മുള്ളേരിയ: കർക്കടകം പിറന്നതോടെ മലയോരത്തെ വീടുകളിൽ ഇലക്കറികൾ സജീവമായി. പണ്ട് വ്യാപകമായി കറികൾ വെച്ചതും പിന്നീട് താത്പര്യം കുറഞ്ഞതുമായ ഇലക്കറികളാണ് വീണ്ടും പ്രാധാന്യത്തോടെ തീൻമേശയിൽ വരുന്നത്. പഴയതുപോലെ പത്തിലകളിൽ മാത്രം ഒതുങ്ങാതെ ഭക്ഷണയോഗ്യമായ പല ഇലകളും കണ്ടത്തി കറികളും അപ്പങ്ങളും ഉണ്ടാക്കുന്നുണ്ട്. പുതുതലമുറയ്ക്ക് ഇലക്കറികളുടെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കാനും ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ ഇലക്കറികൾ പരീക്ഷിച്ച് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കാറുമുണ്ടെന്ന് വീട്ടമ്മയായ അഗൽപ്പാടിയിലെ ദിവ്യ, മുള്ളേരിയയിലെ എൻ. ഭാസ്വിത, കാറഡുക്കയിലെ എ. സൗമ്യ തുടങ്ങിയവർ പറഞ്ഞു.

To advertise here,

ആഹാരത്തിൽ ഇലക്കറികൾ നിർബന്ധമായും ഉൾപ്പെടുത്തണം. ഫാസ്റ്റ് ഫുഡും ജങ്ക്ഫുഡുമൊക്കെ ശീലമായി മാറിക്കഴിഞ്ഞ ഇന്നത്തെ കാലത്ത് ഏറെ പ്രസക്തമാണ്‌ കർക്കടത്തിൽ വെക്കുന്ന ഇലക്കറികളെന്ന് കയംപാടിയിലെ പ്രതിഭ ഭട്ട് പറഞ്ഞു. മുൻപ്‌ ചക്കയും ഇലകളും ഉപയോഗിച്ചുള്ള 30-ഓളം വിവിധ ഭക്ഷണ പദാർഥങ്ങൾ ഉണ്ടാക്കുമായിരുന്നു. പുതുതലമുറയ്ക്ക് നാടൻ ഇലക്കറികളോട് താത്പര്യം കുറഞ്ഞതോടെ പലർക്കും മറന്നുപോയ ശീലമാണ് ഇപ്പോൾ പല വീട്ടമ്മമാരും വീണ്ടെടുക്കുന്നത്.

സോഷ്യൽമീഡിയയിലുടെ പാചകരീതികൾ കൈമാറുന്നുമുണ്ട്. കർക്കടകത്തിൽ പത്തിലകൾ കഴിക്കണം എന്നാണ് പഴമക്കാർ പറയുന്നത്. ദിവസവും കഴിക്കുന്ന ആഹാരത്തിൽ ഇലക്കറികൾക്ക്‌ വേണ്ടത്ര പ്രാധാന്യം കൊടുത്താൽ ഒഴിവാക്കാവുന്നവയാണ്‌ പല ജീവിതശൈലീരോഗങ്ങളും.

പ്രാദേശികമായി ചില വ്യത്യാസങ്ങൾ ഉണ്ടെങ്കിലും സാധാരണയായി കറിവെക്കാനായി ഉപയോഗിച്ചുവരുന്നത് കുമ്പളം, മത്തൻ, താള്, തകര, ചേമ്പ്, ചീര, തഴുതാമ, കീഴാർനെല്ലി, മുക്കുറ്റി, ആനക്കൊടിത്തൂവ, പയർ, വള്ളിച്ചീര എന്നിവയുടൊക്കെ തളിരിലകളാണ് ഉപയോഗിക്കുന്നത്. കർണാടക അതിർത്തിയോട് ചേർന്ന ഗ്രാമങ്ങളിലെ വീടുകളിലെല്ലാം പത്രവട എന്ന താൾ ഇലയപ്പം ഉണ്ടാക്കാറുണ്ട്.

കഴുകി വൃത്തിയാക്കി താൾ ഇല, പച്ചരി, കടല എന്നിവയൊക്കെ ഉപയോഗിച്ചാണ് അപ്പം ഉണ്ടാക്കുന്നത്. ചെർക്കള ജാൽസൂർ പാതയരികിൽ തകര വ്യാപകമായി വളരുന്നതിനാൽ ദൂരെനിന്നുവരെ ആൾക്കാർ വാഹനത്തിൽ വന്ന് കറിവെക്കാനായി പറിച്ച് കൊണ്ടുപോകാറുണ്ട്.