കൊച്ചി: മാന്ത്രികവടി പോലെ ആയ്‌നയുടെ വിരലുകളുടെ സ്പർശമേറ്റപ്പോൾ കുപ്പിതുറന്നുവിട്ട ഭൂതംപോലെ ആ ഭ്രമലോകത്തേക്ക് ഉയർന്ന സംഗീതത്തിന്റെ പുകച്ചുരുളുകൾ. ആ നേരത്ത് ആയ്‌നയുടെ ബൂട്ടിട്ട പാദങ്ങൾ ദ്രുതചലനങ്ങളുടെ രേഖാചിത്രങ്ങൾ വരയ്ക്കുമ്പോൾ ഉച്ചവെയിലിൽ ഓരോ ആസ്വാദകനും തിളച്ചുമറിയുന്ന ലാവ ഒളിപ്പിച്ച അഗ്നിപർവതങ്ങളായി. ഓരോ ഉടലും ഇളകിയാട്ടങ്ങളുടെ നേർച്ചിത്രങ്ങളായ നേരത്ത് കൊച്ചിയുടെ കൊട്ടാരമുറ്റം വാൻഗോഗിന്റെ ഒരു കാൻവാസ് പോലെ തോന്നി. നൃത്തച്ചുവടുകളുടെയും സംഗീതമധുരത്തിന്റെയും നിറങ്ങൾ വാരിയെറിഞ്ഞ് ആ കാൻവാസിൽ വരച്ച ചിത്രത്തിന് ആഹ്ലാദാരവങ്ങളോടെ അവരെല്ലാം ചേർന്ന് ഒരു കാപ്ഷൻ നൽകി...”മാതൃഭൂമി കപ്പ കൾച്ചർ, ദി ഇലക്‌ട്രിക് വൈബ്.”
ഒരുവർഷം മുൻപ് കൊച്ചിയുടെ കൊട്ടാരമുറ്റമായ ബോൾഗാട്ടിയിൽ അരങ്ങേറിയ ആ രാപകലുകൾ കലാസ്വാദകർ എങ്ങനെ മറക്കാനാണ്. ‘മാതൃഭൂമി’ അവതരിപ്പിക്കുന്ന കപ്പ കൾച്ചർ കൊച്ചിയിൽ വീണ്ടുമെത്തുമ്പോൾ ഓർമ്മകളുടെ ആവേശത്തിരകളിലാണ് ആരാധകരെല്ലാം. ഡിസ്കോ, ഇലക്‌ട്രോ, ബ്രേക്കുകൾ തുടങ്ങിയ സങ്കേതങ്ങളിലൂടെ സംഗീതത്തിന്റെ കടലാഴങ്ങൾ തീർത്ത ആയ്‌നയെപ്പോലെ എത്രയോ കലാകാരൻമാരാണ് കൾച്ചറിന്റെ കഴിഞ്ഞ എഡിഷനിൽ കൊച്ചിയിലെത്തിയത്. ഇത്തവണ കൾച്ചറിന്റെ പുതിയ എഡിഷൻ വരുമ്പോഴും അവർ കടലോളം പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം ഒന്നുമാത്രം, കൾച്ചറിന്റെ ആവശകരമായ ചരിത്രം.
ചിൽ ആൻഡ് ത്രിൽ
കലയും സംഗീതവും ഫാഷനും ഫുഡും സാഹസികതയുമെല്ലാം സമന്വയിക്കുന്ന മാതൃഭൂമി കപ്പ കൾച്ചറിന് എന്നും എപ്പോഴും ചേരുന്ന ഒരു കാപ്ഷനേയുള്ളൂ... ചിൽ ആൻഡ് ത്രിൽ. കൾച്ചറിന്റെ മൂന്നാം എഡിഷന് അണിയറയിൽ ഒരുക്കങ്ങളാകുമ്പോഴും ആ കാപ്ഷന് മാറ്റമില്ല. മുൻ വർഷങ്ങളിൽ അനുഭവിച്ചതിനേക്കാൾ ചില്ലും ത്രില്ലും നിറഞ്ഞൊരു ലോകമാകും ഇത്തവണ കൺമുന്നിൽ തെളിയുന്നതെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് കൾച്ചറിന്റെ മൂന്നാം എഡിഷനിലെ പ്രോഗ്രാം ഷെഡ്യൂൾ. ആദ്യ എഡിഷനുകളിൽ അണിനിരത്തിയ കലാകാരന്മാരുടെ മിശ്രണത്തെക്കുറിച്ചുള്ള മികച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തവണത്തെ ലൈനപ്പ് വരുന്നത്. ഒരു മനുഷ്യന്റെ സർവേന്ദ്രീയങ്ങളെയും തൊട്ടുണർത്തുന്ന അനുഭവമാകുമെന്ന് ഉറപ്പിക്കുന്നതാണ് കൾച്ചറിൽ അണിനിരക്കുന്ന കലാകാരൻമാരുടെ വൈവിധ്യമാർന്ന നിര. സംഗീതത്തിന്റെ എല്ലാ തലങ്ങളെയും കോർത്തിണക്കി ദേശീയ - അന്താരാഷ്ട്ര തലത്തിലുള്ള ഒട്ടേറെ കലാകാരൻമാരാണ് കൾച്ചറിന്റെ ഭാഗമാകാൻ ഇത്തവണയും കൊച്ചിയിലേക്ക് പറന്നെത്തുന്നത്.
കവിതപോലെ സുന്ദരം
സുന്ദരമായൊരു കവിതപോലെയുള്ള അനുഭവമായിട്ടാകും ഓരോ ആസ്വാദകന്റെയും മുന്നിൽ ഇത്തവണയും കൾച്ചർ ഇതൾ വിരിയുന്നത്. സുന്ദരമായൊരു പ്രഭാതംപോലെ വിടർന്ന്, ആവേശത്തിന്റെ മധ്യാഹ്നമായി ജ്വലിച്ച്, രാവിന്റെ നിലാവെട്ടവും നുകർന്നുപൊഴിയുന്ന കലയുടെ ഭ്രമലോകം. സ്വപ്നങ്ങളുടെ തീരംപോലെയുള്ള ആ സുന്ദരലോകത്തേക്കെത്താൻ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ആയിരക്കണക്കിന് ആസ്വാദകരാണ്.
സംഗീതത്തിന്റെയും ആഘോഷത്തിന്റെയും ലഹരിമാത്രം നിറയുന്ന മൂന്നു രാപകലുകൾ. കലാസ്വാദകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കൾച്ചറിലെ ഓരോ ഇവന്റും വിസ്മയാനുഭവമായാണ് ഇത്തവണയും ഒരുക്കുന്നത്. കൂടുതൽ സംഗീതം, കൂടുതൽ കല, കൂടുതൽ ഭക്ഷണം, കൂടുതൽ ത്രിൽ, കൂടുതൽ ആവേശം എന്നിങ്ങനെ എല്ലാം കൂടുതലായിത്തന്നെയാകും കൾച്ചറിൽ ഇതൾവിരിയുന്നത്.
പ്രീ-ഇവന്റ് പാർട്ടി ഇന്ന്
ത്രില്ലും ചില്ലും കൈയൊപ്പിടുന്ന കപ്പ കൾച്ചറിന്റെ ന്യൂ എഡിഷൻ വരവറിയിച്ച് ഇത്തവണ പ്രീ-പാർട്ടി ഇവന്റുമുണ്ട്. ശനിയാഴ്ച വില്ലിങ്ടൺ ഐലൻഡിലെ കാസിനോ ഹോട്ടലിൽ വൈകുന്നേരം അഞ്ചുമണി മുതലാണ് പ്രീ-ഇവന്റ് പാർട്ടി. നൃത്തത്തിന്റെയും സംഗീതത്തിന്റെയും ലഹരി സിരകളിൽ നിറയ്ക്കുന്ന പ്രീ -ഇവന്റ് പാർട്ടിയിൽ ആഷ് റോയ്, ഡി.ജെ. ഡോൺ, ക്ലാംഗനോയ്ഡ് തുടങ്ങിയവരാണ് അണിനിരക്കുന്നത്. വൈവിധ്യത്തിലും അതുല്യതയിലും ശ്രദ്ധകേന്ദ്രീകരിച്ചാണ് ഈ വർഷവും കൾച്ചർ വികസിക്കുന്നത്. അതിന്റെ കേളികൊട്ടുതന്നെയാകും ശനിയാഴ്ച നടക്കുന്ന പ്രീ-ഇവന്റ് പാർട്ടി എന്ന് അടിവരയിടുന്നതാണ് അതിൽ അണിനിരക്കുന്ന കലാകാരൻമാരുടെ ലൈനപ്പ്.
Content Highlights: Mathrubhumi Kappa Culture returns to Kochi with its much-awaited third edition, promising a high-energy blend of music, art, fashion, food, and adventure.
Published: 07 Feb 2026, 08:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented