
ആലപ്പുഴ: പകൽസമയങ്ങളിൽ രോഗികളുടെ വേദനയകറ്റാൻ സ്റ്റെതസ്‌കോപ്പുമായി മെഡിക്കൽ കോളേജിലെ വാർഡുകളിലൂടെ ഓടിനടക്കുന്ന ഒരു ഡോക്ടർ. എന്നാൽ, വൈകുന്നേരങ്ങളിൽ അതേ കൈകൾ കനമുള്ള ബാർബെല്ലുകളെ അനായാസം വായുവിലുയർത്തുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടായ ഡോ. പി.എൽ. ലക്ഷ്മി (38) ഇന്ന് വെറുമൊരു ഡോക്ടർ മാത്രമല്ല, പവർലിഫ്റ്റിങ് വേദികളിലെ കരുത്തിന്റെ പ്രതീകം കൂടിയാണ്. കരിയറിലെ തിരക്കുകൾക്കിടയിലും കായികാഭിരുചിയെ നെഞ്ചോടു ചേർത്തുപിടിച്ച് വിജയഗാഥകൾ രചിക്കുന്ന ഡോ. ലക്ഷ്മിയുടെ വിശേഷങ്ങൾ ഏവർക്കും പ്രചോദനമേകുന്നതാണ്.
ജിമ്മിൽനിന്ന് പവർലിഫ്റ്റിങ് ട്രാക്കിലേക്ക്
2007-08 കാലഘട്ടത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്. പഠനകാലത്താണ് ലക്ഷ്മി ഫിറ്റ്‌നസ് നിലനിർത്താനായി ജിമ്മിൽ പോയിത്തുടങ്ങുന്നത്. തുടർന്ന്, ആലപ്പുഴയിൽ ചാർജെടുത്തശേഷം ആലപ്പി ജിമ്മിൽ ജോയിൻ ചെയ്തതാണ് ലക്ഷ്മിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. അവിടെ മറ്റുള്ളവർ കഠിനമായ വെയ്റ്റ് ട്രെയിനിങ് ചെയ്യുന്നതു കണ്ടപ്പോൾ ലക്ഷ്മിക്കും ഒരുകൈ നോക്കാൻ തോന്നി. പരിശീലകനായ പി.ജെ. ജോസഫിന്റെ കീഴിലുള്ള പരിശീലനമാണ് വ്യായാമതാത്പര്യം മാത്രമുണ്ടായിരുന്ന ലക്ഷ്മിയെ പവർലിഫ്റ്റിങ് എന്ന കായിക ഇനത്തിലേക്ക് എത്തിച്ചത്. തിരക്കുപിടിച്ച മെഡിക്കൽ കരിയറിനിടയിലും 2023 മുതലാണ് ലക്ഷ്മി പവർലിഫ്റ്റിങ്ങിൽ സജീവമായി മത്സരിക്കാൻ തുടങ്ങിയത്.
സർവീസ് മീറ്റിലെ താരം
കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ജില്ലതല പവർലിഫ്റ്റിങ് മത്സരത്തിൽ വിജയിച്ചുകൊണ്ടാണ് ലക്ഷ്മി തന്റെ കായികയാത്രയ്ക്കു കരുത്തു പകർന്നത്. അതിനുശേഷം തൃശ്ശൂരിൽവെച്ചു നടന്ന സംസ്ഥാന സിവിൽ സർവീസ് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ 84 പ്ലസ് കിലോ വനിതാവിഭാഗത്തിൽ മത്സരിച്ച ഡോ. ലക്ഷ്മി എതിരാളികളെ അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഡെഡ് ലിഫ്റ്റ്, സ്‌ക്വാട്ട്, ബെഞ്ച് പ്രസ് എന്നിവയിൽ ഒന്നാമതെത്തി. ഈ തകർപ്പൻ പ്രകടനത്തോടെ മത്സരത്തിൽ സ്വർണമെഡൽ കരസ്ഥമാക്കാൻ ഡോക്ടർക്കു സാധിച്ചു.
കുടുംബത്തിന്റെ പൂർണ പിന്തുണ
തിരക്കുകൾക്കിടയിലും ലക്ഷ്മിക്ക് പൂർണ പിന്തുണയുമായി കുടുംബം ഒപ്പമുണ്ട്. ഭർത്താവ് ഡോ. ഡി. ജയദേവ് ചെട്ടികാട് ഹെൽത്ത് സർവീസിൽ ശിശുരോഗ വിദഗ്‌ധനായി സേവനമനുഷ്ഠിക്കുന്നു. ദുർഗ (ഒൻപത്), ഭദ്ര (രണ്ട്) എന്നീ രണ്ടു പെൺമക്കളാണ് ഇവർക്കുള്ളത്. ഡോക്ടർമാരുടെ ജോലി എപ്പോഴും സമ്മർദവും തിരക്കും നിറഞ്ഞതാണ്. എങ്കിലും നമ്മൾ മനസ്സുവെച്ചാൽ ഇഷ്ടമുള്ള കാര്യങ്ങൾക്കായി സമയം കണ്ടെത്താനാകും. പവർലിഫ്റ്റിങ് എനിക്ക് ശാരീരികക്ഷമത മാത്രമല്ല, മാനസികമായ വലിയൊരു ഊർജം കൂടിയാണ് നൽകുന്നത്- ഡോ. ലക്ഷ്മി പുഞ്ചിരിയോടെ പറയുന്നു.
Content Highlights: Dr. PL Lakshmi balances a demanding career as a Medical College Superintendent with competitive powerlifting., Began her journey in 2023, transitioning from fitness training to professional competitive powerlifting
Published: 30 Jun 2026, 10:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented