‘ഇത് കേരള’മാണെന്ന് നേതാക്കൾ അത്യുച്ചത്തിൽ ആവേശത്തോടെ പ്രസംഗിക്കുമ്പോൾ ഈ മനസ്സിൽ അഭിമാനം നിറയും. ‘കേരള ....’ എന്നുവിളിച്ചാൽ മർച്ചന്റ് നേവിയിൽ ടർബോ ടെക്‌നീഷ്യൻ സ്ഥാനത്തുനിന്ന്‌ വിരമിച്ച ഇദ്ദേഹം തിരിഞ്ഞുനോക്കും, വിളികേൾക്കും. കോഴിക്കോട് കുന്ദമംഗലം പെരിങ്ങൊളം ‘ഓഷ്യാന’ വീട്ടിൽ എം. കേരള കുമാർ 1956-ലെ കേരളപ്പിറവിദിനത്തിലാണ് ജനിച്ചത്. കുട്ടിക്ക് കേരളകുമാർ എന്നുതന്നെ പേരിടണമെന്ന് പ്രധാനാധ്യാപകനായിരുന്ന അമ്മാവൻ കൃഷ്ണൻ മാഷിന് ഒരേ നിർബന്ധം. അച്ഛൻ ആണ്ടിക്കുട്ടിയും അമ്മ ജാനുവമ്മയും സമ്മതം മൂളിയതോടെ വ്യത്യസ്തതയാർന്ന പേര് അംഗീകരിക്കപ്പെട്ടു. 

To advertise here,

സ്കൂൾക്കാലത്ത് കൂട്ടുകാർ പേരിന്റെ പേരിൽ കണക്കിന് കളിയാക്കിയിട്ടുണ്ട്. നാട്ടുകാർക്ക് കേരളകുമാർ ‘കുമാറേട്ട’നോ ‘കേരളേട്ട’നോ ആണ്. പക്ഷേ, മർച്ചന്റ് നേവിയിലെ നാലുപതിറ്റാണ്ടത്തെ സേവനകാലത്ത് ലോകരാജ്യങ്ങളിലുള്ളവർ ഈ പേരിലൂടെ ഇദ്ദേഹം മലയാളിയാണെന്നത് പറയും മുൻപേതന്നെ തിരിച്ചറിഞ്ഞു. സഹോദരങ്ങളിൽ പുതുമയുള്ള പേരിന്റെ പെരുമയിലൂടെ ഈ ‘സൗഭാഗ്യം’ കിട്ടിയത് കേരളകുമാറിനുമാത്രം. മറ്റു സഹോദരങ്ങൾ കൃഷ്ണദാസ്, ശശി, പുരുഷോത്തമൻ, ഭവാനി എന്നിവരാണ്. സജിതയാണ് ഭാര്യ. മക്കൾ: ധർമിഷ് (മർച്ചന്റ് നേവി ഓഫീസർ), പരേതനായ ആദിഷ്.

ജോലിയുടെ ഭാഗമായി ഒട്ടേറെ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള കേരളകുമാറിന് പേരിന്റെ പ്രത്യേകതകൊണ്ട് വ്യത്യസ്തമായ അനുഭവങ്ങൾ സ്വന്തമായിട്ടുണ്ട്. 1981-ൽ അമേരിക്കയിലെ ആശുപത്രിയിൽവെച്ച് ജൂനിയർ ഡോക്ടർമാർ ഈ പേരുകാരന്റെ മെഡിക്കൽ റിപ്പോർട്ട് തയ്യാറാക്കുന്നതുകണ്ട സീനിയർ ഡോക്ടർ രോഗിക്കടുത്തേക്ക് ഓടിയെത്തി. ‘കേരളത്തിലെവിടെയാ വീട്’ എന്ന് മലയാളത്തിൽ ചോദിച്ചു. ഡോക്ടറുടെ വീട് കോട്ടയത്താണെന്നതിൽ തുടങ്ങി ആ സംസാരം മണിക്കൂറുകൾ നീണ്ടു.

ഡോക്ടറുടെ വീട്ടിലേക്ക് അതിഥിയായി പോവുകയുംചെയ്തു. ആംസ്റ്റർഡാമിൽവച്ച് അന്നാട്ടിലെ മലയാളികൾ കൂട്ടമായെത്തി സ്വീകരിക്കാനും ഈ പേര് കാരണമായി. കൂറ്റൻ കടൽത്തിരയും ചുഴലിക്കാറ്റുകളുമൊക്കെ അതിജീവിച്ച കപ്പൽജീവിതത്തിനിടയിൽ പേരുകൊണ്ട് ശ്രദ്ധിക്കപ്പെട്ട മറ്റൊരവസരം 1978-ൽ ലിവർപൂളിലാണ്. മർച്ചന്റ് നേവി ഉദ്യോഗസ്ഥരുടെ ഇടയിലേക്ക് ഒരു ഡ്രൈവർ വേഗത്തിൽവന്ന് മലയാളത്തിൽ ഉറക്കെ ചോദിക്കുന്നു: ആരാ കേരള കുമാർ? ആളെ തിരിച്ചറിഞ്ഞപ്പോൾ മലയാളിഡ്രൈവർ പങ്കുവെച്ചത് കടലോളം ഗൃഹാതുരസ്മരണകൾ...കടലാറുമാസം കഴിയുന്ന, അമ്മ മരിച്ചപ്പോൾപ്പോലും വീട്ടിലെത്താൻ കഴിയാതിരുന്ന കേരളകുമാറിന് മറുനാട്ടിലെ ആ സംഭവം ഇപ്പോഴും ഓർമ്മയിലുണ്ട്. ബസ്സുടമ കൂടിയാണ് കേരളകുമാർ. കോഴിക്കോട്-കൂടരഞ്ഞി റോഡിലോടുന്ന ‘ഓഷ്യാന’ ബസിന്റെ ഉടമ.

ബസ്സുടമകളുടെ സംഘടനയിലും മർച്ചന്റ് നേവി ക്ലബ്ബിലുമൊക്കെ സജീവഅംഗം. ആയുസ്സിന്റെ നല്ലപങ്ക് നീണ്ട തന്റെ സമുദ്രസഞ്ചാരത്തിന്റെ സ്മരണയിൽ വീടിന്റെ മുൻഭിത്തിയിൽ കപ്പലിന്റെ ചുമർശില്പമൊരുക്കിയിട്ടുണ്ട് ഈ കേരളപുത്രൻ.