത്തുകയായിരുന്നു. സത്യന്റെയും നസീറിന്റെയും സിനിമകളിൽ മധു ഒരുപോലെ പരിഗണിക്കപ്പെട്ടുവെന്നുവേണം പറയാൻ.
മലയാളത്തിന്റെ തലയെടുപ്പുള്ള എഴുത്തുകാരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചതാണോ മധുവിനെ മറ്റു നടന്മാരിൽനിന്ന് വ്യത്യസ്തനാക്കിയത്
= സാഹിത്യസൃഷ്ടികളിലെ കഥാപാത്രങ്ങൾക്ക് സത്യനും നസീറും ജീവൻനൽകിയിട്ടുണ്ട്. അതുകൊണ്ടുമാത്രമല്ല അവർ അനശ്വരരാകുന്നത്. ഏത് കഥാപാത്രമായാലും അതിന്റെ ആഴങ്ങളിലേക്കിറങ്ങി അഭിനയിക്കാനുള്ള നടന്റെ മിടുക്കുതന്നെയാണ് പ്രധാനം. മധുവിനെ സംബന്ധിച്ചിടത്തോളം വലിയ എഴുത്തുകാരുടെ രചനകളിൽ മറ്റുനടന്മാർക്ക് ലഭിച്ചതിനെക്കാൾ കൂടുതൽ അഭിനയിക്കാനാവസരം കിട്ടി. വൈക്കം മുഹമ്മദ് ബഷീർ, തകഴി, ഉറൂബ്, എസ്.കെ. പൊറ്റെക്കാട്ട്, മലയാറ്റൂർ തുടങ്ങി ഒട്ടേറെ എഴുത്തുകാരുടെ കഥാപാത്രങ്ങൾ. നടനെന്നനിലയിൽ അതെല്ലാം മധു നന്നായി പ്രയോജനപ്പെടുത്തുകയുണ്ടായി.
എം.ടി.യുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് വല്ലാത്തൊരു അനുഭവമാണെന്ന് മധു ഒരിക്കൽ പറഞ്ഞിട്ടുണ്ട്...
= മധുവിനുവേണ്ടി അധികമൊന്നും എഴുതാൻ കഴിഞ്ഞില്ലെങ്കിലും ഓളവും തീരവും, മുറപ്പെണ്ണ്, നഗരമേ നന്ദി, മാപ്പുസാക്ഷി, വിത്തുകൾ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, വെള്ളം തുടങ്ങിയ സിനിമകളിൽ എന്റെ കഥാപാത്രങ്ങളായി മധു അവതരിച്ചപ്പോൾ എനിക്കും അത് പുതിയൊരനുഭവമായി. മിക്കവാറും കഥാപാത്രങ്ങൾക്ക് പ്രതീക്ഷിച്ചതിനപ്പുറമുള്ള ഒരു ഡയമെൻഷൻ നൽകാൻ മധുവിന് സാധിച്ചിട്ടുണ്ട്.
നടൻ, നിർമാതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, വിതരണക്കാരൻ, സ്റ്റുഡിയോ ഉടമ... മലയാളത്തിന് കനപ്പെട്ട സംഭാവനകൾ നൽകിയിട്ടും മധു വേണ്ടവിധം അംഗീകരിക്കപ്പെടാതെ പോയോ..
= അംഗീകാരങ്ങൾ ചിലപ്പോൾ കിട്ടിയെന്നിരിക്കും. കിട്ടിയില്ലെന്നിരിക്കും. പക്ഷേ, അതിന്റെയൊന്നും പിറകിൽപ്പോകുന്ന വ്യക്തിത്വമല്ല മധുവിന്റേത്. ചെറുപ്പകാലംമുതൽ മനസ്സിൽ സൂക്ഷിച്ച കലയോടുള്ള താത്പര്യം അദ്ദേഹം കെടാതെ സൂക്ഷിച്ചില്ലേ. കോളേജ് അധ്യാപകന്റെ ജോലിപോലും ഉപേക്ഷിച്ച് നാടകം പഠിക്കാൻ പോയില്ലേ. കുറെ സിനിമകളിൽ അഭിനയിച്ചു, കുറച്ചു പടങ്ങൾ നിർമിച്ചു, സംവിധാനംചെയ്തു, കേരളത്തിൽ ഒരു സ്റ്റുഡിയോ നിർമിച്ചു... അങ്ങനെ ഒരു ജീവിതത്തിൽ എന്തെല്ലാം കാര്യങ്ങൾ മധു ചെയ്തു. മധുവിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ച കഥാപാത്രങ്ങളാണ്. പരീക്കുട്ടിയും ബാപ്പുട്ടിയും മായനും ഭാർഗവീനിലയത്തിലെ സാഹിത്യകാരനുമൊെക്ക ഒരു മധു മാത്രമാണ്. ചെമ്മീനിനെ ഓർക്കുമ്പോൾ മധുവിനെ നമ്മൾ മറക്കില്ല. ഭാർഗവീനിലയത്തെയും ഉമ്മാച്ചുവിനെയും ഓളവും തീരത്തിനെയുംപറ്റി നമ്മൾ സംസാരിക്കുമ്പോൾ മധു നമ്മളുടെ മുന്നിലുണ്ടാവും. ആ വലിയ കലാകാരന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണിതെല്ലാം.
അറുപതുവർഷത്തെ സൗഹൃദത്തിൽ എം.ടി. മധുവിൽ കണ്ട ഏറ്റവുംവലിയ സവിശേഷത എന്താണ്
= ഞങ്ങൾ രണ്ടു ദിക്കിലിരുന്നാൽ മതി. എന്നാലും ഞങ്ങളുടെ മാനസിക ഐക്യം ചെറുതല്ല. എന്തും തുറന്നുപറയാവുന്ന സൗഹൃദമാണുള്ളത്. മുൻപൊക്കെ തിരുവനന്തപുരത്ത് പോകുമ്പോൾ മധുവിനൊപ്പം അദ്ദേഹത്തിന്റെ വീട്ടിൽ തന്നെയായിരുന്നു എന്റെ താമസം. ‘ശിവഭവനി’ലെ മുകളിലത്തെ നിലയിൽ ഞങ്ങൾ ഒരുപാട് സംസാരിച്ചിരിക്കും. ഹൃദയംകൊണ്ട് അടുത്തവരാണ് ഞങ്ങൾ രണ്ടുപേരും. ഒരുപാടുകാലം കാണാതിരുന്നാലും അങ്ങനെയൊരു തോന്നൽ ഇല്ലാത്തത് ഞങ്ങളുടെ മനസ്സിൽ ഞങ്ങൾ ഉള്ളതുകൊണ്ടാണ്.
ഈ നവതിപൂർണതയിൽ എന്താണ് മധുവിനോട് എം.ടി.ക്ക് പറയാനുള്ളത്
= എന്റെ പ്രാർഥനയുണ്ട്. മധുവിനു വേണ്ടി. എപ്പോഴും.
Content Highlights: Madhu actor birthday, legendary actor Malayalam cinema, MT Vasudevan Nair about his friend
Published: 23 Sept 2023, 08:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented