കൊച്ചി: 17-ാമത് വൗ അവാർഡ്‌സ് ഏഷ്യ ഫെസ്റ്റിവൽ ഓഫ് ദി ഇയർ സിൽവർ അവാർഡ് കരസ്ഥമാക്കി മാതൃഭൂമി കപ്പ കൾച്ചർ. മ്യൂസിക് കാറ്റഗറിയിൽ 10,000-ലേറെപ്പേർ പങ്കെടുത്ത പരിപാടികളിലാണ് കപ്പ കൾച്ചർ സിൽവർ അവാർഡിന് അർഹമായത്. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ, മാതൃഭൂമി മീഡിയ സൊല്യൂഷൻസ് (പ്രിന്റ്) സീനിയർ വൈസ് പ്രസിഡന്റ് അനൂപ് മാത്യു പുരസ്‌കാരം ഏറ്റുവാങ്ങി.

To advertise here,

106 വിഭാഗങ്ങളിലാണ് ഇത്തവണ വൗ അവാർഡ്‌സ് സമ്മാനിച്ചത്. 100-ലേറെ പ്രമുഖരടങ്ങുന്ന ജൂറിയാണ് അവാർഡിന് അർഹരായവരെ തിരഞ്ഞെടുത്തത്.

'വൗ അവാർഡ്‌സ് ഏഷ്യയിൽ സിൽവർ അവാർഡ് നേടാനായത് കപ്പ കൾച്ചർ ടീമിനാകെ അഭിമാനകരമാണ്. കേവലം ലോകോത്തര സംഗീതാനുഭവം സമ്മാനിക്കുന്നതിനപ്പുറം, പ്രേക്ഷകരുമായി സംവദിക്കുന്നതിനും കേരളത്തെ ലൈവ് വിനോദത്തിന്റെ ഡെസ്റ്റിനേഷനായി അവതരിപ്പിക്കുന്ന പൂർണമായ ഫെസ്റ്റിവൽ അനുഭവം സൃഷ്ടിക്കുന്നതിനുള്ള പ്രതിബദ്ധതയ്ക്കുള്ള അംഗീകാരം കൂടിയാണിത്. ഞങ്ങളെ പിന്തുണയ്ക്കുന്ന ക്യുറേറ്റർമാർ, പാർട്ണർമാർ, കലാകാരന്മാർ, മറ്റു പങ്കാളികൾ തുടങ്ങി എല്ലാവർക്കും അംഗീകാരം സമർപ്പിക്കുന്നു. വരുംവർഷങ്ങളിൽ ഇതിലും മികച്ച അനുഭവങ്ങൾ സമ്മാനിക്കാനും നിലവാരം ഉയർത്താനും നേട്ടം ഞങ്ങൾക്ക് പ്രചോദനമേകുന്നു', ഫെസ്റ്റിവൽ ഫൗണ്ടറും മാതൃഭൂമി ഡയറക്ടറു(ഡിജിറ്റൽ ബിസിനസ്)മായ മയൂര ശ്രേയാംസ്‌കുമാർ അവാർഡ് നേട്ടത്തെക്കുറിച്ച് പ്രതികരിച്ചു.

'ഞങ്ങൾക്കും കപ്പ കൾച്ചറിന്റെ ഭാഗമായ എല്ലാവർക്കും വൗ അവാർഡ്‌സ് ഏഷ്യ അംഗീകാരം വലിയ നേട്ടമാണ്. കേവലം മറ്റൊരു ഫെസ്റ്റിവൽ ആയല്ല കൾച്ചർ വിഭാവനംചെയ്തത്. സംഗീതം, കല, ഫാഷൻ എന്നിവയെ നെഞ്ചേറ്റുന്ന ഒരു സമൂഹത്തെ ഒരുമിപ്പിക്കുന്ന സംസ്‌കാരം സൃഷ്ടിക്കാനാണ് കൾച്ചർ ലക്ഷ്യമിട്ടത്. കേരളത്തിന് എപ്പോഴും അതിനുള്ള ഊർജമുണ്ടായിരുന്നു. ഫെസ്റ്റിവലിന്റെ ആത്മാവിനെ നമ്മുടെ തനിമയിൽ നിലനിർത്തിക്കൊണ്ട് ആ ഊർജത്തിന് ലോകോത്തര വേദി നൽകുക എന്നതായിരുന്നു ഞങ്ങൾക്ക് ചെയ്യാനുണ്ടായിരുന്നത്. ഇത് തുടക്കം മാത്രമാണ്. കൂടുതൽ മെച്ചപ്പെടുത്താനും ഇന്ത്യയുടെ ലൈവ് എന്റർടെയ്ൻമെന്റ് ഭൂപടത്തിൽ കേരളത്തെ ഉറപ്പിച്ചുനിർത്താനുമാണ് ഞങ്ങളുടെ ശ്രമം', ഫെസ്റ്റിവൽ ഫൗണ്ടറും മാതൃഭൂമി ഡയറക്ടറു(ഓപ്പറേഷൻസ്)മായ ദേവിക ശ്രേയാംസ്‌കുമാർ പറഞ്ഞു.