
ഓരോ കേരളപ്പിറവി ദിനത്തിലും വർണക്കടലാസുകൾ ഉയർത്തിപ്പിടിച്ച് 'കേരളം.. കേരളം..' എന്നുറക്കെ മുദ്രാവാക്യം വിളിച്ച് നടത്തിയ ഘോഷയാത്രയാണ് മലപ്പുറത്തെ വി.പി. സുബ്രഹ്മണ്യൻ മാഷിന്റെ ഓർമയിലെത്തുക. 1956-ൽ 'കേരളം' എന്ന സംസ്ഥാനം ഔദ്യോഗികമായി നിലവിൽ വരുമ്പോൾ കൗതുകത്തോടെ നോക്കിനിന്ന ഒമ്പതു വയസുകാരന്റെ കണ്ണിലെ തിളക്കം ഇപ്പോഴും മാഷുടെ മുഖത്തുണ്ട്.
ആരെങ്കിലും അതേപ്പറ്റി ചോദിച്ചാൽ ഓർമകളിലേക്ക് ഊളിയിട്ടുകൊണ്ട് മാഷ് പറഞ്ഞുതരും, `അന്ന് ഞാൻ ഉമ്മത്തൂർ എൽ. പി. സ്കൂളിലെ നാലാം ക്ലാസിൽ പഠിക്കുകയാണ്. ഒരു ദിവസം പ്രഥമധ്യാപകൻ കൂടിയായ കോട്ടപ്പടിയിലെ മൊയ്തീൻകുട്ടി മാഷ് ക്ലാസിലെത്തി. മെടഞ്ഞ ഓലകൾ മേഞ്ഞ ക്ലാസിനുള്ളിൽ വെച്ച് മൊയ്‌തീൻകുട്ടി മാഷ് പറഞ്ഞു 'നമ്മളൊക്കെ ഇനിമുതൽ 'കേരള' സംസ്ഥാനത്തിന്റെ ആൾക്കാരാ'ണെന്ന്. അതുകേട്ടതും ഒന്നും മനസിലാകാത്ത ഞങ്ങള് വാ പൊളിച്ച് ബെഞ്ചിൽ അമർന്നിരുന്നു.'
'അതുവരെ മദ്രാസ് സർക്കാരിന് കീഴിൽ 'മലബാർ ഏരിയ' എന്നാണ് ഇന്നത്തെ വടക്കൻ കേരളം അറിയപ്പെട്ടിരുന്നത്. സംസ്ഥാനം എന്താണെന്നോ കേരളം എന്താണെന്നോ തിരിച്ചറിയാനുള്ള പക്വത അന്നുണ്ടായിരുന്നില്ല. എങ്കിലും എന്തൊക്കെയോ മാറ്റങ്ങൾ നാട്ടിൽ സംഭവിക്കാൻ പോവുകയാണെന്ന പ്രതീതി മൊയ്തീൻകുട്ടി മാഷിന്റെ വാക്കുകളിലൂടെ എല്ലാവരിലും പടർന്നു.'

'ബ്രിട്ടീഷ് ഭരണത്തിന്റെ വേദനയിൽ നിന്നും മുക്തി നേടിക്കൊണ്ടിരിക്കുമ്പോൾ കൂടിയാണ് ആ പ്രഖ്യാപനം എന്നതുമൊർക്കണം. നവംബർ ഒന്നിന് രാവിലെ തന്നെ ഞങ്ങള് സ്കൂളിലെത്തി. സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോലെ ആയിരുന്നു എല്ലാവരും. പതാകയ്ക്ക് പകരമായി വർണക്കടലാസുകൾ ത്രികോണാകൃതിയിൽ വെട്ടിയെടുത്ത് വടികളിൽ ഒട്ടിച്ച് അധ്യാപകർ, അവ എല്ലാ കുട്ടികൾക്കുമായി നൽകി. അത് നെഞ്ചിൽ ചേർത്തുപിടിച്ചപ്പോൾ ഞങ്ങൾക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത അഭിമാനം ഉള്ളിലേക്ക് ഇരച്ചു കയറി. ഇക്കാലത്തേതുപോലെ റോഡില്ലാത്തതിനാൽ ഇടവഴിയിലൂടെയാണ് ഘോഷയാത്ര നടത്തിയത്. 'കേരളം.. കേരളം..' എന്നുറക്കെ വിളിച്ചുകൊണ്ട് ഞങ്ങള് കുട്ടികളും അധ്യാപകരും ഏറെ ദൂരം നടന്നു.'
'തിരികെ സ്കൂളിലെത്തിയപ്പോൾ അധ്യാപകരുടെ വക മധുര മിഠായി കിട്ടി. വലിയ സന്തോഷത്തിൽ നിൽക്കുമ്പോൾ ചക്കരച്ചോറും (ഇന്നത്തെ പായസത്തിന് തുല്യം) വയറു നിറയെ കിട്ടി. ചെറു ചൂടോടെയുള്ള ചക്കരച്ചോർ തിന്നുമ്പോഴും ഒരു മഹത്തായ സംസ്ഥാനത്തിന്റെ പിറവിക്കാണ് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല. ഇന്നോർക്കുമ്പോൾ എല്ലാം ഒരത്ഭുതമായി തോന്നുകയാണ്.'
79 വയസുകാരനായ സുബ്രഹ്മണ്യൻ മാഷ് മലപ്പുറം എ.യു.പി. സ്കൂളിൽ 35 വർഷം അധ്യാപകനായിരുന്നു. വിരമിച്ച ശേഷം താമരക്കുഴിയിലെ വീട്ടിൽ വിശ്രമജീവിതത്തിലാണ്. ജമുന ദേവിയാണ് ഭാര്യ. അധ്യാപകരായ വി. രഞ്ജിത്ത്, വി. സജിത്ത്, വി. സജിത എന്നിവർ മക്കളാണ്.
Content Highlights: VP Subrahmanyan, a 79-year-old school teacher from Malappuram remembers the day Kerala state formed
Published: 31 Oct 2024, 03:35 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented