
പായുമൊലി നീയെനക്ക്.
പാര്‍ക്കുംവഴി നാന്‍ ഉനക്ക്..
കണ്ണകീ...കണ്ണകീ...
അങ്ങ് ദൂരെ നിന്ന് കേട്ടവര്‍ ചോദിച്ചു. ആരാണ് ഇത്ര ആര്‍ദ്രമായി തമിഴിന്റെ തെളിമയില്‍, പ്രേമാര്‍ദ്രമായി പാടുന്നത്. അടുത്തുവന്നപ്പോള്‍ കണ്ടത് ഇതേവരെ പരിചയപ്പെടാത്ത ഉപകരണങ്ങള്‍ മുഴക്കുന്ന സംഗീതം. അവയുടെ പേരെന്ത്, ഈ പാടുന്നവര്‍ ആരാണ്. ബോള്‍ഗാട്ടിയില്‍ കപ്പ കള്‍ച്ചറിന്റെ പകല്‍ ഈ സംഘത്തിന്റേതായിരുന്നു, ഉറുപ്പാണര്‍ പാട്ടുകൂട്ടത്തിന്റെ.
കണ്ണമ്മയോടുള്ള പ്രണയം പറഞ്ഞത് സാക്ഷാല്‍ ഭാരതിയാറിന്റെ വരികളാണ്. അത് എഴുത്താളുകളോടുള്ള ഇവരുടെ പ്രണാമമാണ്. മറ്റുള്ളവ എഴുതിയത് ശിവ, തരുണ്‍, പ്രവേഖാ... ഇവര്‍ പാട്ടുകാരും എഴുത്തുകാരുമാണ്.
വാനമെല്ലാം മൂടിപ്പോകെ
വാനംപാത്ത് ഭൂമിക്ക്താ...
വന്ദേനേ എന്ന ഈ ഗാനം സൂര്യന്‍ ഈ ഭൂമിയെ സ്വാഗതം ചെയ്യുന്നു എന്ന ആശയത്തിലുള്ളതാണ്. ഇതായിരുന്നു തുടക്കം. എഴുതിയത് ശിവ. പിന്നെ മറ്റൊരു ഭൂവിസ്മയത്തിലേക്കുള്ള വഴി. കാട്. അതിലേക്കുള്ള യാത്ര.
കാട്ടുക്കുള്ളേ കാട്ടുക്കുള്ളേ
നാന്‍ നടക്കേന്‍ നാന്‍ നടക്കേന്‍...
രചന പ്രവേഖ...
എന്നവളേ എന്ന മനോഹരഗാനത്തിന്റെ ആത്മാവ് വീണ്ടും മടങ്ങിവരും പോലെ...മതിമറന്നവര്‍ക്ക് വിരുന്ന് ബാക്കിയായിരുന്നു.
സെങ്കോട്ടുയാള്‍
14 തന്ത്രികളുള്ള സെങ്കോട്ടുയാള്‍ എന്ന വാദ്യമാണ് വിസ്മയിപ്പിച്ചത്. മയിലിന്റെ ശിരസ്. ഉടല്‍ ഗര്‍ഭം പോലെ. തടി ചെമ്മരുതിന്റേത്. അതേ പോലൊന്ന് രൂപകല്പന ചെയ്തു. അതിന്റെ നാദം മനോഹരം. ഏഴ് തന്ത്രികളുള്ളത് സഗോഡയാള്‍. അതിന് മയിലിന്റെ തല പോലുള്ള ഭാഗമില്ല. ഒറ്റനോട്ടത്തില്‍ ഒരു കമണ്ഡലു പോലെ. സെങ്കോട്ടുയാളിന്റെ നാലെണ്ണവും ഒരു സഗോഡയാളും ചേര്‍ന്നതാണ് ബാന്‍ഡ്.
കുടമുള
അഞ്ച് മുഖമുള്ള മിഴാവ് എന്ന് വേണമെങ്കില്‍ പറയാം. ബ്രോണ്‍സും കളിമണ്ണും കൊണ്ടാണ് നിര്‍മാണം. ഒരു കുടത്തിലെ അഞ്ച് വാദ്യമുഖങ്ങളിലും കൊട്ടാം. അസാധാരണമായ മുഴക്കമാണ് ഈ വാദ്യത്തിന്.
തുടുമ്പ്, പറ
സംഘകാല കൃതികളില്‍ മൃഗങ്ങളെ പേടിപ്പിച്ച് ഓടിക്കാനും ഒഴിവുനേരം കൊട്ടാനും ഉപയോഗിച്ചിരുന്നതെന്ന് പറയുന്നതാണ് തുടുമ്പ്. തുകലാണ് വട്ടം. പറയിതിന്റെ ചെറിയ രൂപം. ശബ്ദത്തിന്റെ ഗാംഭീര്യത്തിലുള്ള വ്യത്യാസം മാത്രം.
ബാന്‍ഡിലേക്ക്
വാദ്യങ്ങളും ഉള്ള് കുളിര്‍ക്കുന്ന വരികളും അതെഴുതിയവര്‍ പാടാനും വന്നതോടെ ഉറുപ്പാണര്‍ സംഘമായി. കീര്‍ത്തിയും വിശ്വയും താളവാദ്യങ്ങളുടെ വകുപ്പിലേക്ക് വന്നു. സൂരജ് ഓടക്കുഴലുകളും ഇളയ ഗിറ്റാറും കൈകാര്യം ചെയ്തു. പഴയ കാലവാദ്യങ്ങള്‍ക്കൊപ്പം ഗിറ്റാര്‍ മാത്രമാണ് പുതുതലമുറക്കാരന്‍.
പാട്ടുപാടി പോകുന്നതിന് പകരം ചോദ്യം ഉത്തരമായി തുടങ്ങുന്ന നമ്പരുകള്‍ ജനത്തെ കൈയിലെടുത്തു. ശിവയും പ്രവേഖയും നായകരെപ്പോലെ കരയും ചിരിക്കും കഥപറയും. സംഘത്തെ യോജിപ്പിച്ച് കൊണ്ടുപോകാന്‍ ഒരു ഇന്ദിരാ പ്രിയദര്‍ശിനിയും. അര്‍ക്കിയോളജിസ്റ്റാണ് ഇന്ദിര. പാട്ടേത് എന്ന് ചോദിച്ചപ്പോള്‍ ഇന്ദിര ഒരു കട്ടിപ്പേപ്പറുകളുടെ കെട്ട് തുറന്നു. അച്ചടിച്ച തമിഴ് വരികള്‍ ഇംഗ്ലീഷ് അര്‍ഥം. വെറുതേ ഒരു പാട്ടുകൂട്ടമല്ല ഇവര്‍.
എവിടെ നിന്ന് ഈ അറിയാവാദ്യങ്ങള്‍
ഈ സംഘത്തിലെ മൂന്നുപേര്‍ ആര്‍ക്കിടെക്റ്റുകളാണ്. ശിവ,തരുണ്‍,പ്രവേഖ. പ്രൊഫഷനിലാണ് ഇവരുടെ കണ്ടുമുട്ടല്‍.കോളേജ്കാലത്ത് ശിവയും പ്രവേഖയും ചേര്‍ന്നൊരു ബാന്‍ഡൊരുക്കി. പേര് ഒത്തസെവര്(ഒറ്റച്ചുമര്‍).പാട്ടുകളുടെ പുതുമ തേടിയാണ് സഞ്ചാരം. ചരിത്രവഴികളില്‍ പഠനം നടത്തുന്ന തരുണിനോട് ചില പുതിയ വാദ്യങ്ങള്‍ വേണമെന്നായി. സംഘകാലകൃതികളിലേക്കായി വായന. അതിലെ സംഗീതം, ഉപകരണം എന്നിവ എന്താണ്. നിര്‍മിച്ചത് എങ്ങനെ. മ്യൂസിയങ്ങളിലൂടെ പോയിട്ട് ഒരു കാര്യവുമില്ല.ഒന്നും കിട്ടാനില്ല. 800 ബി.സിയിലെ സംഗീതം സംഘകാലകൃതികള്‍ പറയുന്നത് എഴുതിവെച്ചു.
Content Highlights: urupaanar music band story
Published: 11 Mar 2024, 09:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented