
ഒരൊറ്റ താരത്തെ പോലും നിലനിര്‍ത്താതെയാണ് കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് മുന്നോടിയായി നടന്ന താരലേലത്തില്‍ തൃശൂര്‍ ടൈറ്റന്‍സ് പങ്കെടുത്തത്. ആദ്യ സീസണിലെ ടീമിനെ അപ്പാടെ ഉടച്ചുവാര്‍ക്കുകയായിരുന്നു ലക്ഷ്യം. ഒടുവില്‍ ലേലം കഴിഞ്ഞപ്പോള്‍ ടീമിലെത്തിയത് കേരള രഞ്ജി ടീമിലെ അഞ്ചു കരുത്തര്‍. ഒപ്പം കഴിഞ്ഞ സീസണില്‍ തങ്ങള്‍ക്കായി മികച്ച പ്രകടനം പുറത്തെടുത്തവരും.
കേരള ടീം അംഗവും ഓള്‍റൗണ്ടറുമായ സിജോമോന്‍ ജോസഫാണ് ഇത്തവണ ടൈറ്റന്‍സിനെ നയിക്കുന്നത്. ഓഫ് സ്പിന്നറും മധ്യനിര ബാറ്ററുമായ അക്ഷയ് മനോഹറാണ് വൈസ് ക്യാപ്റ്റന്‍. കഴിഞ്ഞ സീസണിലും അക്ഷയ് ടൈറ്റന്‍സ് നിരയിലുണ്ടായിരുന്നു. ഇതോടൊപ്പം കഴിഞ്ഞ തവണ ടീമിന്റെ ഭാഗമായിരുന്ന അഹമ്മദ് ഇമ്രാന്‍, വരുണ്‍ നായനാര്‍, എം.ഡി നിധീഷ്, ആദിത്യ വിനോദ്, മുഹമ്മദ് ഇഷാഖ് എന്നിവരെയും ഇത്തവണ ടൈറ്റന്‍സ് ലേലത്തില്‍ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ എമേര്‍ജിങ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ട താരമാണ് അഹമ്മദ് ഇമ്രാന്‍.
മുന്‍ രഞ്ജി താരമായ എസ്. സുനില്‍ കുമാറാണ് ടൈറ്റന്‍സിന്റെ പരിശീലകന്‍. കഴിഞ്ഞ സീസണില്‍ ടീമിനെ പരിശീലിപ്പിച്ച സുനില്‍ ഒയാസിസ് കോച്ചിങ് ഡയറക്ടറും. അസിസ്റ്റന്റ് കോച്ചായി കെവിന്‍ ഓസ്‌കാറും, ബാറ്റിങ് കോച്ചായി വിനന്‍ ജി. നായരും ബൗളിങ് കോച്ചായി ഷാഹിദ് സി.പിയും ഫീല്‍ഡിങ് കോച്ചായി മണികണ്ഠന്‍ നായരും ഉണ്ട്. മനു എസ്. ആണ് പെര്‍ഫോമന്‍സ് അനലിസ്റ്റ്.
കഴിഞ്ഞ സീസണെ അപേക്ഷിച്ച് കൂടുതല്‍ വൈവിധ്യമുള്ള ബാറ്റിങ് നിരയാണ് ഇത്തവണ ടൈറ്റന്‍സിന്റേത്. കഴിഞ്ഞ സീസണിലെ ടോപ് സ്‌കോറര്‍ വിഷ്ണു വിനോദിന്റെ അഭാവം, ഇതിലൂടെ മറികടക്കാന്‍ കഴിയുമെന്നാണ് ടീമിന്റെ പ്രതീക്ഷ. 20 അംഗ സ്‌ക്വാഡിലെ 15 പേരും ഓള്‍റൗണ്ടര്‍മാരാണ് എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. കഴിഞ്ഞ സീസണില്‍ സെമിയില്‍ എരീസ് കൊല്ലം സെയ്‌ലേഴ്‌സിനോട് 16 റണ്‍സിന് തോറ്റാണ് ടൈറ്റന്‍സ് ടൂര്‍ണമെന്റിന് പുറത്താകുന്നത്. ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം പുറത്തെടുത്തിട്ടും നിര്‍ണായക ഘട്ടത്തിലെ തോല്‍വിയുടെ ആഘാതം മറികടക്കാനുറച്ചാണ് ടൈറ്റന്‍സ് ഇത്തവണ ഇറങ്ങുന്നത്.
കഴിഞ്ഞ സീസണില്‍ കൊച്ചി ടീമിനായി തിളങ്ങിയ ഷോണ്‍ റോജര്‍ ഇത്തവണ ടൈറ്റന്‍സ് നിരയിലുണ്ട്. ഒപ്പം അരുണ്‍ പൗലോസ്, വിഷ്ണു മേനോന്‍, ആനന്ദ് കൃഷ്ണന്‍ തുടങ്ങിയ വെടിക്കെട്ട് ബാറ്റര്‍മാര്‍ കൂടി ചേരുമ്പോള്‍ ടൈറ്റന്‍സിന്റെ ബാറ്റിങ്ങിന് കരുത്തേറുന്നു. കഴിഞ്ഞ സീസണിലെ മികച്ച ഓപ്പണര്‍മാരില്‍ ഒരാളായിരുന്ന ആനന്ദ് കൃഷ്ണനെ ഇത്തവണ ടൈറ്റന്‍സ് തങ്ങളുടെ പാളയത്തിലെത്തിച്ചിട്ടുണ്ട്. വമ്പനടിക്ക് കെല്‍പ്പുള്ള താരമാണ് ആനന്ദ്. കഴിഞ്ഞ സീസണില്‍ ആലപ്പി റിപ്പിള്‍സിനെതിരേ 66 പന്തുകളില്‍ നിന്ന് 138 റണ്‍സെടുത്ത ആനന്ദിന്റെ വെടിക്കെട്ട് ഇന്നും ആരും മറന്നിട്ടില്ല. ഏഴു ലക്ഷം രൂപയ്ക്കാണ് ഇത്തവണ ആനന്ദിനെ ടൈറ്റന്‍സ് സ്വന്തമാക്കിയത്.
ടൈറ്റന്‍സിന്റെ ബൗളിങ് നിരയിലെ പ്രധാനി കേരള ടീം അംഗം കൂടിയായ പേസര്‍ എം.ഡി നിധീഷാണ്. നിധീഷിനൊപ്പം മുഹമ്മദ് ഇഷാഖും ആനന്ദ് ജോസഫും ചേരുമ്പോള്‍ ടൈറ്റന്‍സിന്റെ ബൗളിങ്ങിന് കരുത്തേറും. കഴിഞ്ഞ സീസണില്‍ 11 വിക്കറ്റുകളുമായി ടീമിന്റെ കുന്തമുനയായിരുന്നു ഇഷാഖ്. കഴിഞ്ഞ തവണ ആലപ്പുഴയ്ക്കായി തിളങ്ങിയ താരമാണ് ആനന്ദ് ജോസഫ്. ആതിഫ് ബിന്‍ അഷ്‌റഫ്, ആദിത്യ വിനോദ് തുടങ്ങിയവരാണ് ബൗളിങ് നിരയിലെ മറ്റ് പ്രധാനികള്‍.
Content Highlights: Thrissur Titans revamped squad boasts Kerala Ranji players and all-rounders, aiming to win kcl
Published: 18 Aug 2025, 07:03 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented