
കേന്ദ്രാവഗണന തുടർന്നാൽ, സാമ്പത്തികപ്രതിസന്ധിക്ക് പരിഹാരം കാണാനായില്ലെങ്കിൽ ‘പ്ലാൻ ബി’യെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്നാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചത്. കേരളത്തിന് പിടിച്ചുനിൽക്കാൻ എന്തായിരിക്കണം ആ ‘പ്ലാൻ ബി’യിൽ? സാമ്പത്തികവിദഗ്ധർ പറയുന്നു
വേണം പുതിയൊരു തന്ത്രം- ഡോ. കെ.ജെ. ജോസഫ് ഡയറക്ടർ, ഗിഫ്റ്റ്
ഭാവി കേരളത്തിനായുള്ള പ്ലാൻ ബിയുടെ ഭാഗമാകുന്ന നിർദേശങ്ങൾ ഇത്തവണ ബജറ്റിൽ ധനമന്ത്രി അവതരിപ്പിച്ചിട്ടുണ്ട്. സ്വകാര്യനിക്ഷേപത്തോടെയുള്ള ഉത്പാദനവർധന, കെയർ ഇേക്കാണമി, ചൈനീസ് മാതൃകയിലുള്ള പ്രത്യേക വികസനമേഖലകൾ , സ്വകാര്യനിക്ഷേപം വൻതോതിൽ ആകർഷിക്കൽ എന്നിവയെല്ലാം ഇതിൽപ്പെടും. കേന്ദ്രത്തിൽനിന്നുള്ള വിഹിതം കുറയുന്നതിന്റെ ഏറ്റവും വലിയ ഇരയാണ് കേരളം. കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ സംസ്ഥാനത്തിന് സൗഹൃദപരമായി മാറേണ്ടതുണ്ട്. അതോടൊപ്പം കേരളത്തിന്റെ ആഭ്യന്തരഉത്പാദനം വർഷംതോറും പത്തുശതമാനത്തിൽ അധികം വളരാനുതകുന്ന ഒരു ദീർഘകാല തന്ത്രം നമ്മൾ സ്വീകരിക്കണം.
1970-കളിൽ ചൈനയിൽ വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും രാജ്യത്തിന്റെ സാമ്പത്തികവളർച്ച മുൻകൂട്ടിക്കണ്ടും കയറ്റുമതി വികസന മേഖലകൾക്ക് ചൈന തുടക്കമിട്ടു. വികസനമേഖലകൾ എന്നാണ് ഇവ അറിയപ്പെട്ടത്. വൻതോതിൽ വിദേശനിക്ഷേപം ആകർഷിക്കാൻ ചൈനയ്ക്ക് കഴിഞ്ഞു. ഇതേ മാതൃകയിൽ കേരളത്തിന് വർഷംതോറും വൻനിക്ഷേപം ആകർഷിക്കാനാവണം.
ഇറക്കുമതിയെ വൻതോതിൽ ആശ്രയിക്കുന്നത് നിർത്തണം. കയറ്റുമതിയെ പ്രോത്സാഹിപ്പിക്കണം. ജി.എസ്.ടി.യിലെ ഇവേ ബിൽ ഡേറ്റാ പരിശോധിച്ചാൽ കേരളത്തിലെ ഇറക്കുമതി, വർഷം 1.5 ലക്ഷം കോടിയുടേതാണ്. കയറ്റുമതി വെറും 50,000 കോടിയുടേത് മാത്രവും. കേരളത്തിന്റെ വ്യാപാരക്കമ്മി ഒരു ലക്ഷം കോടിയാണ്. ഇറക്കുമതി പകുതിയോളം കുറയ്ക്കാനും കയറ്റുമതി മൂന്നുമടങ്ങ് വർധിപ്പിക്കാനും ഉതകുന്നതരത്തിൽ പ്രാദേശിക ഉത്പാദനം കൂട്ടാൻകഴിയണം.
ഇവിടെയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ നമ്മൾ പ്രയോജനപ്പെടുത്തേണ്ടത്. നിർദിഷ്ട ഔട്ടർ റിങ്‌റോഡിൽ 25 കിലോമീറ്റർ ചുറ്റളവിലെങ്കിലും വിഴിഞ്ഞം എക്സ്‌പോർട്ട് പ്രോസസിങ് സോൺ സ്ഥാപിക്കാനാവണം. ഇന്ത്യയിലെയും ലോകത്തിലെയും നഗരങ്ങളിൽ കേരളത്തിലെ ഉത്പന്നങ്ങൾ ലഭിക്കുന്ന കേരള സൂപ്പർ മാളുകൾ തുടങ്ങണം. അവിടങ്ങളിലെ ഇന്ത്യൻ സമൂഹങ്ങളിലെ സംരംഭകരെയും ലോക കേരള സഭയെയും ഇതിനായി പ്രയോജനപ്പെടുത്താം. കേരളത്തിന് ലോകത്തിന് നൽകാവുന്നതെല്ലാം പ്രദർശിപ്പിക്കാനും വിൽക്കാനുമുള്ള സ്ഥലങ്ങളാകണം ഇവ. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതൽ വയോജനങ്ങളുള്ളത് കേരളത്തിലാണ്- 20 ശതമാനം. ഇതൊരു അവസരമായിക്കാണണം. വയോജനങ്ങളുടെ സംരക്ഷണത്തിനായി ലോകോത്തര നിലവാരമുള്ള ഒരു പരിചരണ സമ്പദ്‌വ്യവസ്ഥ സൃഷിക്കാനായാൽ ലോകത്ത് എവിടെയുമുള്ള വയോജനങ്ങൾ സംതൃപ്തമായി ജീവിക്കാൻ ഇവിടം തിരഞ്ഞെടുക്കും.
സ്വകാര്യ, സഹകരണ മേഖലയുടെ പിന്തുണയോടെ ഒരു പഞ്ചായത്തിൽ ഒരു ഉത്പന്നം എന്ന പദ്ധതി വിജയകരമായി നടപ്പാക്കാനാകണം. അതിൽ പങ്കാളികളാവുന്ന കുടുംബങ്ങൾക്ക് മാസം 10,000 രൂപയെങ്കിലും ഉറപ്പാക്കുകയായിരിക്കണം ലക്ഷ്യം. നികുതിവരുമാനവും ജി.എസ്.ഡി.പി.യും തമ്മിലുള്ള അനുപാതം വർധിപ്പിക്കാൻസാധ്യമായ എല്ലാ വഴികളും തേടണം. ഈ അനുപാതം കുറഞ്ഞിരിക്കുന്നത് കേരളത്തിൽ മാത്രമല്ല. സേവന മേഖല വളർന്ന എല്ലാ സംസ്ഥാനങ്ങളിലും ഈ കുറവ് കാണാം. 2017 വരെ സേവനനികുതി പിരിവ് കേന്ദ്രത്തിന്റെ അധികാരത്തിലായിരുന്നുവെന്നതാണ് ഇതിനുകാരണം.
ഒരു ‘പ്ലാൻ ബി’ പഞ്ചതന്ത്രം- എസ്. ആദികേശവൻ (ബാങ്കിങ് വിദഗ്ധൻ)
ബിവറേജസ് കോർപ്പറേഷൻ അടക്കം ലാഭകരമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുക. ലിസ്റ്റിങ് നിയമങ്ങൾ അനുസരിച്ചു കുറഞ്ഞത് 25 ശതമാനം ഓഹരികൾ പൊതുജനത്തിന് നൽകണം. 75 ശതമാനം പങ്കാളിത്തത്തോടെ സർക്കാരിന്റെ ഉടമസ്ഥത തുടരും. കുറഞ്ഞത് 1000 കോടി സമാഹരിക്കാം. കാലക്രമേണ സർക്കാർ ഓഹരി 51 ശതമാനത്തിലേക്ക് കൊണ്ടുവരുക.
സംസ്ഥാനത്തെ ആറു മുനിസിപ്പൽ കോർപ്പറേഷനുകൾക്കും 875 മുനിസിപ്പാലിറ്റികൾക്കും മുനിസിപ്പൽ ബോണ്ടുകൾ വഴി ധനം സമാഹരിക്കാൻ സർക്കാർ ഗാരന്റി നൽകി പ്രോത്സാഹിപ്പിക്കും. ഈ സ്ഥാപനങ്ങൾക്ക് 1000 കോടി സമാഹരിക്കാം. ഇവയ്ക്കുള്ള പദ്ധതി വിഹിതത്തിൽ ഉചിതമായ മാറ്റം വരുത്തിയാൽ സർക്കാരിന്റെ ബജറ്റ് ചെലവിൽ നേട്ടമുണ്ടാകും.
ഐ.ടി. മേഖലയ്ക്കുവേണ്ടി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് (ഇൻവിറ്റ്), റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് (ആർ.ഇ.ഐ.ടി.) എന്നിവ രൂപവത്കരിച്ച് വിഭവസമാഹരണം നടത്താം. ഇപ്പോഴത്തെ ടെക്‌നോപാർക്ക് അടക്കമുള്ള സ്ഥാപനങ്ങളെ ഈ ഇൻവിറ്റുകളുടെ കീഴിൽ കൊണ്ടുവരാം. ഏകദേശം 500-1000 കോടി ഇതുവഴി സമാഹരിക്കാം. ലീസ് വഴി ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം ഇൻവിറ്റുകൾക്കുള്ള ‘റിട്ടേൺ’ ആവും.
സർക്കാർ/സർക്കാരനുബന്ധ ഉടമസ്ഥതയിലുള്ള അധികഭൂമി ദീർഘകാല ലീസിൽ പാർപ്പിട-വാണിജ്യ സമുച്ചയങ്ങൾ അടക്കമുള്ള ആവശ്യങ്ങൾക്ക് സ്വകാര്യമേഖലയ്ക്ക് കൈമാറുക. 500 കോടി രൂപ ലക്ഷ്യംവെക്കാം.
ലോട്ടറി വകുപ്പിനെ കമ്പനിയായി രജിസ്റ്റർ ചെയ്ത് എൻ.ആർ.ഐ. ബോണ്ടുകൾ ഇറക്കുക. ബാങ്ക് പലിശയെക്കാളും ഉയർന്ന പലിശ കൊടുക്കാം. ലോട്ടറി കമ്പനി എന്തായാലും ലാഭത്തിൽ ആയിരിക്കും. ബോണ്ട് തുക സാമൂഹിക സേവനങ്ങൾക്കെന്നുള്ള പ്രഖ്യാപനവുമാകാം. 750 കോടി സമാഹരിക്കാം (ലാഭകരമായ ഒരു സർക്കാർ വിഭാഗത്തിന്റെ ലിവറേജിങ്).
തൊടാത്ത മേഖലകൾ ഇനിയുമെത്രയെത്ര- ഡോ. മേരി ജോർജ് (എക്സ്‌പെൻഡിച്ചർ റിവ്യു കമ്മിറ്റി മുൻ അംഗം)
2022 നവംബർ 11-ന് എൽ.ഡി.എഫ്. പുറത്തുവിട്ട വികസനരേഖ അനുസരിച്ച് ‘പ്ലാൻ ബി’യുടെ ദർശനം വലത്തോട്ടാണ്. ഡോ. തോമസ് ഐസക്കിന്റെ ബജറ്റിൽ കിഫ്ബി നിറഞ്ഞുനിന്നതുപോലെ കെ.എൻ. ബാലഗോപാലിന്റെ ബജറ്റിൽ ഇത്തവണ സ്വകാര്യമേഖലയാണ് നിറഞ്ഞുനിൽക്കുന്നത്. മുകളിൽ സൂചിപ്പിച്ച വികസനരേഖ ഉന്നതവിദ്യാഭ്യാസരംഗത്ത് വൻതോതിലുള്ള വിദേശനിക്ഷേപം സ്വീകരിക്കാനുള്ള സാധ്യതകൾ വിലയിരുത്തുന്നുണ്ട്. ബജറ്റിൽ ഈ പ്രഖ്യാപനം വരുമ്പോൾ ഓർമയിലെത്തുന്നത് ഏതാനും വർഷംമുമ്പ് ഇതേ ആശയം പങ്കുവെച്ചതിന് സഖാക്കൾ അടിച്ചുവീഴ്ത്തിയ ടി.പി. ശ്രീനിവാസനെയാണ്. അതവിടെ നിൽക്കട്ടെ, കേരളം ഗുരുതരമായ സാമ്പത്തികപ്രതിസന്ധി നേരിടുമ്പോൾ വിഭവസമാഹരണത്തിനുള്ള ഏതാനും ചില നികുതീതരവഴികൾ കുറിക്കട്ടെ.
കേരളത്തിൽ 5842 അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനറിപ്പോർട്ട്. ഇൻസ്റ്റിറ്റ്യൂട്ടിന്റെകൂടി സഹായത്തോടെ ഇവയെ കണ്ടെത്തുക. മോഷണത്തിന്റെ തോത് അളന്ന് തിട്ടപ്പെടുത്തി റോയൽറ്റിയും ഫൈനും ഈടാക്കുക. സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഇന്റേണൽ ഓഡിറ്റ് കാര്യക്ഷമമായി നടക്കുന്നില്ലെന്ന് 2023-ലെ രണ്ടാം റിപ്പോർട്ടിൽ സി.എ.ജി. വ്യക്തമാക്കുന്നുണ്ട്. ഓഡിറ്റിന്റെ അഭാവത്തിൽ റവന്യു കുടിശ്ശിക പെരുകുന്നു. സർക്കാരിന് വലിയ നഷ്ടമുണ്ടാകുന്നു. കേസുകൾ കോടതികളിലും ട്രിബ്യൂണലുകളിലും എത്തി തീർപ്പ് അന്തമായി നീളുന്നു. പല ഓഫീസുകളിലും ഓഡിറ്റ് മനപ്പൂർവം വൈകിപ്പിക്കുന്നെന്നാണ് മനസ്സിലാക്കുന്നത്.
സർക്കാർ പല കാലങ്ങളിൽ പല ജില്ലകളിൽ തുടങ്ങിവെച്ച പദ്ധതികൾ പലതും നിന്നുപോയി. ചിലതൊക്കെ നിർത്തിവെച്ചു. എന്നിട്ടും ആ പദ്ധതികളിലെ ജീവനക്കാർ അതേപടി തുടരുന്നുണ്ട്. ഓഫീസുകളും പ്രവർത്തിക്കുന്നു. അങ്ങനെ ഖജനാവിന് ഉണ്ടാകുന്ന ഭാരം ഇനിയെങ്കിലും ഇറക്കിവെക്കേണ്ടതല്ലേ? പ്രൊട്ടക്ടഡ് അധ്യാപകർ കാരണമുണ്ടാകുന്ന ഭാരം ലഘൂകരിക്കാൻ സർക്കാർ പുതുതായി ഉണ്ടാക്കുന്ന തസ്തികകളിൽ അവരെ നിയമിക്കുന്നത് പരിഗണിച്ചുകൂടേ?
വികസിത രാജ്യങ്ങൾക്കൊപ്പമാണ് കേരളം എന്ന് സർക്കാർ പറയുമ്പോഴും എന്തുകൊണ്ട് ജീവനക്കാരുടെ സ്ഥാനക്കയറ്റവും ഇൻക്രിമെന്റും കാര്യക്ഷമത വിലയിരുത്തി തീരുമാനിക്കുന്നില്ല?
നമുക്ക് മൂന്ന് സെൻട്രൽ ജയിലുകൾ, ഒരു തുറന്ന ജയിൽ, 53 സബ്ജയിൽ എന്നിവയുണ്ട്. ഇവിടങ്ങളിൽ കൃഷിയും ഉത്പന്ന നിർമാണവും കാര്യക്ഷമമായി നടത്തിയാൽ വരുമാനം കൂട്ടാം. 2011-’12 ൽ ജയിൽ വകുപ്പ് 3.41 കോടിരൂപയാണ് ലാഭമുണ്ടാക്കിയത്. 36 നികുതീതര മാർഗങ്ങളുണ്ട്. തനതുവരുമാനവും നികുതീതര വരുമാനവും തമ്മിലുള്ള അനുപാതം ആഗോളതലത്തിൽ 39-40 ശതമാനം വരെയാണ്. ഇവിടെ അത് പൂജ്യം ശതമാനത്തിൽ താഴെയും. വരുമാനം സമാഹരിക്കാൻ എത്രത്തോളം ഇടം ശേഷിക്കുന്നെന്നാണ് ഇത് നൽകുന്ന സൂചന.
ബദൽ വേണ്ടിവരും-ഡോ. വി.കെ. വിജയകുമാർ (ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്)
ബജറ്റിൽ കേരളം നേരിടുന്ന ഗുരുതര ധനപ്രതിസന്ധിക്കു പരിഹാരമൊന്നുമില്ലാത്തതിനാൽ ‘പ്ലാൻ ബി’ വേണ്ടിവരും. പൊതു തിരഞ്ഞെടുപ്പ് കഴിയുംവരെ ഈ പ്രതിസന്ധിയെ സർക്കാർ രാഷ്ട്രീയമായി നേരിടാനാണ് സാധ്യത. കേന്ദ്രത്തിൽനിന്ന് സഹായം കിട്ടാൻ സാധ്യത ഇല്ലാത്തതുകൊണ്ടും സുപ്രീം കോടതിയിൽനിന്ന് അനുകൂല വിധി വിദൂരമായതുകൊണ്ടും പ്രതിസന്ധിക്കു ധനകാര്യ പരിഹാരം കണ്ടേ മതിയാവൂ.
ഒരു മാർഗം സ്വകാര്യവത്കരണത്തിലൂടെ വലിയതോതിൽ വിഭവസമാഹരണം നടത്തുക എന്നതായിരിക്കും. കേരളത്തിലെ 134 പൊതുമേഖലാ സ്ഥാപനങ്ങളിൽ ഇതുവരെ 62,261 കോടിരൂപ നിക്ഷേപിച്ചിട്ടിട്ടുണ്ട്. ഈ നിക്ഷേപത്തിന്റെ ഇതുവരെയുള്ള ഫലം 33,112 കോടിയുടെ നഷ്ടമാണ്. സ്വകാര്യവത്കരണം/വിൽപ്പന നല്ല നയമായിരിക്കുമെങ്കിലും ഇടതുസർക്കാർ ചെയ്യാൻ സാധ്യതയില്ല.
സർക്കാർ ഇപ്പോൾ പ്രതീക്ഷിക്കുന്നതൊന്നും സംഭവിച്ചില്ലെങ്കിൽ (അതിനാണ് കൂടിയ സാധ്യത) അവസാനത്തെ മാർഗം എന്ന നിലയിൽ സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണത്തിലൂടെ വർധിപ്പിച്ച ശമ്പളത്തിന്റെ ഒരു ഭാഗം താത്കാലികമായി മരവിപ്പിച്ച് (സാഹചര്യം മെച്ചപ്പെടുമ്പോൾ കൊടുക്കാമെന്ന ഉറപ്പോടെ) ചെലവ് ചുരുക്കാനാകും. കടുത്ത നടപടികൾ തിരഞ്ഞെടുപ്പിനുശേഷമേ ഉണ്ടാവൂ.
വരുംവർഷം ഉണ്ടാക്കാം 20,000 കോടി അധികം ചെറിയൊരു പ്ലാൻ ബിയിലൂടെ-ഡോ. കെ.പി. കണ്ണൻ
ജനങ്ങൾക്ക് ഭാരമുണ്ടാക്കാതെ വരുമാനം വർധിപ്പിച്ചാൽ മാത്രമേ കേരളത്തിന്റെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനും സ്ഥായിയായ പൊതുധനകാര്യ വ്യവസ്ഥ കെട്ടിപ്പടുക്കാനുമാവൂ. വരുമാനംകൂട്ടാൻ മുമ്പ് സർക്കാർ തന്നെ നിയോഗിച്ച പല സമിതികളും ശുപാർശചെയ്തിട്ടുണ്ട്. ഈ ബജറ്റിന് മുമ്പും ഞങ്ങൾ നിർദേശങ്ങൾ നൽകിയിരുന്നു. ആരും ചെവിക്കൊണ്ടില്ലെന്നുമാത്രം. എന്നാൽ, ഇപ്പോൾ ഒരു പ്ലാൻ ബിയുടെ ആവശ്യമുണ്ടെന്ന് ധനകാര്യമന്ത്രിതന്നെ പറയുന്നു. അങ്ങനെയാണെങ്കിൽ അതൊന്നു പ്രാവർത്തികമാക്കിക്കൂടെ? അതിന് ആദ്യം വേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തി. അതല്പം പ്രയോഗിക്കാൻ സർക്കാർ തയ്യാറായാൽ റവന്യുക്കമ്മി എന്ന പ്രതിഭാസത്തെ ഇല്ലാതാക്കാൻ കേരള സർക്കാരിന് കഴിയും.
ഉടൻ ചെയ്യേണ്ടത്
തനതുവരുമാനം പിരിക്കുന്നതിൽ വരുത്തേണ്ട തിരുത്തൽ: അടുത്ത മൂന്നുവർഷം തനതുനികുതിവരുമാനവും ജി.എസ്.ഡി.പി.യും തമ്മിലുള്ള അനുപാതം ഒരു ശതമാനം വീതം കൂട്ടുക. 1975 മുതൽ 1986 വരെയുള്ള കാലയളവിൽ ആഭ്യന്തര വരുമാനത്തിന്റെ ഓരോ നൂറു രൂപയ്ക്കും 11.5 രൂപ ആയിരുന്നു. ഇത് ലക്ഷ്യമായിക്കണ്ട് 2024-’25-ൽ 9.3 രൂപയും 2025-’26-ൽ 10.3 രൂപയും 2026 -’27-ൽ 11.3 രൂപയും ആയി ഉയർത്തുക. എത്ര കൂടുതൽ പണം ഓരോ വർഷവും കിട്ടും എന്നതിന്റെ കണക്ക് പട്ടികയിൽ കൊടുത്തിട്ടുണ്ട്. 2022-’23-ൽ തനതുനികുതിവരുമാനവും ജി.എസ്.ഡി.പി.യും തമ്മിലുള്ള അനുപാതം വെറും 8.32 രൂപ ആയിരുന്നു. എന്നാൽ, ഇത് കൂട്ടുന്നതിനുപകരം 2023-’24-ൽ ധനമന്ത്രിക്ക് പിരിക്കാൻ കഴിഞ്ഞത് വെറും എട്ടു രൂപയായിരുന്നു. 1970-’90 കാലത്തെയപേക്ഷിച്ച് വളരെയധികം ഉപഭോഗവസ്തുക്കൾ (ഉദാഹരണം: ഇലക്‌ട്രോണിക് ഉപകരണങ്ങൾ, ഇലക്‌ട്രിക് ഉപകരണങ്ങൾ, ആശുപത്രികളിൽ ഉപയോഗിക്കുന്ന യന്ത്രങ്ങൾ, കൂണുകൾപോലെ ഉയരുന്ന സ്വർണവ്യാപാരക്കടകൾ, പലതരം ആഡംബര വസ്തുക്കൾ എന്നിവയെല്ലാം) നികുതി കൊടുക്കേണ്ട വസ്തുക്കളാണ്. അതുംകൂടി കണക്കിലെടുത്താൽ, നികുതി-ആഭ്യന്തരവരുമാന അനുപാതം കുറഞ്ഞത് 12 ശതമാനമെങ്കിലും ആകണം. വസ്തുതാപരമായ ഒരു പഠനം നടത്തിയാൽ ഇത് തീർച്ചയായും കണ്ടുപിടിക്കാൻ സാധിക്കും. എന്തുകൊണ്ടാണ് കേരളത്തിൽ വിൽപ്പന നടക്കുന്ന ചരക്ക്-സേവനങ്ങൾ എന്നിവയുടെ സമഗ്രമായ ഒരു പഠനം സർക്കാർ നടത്തുകയോ നടത്തിക്കുകയോ ചെയ്യാത്തത് എന്ന കാര്യം ചോദിക്കാൻ സമയമായി. നികുതിക്കുടിശ്ശിക പിരിച്ചെടുക്കുക: 2022 മാർച്ചിലെ കണക്കനുസരിച്ച് തർക്കങ്ങൾ ഇല്ലാത്ത നികുതിക്കുടിശ്ശിക 12,724 കോടി രൂപ ആയിരുന്നു. ഇക്കൊല്ലത്തെ പുതിയ കണക്കനുസരിച്ച് മാർച്ച് 2023-ൽ അത് 14,061 കോടി രൂപയായി. അതായത്, 1336 കോടി രൂപ ഒറ്റ വർഷംകൊണ്ട് കൂടി. ഇത് മൂന്നിൽ ഒന്ന് വീതം എന്ന കണക്കിൽ അടുത്ത മൂന്നുവർഷം കൊണ്ട് പിരിച്ചെടുക്കണം.
ചില നയപരമായ തീരുമാനങ്ങൾ: എടുക്കുക: പെൻഷൻ പ്രായം രണ്ടുവർഷം കൂട്ടുക. വാർഷിക ലീവ്സറണ്ടർ നിർത്തലാക്കുക. സർക്കാർ വാഹനങ്ങൾ വാങ്ങുന്നതിന് വിലയ്ക്ക് പരിധി നിശ്ചയിക്കുക. എം.എൽ.എ.മാർക്ക് ചികിത്സച്ചെലവ് നൽകുന്നതിനുപകരം ഇൻഷുറൻസ് ഏർപ്പെടുത്തുക. പെൻഷന് പരിധി നിശ്ചയിക്കുക. ഇവ നടപ്പാക്കിയാൽ 2024-’25-ൽ 6396 കോടി രൂപയും 2025-’26-ൽ 5597 കോടിയും 2026-’27 -ൽ 1130 കോടിയും അധികമുണ്ടാക്കാം. എം.എൽ.എ.മാരുടെ ചികിത്സ സംബന്ധിച്ച സ്ഥിതിവിവരം ലഭ്യമല്ലാത്തതിനാൽ അതൊഴിവാക്കിയാണ് ഈ തുക കണക്കാക്കിയിരിക്കുന്നത്. ഈ പറഞ്ഞവയിൽനിന്ന് അധികമായി എത്ര കിട്ടും എന്ന കണക്ക് പട്ടികയിൽ കൊടുത്തിട്ടുണ്ട്. വിരമിക്കൽ പ്രായംകൂട്ടിയാൽ പുതിയ നിയമനം ലഭിക്കേണ്ടവർ രണ്ടുവർഷം കാത്തിരിക്കേണ്ടിവരുമെന്നതാണ് എതിർപ്പിന്റെ പ്രധാന കാരണം. ആദ്യവർഷത്തെ നിയമനം അടിസ്ഥാന ശമ്പളത്തിന്റെ പകുതിമാത്രം (ശരാശരി ഇരുപതിനായിരം പ്രതിമാസം 25,000 പേർക്ക്) നൽകി പരിശീലനമായി ചിട്ടപ്പെടുത്തിയാൽ കാത്തിരിപ്പ് ഒരു വർഷമായി കുറയ്ക്കാം. പിന്നീടുള്ള ഒരു വർഷത്തെ കാത്തിരിപ്പു കുറയ്ക്കാൻ ഇപ്പോഴുള്ള വിരമിക്കലിലൂടെ അല്ലാത്ത ഒഴിവുകൾ നികത്താം.
അധികമായി കിട്ടുന്ന പണത്തിൽനിന്ന് 1200 കോടി രൂപ വരുന്ന ഒരു തൊഴിൽവികസന ഫണ്ട് വർഷംതോറും ഉണ്ടാക്കി 50,000 പേർക്ക് മാസം 20,000 രൂപ എന്ന നിരക്കിൽ അഭ്യസ്തവിദ്യരായ തൊഴിൽരഹിതർക്ക് ഫെലോഷിപ്പ് നൽകി അവരുടെ സേവനം പഞ്ചായത്ത് / മുനിസിപ്പാലിറ്റികൾക്കും ഗവേഷണസ്ഥാപനങ്ങൾക്കും വ്യവസായങ്ങൾക്കും കാർഷികവിജ്ഞാന വ്യാപനത്തിനും മറ്റുമായി വിന്യസിക്കാം.
കേരളം റവന്യുവരുമാനത്തിന്റെ 20 ശതമാനം കടത്തിന് പലിശ നൽകുന്നു. അതായത് വരുമാനത്തിന്റെ അഞ്ചിലൊന്ന് മറ്റൊന്നിനും ഉപയോഗിക്കാനാവുന്നില്ല. വരുമാനം കൂട്ടി റവന്യുക്കമ്മി ഇല്ലാതാക്കിയാൽ വായ്പയുടെ മൂന്നിൽ രണ്ട് ഒഴിവാക്കാം. 11-ാം ശമ്പളക്കമ്മിഷൻ ശുപാർശ ചെയ്തതുപോലെ ശമ്പളപരിഷ്കരണം പത്തുവർഷത്തിലൊരിക്കൽ മാത്രമാക്കുക.
മധ്യകാല നടപടികൾ
പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുക. സാമ്പത്തിക അച്ചടക്കം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് ബജറ്റിൽനിന്ന് സഹായം നൽകേണ്ടതില്ല. വിദ്യാർഥികളുടെ സൗജന്യയാത്രപോലെ പൊതുമേഖലാ സ്ഥാപനങ്ങൾ ഏറ്റെടുക്കുന്ന സാമൂഹിക ഉത്തരവാദിത്വം വഴിയുണ്ടാകുന്ന നഷ്ടം കണക്കാക്കാൻ സമിതികളെ നിയോഗിക്കുക അത്തരം ഉത്തരവാദിത്വങ്ങൾക്കുള്ള പണം ബജറ്റിൽനിന്നുതന്നെ ഉറപ്പാക്കുക. പൊതുമേഖലാ സ്ഥാപനങ്ങൾ ഏറ്റവും കുറഞ്ഞത് 10 ശതമാനം വാർഷികലാഭം ഉണ്ടാക്കുന്നുവെന്ന് ഉറപ്പാക്കുക. കഴിയാത്തവയെ സ്വതന്ത്ര സ്ഥാപനങ്ങളുടെ ഓഡിറ്റിന് വിധേയമാക്കി കാരണങ്ങൾ കണ്ടെത്തുക. പദ്ധതികൾ പൂർത്തിയാക്കാൻ വൈകുന്നത് പൊതുപണം വൻതോതിൽ ചോർത്തുന്നു. നിലവിലെ സ്ഥിതി കണക്കാക്കി പൂർത്തിയാക്കേണ്ട പദ്ധതികൾക്ക് മുൻഗണന നിശ്ചയിക്കുക. 70 ശതമാനമോ അധിലധികമോ പണി കഴിഞ്ഞവ സമയപരിധി നിശ്ചയിച്ച് പെട്ടെന്ന് പൂർത്തിയാക്കുക.
Content Highlights: kerala budget what economists say about plan b
Published: 07 Feb 2024, 09:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented