
കേരളത്തെ കുറിച്ച് വാഴ്ത്തിപ്പാടാത്ത എഴുത്തുകാരുണ്ടാവില്ല നമ്മുടെ നാട്ടില്‍. കേരളമെന്നാല്‍ പ്രകൃതിഭംഗി എന്നു മാത്രമല്ല ചിന്തിക്കേണ്ടതെന്ന് വ്യക്തമാക്കുന്നതാണ് സമകാലികസംഭവങ്ങളും സാമൂഹ്യപരിതസ്ഥിതിയും. മലരണിക്കാടുകള്‍ തിങ്ങി നിന്ന, മരതകകാന്തിയില്‍ മുങ്ങിനിന്നിരുന്ന നാടിന്റെ പിറന്നാള്‍ ദിനത്തില്‍ എഴുത്തുകാര്‍ അവരുടെ അഭിപ്രായം പങ്കുവെയ്ക്കുന്നു...
കേരളം എന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോഴും തിളയ്ക്കുന്നുണ്ടോ ചോര നമ്മുടെ ഞരമ്പുകളില്‍? -പി.കെ. പാറക്കടവ്
ഇളനീര്‍ ദൂരെ വലിച്ചെറിഞ്ഞു കൊക്കക്കോള കുടിച്ച് നമ്മള്‍ കേരളത്തെക്കുറിച്ച് സംസാരിക്കുന്നു. മക്കളെ ഇംഗ്ലീഷ് മീഡിയത്തില്‍ അയച്ച് സായിപ്പിനെ സ്വപ്നം കണ്ട് മലയാളത്തിന്റെ മാധുര്യത്തെ കുറിച്ച് സംസാരിക്കുന്നു. പേരക്കുട്ടിയെ, പണ്ട് നമ്മള്‍ മുറിച്ചുകളഞ്ഞ വാല്‍ പൊക്കിയെടുത്ത് സ്‌കൂളില്‍ ചേര്‍ത്ത് നമുക്ക് ജാതിയില്ല എന്ന് വീമ്പിളക്കുന്നു.

വയല്‍ നികത്തി കോണ്‍ക്രീറ്റ് കൊട്ടാരം പണിത് നമ്മള്‍ പ്രകൃതിഭംഗിയെ കുറിച്ച് സംസാരിക്കുന്നു. കലപ്പയേന്തിയ കര്‍ഷകന്‍ നമുക്ക് പൊയ്‌പ്പോയ ഒരു തിരഞ്ഞെടുപ്പ് ചിഹ്നം മാത്രമാണ്. മണ്ണില്‍ തൊടാതെ, മണ്ണില്‍ ചവിട്ടാതെ പ്ലാസ്റ്റിക് ബാഗുകളില്‍ ആകാശത്ത് നമ്മള്‍ അടുക്കളത്തോട്ടങ്ങള്‍ ഉണ്ടാക്കും.
പത്രത്താളുകളിലും ചാനലുകളിലും വെണ്ടയ്ക്കയും വഴുതിനങ്ങയും വിളയും. രാഷ്ട്രീയ നേതാക്കളെക്കണ്ട് കക്ഷത്തില്‍ മുണ്ടുംവെച്ച് അവര്‍ക്ക് വേണ്ടി ചോരയൊഴുക്കി നാടുവാഴിത്തം നാട് നീങ്ങി എന്ന് നാം നെടുവീര്‍പ്പിടും. സത്യം പറയൂ, കേരളം എന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോഴും തിളയ്ക്കുന്നുണ്ടോ ചോര നമ്മുടെ ഞരമ്പുകളില്‍?
നാളെകള്‍ എങ്കിലും നമ്മെ മനുഷ്യരാക്കട്ടെ -ഷീജ വക്കം

കേരളം ഇന്ന് സാമൂഹിക എടുത്തു ചാട്ടങ്ങളുടെ നാടാണ്. സോഷ്യല്‍ മീഡിയയ്ക്കനുസരിച്ച് വിധിക്കുകയും, ശിക്ഷ നടപ്പാക്കുകയും ചെയ്യുന്ന ലോകം. മരിച്ച വ്യക്തികളെപ്പോലും ഒരു വസ്തുതയിലും തീര്‍പ്പില്ലാതെ തന്നെ, ഏതറ്റം വരെയും വ്യക്തിഹത്യ ചെയ്യാന്‍ കെല്‍പ്പും മടിയുമില്ലാത്ത, ജാഗ്രതയില്ലാത്ത സാക്ഷരസമൂഹം. നാളെകള്‍ നമ്മളെ കൂടുതല്‍ പക്വതയും, അനുതാപവുമുള്ള മനുഷ്യരാക്കട്ടെ എന്നാഗ്രഹിക്കുന്നു.
മൗനങ്ങള്‍ വെടിയാം, നമ്മില്‍നിന്ന് തുടങ്ങാം - ഫ്രാന്‍സിസ് നൊറോണ
സാഹോദര്യത്തിന്റേയും മതസൌഹാര്‍ദത്തിന്റേയും ഓര്‍മകളുടെ തുടിപ്പും പേറി രോഗാതുരമാണെങ്കിലും ജ്വരക്കിടക്കയില്‍ ഊര്‍ധ്വൻ വലിച്ച് കേരളം ഇന്നും ജീവനോടെയുണ്ട്. നാളെ അതു മരിച്ചുപോയാല്‍ അതിശയപ്പെടാന്‍ ഒന്നുമില്ല. സ്വാഭാവികമായൊരു മരണമാണ് അതിനെ കാത്തിരിക്കുന്നത്. അത്രയേറെ മതസ്പര്‍ദ്ധയുടേയും വിഭാഗീയ ചിന്തകളുടേയും വൈറസ് ബാധയേറ്റ് ഗുരുതരാവസ്ഥയുടെ കണ്ടൈന്‍മെന്റ് സോണിലാണ് കേരളം. തൊലിപ്പുറമേയുള്ള ചികിത്സകളിലൂടെയല്ല, ഹൃദയം തുറന്നുള്ളൊരു ഇടപെടലിലൂടെ മാത്രമേ ഇനിയതിന്റെ ഉയിര് നിലനിര്‍ത്താന്‍ കഴിയുകയുള്ളു.

ഒരു ദേശത്തിന്റെ ഹൃദയമിടിപ്പ് തകരാറിലാവുക എന്നതിന്റെ അര്‍ത്ഥം അവിടുത്തെ ജനങ്ങളുടെ ഹൃദയത്തിന്റെ തകരാറാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അപ്രകാരം ഈ നാടിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള ചികിത്സ തുടങ്ങേണ്ടത് ഞാനുള്‍പ്പെടേയുള്ള ഓരോ വ്യക്തിയില്‍ നിന്നുമാണ്. കുറ്റകരമായ മൗനങ്ങള്‍ വെടിഞ്ഞില്ലെങ്കില്‍ പ്രതീക്ഷയുടെ ഒരു നല്ലനാളെയെന്ന ആ നാടന്‍പാട്ടുപോലും നമുക്ക് അന്യമാവുന്ന കാലം വിദൂരമല്ല. അതുണ്ടാവാതിരിക്കട്ടെ.
ഹൃദയംപോലെ വിശാലമാകണം നമ്മുടെ നാട് - ലെഫ്. കേണല്‍ ഡോ.
സോണിയ ചെറിയാന്‍
ലിംഗസമത്വത്തിന്റെയും ആരോഗ്യ പരിപാലനത്തിന്റെ കാര്യത്തില്‍ കേരളം മറ്റ് പല നാടുകളെക്കാളും വളരെ മുന്‍പിലാണ് ഇപ്പോഴും. നമ്മള്‍ അഭിമാനത്തോടെ പറയുന്ന ആ കേരളാ മോഡലിന്റെ പിന്നില്‍ സ്ത്രീ വിദ്യാഭ്യാസമടക്കം പല നല്ല കാരണങ്ങളുമുണ്ട്. ഇനിയും മാറ്റങ്ങളും തുറവികളും വേണം.
ഇത്രയും പ്രവാസികളുള്ള കേരളത്തിന് ഇന്‍ക്ലുസീവ്‌നെസ്സിന് മറ്റുള്ള നാട്ടുകാരെക്കാളും ബാധ്യതയുണ്ട്. നാളത്തെ കേരളം കൂടുതല്‍ തുറവികളുള്ളതാണ്, കൂടുതല്‍ ലിംഗസമത്വമുള്ളതാണ്, ദളിതരെയും ഇതരസംസ്ഥാന തൊഴിലാളികളെയുംതൊട്ട് അരികിലും വിളുമ്പിലും പെട്ടുപോയ എല്ലാ തിരസ്‌കൃത വിഭാഗങ്ങളേയും സ്വന്തമെന്നതുപോലെ ചേര്‍ത്തുപിടിക്കാന്‍ മാത്രം ഇന്‍ക്ലുസിവ് ആയ ഒരു സമൂഹമാണ്. അംഗസംഖ്യയില്‍ കൂടിവരുന്ന വയോജനങ്ങളെ പ്രത്യേകം കരുതുന്ന മനുഷ്യരാണ്. കുട്ടികള്‍ക്ക് ഏറ്റവും ശ്രദ്ധ കൊടുക്കുന്ന, അവരെ മെച്ചപ്പെട്ട മനുഷ്യരാക്കാന്‍ പറ്റുന്ന രീതിയിലുള്ള മികച്ച വിദ്യാഭ്യാസം കൊടുക്കുന്ന സമൂഹമാണ്.

| Photo: Special arranged
പെണ്ണിനും ആണിനും ട്രാന്‍സ്‌ജെന്‍ഡറിനും ഏതു പാതിരായ്ക്കും ഏത് കുടുസുപാതകളിലൂടെയും ധൈര്യമായി വഴി നടക്കാവുന്ന സുരക്ഷിതമായ ഇടമാണ്. പെട്ടുപോയ എല്ലാ കുടുസ്സുകൂപങ്ങളില്‍ നിന്നും പുറത്ത് വന്ന് വിശാല ആകാശത്തിന്റെ കീഴില്‍ സ്വന്തം ചിന്താശക്തി ആര്‍ക്കും അടിയറ വെക്കാത്ത മനുഷ്യരാണ്. വെറുപ്പിന്റെ വിഷം ഇല്ലാത്ത, സ്‌നേഹത്തില്‍ കൂടുതല്‍ പരിണമിച്ച് പുരോഗമിച്ച എല്ലാ അര്‍ത്ഥത്തിലും ആധുനികമായ ഒരു സമൂഹമാവും നാളത്തെ കേരളം.
തുല്യനീതി പുലരട്ടെ - മിനി പി.സി.
ഒരു കേരളപ്പിറവി ദിനംകൂടി വരികയാണ്. അത് ഏറ്റവും സന്തോഷമുള്ളതും സര്‍ഗാത്മകവുമാകട്ടെ. നവോത്ഥാനകാലം മുതല്‍ അനേകം മാറ്റങ്ങളിലൂടെയാണ് നമ്മുടെ നാട് ഇന്നത്തെ അവസ്ഥയിലെത്തിയത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും കലാസാംസ്‌കാരിക രംഗങ്ങളിലും നമ്മുടെ കേരളം നേടിയ നേട്ടങ്ങള്‍ ചെറുതല്ല. എന്നാല്‍ നമ്മള്‍ കൂടുതല്‍ മികവു പുലര്‍ത്തേണ്ടുന്ന പല മേഖലകളുമുണ്ട്. തീര്‍ച്ചയായും നമുക്കെല്ലാവര്‍ക്കും നമ്മുടെ നാടിനെക്കുറിച്ച് ഹൃദയസ്പര്‍ശിയായ ഓര്‍മകളുണ്ടാകും.
എന്നാല്‍ 'അവര്‍' എന്ന് 'നമ്മള്‍' പറയുന്ന, കൂടുതല്‍ അടിത്തട്ടിലുള്ള, 'നമ്മളേക്കാള്‍' ദൃശ്യത കുറഞ്ഞ അനേകം മനുഷ്യര്‍ പണ്ടും ഇപ്പോഴും കേരളത്തിലുണ്ട്. അവരെക്കൂടി കാണുകയും കേള്‍ക്കുകയും ഒപ്പം പരിഗണിക്കുകയും ചെയ്യുന്ന വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന കേരളപ്പിറവിയാകട്ടെ ഇത്തവണത്തേത്.

ലോകത്തെ ദുരിതത്തിലാഴ്ത്തുന്ന യുദ്ധങ്ങളുടെ വര്‍ത്തമാനകാലത്ത് നമ്മുടെ നാട്ടില്‍ ജാതി-മത വിവേചനങ്ങള്‍ക്കപ്പുറത്ത് സമാധാനം പുലരുന്നതിനു വേണ്ടി നിരന്തരം പരിശ്രമിക്കേണ്ടതുണ്ട്. ജാതിവെറിയും ദുരഭിമാനക്കൊലകളും സ്ത്രീധനത്തിന്റെ പേരിലുള്ള കൊലകളും ആത്മഹത്യകളും ഇപ്പോഴും നമ്മുടെ കേരളത്തിലുണ്ട്. അവയെ മറികടക്കാനുള്ള ആന്തരികമായ നവീകരണം നമുക്ക് സാധ്യമാകണം. ഒപ്പം ഇനിയുമുണങ്ങാത്ത മുറിവുകള്‍ നല്‍കുന്ന പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ പാരിസ്ഥിതിക ജാഗ്രതയോടെ പെരുമാറുകയും ചെയ്യേണ്ടതുണ്ട്.
അങ്ങനെ മനുഷ്യകേന്ദ്രിതമായല്ലാതെ, എല്ലാ ജീവജാലങ്ങള്‍ക്കും പരിഗണന ലഭിക്കുന്ന, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ട്രാന്‍സ് സമൂഹങ്ങള്‍ക്കുമെതിരായ എല്ലാത്തരം അതിക്രമങ്ങളേയും ചെറുക്കുന്ന, തുല്യനീതി പുലരുന്ന ഒരു കേരളപ്പിറവിയാകട്ടെ ഇത്തവണത്തേതും ഇനിയുള്ളതും. പ്രിയപ്പെട്ട മാതൃഭൂമിക്കൊപ്പം എല്ലാവര്‍ക്കും എന്റെ കേരളപ്പിറവി ആശംസകള്‍.
അഭിമാനിക്കാനേറെ, എങ്കിലും - ലിസി
കേരളത്തിനു പുറത്ത് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വിദേശത്തും ധാരാളം യാത്രചെയ്ത വ്യക്തി എന്നനിലയില്‍ എന്നും കേരളത്തെക്കുറിച്ച് അഭിമാനം മാത്രം! പ്രകൃതിദത്തമായ സൗന്ദര്യത്തിലും അതിതീക്ഷ്ണമല്ലാത്ത കാലാവസ്ഥയിലും ജൈവികതയിലും സാക്ഷരതയിലും പ്രത്യേകിച്ച് പെണ്‍വിദ്യാഭ്യാസരംഗത്തെ വന്‍കുതിപ്പിലും ആരോഗ്യരംഗത്തെ മുന്നേറ്റത്തിലും സാധാരണക്കാരുടെ മാറിയ ജീവിതാവസ്ഥയിലും മറ്റ് സംസ്ഥാന തൊഴിലാളികളെ ആകര്‍ഷിക്കുംവിധം കൂലിവര്‍ധനവിലും ആളോഹരിവരുമാനത്തിലെ മാറ്റത്തിലും രാഷ്ട്രീയ പ്രബുദ്ധതയിലും മലയാളിയുടെ മതേതരകാഴ്ചപ്പാടുകളിലും എല്ലാം അഭിമാനം.

എന്നാല്‍ കേരളത്തിലെ റോഡുകളുടെയും ഗതാഗതത്തിന്റെയും അടിസ്ഥാന സൗകര്യങ്ങള്‍ ശോചനീയമാണ്. ജനസാന്ദ്രതയും തിങ്ങി നില്‍ക്കുന്ന പാര്‍പ്പിടങ്ങളും കാരണമാകാം. വാഹനങ്ങളുടെ ആധിക്യവും റോഡ് നിയമങ്ങളെ അവഗണിക്കുന്നതുമായ ഒരു ജനത! മാലിന്യസംസ്‌കരണത്തിന്റെ അപാകതയും അതിലുപരി പരസ്പരം ആദരിക്കുന്നതിലും പരിഗണിക്കുന്നതിലുമുള്ള മലയാളിയുടെ വിമുഖതയും അതിരുകടക്കുന്ന പരിഹാസവും ബോഡിഷെയിമിങും വ്യക്തി ജീവിതത്തിലേക്കുള്ള അനാവശ്യനോട്ടങ്ങളും ഇടപെടലുകളും. എല്ലാറ്റിലുമുപരി സ്ത്രീകളോടുള്ള അനാദരവും. ഉന്നതവിദ്യാഭ്യാസം നേടിയവര്‍ക്ക് നാട്ടില്‍ തൊഴില്‍ സാധ്യതകളുടെ കുറവ് നമ്മുടെ യുവത്വവും ബുദ്ധിവൈഭവവും കടല്‍ കടക്കുന്ന അവസ്ഥയിലെത്തിയിരിക്കുന്നു; തിരിച്ച് വരാത്ത വിധം!
ഈ കുറവുകള്‍ മാറിയുള്ള കേരളമാണ്, അഴിമതിമുക്തമായ കേരളമാണ് എന്റെ സ്വപ്നം. പൗരബോധവും നീതിബോധമുള്ള ജനതയും. കേരള പിറവി ആശംസകള്‍.
മറക്കരുത് മലയാളം - ഫര്‍സാന
ഐക്യകേരളം രൂപീകരിക്കപ്പെട്ടിട്ട് 68 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഇക്കാലയളവില്‍ നിരവധി നേട്ടങ്ങള്‍ കൈയെത്തിപ്പിടിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ചില കാര്യങ്ങളില്‍ ഏറെ മുന്നേറാനുമുണ്ട്. സംസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെട്ടത് ഭാഷാടിസ്ഥാനത്തിലാണല്ലോ. ഇന്ന് ലോകമെങ്ങുമുള്ള പ്രാദേശിക ഭാഷകള്‍ വലിയ ഭീഷണി നേരിടുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റേയും സാങ്കേതിക വിദ്യയുടേയും ചടുലമായ വളര്‍ച്ചയ്‌ക്കൊപ്പം മുന്നേറാന്‍ നമ്മുടേതുപോലെയുള്ള ഭാഷകള്‍ക്ക് കഴിയുന്നില്ല എന്നത് യഥാര്‍ഥ്യമാണ്.

ഒരര്‍ഥത്തില്‍ ഇത് നമ്മുടെ ഭാഷയടക്കം നേരിടുന്ന പ്രതിസന്ധിയുമാണ്. ഇത്തരം പ്രതിസന്ധികളെ മറികടന്നാല്‍ മാത്രമേ മലയാളം പോലെയുള്ള ഭാഷകള്‍ക്ക് ഇനി നിലനില്‍ക്കാനാവൂ. അതിനുള്ള ഉചിതമായ ഇടപെടലുകള്‍ ഭരണരംഗത്തുനിന്നും അക്കാദമികരംഗത്തുനിന്നും സാങ്കേതികവിദ്യാ ഗവേഷണരംഗത്തുനിന്നും ഉണ്ടാകണം.
ഭാവി കേരളം ഏറെ പ്രാധാന്യത്തോടെ കാണേണ്ട മറ്റു പല വിഷയങ്ങളുമുണ്ട്. ഭിന്നശേഷി സൗഹൃദാന്തരീക്ഷ സൃഷ്ടി, വനിതകള്‍ക്കും കുട്ടികള്‍ക്കും മതിയായ സുരക്ഷ ഉറപ്പാക്കല്‍, അതിവേഗ യാത്രാ സംവിധാനങ്ങള്‍ നിര്‍മിക്കല്‍, സ്ത്രീകള്‍ക്ക് നിര്‍ഭയമായി എല്ലാ രംഗത്തേക്കും കടന്നുവരുന്നതിനുള്ള നിലമൊരുക്കല്‍ അങ്ങനെ ഓരോന്നോരോന്നായി എണ്ണിയെണ്ണി പറയാന്‍ നിന്നാല്‍ ഏറെയുണ്ടാവും. അടിസ്ഥാനതലത്തില്‍ തന്നെ ഇത്തരം വിഷയങ്ങളെ കണ്ടെത്തുകയും പരിഹാരം ഉണ്ടാക്കുകയും ചെയ്താല്‍ മാത്രമേ നമുക്ക് മുന്നേറാന്‍ കഴിയുകയുള്ളൂ.
വിശ്വാസമല്ലേ എല്ലാം - പി.എസ്. റഫീഖ്
'നിരാശാഭരിതനായ സുഹൃത്തിന് ഒരു കത്ത്' എന്ന് യു.പി. ജയരാജ് കഥയെഴുതിയിട്ടുണ്ട്. എല്ലാംകൊണ്ടും നിരാശ വിളമ്പുന്ന ഒരു സ്ഥലകാലമാണ് നമ്മുടേത്. പിന്നിട്ട മഹത്തായ വഴികള്‍ പലതുമുണ്ട്. പക്ഷേ അലസത മൊത്തത്തില്‍ എല്ലാവരെയും ഗ്രസിച്ചിട്ടുണ്ട്. ഒട്ടും കനമില്ലാത്ത അലസമായ ദൈനംദിന മാര്‍ഗമാണിപ്പോള്‍ മലയാളി ജീവിക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. അതിൽ നമ്മുടെ ചരിത്രത്തിനും നിത്യജീവിതത്തിനും വരെ പങ്കുണ്ട്. എന്താണോ നമുക്ക് കിട്ടിയത് അതു മാത്രമാണ് നമ്മൾ.

കണ്ണാടി നോക്കുന്നതുപോലെ നമ്മള്‍ മീഡിയയെ നോക്കുന്നു. ഒരാളെ വാഴ്ത്താനും വീഴ്ത്താനും കരുത്തുള്ള മാധ്യമങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്. ലോക സാമ്പത്തിക കമ്പോള വ്യവഹാരത്തിന്റെ ഇരകളാണ് ഓരോ മനുഷ്യരും. യുദ്ധത്തില്‍ മരിച്ച കുഞ്ഞുങ്ങള്‍ക്കുവേണ്ടിയുള്ള ശബ്ദമില്ലാത്ത കരച്ചില്‍വരെ കമ്പോളം വില്‍ക്കുന്നു.
നാളെയെക്കുറിച്ചുള്ള പ്രതീക്ഷ എല്ലാവര്‍ക്കുമുണ്ട്. നമ്മള്‍ യാന്ത്രികമായി ജീവിക്കുമോ ഒറിജിനലായി ജീവിക്കുമോ എന്ന് നമ്മള്‍ തീരുമാനിക്കണം. അങ്ങനെ തീരുമാനിക്കുന്ന ലോകം വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. വിശ്വാസമല്ലേ എല്ലാം.
കേരളം ഈ പ്രതിസന്ധികളെ മറികടക്കേണ്ടതുണ്ട് - പി.വി. ഷാജികുമാര്‍
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിദ്യഭ്യാസം, ആരോഗ്യം തുടങ്ങി സര്‍വമേഖലകളിലും കേരളത്തിന്റെ ജീവിതനിലവാരവും സാമൂഹ്യവ്യവസ്ഥിതിയും മെച്ചപ്പെട്ടതാണ്. അതുകൊണ്ടുതന്നെ കേരളം മുന്നിട്ടുതന്നെയാണ് നില്‍ക്കുന്നതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
കേരളം മെച്ചപ്പെട്ട ജീവിതാവസ്ഥയിലേക്ക് എത്തിപ്പെടാനുള്ള ഘടകങ്ങളിലൊന്ന് മാറിമാറി സംസ്ഥാനം ഭരിച്ച ഇടതുപക്ഷവും വലതുപക്ഷവുമാണ്. ജനാധിപത്യമൂല്യബോധത്തോടുകൂടിയുള്ള ഒരു സാമൂഹികാവസ്ഥയിലേക്ക് എത്തിപ്പെടാനുള്ള കാരണം അതാണ്. നമ്മളെങ്ങനെ നമ്മളായി എന്ന ചോദ്യത്തിന്റെ ഉത്തരത്തില്‍ ഇവിടെത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും നവോത്ഥാനപ്രസ്ഥാനങ്ങളും വഹിച്ച പങ്ക് മറക്കരുത്. മറ്റ് സംസ്ഥാനങ്ങളില്‍ ഇത്രകണ്ട് പുരോഗമനപരമായ മാറ്റം ദൃശ്യമാവുന്നില്ല.
സ്വന്തം കാലില്‍ നില്‍ക്കണമെന്നുള്ള മലയാളികളുടെ ഇച്ഛാശക്തിയും ആഗ്രഹവും എല്ലാകാലത്തും മലയാളികളില്‍ പ്രകടമായിരുന്നു. തത്ഫലമുണ്ടായ മാറ്റവും നമ്മുടെ സാമൂഹ്യപരിസ്ഥിതിയില്‍ ദൃശ്യമാണ്.
ഞാന്‍ പറഞ്ഞുവരുന്നത് കേരളത്തില്‍ ഒട്ടും പ്രശ്‌നങ്ങളില്ല എന്നല്ല. നവോത്ഥാനപ്രസ്ഥാനങ്ങളുടെ ഭാഗമായി നമ്മള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടുള്ള ജാതീയതയും മറ്റും പല കാരണങ്ങളാല്‍ കേരളത്തിലേക്ക് കടന്നുവരുന്നുണ്ട് എന്ന് പറയാതിരിക്കാന്‍ വയ്യ. ജാതീയമായും മതപരമായും ചിന്തിക്കുന്ന ആളുകളുടെ എണ്ണം കൂടുന്നു. വര്‍ഗീയത പറയുക എന്നത് സാധാരണകാര്യമായി മാറിയിരിക്കുന്നു. അത് മറ്റ് സംസ്ഥാനങ്ങളില്‍ എല്ലാകാലത്തും പ്രകടമായിരുന്നു. എന്നാല്‍ കേരളത്തില്‍ അങ്ങനെയായിരുന്നില്ല. ഇപ്പോള്‍ അത് പ്രത്യക്ഷമായി തുടങ്ങി.

മതത്തിന്റെ പേരില്‍ സങ്കുചിത താല്‍പര്യത്തോടെ ജനാധിപത്യബോധമില്ലാതെ സംസാരിക്കാന്‍ ആളുകള്‍ തയാറാവുന്നു എന്നത് സങ്കടകരമായ കാര്യമാണ്. അത് കൊണ്ടുനടക്കേണ്ട ഒരു ഗതികേട് കേരളത്തിലെ സാമൂഹിക അവസ്ഥയില്‍ സംഭവിക്കുന്നുണ്ട് എന്നുള്ളത് വിഷമകരമാണ്. നാളെത്തെ കേരളത്തില്‍ അതെങ്ങനെ മറികടക്കും എന്ന ചിന്ത എന്റെ ഉള്ളില്‍ വലിയൊരു ആശങ്കയാണ്.
സങ്കീര്‍ണമായ ജനാധിപത്യനിരാസത്തിലധിഷ്ഠിതമായ പ്രശ്‌നങ്ങളാണ് ജാതീയതയും, മതവര്‍ഗീയതയും. അതിനെ ചെറുക്കാനുള്ള കാര്യങ്ങളെങ്ങനെ ചെയ്യാമെന്നാണ് ജനാധിപത്യമൂല്യമുള്ള മനുഷ്യരെന്ന നിലയില്‍ നമ്മള്‍ ചിന്തിക്കേണ്ടത്. രാഷ്ട്രീയരംഗത്തും സാമൂഹ്യരംഗത്തും നടക്കുന്ന അഴിമതിയും സ്വജനപക്ഷപാതവും എല്ലാം പ്രശ്‌നംതന്നെയാണ്.
സമീപകാലത്ത് കേരളത്തില്‍ സംഭവിക്കുന്ന പ്രളയവും മറ്റ് പ്രകൃതി ദുരന്തങ്ങളും എങ്ങനെ അതിജീവിക്കാം എന്നുകൂടി ആലോചിക്കേണ്ടതുണ്ട്. കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളെ, പ്രതിസന്ധികളെ എങ്ങനെ മറികടക്കാം, ജീവിതരീതിയില്‍ എങ്ങനെ മാറ്റം വരുത്താം എന്നിങ്ങനെയുള്ള ആലോചനകള്‍ ഭരണതലത്തിലും സാമൂഹ്യതലത്തിലും ഉണ്ടാകേണ്ടതുണ്ട്.
Content Highlights: Writers shares opinion on keralapiravi 2024
Published: 01 Nov 2024, 08:30 am IST
ABOUT THE AUTHOR

ശ്രീഷ്മ എറിയാട്ട്
sreeshmae@mpp.co.inGet Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented