
ഓരോ കേരളപ്പിറവിദിനത്തിലും വർണക്കടലാസുകൾ ഉയർത്തിപ്പിടിച്ച് ‘കേരളം..കേരളം..’ എന്നുറക്കെ മുദ്രാവാക്യംവിളിച്ച് നടത്തിയ ഘോഷയാത്രയാണ് മലപ്പുറത്തെ വി.പി. സുബ്രഹ്മണ്യൻ മാഷിന്റെ ഓർമ്മയിലേക്ക് ആദ്യമെത്തുക. 1956-ൽ ‘കേരളം’ ഔദ്യോഗികമായി നിലവിൽവരുമ്പോൾ അതാഘോഷിച്ച ഒമ്പതുവയസ്സുകാരന്റെ തിളക്കം ഇപ്പോഴും അദ്ദേഹത്തിന്റെ കണ്ണുകളിലുണ്ട്. താമരക്കുഴിയിലെ വീട്ടിലിരുന്ന് അദ്ദേഹം ഓർമകളിലേക്ക് ചേക്കേറി-
‘അന്ന് ഉമ്മത്തൂർ എൽ.പി. സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുകയാണ്. ഒരുദിവസം പ്രഥമാധ്യാപകൻ കൂടിയായ കോട്ടപ്പടിയിലെ മൊയ്തീൻകുട്ടി മാഷ് ക്ലാസിലെത്തി. മെടഞ്ഞ ഓലകൾ മേഞ്ഞ ക്ലാസിനുള്ളിൽ വെച്ച് മൊയ്തീൻകുട്ടി മാഷ് പറഞ്ഞു -‘നമ്മളൊക്കെ ഇനിമുതൽ കേരള സംസ്ഥാനത്തിന്റെ ആൾക്കാരാണ്. കേരളമെന്തെന്നോ സംസ്ഥാനമെന്തെന്നോ അറിയാത്ത ഞങ്ങൾ അത് കേട്ട്് കൗതുകത്തോടെ വാ പൊളിച്ചിരുന്നു.
മദ്രാസ് സർക്കാരിന് കീഴിൽ മലബാർ ഏരിയ എന്നാണ് ഇന്നത്തെ വടക്കൻ കേരളം അറിയപ്പെട്ടിരുന്നത്. കേരളമെന്ന പ്രഖ്യാപനം നടക്കുമ്പോൾ ബ്രിട്ടീഷ് ഭരണംനൽകിയ വേദനകളിൽനിന്നും മുക്തി നേടിക്കൊണ്ടിരിക്കുകയായിരുന്നു ജനങ്ങൾ. മൊയ്തീൻകുട്ടി മാഷിന്റെ വാക്കുകളിൽനിന്ന് നാട്ടിൽ എന്തൊക്കെയോ മാറ്റങ്ങളുണ്ടാകാൻ പോവുകയാണെന്ന മുന്നറിയിപ്പ് മണത്തു. അതെല്ലാവരിലും ആവേശം പടർത്തി. വിവരമറിയാൻ ടി.വി.യോ പത്രങ്ങളോ ഇല്ലാതിരുന്ന കാലത്ത് വിദ്യാർഥികളുടെ വാർത്താ ഉറവിടവും മൊയ്തീൻകുട്ടി മാഷായിരുന്നു.
നവംബർ ഒന്നിന് രാവിലെ തന്നെ ഞങ്ങള് സ്‌കൂളിലെത്തി. സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോലെ ഒച്ചയും ബഹളവുമുള്ള അന്തരീക്ഷം. വർണ്ണക്കടലാസുകൾ തൃക്കോണാകൃതിയിൽ വെട്ടിയെടുത്ത അധ്യാപകർ അവ വടികളിൽ ഒട്ടിച്ച് കൊടിപോലെ ഞങ്ങൾക്ക് നൽകി. പതാകകൾക്ക് പകരം അവ നെഞ്ചിൽ ചേർത്തുപിടിച്ചപ്പോൾ ഉള്ളിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത അഭിമാനം ഇരച്ചുകയറി. ഇക്കാലത്തേതുപോലെ റോഡില്ലാത്തതിനാൽ ഇടവഴിയിലൂടെ കാൽനടയായി ഘോഷയാത്ര നടത്തി. കേരളം.. കേരളം.. എന്നുറക്കെ വിളിച്ചുകൊണ്ട് ഞങ്ങള് കുട്ടികളും അധ്യാപകരും ഏറെദൂരം അന്ന് താണ്ടി.
തിരികെ സ്കൂളിലെത്തിയപ്പോൾ അധ്യാപകരുടെയും നാട്ടുകാരുടെയും വക മധുരമിഠായി ലഭിച്ചു. വലിയ സന്തോഷത്തിൽ നിൽക്കുമ്പോൾ ചക്കരച്ചോറും (ഇന്നത്തെ പായസത്തിന് തുല്യം) വയറുനിറയെ കിട്ടി. ചെറുചൂടോടെയുള്ള ചക്കരച്ചോർ തിന്നുമ്പോഴും ഒരു മഹത്തായ സംസ്ഥാനത്തിന്റെ പിറവിക്കാണ് സാക്ഷ്യം വഹിക്കുന്നതെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല. ഇന്നോർക്കുമ്പോൾ എല്ലാം ഒരദ്‌ഭുതമായി തോന്നുന്നു’ -സുബ്രഹ്മണ്യൻ മാഷ് പറഞ്ഞു.
മലപ്പുറം എ.യു.പി. സ്കൂളിൽ 35 വർഷം അധ്യാപകനായിരുന്ന അദ്ദേഹമിപ്പോൾ വിശ്രമജീവിതത്തിലാണ്. ജമുനാ ദേവിയാണ് ഭാര്യ. അധ്യാപകരായ വി. രഞ്ജിത്ത്, വി. സജിത്ത്, വി. സജിത എന്നിവർ മക്കളാണ്.
Content Highlights: A retired teacher recounts his vivid memories of celebrating Kerala`s formation in 1956
Published: 01 Nov 2024, 09:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented