കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സംബന്ധിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ നടത്തിയ പ്രഖ്യാപനങ്ങൾ സ്വാഗതാർഹമാണ്. നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ കാലത്തിന് അനുസൃതമായ മാറ്റങ്ങളുണ്ടാകേണ്ടത് അനിവാര്യമാണ്. അല്ലെങ്കിൽ ഭാവി തലമുറയ്ക്കു മുന്നിൽ നമ്മൾ കുറ്റക്കാരാകും. അതിന് ഒരു പരിധി വരെ പരിഹാരമുണ്ടാക്കാൻ കഴിയുന്നതാണ് ബജറ്റിലെ പ്രഖ്യാപനങ്ങൾ. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ പങ്കാളിത്തവും വിദേശ പങ്കാളിത്തവും ലക്ഷ്യമിട്ടുകൊണ്ടുള്ള സംസ്ഥാന ബജറ്റ് വിദ്യാഭ്യാസ രംഗത്ത് വൻ കുതിച്ചുച്ചാട്ടത്തിന് വഴിയൊരുക്കും. സ്വകാര്യ സർവകലാശാലകൾ ആരംഭിക്കുന്നതിന് നിയമം കൊണ്ടുവന്ന ശേഷം അപേക്ഷ സ്വീകരിക്കുമെന്നാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ നിക്ഷേപകരുടെ കടന്നുവരവിനെ പ്രോത്സാഹിപ്പിക്കുന്ന ഉന്നത വിദ്യാഭ്യാസ നിക്ഷേപക നയം വൻ അവസരമാണ് ആ മേഖലയിൽ തുറക്കുക. മറ്റു സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ ഏറെ മുന്നോട്ടു പോയിക്കഴിഞ്ഞു. വൈകിയാണെങ്കിലും വിദേശ സർവകലാശാലകളെയും സ്വകാര്യ സർവകലാശാലകളെയും സ്വാഗതം ചെയ്യാനുളള തീരുമാനം അഭിനന്ദനാർഹമാണ്.
വിദേശ സർവകലാശാലകൾ വരുമ്പോൾ
2020-ൽ പരിഷ്‌കരിച്ച ദേശീയ വിദ്യാഭ്യാസ നയത്തിൻറെ ഭാഗമായി യുജിസി അനുമതിയോടു കൂടി വിദേശ സർവകലാശാലകൾക്ക് രാജ്യത്തിൻറെ ഏതു ഭാഗത്ത് വേണമെങ്കിലും മാനദണ്ഡങ്ങൾക്ക് അനുസൃതമായി ക്യാംപസ് ആരംഭിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. വിദേശ സർവകലാശാലകൾക്ക് ക്യാംപസ് തുറക്കുവാൻ യുജിസി നിഷ്‌കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ ഇവയാണ്.
1. യുജിസി അംഗീകരിച്ച പട്ടിക പ്രകാരം ലോകത്തെ മികച്ച 500 സർവകലാശാലകളിൽപ്പെടണം.
2. യുജിസി അംഗീകരിച്ച പട്ടിക പ്രകാരം ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തിൽ ലോകത്തെ മികച്ച 500 സർവകലാശാലകളിൽപ്പെടണം.
3. യുജിസി നിർദ്ദേശിച്ചിട്ടുള്ള ഒരു പ്രത്യേക മേഖലയിൽ അസാമാന്യമായ വൈദഗ്ധ്യം ഉണ്ടാകണം.
ഈ മൂന്ന് മാനദണ്ഡങ്ങളിൽ ഏതെങ്കിലുമൊന്ന് പാലിക്കുന്ന വിദേശ സർവകലാശാലകൾക്കാണ് ഇന്ത്യയിൽ ക്യാംപസ് തുറക്കാൻ സാധിക്കുക. വിദേശ സർവകലാശാലകളെ കേരളത്തിലേക്ക് ആകർഷിക്കാൻ സാധിച്ചാൽ മലയാളി വിദ്യാർഥികൾക്ക് വിദേശ ബിരുദങ്ങൾ ഇവിടെത്തന്നെ നേടാൻ അവസരം ലഭിക്കുമെന്നതാണ് പ്രധാന നേട്ടം. കണക്കുകൾ പ്രകാരം, കേരളത്തിൽനിന്നു വിദേശത്തേക്ക് പ്രതിവർഷം പോകുന്നത് നാൽപതിനായിരത്തിൽ അധികം വിദ്യാർഥികളാണ്. ഇങ്ങനെ ഉന്നത വിദ്യാഭ്യാസത്തിൻറെ ഭാഗമായി പുറത്തേക്ക് പോകുന്ന വിദ്യാർഥികളെ മൂന്നു വിഭാഗങ്ങളായി തിരിക്കാവുന്നതാണ്.
ഓക്‌സ്ഫഡ്, കേംബ്രിജ് എന്നിങ്ങനെയുള്ള പ്രമുഖ യൂണിവേഴ്‌സിറ്റികളുടെ ആസ്ഥാനങ്ങളിൽ പഠിക്കാൻ ആഗ്രഹിക്കുന്നവരാണ് അദ്യത്തെ വിഭാഗം. പഠനത്തോടൊപ്പം വിദേശ രാജ്യങ്ങളിലെ ഉയർന്ന നിലവാരത്തിലുള്ള ജീവിത സാഹചര്യങ്ങളിലും ജീവിതശൈലിയിലും ആകൃഷ്ടരായി പോകുന്നവരാണ് രണ്ടാമത്തെ വിഭാഗം. ഇവ രണ്ടിൽനിന്നും വ്യത്യസ്തമായി, ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ആഗോളതലത്തിലെ പ്രമുഖ യൂണിവേഴ്‌സിറ്റിയുടെ സർട്ടിഫിക്കറ്റും കരസ്ഥമാക്കി ഉയർന്ന ജോലി നേടുക എന്ന ലക്ഷ്യത്തോടെ പോകുന്നവരാണ് മൂന്നാമത്തെ വിഭാഗം. ആദ്യ രണ്ട് വിഭാഗങ്ങളിലെയും വിദ്യാർഥികളെ ഇവിടെ പിടിച്ചുനിർത്തുക അസാധ്യമാണ്. എന്നാൽ മൂന്നാമത്തെ വിഭാഗത്തിൽപ്പെട്ടവരുടെ വിദേശത്തേക്കുള്ള ഒഴുക്ക് കുറയ്ക്കുവാൻ വിദേശ സർവകലാശാലകളുടെ ക്യാംപസ് വരുന്നതിലൂടെ സാധിക്കും. ഇവിടുന്നുള്ള കൊഴിഞ്ഞുപോക്ക് കുറയ്ക്കുന്നതോടൊപ്പം അത്യാധുനിക രീതിയിലുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതോടെ ഇതര സംസ്ഥാനത്തുനിന്നും ആഫ്രിക്കൻ രാജ്യങ്ങൾ, ശ്രീലങ്ക, ബംഗ്ലദേശ്, നേപ്പാൾ തുടങ്ങിയ അയൽരാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർഥികളെയും കേരളത്തിലേക്ക് ആകർഷിക്കാനാകും.
സ്വകാര്യ സർവകലാശാലകൾ വരുമ്പോഴുള്ള നേട്ടം
വിദേശ സർവകലാശാലകളെ സ്വാഗതം ചെയ്യുന്ന നടപടിക്ക് ഒപ്പം തന്നെ ചർച്ച ചെയ്യേണ്ട മറ്റൊരു കാര്യമാണ് അവയ്ക്ക് അനുകൂലമായ ബജറ്റ് നിർദേശങ്ങൾ. മറ്റു സംസ്ഥാനങ്ങളിൽ നാനൂറിൽ പരം സ്വകാര്യ സർവകലാശാലകൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ കേരളം ഇക്കാര്യത്തിൽ കാര്യമായ യാതൊരു നടപടിയും കൈക്കൊണ്ടിരുന്നില്ല.
കേരളത്തിൽ നിലവിലുള്ള സർവകലാശാലകളുടെ പ്രവർത്തന രീതിയും പാഠ്യപദ്ധതിയും നമുക്ക് അറിയാവുന്നതാണ്. ഇവിടെനിന്ന് ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കി ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങുന്ന വിദ്യാർത്ഥികളിൽ പലർക്കും ഇൻഡസ്ട്രി ആവശ്യപ്പെടുന്ന തൊഴിൽ നൈപുണ്യമില്ലാത്തതിനാൽ മികച്ച അവസരങ്ങൾ നഷ്ടപ്പെടാറുണ്ടെന്നത് വസ്തുതയാണ്. കാലഹരണപ്പെട്ട പാഠ്യപദ്ധതി തന്നെയാണ് കാരണം. അതിനാൽ കാലഘട്ടത്തിന് അനുസരിച്ചുള്ള പുതുതലമുറ കോഴ്‌സുകൾ കേരളത്തിൽ ലഭ്യമാക്കുകയെന്നത് നമ്മുടെ ആവശ്യമാണ്. സർക്കാർ സർവകലാശാലകളിൽ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ സാങ്കേതിക തടസങ്ങളേറെയുള്ളതിനാൽ സിലബസ് പരിഷ്‌കരണം എളുപ്പം സാധ്യമല്ല. എന്നാൽ ഈ പ്രശ്‌നം സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നതിലൂടെ ലഘൂകരിക്കാൻ സാധിക്കും. കണക്കുകൾ പ്രകാരം, കേരളത്തിൽനിന്ന് മറ്റു സംസ്ഥാനങ്ങളിലെ സ്വകാര്യ സർവകലാശാലകളിലേക്ക് ഉപരിപഠനത്തിനായി പോകുന്ന വിദ്യാർഥികളുടെ എണ്ണം പ്രതിവർഷം മുപ്പതിനായിരത്തിലധികമാണ്. കാലാനുസൃതമായ, വ്യവസായ മേഖല ആവശ്യപ്പെടുന്ന നൈപുണ്യം ഉറപ്പാക്കുന്ന ആധുനിക കോഴ്‌സുകൾ നൽകുവാൻ സ്വകാര്യ മേഖലയ്ക്ക് കഴിയും. കൂടാതെ, അതിവേഗം പരീക്ഷ നടത്തി ഫലം പ്രഖ്യാപിക്കാനും സാധിക്കും. അതിലൂടെ വിദ്യാർഥികൾക്ക് സമയനഷ്ടം ഒഴിവാക്കി ജോലിയിൽ പ്രവേശിക്കാനോ ഉന്നത പഠനസാധ്യത ഉപയോഗപ്പെടുത്താനോ സാധിക്കും. ഇതിന് പുറമേ സ്വകാര്യ സംരംഭങ്ങൾ മത്സരാധിഷ്ഠിതമായി പ്രവർത്തിക്കുന്നതിൻറെ ഭാഗമായി കൂടുതൽ മെച്ചപ്പെട്ട കോഴ്‌സുകളും അടിസ്ഥാനസൗകര്യങ്ങളും ഇവിടെയുണ്ടാകും. ഇത് ഇവിടുത്തെ വിദ്യാർഥികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിന് പുറമേ അയൽസംസ്ഥാനങ്ങളിൽ നിന്ന് പോലും വിദ്യാർഥികൾ ഇവിടെ എത്തുന്ന സാഹചര്യമുണ്ടാകും.
കൂടുതൽ ഡീംഡ് യൂണിവേഴ്‌സിറ്റികളുടെ ഓഫ് ക്യാംപസുകൾ കേരളത്തിൽ വരണം
നമ്മുടെ രാജ്യത്ത് യുജിസി അംഗീകൃത നിരവധി മികച്ച കൽപിത സർവകലാശാലകൾ പ്രവർത്തിക്കുന്നുണ്ട്. അത്തരം സർവകലാശാലകളുടെ ഓഫ് ക്യാംപസുകൾ സംസ്ഥാനത്ത് സ്ഥാപിക്കാൻ അവസരമൊരുക്കണം. രാജ്യത്തെ പ്രമുഖ ഡീംഡ് യൂണിവേഴ്‌സിറ്റികളായ ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി, അമൃത വിശ്വ വിദ്യാപീഠം എന്നിവ മാത്രമാണ് കേരളത്തിൽ നിലവിൽ ഓഫ് ക്യാംപസ് തുറന്നിട്ടുള്ളത്. നൂതന കോഴ്‌സുകൾ ലഭ്യമാക്കുന്ന ഇത്തരം കൽപിത സർവകലാശാലകളുടെ വരവ് വിദ്യാർഥികളെ ഇൻഡസ്ട്രി ആവശ്യപ്പെടുന്ന നൈപുണ്യത്തോടെ തൊഴിൽസജ്ജരാക്കാൻ കഴിയും.
സർക്കാർ ചെയ്യേണ്ടത്
കേരളത്തിൻറെ ഉന്നത വിദ്യാഭ്യാസ രംഗത്തിന് കരുത്തു പകരുന്ന ബജറ്റ് നിർദേശങ്ങൾ നടപ്പാക്കുമ്പോൾ അത് സംസ്ഥാനത്തിൻറെ മൊത്തത്തിലുള്ള വികസനത്തിന് കാരണമാകുമെന്ന കാര്യത്തിൽ സംശയമില്ല. അതിന് സർക്കാർ ഒരു ഫെസിലിറ്റേറ്ററുടെ റോളിലേക്ക് മാറേണ്ടതുണ്ട്. വിദേശ സർവകലാശാലാ ക്യാംപസുകൾക്കും സ്വകാര്യ സർവകലാശാലകൾക്കും അനുമതി നൽകിയതു കൊണ്ടു മാത്രം കാര്യമില്ല. ഇതിനുള്ള നിയമനിർമാണം നടത്തുമ്പോൾ അത്തരം സ്ഥാപനങ്ങൾക്ക് രാജ്യത്തിൻറെ നിയമവ്യവസ്ഥയിൽ നിന്നുകൊണ്ടു തന്നെ സാമൂഹികനീതി ഉറപ്പുവരുത്തികൊണ്ട് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടതുണ്ട്. നേരത്തേ സ്വാശ്രയ കോളജുകൾക്ക് അനുമതി നൽകിയപ്പോഴുണ്ടായ സാഹചര്യം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സർവകലാശാലകൾ അല്ലെങ്കിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാൻ വരുന്നവരെ കർക്കശമായി സ്‌ക്രീൻ ചെയ്ത് അതിൽനിന്നു തികച്ചും പ്രഫഷനലായ സ്ഥാപനങ്ങൾക്ക് മാത്രം അനുമതി നൽകാൻ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ഗുണത്തിന് പകരം ദോഷമാണുണ്ടാകുക.
വിദേശ സർവകലാശാലകളെയും സ്വകാര്യ സംരംഭകരെയും കേരളത്തിലേക്ക് ആകർഷിക്കാനുള്ള നടപടികളും കൈക്കൊള്ളേണ്ടതുണ്ട്. കേരളത്തിലെ ഭൂപ്രകൃതി, കാലാവസ്ഥ, ഉയർന്ന സാമൂഹിക ചിന്ത, സാമൂഹിക സുരക്ഷ, മികച്ച ആരോഗ്യ പരിപാലന സംവിധാനം, ക്രമസമാധാനം എന്നിങ്ങനെ കേരളത്തിൻറെ തനത് നേട്ടങ്ങൾ ഷോക്കേസ് ചെയ്യപ്പെടണം. ദൈവത്തിൻറെ സ്വന്തം നാട് എന്ന ബ്രാൻഡ് തന്നെ ഉപയോഗിക്കാവുന്നതേയുള്ളു. അങ്ങനെ ഈ രംഗം മത്സരാധിഷ്ഠിതമാകുമ്പോൾ നമ്മുടെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളും സർവകലാശാലകളും അതിനൊത്ത് ഉയരാൻ ശ്രമിക്കും.
നൈപുണ്യ വികസനത്തിനും ടെക്‌നിക്കൽ കോഴ്‌സുകൾക്കും പ്രാധാന്യം വേണം
ധനമന്ത്രി അവതരിപ്പിച്ച ബജറ്റിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റത്തിനുള്ള നിർദേശങ്ങൾ ഉണ്ടെങ്കിലും പല കാരണങ്ങൾ കൊണ്ടും ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം നേടാനാകാത്ത വിദ്യാർഥിസമൂഹത്തിന് ഗുണകരമായ പദ്ധതികളൊന്നും തന്നെയില്ല. കേരളത്തിൽ ഇന്ന് ഹയർ സെക്കൻഡറി പാസാകുന്നവരിൽ വെറും 44 ശതമാനമാണ് ഉന്നത വിദ്യാഭ്യാസത്തിന് പോകുന്നത് എന്ന വസ്തുത നാം തിരിച്ചറിയണം. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ ഇത് വലിയ സംഖ്യയാണെങ്കിലും ഉന്നത വിദ്യാഭ്യാസത്തിന് പോകാൻ കഴിയാത്തവരെ കൂടി ആകർഷിക്കുന്ന തരത്തിൽ നമ്മുടെ പോളിടെക്‌നിക്കുകളും ഐടിഐകളും മറ്റ് ഐഎച്ച്ആർഡി സ്ഥാപനങ്ങളും കാര്യക്ഷമമാക്കാനുള്ള നടപടികളൊന്നും ബജറ്റിൽ പരാമർശിച്ച് കണ്ടില്ല. പോളിടെക്‌നിക്കുകളിലും ഐടിഐകളിലും നൂതന തൊഴിലധിഷ്ഠിത കോഴ്‌സുകൾ ആരംഭിക്കുന്നതിന് നടപടികൾ ഉണ്ടാകണം. എസ്എംഇ സ്ഥാപനങ്ങളെയും മറ്റ് ചെറുകിട വ്യവസായ സ്ഥാപനങ്ങളെയും സഹകരിപ്പിച്ചുകൊണ്ട് ഇതിന് ശ്രമിക്കാവുന്നതാണ്. ഇത്തരം നൂതന കോഴ്‌സുകൾ പഠിക്കുന്നവരിൽ നൂതനാശയങ്ങളും ബിസിനസ് ആശയങ്ങളും വളർത്താനാകും. ഇത് കേരളത്തിൻറെ സ്റ്റാർട്ടപ് മേഖലയിൽ പുതിയ സംരംഭങ്ങൾ ഉയർന്നുവരാനും കാരണമാകും.
മത്സരം കാര്യക്ഷമത വളർത്തും
ഉന്നവിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ പങ്കാളിത്തത്തിന് വഴിതുറക്കുന്നതോടെ നിക്ഷേപകർക്കും സംരംഭകർക്കും കൂടുതൽ അവസരം ലഭിക്കും. രാജ്യത്ത് വിദേശ സർവകലാശാലകളുടെ ക്യാംപസ് തുറക്കുന്നതിനായുള്ള യുജിസി മാനദണ്ഡങ്ങളിൽ, വ്യവസായ സ്ഥാപനങ്ങൾക്ക് വിദേശ സർവകലാശാലകളുമായി സഹകരിച്ചുകൊണ്ട് മാനദണ്ഡങ്ങൾക്കനുസൃതമായി അവരുടെ ക്യാംപസ് രാജ്യത്ത് തുറക്കാമെന്ന് വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തിൽ വലിയ അവസരത്തിന് കേന്ദ്രാനുമതി ലഭിച്ച സാഹചര്യത്തിൽ രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങൾക്ക് രാജ്യാന്തര യൂണിവേഴ്‌സിറ്റികളുടെ ക്യാംപസ് ഇവിടെ ആരംഭിക്കാൻ കഴിയും. ഇത്തരത്തിൽ വൻകിട കമ്പനികളുടെ പങ്കാളിത്തത്തോടെ വിദേശ സർവകലാശാലകളും സ്വകാര്യ സർവകലാശാലകളും വരുന്നതോടെ ഈ രംഗത്ത് ആരോഗ്യകരമായ മത്സരം ഉണ്ടാകുമെന്നതിൽ സംശയം വേണ്ട. ഒരു മത്സരാധിഷ്ഠിത മേഖലയായി ഇത് മാറുമ്പോൾ ഉയർന്ന ഗുണനിലവാരവും അടിസ്ഥാനസൗകര്യവും എല്ലാം ലഭിച്ചുതുടങ്ങും.
തൊഴിൽ അവസരങ്ങൾ വർധിക്കും
വിദേശ, സ്വകാര്യ സർവകലാശാലകളെ കേരളത്തിലേക്ക് ആകർഷിക്കാൻ കഴിഞ്ഞാൽ ഈ മേഖലയിൽ വലിയ തൊഴിലവസരങ്ങളും ഉണ്ടാകും. അധ്യാപക തസ്തികകൾ മാത്രമല്ല, നോൺ ടീച്ചിങ് ജോലികളും അനവധി ഉണ്ടാകുമെന്നതിനാൽ ഇപ്പോൾ നേരിടുന്ന തൊഴിലില്ലായ്മയ്ക്ക് ഒരു പരിധി വരെ പരിഹാരം കണ്ടെത്താൻ സാധിക്കുമെന്നതും ഏറെ പ്രധാനമാണ്. കൂടാതെ, ഇതുമായി ബന്ധപ്പെട്ട് മറ്റു പല അനുബന്ധ ബിസിനസുകളും കേരളത്തിൽ ആരംഭിക്കാൻ സാധിക്കുമെന്നതും നേട്ടമാണ്. ബുക്ക് സ്റ്റാൾ, കോഫി കഫെ, ജിം തുടങ്ങി വിദ്യാർഥികൾ കസ്റ്റമറായി വരുന്ന ചെറുകിട ബിസിനസുകൾ കാലക്രമേണ അതത് പ്രദേശങ്ങളിൽ ആരംഭിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
സാമ്പത്തിക മേഖലയ്ക്കും ഗുണകരം
ഉന്നതനിലവാരത്തിലുള്ള സ്വകാര്യ, വിദേശ സർവകലാശാലകൾ കേരളത്തിലേക്ക് എത്തുന്നതോടെ നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്കും പുരോഗതി നേടാനാകും. സർവകലാശാലകൾ വരുന്നതോടെ കേരളത്തിലേക്ക് എത്തുന്നത് വിദ്യാർഥികൾ മാത്രമല്ല, അധ്യാപകർ, അനധ്യാപകർ തുടങ്ങി നിരവധി വിഭാഗത്തിലുള്ളവരുണ്ടാകും. അതിനാൽ ഇവിടേക്ക് എത്തുന്നവർ നമ്മുടെ നാട്ടിൽത്തന്നെ പണം ചെലവഴിക്കുന്ന സ്ഥിതി വന്നുചേരുമ്പോൾ നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്കും ഗുണകരമാകും. ഗതാഗതം, ഭക്ഷണം, താമസം, വിനോദം, തുടങ്ങി ഒട്ടേറെ ആവശ്യത്തിനായി അവർ കേരളത്തിൽ പണം ചെലവഴിക്കുന്നതിലൂടെ ഭാവിയിൽ കേരളത്തിൻറെ സാമ്പത്തിക മേഖലയിൽ പുത്തനുണർവ് സൃഷ്ടിക്കും. മാറിയ കാലഘട്ടത്തിൽ വിദ്യാഭ്യാസ രംഗത്ത് നേരിട്ട് സംരംഭങ്ങൾ നടത്താതെ സ്വകാര്യ മേഖലയിലൂടെ സംരംഭങ്ങൾ വളർത്താൻ സൗകര്യമൊരുക്കുന്ന ഫെസിലിറ്റേറ്റർ റോളിലേക്ക് മാറുകയാണ് ഇപ്പോൾ സർക്കാർ. സ്വകാര്യ സംരംഭകർക്ക് പിന്തുണ നൽകുന്ന സർക്കാരിൻറെ ഈ നിലപാട് വളരെ സ്വാഗതാർഹമാണ്.
(ജെയിൻ യൂണിവേഴ്‌സിറ്റിയുടെ ന്യൂ ഇനീഷ്യേറ്റിവ്‌സ് ഡയറക്ടറും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിക്ഷേപകനുമാണ് ലേഖകൻ.)
Content Highlights: kerala budget foreign university
Published: 09 Feb 2024, 10:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented