
മഴയാണ് പുറത്ത്, തണുപ്പുമുണ്ട്. ഈ തണുപ്പിനെയും ഇരുട്ടിനെയും അകറ്റാൻ അഗ്നി വേണം. അരണി കടയുമ്പോഴാണ് അഗ്നിയുണ്ടാകുന്നത്. അരണി കടയലാണ് ഒരുനിലയ്ക്ക് വൈദ്യം. പ്രാണന് തെളിച്ചംനൽകി അമൃതാവസ്ഥയിൽ നിലനിർത്താനുള്ള യജ്ഞം. ഈ പൊരുളിന്റെ അർഥവും വ്യാപ്തിയും കർക്കടകചികിത്സയിൽ പ്രതിഫലിക്കുന്നതു കാണാം.
ഒരുദാഹരണം പറയാം. എണ്ണപുരട്ടിയുള്ള തടവൽ. നമുക്കറിയാം, അഗ്നിയെ ജ്വലിപ്പിക്കാനുള്ള കഴിവ് എണ്ണയ്ക്കുണ്ടെന്ന്. എണ്ണപുരട്ടുന്നത് ചർമത്തിലാണ്. ചർമത്തിന് തിളക്കവും ആരോഗ്യവും നൽകുന്നത് ഭ്രാജകപിത്തം എന്നറിയപ്പെടുന്ന അഗ്നിരൂപമാകുന്നു. ശരീരത്തിലെ ഏറ്റവും വലിയ അവയവമത്രേ ചർമം.അതുകൊണ്ടുതന്നെ ജൈവശരീരത്തിലെ മറ്റവയവങ്ങളുമായി ഇതിനു ബന്ധമുണ്ടായേ തീരൂ.
തടവൽ എന്നാൽ ഘർഷണമാകുന്നു. ഒരുതരം ഉരസൽതന്നെ. ജീവതന്തുക്കൾ ഈ ചൂടേറ്റ് ക്രിയാത്മകമാകുന്നു.
സൂക്ഷ്മതലത്തിൽ ആലോചിച്ചാൽ എണ്ണപുരട്ടുന്നതിന്റെയും തടവുന്നതിന്റെയും പിന്നിൽ അഗ്നിജ്വലനം നടക്കുന്നുണ്ട്. ദേഹാവസ്ഥ അനുസരിച്ച് ഉചിതമായ തൈലം നിർദേശിക്കാനുള്ള ചുമതല വൈദ്യനാകുന്നു. ഔഷധപാകങ്ങൾ അറിയാൻ പരിശീലനംസിദ്ധിച്ച വിദഗ്ധൻ. തൈലത്തിന്റെ ഉപയോഗം പല പ്രകാരത്തിലാണ്. അകത്തേയ്ക്കു സേവിപ്പാനും പുറമേ പുരട്ടാനും നസ്യം ചെയ്യുന്നതിനും (മൂക്കിലൂടെയുള്ള ഔഷധപ്രയോഗം), വസ്തി ചെയ്യുന്നതിനും (enema) ഇങ്ങനെ നാലുവിധത്തിലാണ് തൈലത്തിന്റെ പ്രയോഗം.
'ആയുർജീവനം' എല്ലാ ഭാഗങ്ങളും വായിക്കാം
ഉപയോഗരീതി അനുസരിച്ചാണ് തൈലത്തിന്റെ മൂപ്പ് നിശ്ചയിക്കുന്നത്. മണൽപാകം, മെഴുകുപാകം മുതലായ പേരുകളിലാണ് ഇതറിയപ്പെടുന്നത്. ഉദാഹരണമായി ധാന്വന്തരം കുഴമ്പ് മണൽപാകത്തിലും അണുതൈലം മെഴുകുപാകത്തിലുമാണ് അരിച്ചെടുക്കുക. ഔഷധങ്ങളുടെ പ്രയോഗത്തിലെന്നപോലെ നിർമാണത്തിലും അതീവശ്രദ്ധ ആവശ്യമാണെന്നു ചുരുക്കം.
(കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ട്രസ്റ്റിയും അഡീഷണൽ ചീഫ് ഫിസിഷ്യനുമാണ് ലേഖകൻ)
Content Highlights: Ayurjeevanam by Dr. K Muraleedharan | Part 1
Published: 17 Jul 2025, 06:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented