തിരുവനന്തപുരം: നഗരകേന്ദ്രത്തിൽ നിന്നും മൃഗശാല മാറ്റണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം നാടിന് ഗുണകരമാണെന്ന് ശാസ്തമംഗലം വാർഡ് കൗൺസിലർ കെ.എസ്. ശബരീനാഥൻ. നഗരത്തിൻ്റെ മുഖച്ഛായ മാറ്റുന്ന പദ്ധതികൾ വരുമെന്നും സാമ്പത്തികം ഒരു ബാധ്യതയാകില്ലെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.

To advertise here,

മൃഗശാല മാറുന്നതാണ് നല്ലത്, കാര്യമറിയാതെ ഇടതുപക്ഷം കൊടിയുമായി വരുന്നു

കഴിഞ്ഞ ദിവസം നടന്ന ഗവൺമെന്റിന്റെ റൗണ്ട് ടേബിൾ കോൺഫറൻസിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇത്തരത്തിലൊരു നിർദേശം മുന്നോട്ടുവെച്ചത്. ഒരു നിർദേശം എന്ന നിലയിൽ നല്ലൊരു ആശയമായിട്ടാണ് എനിക്ക് തോന്നിയത്.

തിരുവനന്തപുരം നേപ്പിയർ മ്യൂസിയവും മൃഗശാലയും 150 വർഷത്തിലേറെ പഴക്കമുള്ള സ്ഥാപനമാണ്. പക്ഷേ ഇന്ന് അവിടെ പോകുന്ന ആളുകൾക്ക് അറിയാം, മൃഗശാലയ്ക്ക് ചില പരിമിതികളുണ്ട്. അവിടെ സ്ഥലപരിമിതിയുണ്ട്. നിശാഗന്ധിയുടെ അടുത്തായതുകൊണ്ട് വലിയ ശബ്ദത്തോടെയുള്ള പരിപാടികളൊക്കെ നടക്കുന്നു. അതുകൊണ്ട് ഇന്നത്തെ കാലത്തിന് അനുയോജ്യമായ രീതിയിൽ, മൃഗങ്ങൾക്ക് അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയോട് ചേർന്ന് കഴിയാൻ സാധിക്കുന്ന ഒരു സംവിധാനത്തിലേക്ക് മാറണമെന്നാണ് നമ്മളൊക്കെ ആഗ്രഹിക്കുന്നത്.

ഉദാഹരണത്തിന് കോട്ടൂരിലുള്ള ആനപരിപാലന കേന്ദ്രം. ഞാൻ അരുവിക്കര എംഎൽഎ ആയിരുന്ന സമയത്ത് നടന്ന ഒരു വർക്കാണ് അത്. വനത്തിനോട് ചേർന്ന്, സ്വാഭാവിക ആവാസവ്യവസ്ഥയിലാണ് ഇന്ന് അവിടെ ആനകൾ കഴിയുന്നത്. അതിനപ്പുറത്ത് പഴയ ഡിയർ പാർക്കും ലയൺ സഫാരി പാർക്കുമുണ്ട്. അത്തരത്തിലുള്ള ഒരു മേഖലയിലേക്കോ, അല്ലെങ്കിൽ പൊൻമുടി റൂട്ടിൽ കാടിനോട് ചേർന്ന മറ്റൊരു മേഖലയിലേക്കോ മാറ്റുകയാണെങ്കിൽ 300 ഏക്കറോളം സ്ഥലത്ത് മൃഗങ്ങൾക്ക് കഴിയാനുള്ള വളരെ മോഡേൺ ആയിട്ടുള്ള ഒരു മൃഗശാല നമുക്ക് നിർമ്മിക്കാൻ കഴിയും.

എൽഡിഎഫ് സർക്കാരിന്റെ സമയത്താണ് തൃശ്ശൂർ ചെമ്പുക്കാവിലുണ്ടായിരുന്ന മൃഗശാല പുത്തൂരിലേക്ക് മാറ്റിയത്. അവിടെയും ഏകദേശം 300 ഏക്കറിലാണ് പുതിയ സംവിധാനം ഒരുക്കിയത്. അതുപോലെ തിരുവനന്തപുരം മൃഗശാല മാറ്റുകയാണെങ്കിൽ നിലവിലെ പ്രദേശം ഒരു പച്ചത്തുരുത്തായി നമുക്ക് നിലനിർത്താം. ലണ്ടനിലെ ഹൈഡ് പാർക്ക് പോലെയോ ന്യൂയോർക്കിലെ സെൻട്രൽ പാർക്ക് പോലെയോ വിശാലമായ ഒരു ഓപ്പൺ സ്പേസാക്കി മാറ്റാൻ കഴിയും.

ഞാനും ഒരു ഏഴ് വയസ്സുകാരന്റെ പിതാവാണ്. എന്റെ മകൻ പറയുന്ന പ്രധാന പരാതികളിലൊന്ന് തിരുവനന്തപുരം നഗരത്തിൽ കളിക്കാനുള്ള ഓപ്പൺ സ്പേസ് ഇല്ല എന്നതാണ്. ഹൈഡ് പാർക്ക് പോലുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ നമുക്ക് അസൂയ തോന്നും. കുടുംബങ്ങൾ വൈകുന്നേരങ്ങളിൽ അവിടെ വന്നിരിക്കുന്നു, പുല്ലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നു, കുട്ടികൾ കളിക്കുന്നു, ആളുകൾ വിശ്രമിക്കുന്നു. സൈക്ലിങ്ങിനും വായനയ്ക്കുമുള്ള ഇടങ്ങളുണ്ട്, ചെറിയ ആഘോഷങ്ങൾ നടത്താനുള്ള വേദികളുണ്ട്. അത്തരത്തിൽ തിരുവനന്തപുരം നഗരത്തിന്റെ ഒരു വലിയ ഗ്രീൻ സ്പേസായി നിലവിലെ മൃഗശാല പ്രദേശത്തെ നിലനിർത്താൻ കഴിയും.

വിഷയം എന്താണെന്ന് പോലും മനസ്സിലാക്കാതെ, സർക്കാരിന്റെ ആശയം എന്താണെന്ന് പോലും അറിയാതെ ആദ്യമേ ചുവന്ന കൊടിയുമായി ഇടതുപക്ഷം വരികയാണ്. മുഖ്യമന്ത്രി പറഞ്ഞത് ഒരു ആശയമാണ്. അത് ചർച്ച ചെയ്യട്ടെ, എല്ലാ അഭിപ്രായങ്ങളും കേൾക്കട്ടെ. അതിനുശേഷം ഒരു പോസിറ്റീവായ സൊല്യൂഷനിലേക്ക് എത്താൻ കഴിയുമെന്നാണ് എന്റെ അഭിപ്രായം.

നിലവിലെ മൃഗശാലയും മ്യൂസിയവും ഉൾപ്പെടുന്ന പ്രദേശത്തെ നഗരത്തിന്റെ 'ഗ്രീൻ ലങ്സ്' ആയി നിലനിർത്താം. അതേസമയം അഗസ്ത്യവനത്തോട് ചേർന്ന കോട്ടൂർ മേഖലയിലോ അനുയോജ്യമായ മറ്റൊരു മേഖലയിലോ വലിയൊരു ഇക്കോളജിക്കൽ സോൺ രൂപപ്പെടുത്താം. അതിലൂടെ ആ മേഖലയിലെ ടൂറിസവും വർധിപ്പിക്കാൻ കഴിയും.

സാമ്പത്തിക ചെലവ് പ്രശ്നമാകില്ല, ഇത് സമയമെടുത്ത് ചെയ്യുന്ന പദ്ധതി

മൃഗശാല മാറ്റുന്നതിന് വലിയ സാമ്പത്തിക ചെലവ് വരുമെന്നാണ് വിമർശനം. പക്ഷേ ഇത് ഇന്നോ നാളെയോ ചെയ്യാൻ പോകുന്ന കാര്യമല്ല. ഒരു മൃഗശാലയ്ക്ക് അനുമതി ലഭിക്കാൻ തന്നെ നിരവധി ഘട്ടങ്ങളുണ്ട്. കോട്ടൂർ ആനപ്പാർക്കിന്റെ കാര്യത്തിൽ തന്നെ എനിക്കറിയാം, കേന്ദ്രത്തിൽ പലതവണ പോകേണ്ടിവന്നിട്ടുണ്ട്. വൈൽഡ് ലൈഫ്, എൻവയോൺമെന്റ് തുടങ്ങിയ വകുപ്പുകളുടെ അനുമതി ലഭിച്ചാൽ മാത്രമേ ഇത്തരമൊരു ആശയം പ്രാബല്യത്തിൽ കൊണ്ടുവരാൻ കഴിയൂ.

അതുകൊണ്ട് ഇതൊരു ലോങ് ടേം പ്രോജക്ടാണ്. കോട്ടൂർ ആനപരിപാലന കേന്ദ്രവും ഡിയർ പാർക്കും സഫാരി പാർക്കും ഉൾപ്പെടുന്ന മേഖലയിൽ പുതിയൊരു മൃഗശാലാ സംവിധാനം വരികയാണെങ്കിൽ അവിടുത്തെ ടൂറിസവും വർധിക്കും. നഗരത്തിൽമാത്രം നിന്നുകൊണ്ടല്ലല്ലോ നമ്മൾ കാര്യങ്ങൾ കാണേണ്ടത്.

സാമ്പത്തിക ചെലവുമാത്രം ചൂണ്ടിക്കാട്ടി ഇതിനെ കാണേണ്ടതില്ല. ഇത്തരം പദ്ധതികൾക്കായി വിവിധ ഫണ്ടിങ് സോഴ്സുകളും കേന്ദ്ര പദ്ധതികളുമൊക്കെയുണ്ട്. ഇന്ന് തീരുമാനിച്ച് നാളെ നടപ്പാക്കാൻ പോകുന്ന കാര്യമല്ല. പക്ഷേ ഒരു ചിന്ത ഇപ്പോഴേ ആരംഭിച്ചാലേ അഞ്ചാറ് വർഷത്തിനുള്ളിൽ ഈ ആശയം യാഥാർഥ്യമാക്കാൻ കഴിയൂ. സർക്കാർ തീരുമാനിക്കുകയാണെങ്കിൽ സാമ്പത്തിക ബുദ്ധിമുട്ട് അതിന് വലിയൊരു തടസ്സമാകുമെന്ന് ഞാൻ കരുതുന്നില്ല.

തൃശ്ശൂരിൽ ഇതേ കാര്യമല്ലേ എൽ‍ഡിഎഫ് ചെയ്തത്, ഇത് സങ്കുചിത നിലപാട്

വി.കെ. പ്രശാന്ത് ഉൾപ്പെടെയുള്ളവർ ഈ വിഷയത്തിൽ വിമർശിക്കുന്നുണ്ട്. പ്രശാന്ത് മേയറായിരുന്ന ആളാണ്. ഒരു വിഷയം കേൾക്കുമ്പോൾ തന്നെ ഇടതുപക്ഷവും ഡിവൈഎഫ്ഐയും ചുവന്ന കൊടിയുമായി വരുന്നത് ശരിയായ സമീപനമല്ല. ഇതേ കാര്യമാണ് തൃശ്ശൂരിൽ എൽഡിഎഫ് സർക്കാർ ചെയ്തത്. ചെമ്പുക്കാവിൽ നിന്ന് പുത്തൂരിലേക്ക് മൃഗശാല മാറ്റിയപ്പോൾ കോൺഗ്രസ് അതിനെ നല്ല ആശയമായാണ് കണ്ടത്. കോട്ടൂരിലെ ആനപ്പാർക്ക് കൂടുതൽ വിപുലീകരിച്ചപ്പോഴും നമ്മൾ അതിനെ അംഗീകരിച്ചു. അങ്ങനെയല്ലേ വികസനകാര്യങ്ങളെ സമീപിക്കേണ്ടത്?

തൃശ്ശൂരിൽ ചെയ്യാം, തിരുവനന്തപുരത്ത് ചെയ്യാൻ പറ്റില്ല എന്നാണ് പറയുന്നതെങ്കിൽ അത് തിരുവനന്തപുരത്തിന്റെ ഭാവിക്കെതിരായ ഒരു സങ്കുചിത നിലപാടായിട്ടാണ് എനിക്ക് കാണാൻ കഴിയുക. മേയർ വി.വി. രാജേഷ് ഇതിനോട് ഒരു പോസിറ്റീവ് സമീപനം സ്വീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം മൃഗശാലയിൽ പോകുന്ന എല്ലാവർക്കും അവിടുത്തെ പരിമിതികൾ അറിയാം. പഴയതുപോലെ മൃഗങ്ങളില്ല. മൃഗങ്ങൾക്കും അവിടെ വലിയ പരിമിതികളുണ്ട്. അതുകൊണ്ട് മുഖ്യമന്ത്രി മുന്നോട്ടുവെച്ച ആശയത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. പക്ഷേ അത് കൃത്യമായി പ്ലാൻ ചെയ്തുകൊണ്ടായിരിക്കണം നടപ്പാക്കേണ്ടത്. തിരുവനന്തപുരം നഗരത്തിന്റെ വികസനത്തിന് നല്ലൊരു ആശയം തന്നെയാണിത്, പ്രത്യേകിച്ച് മൃഗശാല മാറ്റിയാൽ നിലവിലെ പ്രദേശം ഒരു പച്ചത്തുരുത്തായി തന്നെ നിലനിർത്തുകയാണെങ്കിൽ.

ഇപ്പോൾ ഇത് വിശദമായ പദ്ധതിയിലേക്ക് എത്തിയിട്ടില്ല. മുഖ്യമന്ത്രി ഒരു ആശയം മുന്നോട്ടുവെച്ചിരിക്കുകയാണ്. ജനങ്ങൾ അത് ചർച്ച ചെയ്യട്ടെ. ഇനി വരുന്ന ദിവസങ്ങളിൽ കൂടുതൽ അഭിപ്രായങ്ങൾ വരട്ടെ. അതിനുശേഷം പദ്ധതി എങ്ങനെയാണെന്ന് പരിശോധിച്ച് മുന്നോട്ടുപോകാം.