തിരുവനന്തപുരം:കേരള ക്രിക്കറ്റില്‍ ലീഗില്‍ ഇനി കപ്പുയര്‍ത്താനുള്ള പോരാട്ടമാണ്. കടുത്ത മത്സരങ്ങളെ അതിജീവിച്ച് എത്തിയ നിലവിലെ ചാമ്പ്യന്‍മാരായ കൊല്ലം സെയിലേഴ്സും കൊച്ചി ബ്ലൂ ടൈഗേഴ്സുമാണ് ഞായറാഴ്ച് നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വൈകീട്ട് 6.45-നാണ് മത്സരം. പ്രവേശനം സൗജന്യമാണ്.

To advertise here,

കഴിഞ്ഞവര്‍ഷത്തെ അവസാനസ്ഥാനക്കാരായിരുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഗ്രൂപ്പ് ഘട്ടത്തില്‍ 10-ല്‍ എട്ടുമത്സരങ്ങളും ജയിച്ച് ഒന്നാംസ്ഥാനക്കാരായാണ് ഫൈനല്‍പ്പോരാട്ടത്തിനെത്തിയത്. സഞ്ജു സാംസന്റെ സഹോദരന്‍ സാലി സാംസണാണ് ക്യാപ്റ്റന്‍. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടു മത്സരങ്ങളിലും കൊല്ലത്തിനെതിരേ കൊച്ചിക്കായിരുന്നു ജയം.

ഗ്രൂപ്പ് ഘട്ടത്തില്‍ പത്തുമത്സരങ്ങളില്‍ അഞ്ചെണ്ണം ജയിച്ച് മൂന്നാംസ്ഥാനക്കാരായാണ് കൊല്ലം സെമിയിലേക്കെത്തിയത്. സെമിയില്‍ തൃശ്ശൂരിനെ നിഷ്പ്രഭരാക്കി, പത്തുവിക്കറ്റിന്റെ ആധികാരിക ജയത്തോടെയാണ് ഫൈനലിലേക്കെത്തിയത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി, വെടിക്കെട്ട് ബാറ്റര്‍ വിഷ്ണു വിനോദ്, മികച്ചഫോമിലുള്ള ഓള്‍റൗണ്ടര്‍ എ.ജി. അമല്‍, ഷറഫുദ്ദീന്‍, അജയഘോഷ്, വിജയ് വിശ്വനാഥ് എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയാണ് കൊല്ലത്തിന്റെ ശക്തി. ഏതുമത്സരവും ഒറ്റയ്ക്ക് വിജയിപ്പിക്കാന്‍ ശേഷിയുള്ളവരാണ് ടീമിന്റെ കരുത്ത്.

ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ പരിചയസമ്പത്ത് പ്രതിസന്ധിഘട്ടങ്ങളില്‍ ടീമിന് മുതല്‍ക്കൂട്ടാണ്. കഴിഞ്ഞതവണ ടീമിന് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായകമായത് ഫൈനലിലെ സച്ചിന്റെ സെഞ്ചുറി പ്രകടനമാണ്. 11 മത്സരങ്ങളില്‍നിന്ന് 16 വിക്കറ്റ് വീഴ്ത്തിയ കൊല്ലത്തിന്റെ എ.ജി. അമലാണ് വിക്കറ്റ് വേട്ടയില്‍ ഇത്തവണ രണ്ടാമത്. അവസാനമത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ വത്സല്‍ ഗോവിന്ദും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഭരത് സൂര്യയും കൊല്ലത്തിന്റെ ബാറ്റിങ്ങിന് കരുത്തേകും. 

സെമി ഫൈനലുള്‍പ്പെടെ തുടര്‍വിജയങ്ങളുമായാണ് കൊച്ചി കലാശപ്പോരാട്ടത്തിനിറങ്ങുക. ആദ്യകളികളില്‍ ഇന്ത്യന്‍ താരം സഞ്ജു സാംസന്റെ ചിറകിലേറിയാണ് കൊച്ചി എതിരാളികളെ നിഷ്പ്രഭരാക്കിയത്. എന്നാല്‍, പിന്നീട് സഞ്ജു ഇന്ത്യന്‍ ക്യാമ്പിലേക്ക് പോയെങ്കിലും കൊച്ചിക്ക് വിജയം തുടരാനായി. സെമിഫൈനലില്‍ കാലിക്കറ്റിനെ 15 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്. ഓപ്പണര്‍ വിനൂപ് മനോഹരന്‍, മുഹമ്മദ് ഷാനു, നിഖില്‍ തോട്ടത്ത്, ക്യാപ്റ്റന്‍ സാലി സാംസണ്‍, ജോബിന്‍ ജോണി, മുഹമ്മദ് ആഷിഖ്, പി.എസ്. ജെറിന്‍ തുടങ്ങിയവരുടെ മികച്ച ഫോമിലാണ് കൊച്ചിയുടെ പ്രതീക്ഷ.

സഞ്ജുവിന്റെ അസാന്നിധ്യം ടീമിന് നഷ്ടമാണെങ്കിലും വിനൂപ് മനോഹരനുള്‍പ്പെടെയുള്ള ബാറ്റര്‍മാരുടെ ഫോം ആശ്വാസം പകരുന്നതാണ്. 11 മത്സരങ്ങളില്‍നിന്ന് 344 റണ്‍സുമായി ബാറ്റിങ് പട്ടികയില്‍ നാലാംസ്ഥാനത്താണ് വിനൂപ്. ഏഴ് മത്സരങ്ങളില്‍നിന്ന് 14 വിക്കറ്റ് നേടിയ കെ.എം. ആസിഫും മികച്ച ഫോമിലാണ്. ഓപ്പണര്‍ വിപുല്‍ ശക്തിയും മികച്ച ഫോമിലാണ്. പരിശീലകന്‍ റൈഫി വിന്‍സെന്റ് ഗോമസിന്റെ പരിചയസമ്പത്തും ടീമിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമാണ്.