വാക്കുകളും വാചകങ്ങളും അർധോക്തിയിൽ നിർത്തി, വിവാദങ്ങൾക്ക് ഇന്ധനം പകർന്നിട്ടുള്ള നേതാക്കളിൽ വി.എസിനെപ്പോലെ മറ്റൊരാളില്ല. ബുധനാഴ്ചകളിൽ മന്ത്രിസഭായോഗത്തിനുശേഷം സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്കിൽ ഐ.പി.ആർ. ചേംബറിലെ പത്രസമ്മേളനങ്ങളാണ് മിക്കപ്പോഴും അതിന് വേദിയാവുന്നത്. മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ചശേഷം മറ്റ് ഏതാനും ചോദ്യങ്ങൾക്ക് മറുപടിയും പറഞ്ഞ് എഴുന്നേൽക്കാനൊരുങ്ങുന്ന വി.എസിനോടുള്ള പത്രക്കാരുടെ അവസാനചോദ്യം മിക്കപ്പോഴും പ്രകോപനപരമാകും. സീറ്റിൽനിന്നെഴുന്നേറ്റ് നടന്നുകൊണ്ടുതന്നെ ആ ചോദ്യത്തിന് അദ്ദേഹം കാതുകൂർപ്പിക്കും. ഡയസിൽനിന്നിറങ്ങി ഹാളിന്റെ മൂലയിൽനിന്നാകും മറുപടി.
‘മാധ്യമ സിൻഡിക്കേറ്റ്’
പിണറായി വിജയന്റെ ‘മാധ്യമ സിൻഡിക്കേറ്റ്’ പ്രയോഗത്തെക്കുറിച്ചുള്ള വിവാദമൂലയിലെ പ്രതികരണം ഇരുവർക്കുമെതിരായ അച്ചടക്കനടപടിയിലാണ് ചെന്നവസാനിച്ചത്.
‘മാധ്യമ സിൻഡിക്കേറ്റ് എന്നുപറയുന്നവർതന്നെ സിൻഡിക്കേറ്റിനെ ആശ്രയിക്കുന്നു’ എന്നായിരുന്നു വി.എസിന്റെ വാക്കുകൾ. വി.എസിന്റെ പ്രതികരണം വന്ന് അരമണിക്കൂറിനകം പിണറായി വിജയൻ എ.കെ.ജി. സെന്ററിൽ പത്രസമ്മേളനം വിളിച്ചു. ഒരു പി.ബി. അംഗം മറ്റൊരു പി.ബി. അംഗത്തോട് പുലർത്തേണ്ട സാമാന്യമര്യാദയുടെ ലംഘനമെന്ന് വി.എസിനെ വിമർശിച്ചു. പരസ്യപ്രതികരണത്തിന്റെപേരിൽ നായക, പ്രതിനായക വേഷം കെട്ടേണ്ടിവന്ന ഇരുവർക്കും പാർട്ടി നടപടി നേരിടേണ്ടിവന്നു. പാർട്ടി അമ്മയാണ്, ശിക്ഷിക്കാനും തിരുത്താനും അവകാശമുണ്ടെന്ന് പറഞ്ഞാണ് വി.എസ്. നടപടിയെ സ്വീകരിച്ചത്.
‘വെറുക്കപ്പെട്ടവൻ’
റിയൽ എസ്റ്റേറ്റ് വ്യവസായി ഫാരിസ് അബൂബക്കറായിരുന്നു വിവാദമൂലയിലെ വി.എസിന്റെ മറ്റൊരിര. ഫാരിസിനെ ‘വെറുക്കപ്പെട്ടവൻ’ എന്ന് വി.എസ്. ആവർത്തിച്ച് വിശേഷിപ്പിച്ചു. വെറുക്കപ്പെട്ടവൻ എന്ന് നേരത്തേ പറഞ്ഞതിന് കാരണമുണ്ടായിരുന്നു. വൃക്കതട്ടിപ്പുകേസിൽ പ്രതിയായി സിങ്കപ്പൂരിൽ അയാൾ ഒളിച്ചുകഴിയുകയായിരുന്നെന്നാണ് എന്റെ അറിവ്. അതിനാൽ മുമ്പ് വെച്ചുപുലർത്തിയ അഭിപ്രായത്തിന് ഇപ്പോൾ മാറ്റമില്ല -വി.എസ്. പറഞ്ഞു. അത് ഏറെക്കാലം ചർച്ചയായി. തൊട്ടുപിന്നാലെ പാർട്ടി ചാനലിൽ ഫാരിസിന്റെ അഭിമുഖം വന്നതും വിവാദത്തിന് ചൂടുപകർന്നു.
‘പിറകിൽ താടി വളർത്തിയയാൾ’
കരിമ്പൂച്ചകളെ ഇറക്കി മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കാൻ വി.എസ്. മുന്നിട്ടിറങ്ങിയപ്പോൾ ഘടകകക്ഷിയായ സി.പി.ഐ. നേതാക്കൾക്കും വി.എസിന്റെ വാഗ്ശരം ഏൽക്കേണ്ടിവന്നു. മൂന്നാറിലെ പാർട്ടി ഓഫീസ് പൊളിക്കലുമായി ബന്ധപ്പെട്ട്, ‘കോട്ടിട്ടയാളും അതിനു മുകളിലുള്ളയാളും മറുപടി പറയണ’മെന്ന് പന്ന്യൻ രവീന്ദ്രന്റെ പ്രസംഗത്തിലെ പരാമർശത്തോട് വി.എസ്. പ്രതികരിച്ചത്, ‘അത് ആരാ പറഞ്ഞത്, പുറകിൽ താടി വളർത്തിയയാളല്ലേ’ എന്നായിരുന്നു. ദൗത്യസംഘം സ്പെഷ്യൽ ഓഫീസർ സുരേഷ് കുമാറിനെയും മുഖ്യമന്ത്രി വി.എസിനെയുമായിരുന്നു പന്ന്യൻ ഉദ്ദേശിച്ചത്. വി.എസ്. മുന്നണിമര്യാദകൾ ലംഘിക്കുന്നുവെന്ന് സി.പി.ഐ. സംസ്ഥാനസെക്രട്ടറി വെളിയം ഭാർഗവൻ ഇതേപ്പറ്റി വിമർശിച്ചപ്പോഴുള്ള പ്രതികരണത്തിൽ ‘തലയ്ക്കുപിന്നിൽ താടിയുള്ള ഒരാൾ’ എന്നുപറഞ്ഞ് പന്ന്യനെതിരായ പരാമർശം കൂടുതൽ കടുപ്പിച്ചു.
Content Highlights: vs achuthanandan turns 100 his controversial remarks
Published: 20 Oct 2023, 09:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented