കൊച്ചി: സിനിമകളിലും വിദേശത്തും നിറയുന്ന ഗെയിമിങ് ശൈലി ഒന്നു പരീക്ഷിച്ചാലോ... മലയാളിയുടെ ‘കൾച്ചറി’ന്റെ ഭാഗമാകാത്ത ഒരു ഇവന്റിനെയാണ് ഇത്തവണ കപ്പ കൾച്ചറിലൂടെ അവതരിപ്പിക്കുന്നത്, ആർക്കേഡ് ഗെയിംസ്. ആർക്കേഡ് കൾച്ചർ വേദിയിലെത്തിയാൽ ഏതോ വിദേശരാജ്യത്തെത്തിയ അനുഭവമാണ്. കാഴ്ചയിലും കേൾവിയിലുമെല്ലാം ഇത് അനുഭവിക്കാം. ത്രില്ലടിച്ച് ചിലർ മുഷ്ടിചുരുട്ടി വായുവിൽ പഞ്ച്‌ ചെയ്യുന്നു.

To advertise here,

കുട്ടികൾക്കല്ലേ ഗെയിംസ് എന്ന ചിന്ത വേണ്ട. ആർക്കേഡ് ഗെയിംസ് കണ്ടാൽ അതിനു തെളിവുകിട്ടും. പ്രായഭേദമെന്യേ ഇവിടേക്ക് ആളുകൾ എത്തിക്കൊണ്ടേയിരിക്കുന്നു. ഗെയിംസിൽ പുലികളായവർ മുതൽ പരീക്ഷണത്തിനിറങ്ങിയവർ വരെ ഇക്കൂട്ടത്തിലുണ്ട്. ക്യൂറേറ്റർ ആദിത്യ മഹേഷാണ് ആർക്കേഡ് ഗെയിംസിന് ചുക്കാൻപിടിക്കുന്നത്.

ഫൈറ്റിങ് ഗെയിമുകൾ, അനിമേഷൻ, കോസ് പ്ലേ എന്നിവയെല്ലാം ഇവിടെയുണ്ട്. മിക്കവാറും എല്ലാ ആർക്കേഡ് വീഡിയോ ഗെയിമുകളും പരിചയസമ്പന്നരെ ലക്ഷ്യമാക്കിയാണെങ്കിലും സ്ട്രീറ്റ് ഫൈറ്റർ, സ്മാഷ് ബ്രോസ് അൾട്ടിമേറ്റ്, അണ്ടർ നൈറ്റ് ഇൻ-ബർത്ത് സിസ് സെലെസ് ഒക്കെ ആർക്കുവേണമെങ്കിലും ഒന്നു കളിക്കാം. ആർക്കേഡ് വീഡിയോ ഗെയിമുകൾ, പിൻബോൾ മെഷീനുകൾ, ഇലക്ട്രോ-മെക്കാനിക്കൽ ഗെയിമുകൾ, റിഡംപ്ഷൻ ഗെയിമുകൾ എന്നിവയുടെ പല വകഭേദങ്ങളും ഗെയിംസ് വേദിയെ വ്യത്യസ്തമാക്കുന്നു.