
സര്‍ക്കാര്‍ജീവനക്കാര്‍ക്ക് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ശമ്പളപരിഷ്‌കരണം എന്ന നയത്തില്‍ മാറ്റംവരുത്തിയിട്ടില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ജീവനക്കാര്‍ ശമ്പളപരിഷ്‌കരണത്തിന് ഉറ്റുനോക്കുമ്പോഴാണ് മന്ത്രിയുടെ ഈ പരാമര്‍ശം. ക്ഷേമപെന്‍ഷന്‍ കൂട്ടുന്നതിന് പരിമിതികളുണ്ട്. എങ്കിലും വാഗ്ദാനത്തില്‍നിന്ന് ഒളിച്ചോടില്ല. പിന്നിടുന്നത് ഏറ്റവും പ്രതിസന്ധിയുള്ള കാലം. കേരളത്തിന്റെ ആത്മവിശ്വാസം ഉയര്‍ത്താനായതില്‍ സംതൃപ്തന്‍. വെള്ളിയാഴ്ച സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കേ ധനമന്ത്രിയുമായി നടത്തിയ അഭിമുഖം
കേന്ദ്രബജറ്റിലെന്നപോലെ അതിശയിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാമോ ?
അതിശയിപ്പിക്കുന്ന പ്രഖ്യാപനങ്ങളല്ല, പ്രതിസന്ധിക്കിടയിലും ഇത്രയും നല്ല കാര്യങ്ങള്‍ ചെയ്‌തോ എന്ന് ജനങ്ങളെ അതിശയിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇതുവരെ സംസ്ഥാനത്ത് നടത്തിയത്. അമിതമായ അവകാശവാദങ്ങളില്ല. ആദ്യദിവസത്തെ ആരവം കഴിഞ്ഞപ്പോള്‍ കേന്ദ്രബജറ്റിലെ യാഥാര്‍ഥ്യങ്ങള്‍ വെളിപ്പെടുന്നുണ്ട്. വരുമാനനികുതിയില്‍ ഇളവ് തന്നല്ലോ, ഇനിയെന്തുവേണം എന്ന് ധനമന്ത്രി ചോദിക്കുമ്പോള്‍ ഇനി വരുമാനം തരൂ എന്ന് ജനം പറയുന്ന നല്ലൊരു കാര്‍ട്ടൂണ്‍ കണ്ടു. വരുമാനനികുതിയിളവിന് ഒരുലക്ഷംകോടി രൂപ വേണ്ടെന്നുവെക്കുമ്പോള്‍ സാധാരണഗതിയില്‍ കേരളത്തിന് അതിന്റെ വിഹിതമായ രണ്ടായിരംകോടിവരെ നഷ്ടപ്പെടാം. അതേസമയം വരുമാനനികുതിയില്‍ രണ്ടുലക്ഷംകോടി അധികം കിട്ടുമെന്നും കേന്ദ്രം പറയുന്നു. കണക്കുകളില്‍ പൊരുത്തക്കേടുണ്ട്. എങ്ങനെ വരുമെന്നറിയില്ല.
സൂര്യോദയമേഖലകളുടെ വികാസവും ചൈനീസ് മാതൃകയിലുള്ള വികസനമേഖലകളുമാണ് കഴിഞ്ഞ ബജറ്റ് മുന്നോട്ടുവെച്ചത്. പ്രവര്‍ത്തനങ്ങള്‍ ഏതുവരെയായി ?
സൂര്യോദയമേഖലകളില്‍ ഏറ്റവും പ്രധാനം വിഴിഞ്ഞം തുറമുഖമാണ്. ഇന്ത്യയിലെ ഈ ദശകത്തിലെ ഏറ്റവും വലിയ വികസനപദ്ധതിയായ അത് യാഥാര്‍ഥ്യമായത് ഈ സര്‍ക്കാരിന്റെ കാലത്താണ്. കൊച്ചിയിലും മലബാര്‍ മേഖലയിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ നടത്തുന്ന വ്യവസായങ്ങള്‍ ധാരാളം വന്നുകഴിഞ്ഞു. വ്യവസായമേഖലകള്‍ക്കായി പലേടത്തും വലിയതോതില്‍ സ്ഥലമേറ്റെടുക്കാന്‍തുടങ്ങി. ഈ ബജറ്റിലും നിക്ഷേപത്തിന് പുതിയ മാതൃകകള്‍ സ്വീകരിക്കും.
സംസ്ഥാനങ്ങളൊക്കെ വ്യക്തിപരമായ ആനുകൂല്യങ്ങള്‍ ആഘോഷത്തോടെ പ്രഖ്യാപിക്കുകയാണ്. ഇവിടെ ക്ഷേമപെന്‍ഷന്‍ കൂട്ടുമോ ?
അതേപ്പറ്റി ഇപ്പോള്‍ പറയാനാവില്ല. അഞ്ചുമാസത്തെ കുടിശ്ശികയില്‍ ഇനി മൂന്നുമാസത്തേത് കൊടുക്കാനുണ്ട്. അത് വരുന്നസാമ്പത്തികവര്‍ഷം കൊടുക്കും. കുടിശ്ശിക തീര്‍ത്ത് ക്ഷേമപെന്‍ഷന്‍ നിലനിര്‍ത്തുന്നതിനാണ് മുന്‍ഗണന. ഈ വര്‍ഷം 55,000 കോടിയാണ് പെന്‍ഷനായി നല്‍കേണ്ടിവരുന്നത്. അനര്‍ഹര്‍ ഇപ്പോഴും വാങ്ങുന്നുണ്ട്.
ക്ഷേമപെന്‍ഷന്‍ 2500 രൂപയാക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം നിലനില്‍ക്കുന്നുണ്ടല്ലോ? അത് പാലിക്കാന്‍ ഇനി കുറച്ചുകാലമേയുള്ളൂ ?
ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ മറന്ന് ഓടുന്നവരല്ല ഞങ്ങള്‍. ചിലത് ഇനിയും നടപ്പാക്കാനുണ്ട്. എന്നാല്‍ പ്രകടനപത്രിക തയ്യാറാക്കുമ്പോഴുള്ള സ്ഥിതിയല്ല ഇപ്പോള്‍. കേന്ദ്രനിലപാടുകള്‍കാരണം വരുമാനം നേര്‍പകുതിയായി. ശമ്പളംപോലും സമയത്തിന് കൊടുക്കാനാവാത്ത സ്ഥിതിയുണ്ടായി.
ആനുകൂല്യങ്ങള്‍ മുടങ്ങിയതില്‍ സര്‍ക്കാര്‍ജീവനക്കാരുടെ അതൃപ്തി എങ്ങനെ പരിഹരിക്കും ?
ഡി.എ.കുടിശ്ശികയുണ്ട്. എന്നാല്‍ എല്‍.ഡി.എഫിന് തുടര്‍ഭരണം കിട്ടിയില്ലായിരുന്നെങ്കില്‍ ശമ്പളപരിഷ്‌കരണം നടക്കുമായിരുന്നില്ലെന്ന് കേരളത്തിലെ ജീവനക്കാര്‍ക്ക് നന്നായി അറിയാം. ഞങ്ങളായിരുന്നില്ലെങ്കില്‍ ധവളപത്രം ഇറക്കി ശമ്പളപരിഷ്‌കരണം മരവിപ്പിച്ചേനെ. 20,000 കോടി രൂപയാണ് അധികബാധ്യതയുണ്ടായത്. അതുവരെയുള്ള ഡി.എ.കുടിശ്ശിക ലയിച്ചപ്പോള്‍ പബ്ലിക് അക്കൗണ്ടില്‍ വന്ന ബാധ്യതമാത്രം 19,000 കോടിയായി വര്‍ധിച്ചു. വളരെ ബുദ്ധിമുട്ടിയാണ് മുന്നോട്ടുപോകുന്നത്. ഞാണിന്‍മേല്‍ക്കളിയാണിത്. ജീവനക്കാരോട് ശത്രുതയില്ല. അവരുടെ ആനുകൂല്യങ്ങള്‍ കൊടുത്തുതീര്‍ക്കാനാണ് ശ്രമം.
ഈ സാഹചര്യത്തില്‍ ശമ്പളപരിഷ്‌കരണം ഉണ്ടാകുമോ ?
അഞ്ചുവര്‍ഷം കൂടുമ്പോള്‍ ശമ്പളപരിഷ്‌കരണമെന്ന നയത്തിന് മാറ്റംവരുത്തുമെന്ന് പറഞ്ഞിട്ടില്ല. പലപ്പോഴും അഞ്ചുവര്‍ഷം കഴിഞ്ഞാണ് ശമ്പളം പരിഷ്‌കരിക്കുന്നത്.
പങ്കാളിത്തപെന്‍ഷന്‍പദ്ധതി പിന്‍വലിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുംമുന്‍പുതന്നെ ഉറപ്പായ പെന്‍ഷന്‍ സ്‌കീം കേരളം പ്രഖ്യാപിച്ചു. പക്ഷേ, നടപ്പാക്കാനായിട്ടില്ല. പങ്കാളിത്തപെന്‍ഷന്‍പദ്ധതിയിലെ നമ്മുടെ ഫണ്ട് പിന്‍വലിക്കാന്‍ കേന്ദ്രം അനുവദിച്ചിട്ടില്ല. കേന്ദ്രം മൂന്നുവര്‍ഷത്തിനുള്ളില്‍ മൂന്നുതവണ നിയമം മാറ്റി. ഇപ്പോള്‍ പ്രഖ്യാപിച്ച സ്‌കീം താരതമ്യേന മെച്ചമാണ്. അത് അടിയന്തരമായി പരിശോധിക്കും.
വയനാടിനെ കേന്ദ്രം അവഗണിച്ച സ്ഥിതിക്ക് എന്താണ് പരിഹാരം?
വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരിതബാധിതരെ പുനരധിവസിപ്പിക്കാന്‍ കേന്ദ്രസഹായം കിട്ടുമെന്ന പ്രതീക്ഷയില്‍ കേരളം മുന്‍കൂര്‍ പണം നല്‍കി ഒരുവര്‍ഷംകൊണ്ട് ടൗണ്‍ഷിപ്പ് പൂര്‍ത്തിയാക്കും.
കഴിഞ്ഞവര്‍ഷങ്ങളില്‍ നികുതികളും ഫീസും കൂട്ടിയത് പ്രതിഷേധമുണ്ടാക്കിയിരുന്നു. ഇത്തവണയും കൂട്ടുമോ
കാലോചിതമായി സാധാരണഗതിയിലുള്ള പരിഷ്‌കാരങ്ങളേയുണ്ടാകൂ. അല്ലാതെ പ്രതിഷേധത്തിന് ഇടയാക്കുന്നതൊന്നും ചെയ്യില്ല.
നടപ്പുവര്‍ഷം പദ്ധതി പാതി വെട്ടിക്കുറച്ചു. ബജറ്റ് പ്രഖ്യാപനങ്ങളുടെ പ്രസക്തി നഷ്ടപ്പെടുത്തുന്നതല്ലേയിത് ?
പദ്ധതിയുമായി ബന്ധപ്പെട്ട ചില അപ്രധാന കാര്യങ്ങളിലാണ് കുറവുവരുത്തിയത്. അല്ലാതെ ജനങ്ങളെ ബാധിക്കുന്നതൊന്നും കുറച്ചിട്ടില്ല. കുറയ്ക്കുകയുമില്ല. അതിന് ഞാന്‍തന്നെ ഉറപ്പുതരുന്നു. ഇപ്പോള്‍ നടക്കുന്ന പ്രചാരണം വസ്തുതയല്ല. മരുന്നിന് ബജറ്റില്‍ വെച്ചത് 500 കോടി. ഇതിനകം ആയിരംകോടി നല്‍കി. കെ.എസ്.ആര്‍..ടി.സി.ക്ക് ഇരട്ടി നല്‍കി. മുന്‍സര്‍ക്കാരുകളുടെ കാലത്തെ ആയിരംകോടിയിലധികംവരുന്ന സ്‌കോളര്‍ഷിപ് തുക ഈ സര്‍ക്കാരാണ് കൊടുത്തത്. പണ്ട് പാരസീറ്റമോള്‍ ഇല്ലെന്നായിരുന്നു പരാതി. ഇന്ന് ഹൃദയശസ്ത്രക്രിയക്കുള്ള സ്റ്റെന്റില്ലെന്നാണ് പരാതി. ഇതാണ് കേരളത്തില്‍ വന്ന മാറ്റം.
ഞാൻ സംതൃപ്തൻ
ധനമന്ത്രിയെന്നനിലയിൽ പൂർണ സംതൃപ്തൻ. കാര്യങ്ങൾ തുറന്നുപറഞ്ഞാണ് മുന്നോട്ടുപോയത്. കേരളത്തിന്റെ ചരിത്രത്തിൽ സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ടിയ കാലമാണ് രണ്ടാം പിണറായിസർക്കാരിന്റേത്. കോവിഡും പ്രളയവും കഴിഞ്ഞ കാലം. കേന്ദ്രത്തിൽനിന്ന് ഇത്രയും വരുമാനം ഇതുവരെ കുറഞ്ഞിട്ടില്ല. ഇതിലും പിന്നോട്ടുപോകില്ല. മുന്നോട്ടുപോകുമെന്നകാര്യത്തിൽ നല്ല ആത്മവിശ്വാസമുണ്ട്. കേരളത്തിനുമുണ്ട് ആത്മവിശ്വാസം. ഞാൻ കൊമേഴ്‌സ് പഠിച്ചയാളാണ്. അതുകൊണ്ട് അക്കൗണ്ട്‌സ് എനിക്ക് പ്രധാനമാണ്. ഈ വർഷം എന്താണ്, അടുത്തവർഷം എത്ര വരും എന്ന് നന്നായി അറിയാം. കണക്ക് കള്ളംപറയില്ല. നല്ല സമ്മർദമുണ്ട്.
നിർമിതബുദ്ധി; സാധ്യതയ്ക്കൊപ്പം പ്രശ്നവും
നിർമിതബുദ്ധി സോഷ്യലിസം കൊണ്ടുവരുമെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ അഭിപ്രായമെങ്കിലും ധനമന്ത്രി കെ.എൻ. ബാലഗോപാൽ അങ്ങനെയല്ല ചിന്തിക്കുന്നത്. നിർമിതബുദ്ധിക്ക് വലിയ സാധ്യതകളുണ്ട്. എന്നാൽ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തും. ഇതെങ്ങനെ പരിഹരിക്കണമെന്ന് മുതലാളിത്തസമൂഹം ആലോചിക്കുകയാണ്. 60 ശതമാനത്തിനും തൊഴിലില്ലാതെവരുമ്പോൾ സാർവത്രികവരുമാനം ഉറപ്പാക്കുന്നതിനെപ്പറ്റി ചിന്തിക്കേണ്ടിവരും.
നിർമിതബുദ്ധിപോലുള്ള സാങ്കേതികവികാസങ്ങളുടെ സാധ്യതകളും പ്രശ്നങ്ങളും എങ്ങനെ അഭിമുഖീകരിക്കുമെന്നതിലാണ് കേരളത്തിന്റെ ഭാവിയെന്നും ബാലഗോപാൽ പറഞ്ഞു.
Content Highlights: നKerala Finance Minister K.N. Balagopal discusses the 2024 budget
Published: 04 Feb 2025, 08:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented