ര്‍ക്കടകമഴ പെയ്യുന്നത് മലയാളിയുടെ ഹൃദയഭൂമികയിലേക്കാണ്. മഴയുടെ ഓണക്കാലമാകുന്നു മലയാളിക്ക് കര്‍ക്കടകം. കര്‍ക്കടകത്തില്‍ ചികിത്സയ്ക്ക് വരുന്നവരുമായി സംവദിക്കുമ്പോള്‍ മനസ്സില്‍ ഊറിക്കൂടുന്ന തോന്നലാണിത്.

To advertise here,

'കര്‍ക്കടകത്തില്‍ ഇവിടെവന്നു താമസിക്കുമ്പോള്‍ മറ്റെവിടെയും ലഭിക്കാത്ത ഒരു ആത്മീയശാന്തി അനുഭവിക്കാനാകുന്നു. അവിടവിടെയായി എരിയുന്ന എണ്ണവിളക്കുകളില്‍നിന്ന് ഉയരുന്ന ഗന്ധം ഗൃഹാതുരത്വം ഉണര്‍ത്തുന്നു'

-ഇങ്ങനെ ഒരു കുറിപ്പ് വര്‍ഷങ്ങള്‍ക്കുമുന്‍പ് എഴുതിത്തന്നത് ഡോ. മനോഹര്‍ലാല്‍ എന്ന സസ്യശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. പക്ഷേ, ആ രാമായണാക്ഷരങ്ങള്‍ ഇപ്പോഴും പ്രസക്തമായി നില്‍ക്കുന്നു.

സങ്കല്പത്തിലുള്ള കര്‍ക്കടകമഴയാണ് മുറ്റത്ത് പെയ്യുന്നത്. മിഥുനത്തിലേ മഴ എത്തിയതും ആഹ്ളാദമുണ്ടാക്കുന്നു. പ്രകൃതിയുടെ മണ്‍സൂണ്‍ സൗന്ദര്യം ആയുര്‍വേദ ചികിത്സയുടെ മാറ്റുകൂട്ടുന്നു.

ദശപുഷ്പങ്ങള്‍ (മുക്കുറ്റി, കറുക, പൂവാംകുറുന്നില, ഉഴിഞ്ഞ, നിലപ്പന, കയ്യോന്നി, ചെറൂള, തിരുതാളി, മുയല്‍ച്ചെവി, വിഷ്ണുക്രാന്തി) എല്ലാം നിരത്തിവെച്ചുനോക്കൂ-അധികവും ഇലകളാണ്. ഇലകളില്‍പ്പോലും പുഷ്പസൗന്ദര്യം കാണാനാകുന്നത് ആത്മീയതയുടെ അടയാളമാണ്.

'ആയുർജീവനം' എല്ലാ ഭാഗങ്ങളും വായിക്കാം 

കര്‍ക്കടകമാസത്തില്‍ പത്തിലകള്‍ (നെയ്യുറുണ്ണി, താള്, തകര, തഴുതാമ, കുമ്പളം, മത്തന്‍, വെള്ളരി, ആനക്കൊടിത്തൂവ, ചീര, ചേന) ഭക്ഷണമാക്കണമെന്നാണ് കേരളീയ പാരമ്പര്യം സൂചിപ്പിക്കുന്നത്. ഇലകളുടെ പോഷകസമൃദ്ധി സ്വാംശീകരിക്കുക എന്നതാണ് സന്ദേശം.

കര്‍ക്കടകമാസത്തിലെ ഓരോ ചര്യയും ദീര്‍ഘാരോഗ്യത്തിലേക്കുള്ള ചുവടുകളാകുന്നു. ശാരീരികവും മാനസികവും ആത്മീയവും ആയ സന്തുഷ്ടിയും സംതൃപ്തിയും ഉള്‍ക്കൊള്ളുന്ന ആരോഗ്യത്തിലേക്കുള്ള പടവുകള്‍.

(കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ട്രസ്റ്റിയും അഡീഷണൽ ചീഫ് ഫിസിഷ്യനുമാണ് ലേഖകൻ)