പുന്നപ്ര സമരത്തിനുശേഷം പൂഞ്ഞാറിൽ ഒളിവിൽക്കഴിയുന്ന കാലം. പിടിയിലായ ചെറുപ്പക്കാരനെ പോലീസ് പാലാ ലോക്കപ്പിലേക്കാണ് കൊണ്ടുപോയത്. മണിക്കൂറുകൾനീണ്ട കൊടിയമർദനം. നേതാക്കളുടെ പേരുചോദിച്ചാണ് ക്രൂരത. ഒന്നുംപറയാതെ, ഒട്ടുംകൂസാതെ നിൽക്കുകയാണയാൾ. ഒരു പോലീസുകാരൻ തോക്കിന്റെ ബയണറ്റ് ഇടതുകാൽവണ്ണയിലേക്ക് കുത്തിയിറക്കി. ലോക്കപ്പിലാകെ ചോരപടർന്നു. ബോധംപോയ ചെറുപ്പക്കാൻ മരിച്ചെന്നുകരുതി കുറ്റിക്കാട്ടിൽ കൊണ്ടുകളയാൻ പോലീസ് തീരുമാനിച്ചു. കോവാലൻ എന്നൊരു മോഷ്ടാവിനെ ലോക്കപ്പിൽനിന്നു കൂടെക്കൂട്ടി. പോകുന്നവഴി കോവാലൻ പറഞ്ഞു. ‘‘സാറേ ജീവനുണ്ട്. ആശുപത്രിയിൽ തട്ടിയേക്കാം. ചത്താൽ അവരു നോക്കുമല്ലോ.’’ അങ്ങനെ പാലായിലെ ആശുപത്രിയിൽ അയാളെ ഉപേക്ഷിച്ച് പോലീസുകാർ പോയി. കോവാലനെ അവിടെനിർത്തി. രണ്ടുമൂന്നുദിവസം കഴിഞ്ഞപ്പോൾ വേച്ചുവേച്ചാണെങ്കിലും അയാൾ എഴുന്നേറ്റു. ചരിത്രത്തിലേക്കുള്ള ഉയിർത്തെഴുന്നേൽപ്പ്. അന്നത്തെ ചെറുപ്പക്കാരന് ഇന്ന് നൂറുവയസ്സ്, സഖാവ് വി.എസ്. അച്യുതാനന്ദൻ.

വെടിവെപ്പുണ്ടാകുന്നതിന് ദിവസങ്ങൾക്കുമുമ്പേ പാർട്ടിനിർദേശപ്രകാരം വി.എസിനെ പൂഞ്ഞാറിലേക്കു മാറ്റിയിരുന്നു. എങ്കിലും മിക്കരാത്രികളിലും അദ്ദേഹം പുന്നപ്രയിലെ ക്യാമ്പുകളിൽ രഹസ്യമായെത്തി സമരസന്നാഹങ്ങൾ വിലയിരുത്തും. പോലീസിന്റെയും പട്ടാളത്തിന്റെയും വെടിവെപ്പുനേരിടാൻ വാരിക്കുന്തങ്ങളുമായി സഖാക്കൾ തയ്യാറെടുക്കുകയായിരുന്നു. വി.എസിനെ എവിടെക്കണ്ടാലും പിടികൂടാൻ പോലീസ് രംഗത്തുണ്ട്. അകത്തായാൽ കൊല്ലപ്പെടുമെന്നുറപ്പ്. 1946 ഒക്ടോബർ 23-ന് പുന്നപ്രയിൽ വെടിവെപ്പുനടന്ന സ്ഥലത്തേക്ക് പോകാൻ പുറപ്പെട്ടെങ്കിലും അദ്ദേഹത്തിന് എത്താനായില്ല. തുടർന്ന് വീണ്ടും പൂഞ്ഞാറിലേക്കു പോയി. അവിടെവെച്ചാണ് പോലീസ് പിടിച്ചത്. ഒക്ടോബർ 27-ന് വയലാറിൽ വെടിവെപ്പുനടക്കുമ്പോൾ വി.എസ്. ലോക്കപ്പിലായിരുന്നു. പക്ഷേ, കാലിൽനിന്ന് ഊറിവീണ ചുവപ്പ് പിൽക്കാലത്ത് കേരളമാകെ പടരുന്നത് അയാൾ കണ്ടു. പുന്നപ്ര-വയലാർ സമരം സൃഷ്ടിച്ച രാഷ്ട്രീയദിശാബോധമാണ് കേരളരാഷ്ട്രീയത്തിൽ നിർണായകമായത്.

പട്ടിണിയും പരിവട്ടവുംമൂലം കരഞ്ഞുതീരേണ്ടതായിരുന്നു ആ ബാല്യം. വസൂരി  ബാധിച്ച അമ്മ അക്കമ്മയെ മാറ്റിപ്പാർപ്പിച്ചിരുന്ന ചെറ്റപ്പുരയുടെ മറയിലൂടെ കണ്ട നേർത്ത ഓർമയേ വി.എസിനുള്ളൂ. ജ്യേഷ്ഠൻ ഗംഗാധരന്റെ വാക്കുകളിലൂടെയാണ് അച്യുതാനന്ദൻ അമ്മയെക്കുറിച്ച് കേട്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ നാലാംവയസ്സിലാണ് അമ്മയുടെ മരണം. 11-ാം വയസ്സിൽ അച്ഛൻ ശങ്കരന്റെ മരണം. പഠിക്കാൻ മിടുക്കനായിരുന്നെങ്കിലും പട്ടിണികാരണം ഏഴാംക്ലാസിനപ്പുറം പഠിക്കാനായില്ല. ജ്യേഷ്ഠൻ ഗംഗാധരന്റെ കൂടെനിന്ന് തുന്നൽ പഠിച്ചു. പിന്നീട് ആസ്പിൻവാൾ കയർ ഫാക്ടറിയിൽ തൊഴിലാളിയായി. അവിടെ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിൽ പങ്കാളിയായി. പി. കൃഷ്ണപിള്ള, ടി.വി. തോമസ്, ആർ. സുഗതൻ തുടങ്ങിയവരുമായി ബന്ധമായി. 1940 മാർച്ചിൽ കൃഷ്ണപിള്ളയുടെ നിർദേശപ്രകാരം കേവലം 17-ാം വയസ്സിൽ വി.എസ്. കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വംനേടി. ഇന്ത്യയിൽ ഇത്രയും ദീർഘകാലത്തെ പാർട്ടിയംഗത്വം ആർക്കുമില്ല.  

To advertise here,

തയ്യാറാക്കിയത്‌:  ജോസഫ്‌ മാത്യു