കര്‍ക്കിടക മാസത്തില്‍ മരുന്നുകഞ്ഞി കുടിക്കുന്നത് പോലെ തന്നെ പ്രധാനപ്പെട്ടൊരു കാര്യമാണ് ഇലക്കറികള്‍ കഴിക്കുകയെന്നതും. ഇലകള്‍ കറികള്‍ മാത്രമാണ് നമ്മള്‍ സ്ഥിരമായി ഉണ്ടാക്കുന്നത്. എന്നാല്‍ കര്‍ക്കിടകത്തില്‍ കഴിച്ചിരിക്കേണ്ട ഒന്നാണ് ഇലകള്‍ കൊണ്ടുള്ള പായസം. പഞ്ചദള പായസം എന്നാണ് ഇതറിയപ്പെടുന്നത്. അഞ്ചു തരം ഇലകളാണ് ഇതില്‍ പ്രധാനമായി ഉപയോഗിക്കുന്നത്.

To advertise here,

ചേരുവകള്‍

തഴുതാമയില- കാല്‍ കപ്പ് 

പനിക്കൂര്‍ക്ക ഇല- കാല്‍ കപ്പ്

മുള്ളന്‍ ചീരയില - കാല്‍ കപ്പ്

ചെറൂള - കാല്‍ കപ്പ്

കറുക - കാല്‍ കപ്പ് 

ശര്‍ക്കരപാനി - രണ്ട് ഗ്ലാസ്

കുതിര്‍ത്ത നുറുക്ക് ഗോതമ്പ് - മൂന്ന് ടേബിള്‍ സ്പൂണ്‍ 

തേങ്ങയുടെ രണ്ടാം പാല്‍ -നാല് ഗ്ലാസ്

തേങ്ങയുടെ ഒന്നാം പാല്‍ - രണ്ട് ഗ്ലാസ്

ഏലക്ക -3

കശുവണ്ടി, ബദാം - രണ്ട് ടേബിള്‍ സ്പൂണ്‍ (കുതിര്‍ത്ത് അരച്ചെടുത്തത്)

നെയ്യ് - 25 ഗ്രാം

കശുവണ്ടി, കിസ്മിസ് - 10 എണ്ണം


തയാറാക്കുന്ന വിധം

ആദ്യം ഈ അഞ്ച് ഇലകളും ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. ശേഷം ഒരു അരിപ്പയില്‍ ഒഴിച്ച് നന്നായി അരിച്ചെടുക്കുക. ചുവട് കട്ടിയുള്ള ഒരു പാത്രം എടുത്ത് അല്‍പ്പം നെയ്യ് ഒഴിച്ച ശേഷം ഇലകള്‍ അരച്ച വെള്ളം ഒഴിച്ച് തിളപ്പിച്ചെടുക്കുക.

തിളച്ച് വരുമ്പോള്‍ ഇതിലേക്ക് നുറുക്ക് ഗോതമ്പ് ചേര്‍ത്ത് വേവിക്കാം. ഗോതമ്പ് വെന്ത് വെള്ളം പറ്റുമ്പോഴേക്കും ഇതിലേക്ക് ശര്‍ക്കരപാനി ചേര്‍ക്കണം. ഇവ തിളച്ച് വരുമ്പോള്‍ രണ്ടാം പാല്‍ ചേര്‍ക്കണം. തേങ്ങാ പാല്‍ കുറുകി വരുമ്പോള്‍ ഇതിലേക്ക് അരച്ച് വെച്ച കശുവണ്ടി ബദാം എന്നിവ ചേര്‍ക്കാം. 

തേങ്ങാ പാല്‍ വറ്റി പകുതി ആകുമ്പോള്‍ ഏലക്ക പൊടി ചേര്‍ത്ത് തീ അണയ്ക്കാം. ശേഷം ഒന്നാം പാല്‍ ചേര്‍ത്ത് ഇളക്കിയ ശേഷം കുറച്ച് സമയം അടച്ച് വെക്കുക. വിളമ്പുന്നതിന് മുന്‍പ് നെയ്യില്‍ വറുത്ത കശുവണ്ടിയും കിസ്മിസും മുകളിട്ട് അലങ്കരിക്കാം.