പത്തനംതിട്ട: രണ്ടുവർഷം മുമ്പാണ് സംഭവം. ആർത്തിരമ്പുന്ന വാങ്കഡെ സ്റ്റേഡിയം. ഐപിഎൽ 16-ാം സീസണിലെ 57-ാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് എതിരാളികൾ ഗുജറാത്ത് ടൈറ്റൻസ്. സ്വന്തം കാണികളുടെ മുന്നിൽ കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ റണ്ണടിച്ച് കൂട്ടുന്ന മുംബൈ ബാറ്റർമാരുടെ മുന്നിലേക്ക് ഗുജറാത്ത് അവരുടെ ട്രംപ് കാർഡിറക്കി -മുഹമ്മദ് ഷമി. ഓഫ്സ്റ്റംപ് ലക്ഷ്യമാക്കിവന്ന ഷമിയുടെ മൂന്നാം പന്ത്. ക്രീസിൽ അത്രയാർക്കും പരിചിതനല്ലാത്ത വലംകൈയൻ ബാറ്റർ. കുത്തിയുയർന്ന പന്ത്, ഇടത്തേക്ക് അല്പം മാറി കവറിനു മുകളിലൂടെ കാണികൾക്കിടയിലേക്ക് പായച്ചു. കമന്ററിബോക്‌സിൽനിന്ന് സഞ്ജയ് മഞ്ജരേക്കർ ആവേശംകൊണ്ടു; “ഇൻക്രെഡിബിൾ ഷോട്ട്.” തുടർന്നു ചോദിച്ചു; ഈ ചെറുപ്പക്കാരൻ എവിടെനിന്നാണ്... ഷമിയെ വിറപ്പിച്ച ആ വലംകൈയൻ ബാറ്റർ മലയാളിയായിരുന്നു; തിരുവല്ലക്കാരനായ വിഷ്ണു വിനോദ്. -ചുമത്ര മാടമുക്ക് മംഗലശ്ശേരി എസ്.പി.വിനോദിന്റെയും സുനിതയുടേയും മകൻ.
ഗാലറിയിലേക്ക് പറന്ന സിക്സർപോലെ കാലം രണ്ടുവർഷം കടന്നു. വിഷ്ണു വീണ്ടും വിശ്വരൂപം പൂണ്ടു. ഇത്തവണ കേരള ക്രിക്കറ്റ് ലീഗ് രണ്ടാം എഡിഷനിൽ. ഏരീസ് കൊല്ലം സെയിലേഴ്സിന്റെ ഓപ്പണറായ വിഷ്ണുവിന്റെ മിന്നുന്ന തിരിച്ചുവരവായിരുന്നു കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ.
ഈ സീസണിലെ ആദ്യ മത്സരത്തിൽ ഗോൾഡൻ ഡക്കിന്റെ നിരാശ. രണ്ടാം മത്സരത്തിൽ ഒരു റണ്ണിന് പുറത്ത്. എന്നാൽ തൊട്ടടുത്ത മത്സരത്തിൽ 41 ബോളിൽ 94 റൺസ് അടിച്ചെടുത്തത് രാജകീയ തിരിച്ചുവരവ്. തിങ്കളാഴ്ച തൃശ്ശൂർ ടൈറ്റൻസിനെതിരേ 38 ബോളിൽ 86 റൺസും. രണ്ടു കളികളിലായി 18 സിക്സ്. 45.25 ശരാശരിയിൽ 212.94 എന്ന അവിശ്വസനീയ സ്ട്രൈക്ക് റേറ്റും.
വിക്കറ്റ് കീപ്പർ കൂടിയായ വിഷ്ണു ഹാർഡ് ഹിറ്ററാണ്. ആക്രമിച്ച് കളിക്കുന്നതാണ് ശൈലി. അതും കാണികളെ ത്രസിപ്പിക്കുന്ന തകർപ്പൻ സിക്സറുകൾ. ഏത് പൊസിഷനിലും കളിക്കാമെന്നതും മികവ്. കെസിഎൽ പ്രഥമ സീസണിൽ തൃശ്ശൂർ ടൈറ്റൻസിനായി പാഡണിഞ്ഞ വിഷ്ണു അന്ന് 45 പന്തിൽ 17 സിക്സർ ഉൾപ്പെടെ 139 റൺസ് നേടിയിട്ടുണ്ട്.
ആ സീസണിൽ ഏറ്റവുംകൂടുതൽ റൺസും (438) കൂടുതൽ സിക്സറും (38) നേടിയ താരവും വിഷ്ണു വിനോദായിരുന്നു. ഐപിഎല്ലിൽ ബെംഗളൂരു, ഡൽഹി, ഹൈദരബാദ്, മുംബൈ ടീമുകളിൽ അംഗമായിരുന്നു. ഇപ്പോൾ പഞ്ചാബ് സൂപ്പർ കിങ്സിന്റെ താരം.
2014 സയദ് മുഷ്താഖ് അലി ട്രോഫിയിൽ കർണാടകയ്ക്കെതിരേയാണ് ആഭ്യന്തര ട്വന്റി-20 ക്രിക്കറ്റ് അരങ്ങേറ്റം. 2016-ൽ രഞ്ജി ട്രോഫിയിൽ ഹരിയാനയ്ക്കെതിരേ ആദ്യ ഫസ്റ്റ് ക്ലാസ് മത്സരവും കളിച്ചു. 2019 വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനായി ഏറ്റവുംകൂടുതൽ റൺസ് നേടി. ഐപിഎല്ലിൽ ആറ് മത്സരത്തിൽനിന്ന് 56 റൺസാണ് സമ്പാദ്യം.
Content Highlights: Vishnu Vinod Shines in Kerala Cricket League with Explosive Performance
Published: 27 Aug 2025, 07:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented