നിഷ്‌കളങ്കമായ മന്ദസ്മിതത്തോടെ ഡോ. പി.കെ. വാരിയർസർ തന്റെ കൈനഖങ്ങൾ കാണിച്ചുപറഞ്ഞു: 'നോക്കൂ, എന്റെ നഖങ്ങൾക്ക് വന്ന മാറ്റം, അതൊക്കെ പൊട്ടിക്കീറാൻ തുടങ്ങിയിരുന്നു. ഇപ്പോൾ കുറേക്കൂടി ഹെൽത്തി ആയിരിക്കുന്നു, ഇല്ലേ? കാരണമറിയണോ? ഞാൻ കുറച്ച് ആഴ്ചകളായി കുറുന്തോട്ടിപ്പൊടി കഴിക്കുന്നുണ്ട്'

To advertise here,

ഞങ്ങൾക്ക് മനസ്സിലായി, അദ്ദേഹം വലിയൊരു ആയുർവേദപാഠം വിശദീകരിക്കുകയാണ്. കുറുന്തോട്ടി ആയുർവേദത്തിൽ ബലയാണ്.

ഗർഭിണികൾ കുറുന്തോട്ടി ചേരുന്ന പാൽക്കഷായം കഴിച്ചാൽ ഗർഭസ്ഥശിശുവിന് ആരോഗ്യപൂർണമായ വളർച്ചയുണ്ടാകും. ഭ്രൂണകോശങ്ങളുടെ ഉത്തമ രൂപത്തിലുള്ള പരിണാമങ്ങൾക്ക് കുറുന്തോട്ടിയുടെ ഉപയോഗം സഹായകമാകുന്നു. ഇതുപോലെ, അസ്ഥി,നഖം, മുടി മുതലായവയുടെ ഗുണപരമായ വർധനയ്ക്ക് കുറുന്തോട്ടി സഹായിക്കുന്നു.

മസ്തിഷ്‌കവും സുഷുമ്‌നയും ഉൾപ്പെടുന്ന നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങൾ, പ്രത്യേകിച്ച് നാഡീകോശങ്ങൾക്ക് ജീർണത സംഭവിച്ചുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയിൽ കുറുന്തോട്ടിക്കു സ്ഥാനമുണ്ട്. ഇത്തരം രോഗങ്ങളുടെ സാമാന്യനാമമാണ് വാതവ്യാധി എന്നത്. 'കുറുന്തോട്ടിക്ക് വാതമോ' എന്ന നാട്ടുമൊഴി ഉണ്ടായതുപോലും അനുഭവസ്ഥരുടെ നാവിൽ നിന്നാകാം.

കുറുന്തോട്ടി ചേരുന്ന ആയുർവേദ മരുന്നുകൾ എണ്ണമറ്റവയാണ് -ക്ഷീരബല ആവർത്തിച്ചത്, ബലാരിഷ്ടം, ബലാഗുളൂച്യാദി തൈലം എന്നിങ്ങനെ. കർക്കടകത്തിൽ കുറുന്തോട്ടി ചേരുന്ന മരുന്നുകൾക്ക് പ്രസക്തി കൂടുതലാണ്. ശൈത്യവും ഈർപ്പവുംകാരണം അനുഭവപ്പെടുന്ന തരിപ്പ്, കടച്ചിൽ, വേദന എന്നിവയ്ക്ക് പരമ്പരാഗതമായി കേരളീയർ ഉപയോഗിച്ചുവരുന്ന പല മരുന്നുകളിലും കുറുന്തോട്ടി ഉണ്ട്.

'ആയുർജീവനം' എല്ലാ ഭാഗങ്ങളും വായിക്കാം 

ശിരോരോഗങ്ങളിൽ കുറുന്തോട്ടിക്കഷായവും പാലും ചേർത്ത് ധാരചെയ്യാറുണ്ട്. ഇതുപോലെ കുറുന്തോട്ടിപ്പൊടി വെണ്ണയും പാലും ചേർത്തു യോജിപ്പിച്ച് ലേപനമാക്കി തല പൊതിയുന്നു. ഫലസിദ്ധി ഏറെയുള്ള ഇത്തരം പ്രയോഗങ്ങൾ കണ്ടെത്തിയതും വികസിപ്പിച്ചതും മലയാളി വൈദ്യന്മാരാണ്.

കേരളത്തിൽ ആയുർവേദ പാരമ്പര്യത്തിന് മഹിമ വർധിച്ചത് ചികിത്സയുടെ ഫലസിദ്ധി കൊണ്ടും മലയാളികൾക്ക് ആയുർവേദത്തിലുള്ള വിശ്വാസംകൊണ്ടുമാണ്. പഴയകാലത്ത് കർക്കടകം ഒരു കുറുന്തോട്ടി മാസം കൂടിയായിരുന്നു.

(കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ട്രസ്റ്റിയും അഡീഷണൽ ചീഫ് ഫിസിഷ്യനുമാണ് ലേഖകൻ)