
കൊച്ചി: ആന്ധ്രക്കാരനായ ജി. ശ്രീനിവാസ് കുമാര്‍ യാദവ് വിജയവാഡയിലെ തെരുവുകളില്‍ ഓട്ടോറിക്ഷയുമായി നിര്‍ത്താതെ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഇങ്ങ് തിരുവനന്തപുരത്ത് സംപത്ത് കുമാര്‍ യാദവ് ഓളപ്പരപ്പില്‍ നീന്തിക്കുതിക്കും. ശ്രീനിവാസിന്റെയും സംപത്തിന്റെയും ലക്ഷ്യം ഒന്നുമാത്രമാണ്. വിജയം. അച്ഛന്‍ ശ്രീനിവാസന്‍ മകന്‍ നീന്തിജയിക്കാനായും മകന്‍ സംപത്ത് അച്ഛന്റെ സ്വപ്നങ്ങള്‍ ജയിക്കാനായും കഠിനപരിശ്രമത്തിലാണ്.
കോതമംഗലത്തെ എം.എ. കോളേജ് സ്വിമ്മിങ്ങ് പൂളില്‍ സ്‌കൂള്‍ കായിക മേളയുടെ ഭാഗമായി നടന്ന അക്വാട്ടിക്‌സില്‍ ആദ്യ മത്സരത്തില്‍ ആദ്യ വിജയിയായി മാറിയപ്പോള്‍ ജി. സംപത്ത് കുമാര്‍ യാദവ് എന്ന പ്ലസ് ടുക്കാരന്‍ വിജയത്തിന്റെ മധുരം വീണ്ടും നുണഞ്ഞു. മത്സരഫലം അറിഞ്ഞപ്പോള്‍ത്തന്നെ അച്ഛനെ വിളിച്ച് സന്തോഷം പങ്കിട്ടു. അമ്മ ജി. ലക്ഷ്മി മകന്റെ വിജയം അടുത്തുനിന്നുതന്നെ ആസ്വദിച്ചു.
ആദ്യ മത്സരമായ സീനിയര്‍ ബോയ്‌സിന്റെ 400 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍ നീന്തലില്‍ മീറ്റ് റെക്കോഡ് മൈക്രോ സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് നഷ്ടമായത്. കഴിഞ്ഞ സ്‌കൂള്‍ കായികമേളയില്‍ 400 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍ നീന്തലില്‍ കേരള മീറ്റ് റെക്കോര്‍ഡ് നേടിയിരുന്നു സംപത്ത്. ഹയര്‍സെക്കന്‍ഡറി പഠനത്തിനായാണ് തിരുവനന്തപുരത്തെ തുണ്ടത്തില്‍ എം.വി.എച്ച്.എസ്.എസ്സില്‍ സംപത് എത്തിയത്.
കഴിഞ്ഞ വര്‍ഷം ദേശീയ സ്‌കൂള്‍ ഗെയിംസിലും സംസ്ഥാന ഗെയിംസിലും ഹാട്രിക് വിജയം നേടി. 400 മീറ്റര്‍, 200 മീറ്റര്‍, 1500 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ ഇനങ്ങളിലായിരുന്നു സ്വര്‍ണം. ഈ വര്‍ഷംതന്നെ സീനിയര്‍ നാഷണല്‍ മത്സരത്തില്‍ ആന്ധ്രപ്രദേശിനായി രണ്ട് വെങ്കലവും ജൂനിയര്‍ നാഷണല്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ 200, 400 മീറ്റര്‍ ഇനങ്ങളിൽ വെള്ളിയും 800, 1500 മീറ്ററുകളില്‍ വെങ്കലവും നേടിയിരുന്നു.
ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഭാരിച്ച ചെലവുണ്ടെന്ന് സംപത്ത് പറയുന്നു. ഒരു മത്സരത്തില്‍ പങ്കെടുക്കാന്‍ 70,000 രൂപവരെ ചെലവാകും. സ്വിം സ്യൂട്ടിന് 50,000-60,000 ആകും. ക്യാപ്പിനും ഗ്ലാസിനുമായി 10,000 എങ്കിലും വേണ്ടിവരും. ഇതിനുള്ള പണം കണ്ടെത്തുന്നത് അച്ഛന്‍ സ്വരുക്കുട്ടിയും കടംവാങ്ങിയുമാണ്, പാതി മലയാളത്തിലു പാതി ഇംഗ്ലീഷിലുമായി സംപത്ത് പറഞ്ഞു. മലയാളം പഠിച്ചതെങ്ങനെയെന്നു ചോദിച്ചപ്പോള്‍ ട്യൂഷനു പോയെന്ന് ചിരിച്ചുകൊണ്ട് മറുപടി.
Content Highlights: Swimming winner G. Sampath kumar Yadav life
Published: 06 Nov 2024, 11:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented