
സംസ്ഥാന സർക്കാർ രൂക്ഷമായ ധനപ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് പുതിയ ബജറ്റ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. മദ്യത്തിലൂടെയും മണൽവാരിയുമൊക്കെ പറ്റാവുന്നതരത്തിൽ വരുമാന വർധനവിന് സർക്കാർ ബജറ്റിൽ ശ്രമിക്കുന്നുണ്ട്. പ്രവർത്തനം തുടങ്ങാത്ത വിഴിഞ്ഞം തുറമുഖപദ്ധതിയെ ചൈനീസ് മോഡലിൽ വികസിപ്പിക്കാനാണ് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനത്തിൽ പറയുന്നത്. സാധ്യമായിടത്തെല്ലാം സ്വകാര്യ നിക്ഷേപം ആകർഷിക്കാനുള്ള നിർദ്ദേശങ്ങൾ ബജറ്റിലുണ്ട്.
കടംകൊണ്ട് പൊറുതിമുട്ടിയ സർക്കാർ
കേരളത്തിനോട് കേന്ദ്രം അവഗണന കാണിക്കുന്നുവെന്ന് നിരന്തരം പരിഭവിക്കുന്ന, അതിന്‍റെ പേരിൽ നിയമനടപടികളിലേയ്ക്കു നീങ്ങിയ സംസ്ഥാനമാണ് കേരളം. വിഷയത്തിൽ കേന്ദ്രം സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം കേരളത്തിനെ കടന്നാക്രമിക്കുന്നതാണ്. ഏറ്റവും മോശം ധനകാര്യമാനേജ്‌മെന്റാണ് കേരളത്തിലേതെന്ന് കേന്ദ്രം പറയുന്നു. കേരളത്തിന്റെ നിലവിലുള്ള കടബാധ്യത ഉയർന്ന തോതിലാണ്. 2021-22ൽ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ 39 ശതമാനവും കടബാധ്യതയായപ്പോൾ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ 19.98 ശതമാനവും കടബാധ്യതക്കുള്ള പലിശയൊടുക്കാനാണ് കേരളം വിനിയോഗിച്ചതെന്ന് കേന്ദ്രം കുറ്റപ്പെടുത്തുന്നു.
കേരളം കടത്തിന് നൽകുന്ന പലിശ കുതിക്കുകയാണ്. ഇത് സംസ്ഥാനത്തെ കടക്കെണിയിലാക്കുമെന്നും കേന്ദ്രധന മന്ത്രാലയം പറയുന്നു. സംസ്ഥാന സർക്കാരിനുവേണ്ടി കടമെടുക്കുന്ന കിഫ്ബിക്കും കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിനും സ്വന്തമായി വരുമാനമില്ല. കടത്തിന് നൽകുന്ന പലിശ സംസ്ഥാനത്തിന് ബാധ്യതയാകുന്നു. പലിശയിനത്തിൽ നൽകുന്ന തുക റവന്യൂ വരുമാനത്തിന്റെ 10 ശതമാനത്തിൽ അധികമാകരുതെന്ന് 14-ാം ധനകാര്യ കമ്മിഷൻ നിർദേശിക്കുന്നുണ്ട്. എന്നാൽ, കേരളം പലിശയിനത്തിൽ ഇപ്പോൾ നൽകുന്നത് റവന്യൂ വരുമാനത്തിന്റെ 19.98 ശതമാനമാണ്.
കടമെടുക്കുന്ന പണം, കേരളം ഉത്പാദന മേഖലകളിലല്ല നിക്ഷേപിക്കുന്നതെന്നും പെൻഷൻ, ശമ്പളം എന്നിവപോലുള്ള ദൈനംദിന പ്രവർത്തനങ്ങൾക്കാണെന്നും കേന്ദ്രം പറയുന്നു. കേന്ദ്രം നൽകേണ്ട നികുതി വരുമാനവും ജി എസ് ടി നഷ്ടപരിഹാരം കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കുള്ള പണം എന്നിവയും കേരളത്തിന് നൽകിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ ഊർജമേഖലയിലേക്ക് കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷവും പണം നൽകി. ഇതെല്ലാമായിട്ടും മോശം ധനകാര്യമാനേജ്‌മെന്റ് കാരണം കടത്തിൽ നിന്ന് കടത്തിലേക്ക് നീങ്ങുന്നു. ഇതിന്റെ ഉത്തരവാദിത്തം കേരളത്തിന് മാത്രമാണെന്നും പഞ്ചാബിനും ബംഗാളിനുമൊപ്പം രാജ്യത്തെ ഏറ്റവും മോശം ധനകാര്യ മാനേജ്‌മെന്റുള്ള സംസ്ഥാനമാണ് കേരളമെന്നുമാണ് കേന്ദ്രത്തിന്റെ കുറ്റപ്പെടുത്തൽ.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ വാദം അംഗീകരിക്കുന്നില്ല. പിന്നെയുള്ളത് സ്ഥിരം പറയുന്ന നികുതി വിഹിതത്തിലെ പ്രശ്‌നങ്ങളും കേന്ദ്രം ഞെരുക്കുന്നുവെന്ന പതിവ് വാദങ്ങളും മാത്രമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഇളവുണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി പറയുന്നു. പക്ഷെ സുപ്രീം കോടതിയിൽ നൽകിയ കേന്ദ്രത്തിന്റെ മറുപടിയിൽ തന്നെ എല്ലാം വ്യക്തമാണ്. കടത്തിന്റെയും സാമ്പത്തിക പ്രതിസന്ധിയുടെയും ഉത്തരവാദിത്വം സംസ്ഥാനത്തിന് മാത്രമാണെന്ന നിലപാടിൽ നിന്ന് മാറി കേരളത്തിനെ സഹായിക്കാൻ പ്രത്യേക പദ്ധതി കേന്ദ്രം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാൻ വിദൂര സാധ്യതപോലുമില്ല.
ചൈനീസ് മോഡലോ പ്ലാൻ ബി?
കേരളത്തോടുള്ള അവഗണനയെ തുടർന്നാണ് ഒരു പ്ലാൻ ബി കേരളത്തിനുണ്ടെന്നാണ് ധനമന്ത്രി പറയുന്നത്. എന്താണ് പ്ലാൻ ബി? ഇവിടെയാണ് വിഴിഞ്ഞത്ത് ചൈനീസ് മോഡൽ ഡെവലപ്‌മെന്റ് സോണുകൾ കൊണ്ടുവരുമെന്ന പ്രഖ്യാപനത്തിന്റെ പ്രസക്തി. പ്രവാസികൾ ഉൾപ്പെടെയുള്ളവരെ സഹകരിപ്പിച്ച് ആഗോള നിക്ഷേപം സ്വീകരിച്ചുകൊണ്ടാണ് ഡെവലപ്‌മെന്റ് സോണുകളാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
സർക്കാർ നിയന്ത്രണങ്ങളിൽ നിന്ന് മുക്തമായി വികസനത്തിന് സ്വകാര്യ നിക്ഷേപം കൊണ്ടുവന്ന പ്രത്യേക സാമ്പത്തിക സോണുകൾ എന്ന തുറന്നിടൽ നയങ്ങളാണ് ചൈനയുടെ സമൃദ്ധിക്ക് കാരണം. അതേ മാതൃകയാണോ കേരളത്തിൽ വരുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടില്ല. പക്ഷെ സർക്കാരിന്റെ മനസിൽ ഒരു പ്ലാൻ ബിയുണ്ട് എന്ന പ്രഖ്യാപനം മറ്റൊരു കിഫ്ബിയാകുമോയെന്നാണ് ചോദ്യം.
മറ്റൊരു കാര്യം പൊതുവികസന പ്രവർത്തനങ്ങളിൽ സ്വകാര്യ നിക്ഷേപം അനുവദിക്കുക എന്നതാണ്. ഉദാഹരണത്തിന് സർക്കാർ ആശുപത്രിയിൽ മികച്ച ചികിത്സ ഒരാൾ നേടിയെന്നിരിക്കട്ടെ. എന്നാൽ തനിക്ക് ലഭിച്ച ചികിത്സയ്ക്ക് കൂടുതൽ പണമടയ്ക്കാൻ ഒരാൾ സന്നദ്ധനാകുകയും എന്നാൽ അതിന് മാർഗങ്ങളില്ല എന്നുള്ളതുമാണ് കേരളത്തിലെ സ്ഥിതി. ഇതിന് പരിഹാരമായി സർക്കാർ റെമിറ്റൻസ് അക്കൗണ്ട് തുടങ്ങുമെന്ന പ്രഖ്യാപനമാണ് അതിൽ പ്രധാനം. ആരോഗ്യ സുരക്ഷാ ഫണ്ടെന്ന തരത്തിൽ അതിനെ മുന്നോട്ടുകൊണ്ടുപോകും.
ഇതേ മാതൃക വിദ്യാഭ്യാസ മേഖലയിലും സർക്കാർ പരീക്ഷിക്കുന്നുണ്ട്. ഒരുവിദ്യാർഥിയെ ബിരുദാനന്തര ബിരുദ തലം വരെ പഠിപ്പിക്കാൻ സർക്കാരിന് 25 ലക്ഷം രൂപയാണ് ചെലവാകുന്നതെന്നാണ് കണക്ക്. ഇങ്ങനെ പഠിച്ചിറങ്ങി വിദേശത്തുൾപ്പെടെ മികച്ച വരുമാനമുള്ള ജോലി നേടുന്നവരെ അതിന് പ്രാപ്തരാക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സഹായം നൽകാനുള്ള ഫണ്ടാണ് എഡ്യൂക്കേഷൻ പ്രമോഷൻ ഫണ്ട് എന്ന രീതിയിൽ രൂപീകരിക്കുക.
ഇതിന് പുറമെ ഇൻസന്റീവും നിരക്കിളവുകളും നൽകി വിനോദ സഞ്ചാര മേഖലകളിലും സ്വകാര്യ നിക്ഷേപം ആകർഷിക്കാനുള്ള പ്രഖ്യാപനവും ബജറ്റിലുണ്ട്. മാറ്റം വ്യക്തമാണ്. എല്ലായിടത്തും സർക്കാർ ഫണ്ട് അനുവദിച്ച് വികസന പ്രവർത്തനങ്ങൾ നടത്തുക എന്നതിന് പകരം സ്വകാര്യ നിക്ഷേപവും ഫണ്ടും കണ്ടെത്തി വികസനം കൊണ്ടുവരിക എന്നതുതന്നെയാണ് ബജറ്റിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇത് എത്രത്തോളം മുന്നോട്ടുപോകുമെന്നതും പരിമിതമായ നിക്ഷേപ പദ്ധതികളിൽ നിന്ന് മാറി കൂടുതൽ മേഖലകളിൽ ഇത് വ്യാപിപ്പിക്കാൻ സർക്കാർ ശ്രമിക്കുമോയെന്നും കണ്ടറിയേണ്ടിയിരിക്കുന്നു.
രണ്ട് കാര്യങ്ങളാണ് ബജറ്റിനെക്കുറിച്ച് വിലയിരുത്താനുള്ളത്. ഒന്ന് സർക്കാർ സാമ്പത്തിക നയങ്ങളിൽ മാറ്റം വരുത്തിയെന്ന് വിലയിരുത്തേണ്ടിവരും. കൂടുതൽ മേഖലകളിൽ സ്വകാര്യ നിക്ഷേപം ഉൾപ്പെടുത്തി വികസനപ്രവർത്തനങ്ങൾ നടത്താനുള്ള ശ്രമത്തിനെ വലിയൊരു നയം മാറ്റമായി കാണണം. ഒരുപക്ഷേ നിലവിലെ ധനപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മറ്റ്മാർഗങ്ങൾ ഇല്ലാതെ വന്നതിനാലാകാം ഈയൊരു മാറ്റത്തിന് സർക്കാർ തയ്യാറായത്. രണ്ടാമത്, സർക്കാർ രൂക്ഷമായ ധനകാര്യ തകർച്ച നേരിടുമ്പോഴും അത് പരിഹരിക്കുന്നതിന് നികുതി കുടിശ്ശിക അടക്കം പിരിച്ചെടുക്കാനുള്ള യുദ്ധകാല അടിസ്ഥാനത്തിലുള്ള നടപടികളൊന്നും ബജറ്റ് മുന്നോട്ടുവെക്കുന്നില്ല. പരിഷ്‌കരണ നടപടികൾ തീരെയില്ല. അതിന്റെ പ്രത്യാഘാതമെന്തെന്നാൽ നിലവിൽ പ്രയാസമനുഭവിക്കുന്ന മേഖലകൾക്കും ആളുകൾക്കും പ്രശ്‌നങ്ങൾ കൂടുതൽ രൂക്ഷമാകാനെ ഇത് ഉപകരിക്കു.
'അധിക വരുമാനം കണ്ടെത്താനുള്ള നിർദ്ദേശങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷെ അതെല്ലാം നാമമാത്രമായ വരുമാന വർധനവ് മാത്രമേ ഉണ്ടാക്കുകയുള്ളു. സ്വതവെ മാന്ദ്യത്തിൽ നിൽക്കുന്ന റിയൽ എസ്റ്റേറ്റ് മേഖലയെ കൂടുതൽ പ്രയാസപ്പെടുത്തുന്ന തരത്തിലുള്ള നിരക്ക് വർധനവും ഭൂനികുതി ഏർപ്പെടുത്തലുമൊക്കെ വന്നിരിക്കുന്നു. ഇത് റിയൽ എസ്റ്റേറ്റ് മേഖലയെ കൂടുതൽ പ്രതിസന്ധിയിലേക്ക് കൊണ്ടുപോകും. മാത്രമല്ല കാര്യമായ വരുമാന വർധനവ് അധിക സ്രോതസുകളിൽ നിന്ന് ലഭിക്കുകയുമില്ല. പിന്നെ പതിവുപോലെ കേന്ദ്രത്തിനെ കുറ്റം പറയുന്ന പതിവ് പല്ലവി ഇത്തവണയും ആവർത്തിച്ചിരിക്കുന്നു'- ബി.എ പ്രകാശ്, സാമ്പത്തിക വിദഗ്ധൻ, മുൻ ധനകാര്യ കമ്മീഷൻ അധ്യക്ഷൻ.
'ചെറുകിട വ്യാപാര മേഖലയ്ക്ക് സമഗ്രമായ ഉത്തേജന പദ്ധതി ഇല്ലാത്തത് ബജറ്റിന്റെ വലിയ കുറവായി തന്നെ കണക്കിക്കേണ്ടി വരും. ചെറുകിട വ്യാപാര മേഖലയ്ക്ക് ആകെ നീക്കിവച്ചിരിക്കുന്നത് വെറും മൂന്നു കോടി രൂപയാണ്. അടിയന്തര പ്രശ്‌ന പരിഹാരത്തിന് പകരം വ്യാപാര മേഖലയിലെ പ്രശ്‌നങ്ങളുടെ പഠനത്തിനായാണ് പ്രസ്തുത തുക നീക്കിവച്ചിരിക്കുന്നത്. ചെറുകിട വ്യാപാര മേഖലയെ ബോധപൂർവം അവഗണിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കേണ്ടി വരും. ചെറുകിട വ്യാപാര മേഖലയിലെ ക്രയവിക്രയങ്ങളിൽ റെക്കോർഡ് ഇടിവ് സംഭവിക്കുന്നതാണ് കേരളത്തിലെ പൊതുഖജനാവിലേക്കുള്ള വരുമാനത്തിൽ വലിയ നഷ്ടം ഉണ്ടാകുന്നത് എന്നുള്ളത് മനസ്സിലാക്കാതെയുള്ള ഒരു ബജറ്റ് കൂടി കടന്നുപോയി എന്നതാണ് സത്യം. പരമ്പരാഗത റീട്ടെയിൽ വ്യാപാര വിപണി സജീവമാക്കുന്നതിന് വേണ്ടുന്ന നടപടികൾ നിന്നും ഒഴിഞ്ഞുമാറിയ ഒരു ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്'- എസ്. എസ്. മനോജ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്
Content Highlights: kerala budget 2024 chinese model development
Published: 05 Feb 2024, 03:41 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented