അതുവരെ ഉയർന്നുകേട്ടതിലും എത്രയോ ഉച്ചത്തിലാണ് അന്ന് ഝണ്ഡു കുമാർ എന്ന പേര് മുഴങ്ങിയത്. ആ നിമിഷം ഗ്ലാസ്‌ഗോ ഒരു ചരിത്രനിമിഷത്തിന് കൂടി സാക്ഷിയായി. 2026 കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യ മെഡൽ. ഝണ്ഡു കുമാർ കഴുത്തിലണിഞ്ഞ ആ വെങ്കലമെഡലിന് പൊൻതിളക്കമായിരുന്നു. പാരാ പവർലിഫ്റ്റിങ്ങിൽ പുരുഷന്മാരുടെ ഹെവിവെയ്റ്റ് വിഭാഗത്തിലാണ് ഝണ്ഡു കുമാർ വെങ്കലം സ്വന്തമാക്കിയത്. 130.9 പോയിന്റാണ് ഝണ്ഡു നേടിയത്. നൈജീരിയയുടെ ഇദ്രിസ് റിലുവാൻ 132.8 പോയിന്റോടെ സ്വർണം നേടി.
ആ പേര് പോലും ഝണ്ഡു കടന്നുവന്ന കനൽവഴികെള ഓർമപ്പെടുത്തുന്നതായിരുന്നു. ചെറുപ്പത്തിൽ കളിയാക്കലുകളും അധിക്ഷേപങ്ങളും നേരിട്ടിട്ടുണ്ട് ഝണ്ഡു. തന്റെ പേരിനെ മറ്റൊരുതരത്തിൽ വ്യാഖ്യാനിച്ചായിരുന്നു പരിഹാസം. ഇന്ന് ഗ്ലാസ്‌ഗോയിൽ രാജ്യത്തിന്റെ അഭിമാനമായി ഇതേ പേര് ഉയരുമ്പോൾ ഝണ്ഡുവിന്റെ മനസിൽ ആ ഭൂതകാലം മിന്നിമറഞ്ഞിട്ടുണ്ടാകുമെന്നുറപ്പ്. അതീവസന്തോഷത്തിലാണെന്നും ആ രാത്രി തനിക്ക് ഉറങ്ങാൻ സാധിച്ചില്ലെന്നുമാണ് താരം മെഡൽ നേട്ടത്തിന് പിന്നാലെ പ്രതികരിച്ചത്.
ബിഹാർ നളന്ദ സ്വദേശിയായ ഝണ്ഡുവിന് അഞ്ചാം വയസ്സിൽ പോളിയോ ബാധിച്ച് കാലിന്റെ സ്വാധീനം നഷ്ടപ്പെട്ടിരുന്നു. പകൽ മാർക്കറ്റിൽ പച്ചക്കറി വിൽപ്പനയും രാത്രി പരിശീലനവും നടത്തിയാണ് ഝണ്ഡു കായികരംഗത്ത് മുന്നേറിയത്. രോഗം ബാധിച്ചതിന് പിന്നാലെ നേരിടേണ്ടിവന്ന കളിയാക്കലുകളാണ് യഥാർഥത്തിൽ ഝണ്ഡുവിനെ വേട്ടയാടിക്കൊണ്ടിരുന്നത്. അഞ്ചാം വയസ്സിൽ പോളിയോ ബാധിച്ചെന്നാണ് കുടുംബാംഗങ്ങൾ പറഞ്ഞിരുന്നത്. ആളുകൾ തന്നെ ഇതിന്റെ പേരിൽ കളിയാക്കിക്കൊണ്ടിരുന്നതായി ഝണ്ഡു പറയുന്നു. അവൻ വികലാംഗനായെന്നും ഇനി എന്താണ് ചെയ്യുകയെന്നും ചോദിച്ചു. ഝണ്ഡുവിന്റെ ചികിത്സയ്ക്കായി കുടുംബം ആവുന്നത്ര പരിശ്രമിച്ചു. മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ സമ്പാദ്യം മുഴുവൻ ചെലവാക്കിയാണ് ചികിത്സ നൽകിയത്. അതേസമയം പിതാവിന്റെ സുഹൃത്തുക്കൾ ഇത് ചോദ്യംചെയ്തു. മകൻ എല്ലാം നശിപ്പിച്ചെന്നും പണം മുഴുവൻ വെറുതെ കളഞ്ഞുവെന്നുമടക്കം അവർ കുറ്റപ്പെടുത്തി. വിഡ്ഡി, എല്ലാം നശിപ്പിച്ചവൻ എന്ന അർഥം വരുന്ന വാക്കാണ് ഝണ്ഡു. ആ പേര് ആവർത്തിച്ചാണ് അവനെ കളിയാക്കിയത്.
പേരിനെ മുൻനിർത്തിയുള്ള കളിയാക്കലുകൾ തുടർന്നതോടെ പേര് മാറ്റാനുള്ള നീക്കം വരെ ഝണ്ഡു നടത്തി. അവിനാഷ് കുമാർ എന്ന പേര് ഉപയോഗിക്കാനും തുടങ്ങി. ഒരിക്കൽ ഒരു സർക്കാർ സ്ഥാപനം സന്ദർശിച്ചപ്പോൾ ഝണ്ഡു കുമാർ എന്ന പേര് ആവർത്തിച്ച് വിളിച്ച് ഉദ്യോഗസ്ഥർ പരിഹസിക്കുകവരെയുണ്ടായി. അങ്ങനെ ജീവിതത്തിൽ ഝണ്ഡു നേരിട്ട പരിഹാസത്തിന് സമാനതകളില്ല. പരിഹാസത്തിന് പുറമേ കഠിനമായ ജീവിത സാഹചര്യങ്ങളും.
ബിഹാറിലുള്ള മാതാപിതാക്കൾ പച്ചക്കറി വിറ്റാണ് ജീവിച്ചിരുന്നത്. അതിനാൽ തന്നെ പരിശീലനം മുന്നോട്ടുകൊണ്ടുപോകാനാവാതെ ബുദ്ധിമുട്ടി. ഒടുക്കം പരിശീലനത്തിനുള്ള പണം കണ്ടെത്താനായി ഇ-റിക്ഷ വരെ ഓടിച്ചു. ഒൻപത് മാസത്തോളം ഇത് തുടർന്നു. രാവിലെ വാഹനം ഓടിക്കുകയും വൈകുന്നേരം പരിശീലനം നടത്തുകയുമാണ് ചെയ്തിരുന്നത്. പോളിയോ ബാധിച്ചതിനാൽ വാഹനം ഓടിക്കാൻ വളരെയധികം ബുദ്ധിമുട്ടിയിരുന്നു. അതെല്ലാം തരണം ചെയ്താണ് അദ്ദേഹം മുന്നോട്ടുപോയിരുന്നത്.
മാത്രമല്ല, കുടംബത്തെ സഹായിക്കാനായി പച്ചക്കറി വിൽപ്പനയും നടത്തി. പുലർച്ചെ നാലുമണിക്ക് എഴുന്നേറ്റ് പച്ചക്കറി വാങ്ങാൻ പോകുമായിരുന്നുവെന്നും ആ യാത്ര ഒട്ടും എളുപ്പമല്ലായിരുന്നുവെന്നും ഝണ്ഡു പറയുന്നു. 20 കിലോമീറ്ററോളം സഞ്ചരിച്ച് പച്ചക്കറി വാങ്ങിയാണ് തിരിച്ച് വീട്ടിലെത്തിയിരുന്നത്. ചില ദിവസങ്ങളിൽ 400 രൂപയോളം ലാഭം കിട്ടും. ചില ദിവസങ്ങളിൽ നഷ്ടം സഹിക്കേണ്ടിവന്നിരുന്നുവെന്നും അദ്ദേഹം പറയുന്നു.
പാര പവർലിഫ്റ്റിങ് എന്നത് ആദ്യഘട്ടത്തിൽ ഝണ്ഡുവിന്റെ ഇനമേ ആയിരുന്നില്ല. ഷോട്ട് പുട്ടിലായിരുന്നു തുടക്കത്തിൽ ഝണ്ഡുവിന്റെ പരിശീലനം. എന്നാൽ പരിശീലകൻ പാണ്ഡെയാണ് പവർ ലിഫ്റ്റിങ്ങിലേക്കുള്ള വഴി കാണിച്ചുകൊടുക്കുന്നത്. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മത്സരിച്ചതുമുതൽ പവർ ലിഫ്റ്റിങ്ങിലേക്ക് ഝണ്ഡു കൂടുമാറി. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്നെങ്കിലും 2022 ൽ ദേശീയ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയതോടെ കായികരംഗത്തുതന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. വലിയ നേട്ടങ്ങൾ സ്വപ്‌നം കണ്ടുതുടങ്ങിയത് അന്നുമുതലാണ്. അങ്ങനെയാണ് ഝണ്ഡു സ്വപ്‌നങ്ങൾക്ക് പിറകേയുള്ള യാത്ര തുടരുന്നതും രാജ്യത്തിന്റെ അഭിമാനം ഉയർത്തുന്നതും. അന്ന് കളിയാക്കിയ അതേ പേര് ഇന്ന് പോഡിയത്തിൽ ഇന്ത്യൻ പതാകയ്ക്കൊപ്പം മുഴങ്ങുന്നു. ഇതിനേക്കാൾ മികച്ച നിമിഷം സ്വപ്നം പോലും കാണാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞുവെക്കുന്നതും അതുകൊണ്ടാണ്.
Content Highlights: Jhandu Kumar won the bronze medal in men's heavyweight Para Powerlifting at the 2026 Commonwealth Games
Published: 27 Jul 2026, 09:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented