കൊച്ചി: പാട്ട് സഞ്ചരിക്കാത്ത വഴികളില്ല. ആ സഞ്ചാരപഥത്തിൽ അലഞ്ഞും അലിഞ്ഞും ജീവിക്കുന്ന ഹംസ റഹിംതുല നൽകിയത് സംഗീതത്തിന്റെ ആനന്ദാനുഭൂതി. നാട്ടുപാട്ടിന്റെയും ഗോത്രശബ്ദങ്ങളുടെയും ആത്മാവ് ആവാഹിച്ച ‘ഹംസഗീതങ്ങളിലൂടെ’ മാതൃഭൂമി കപ്പ കൾച്ചർ മൂന്നാം പതിപ്പിന്റെ പ്രധാനവേദി ഉണർന്നു. ഒപ്പം വിരലുകളിൽ മാന്ത്രിക താളം കൊരുത്ത് ഉന്നായനയും. വെയിൽ ചാഞ്ഞിറങ്ങിയ ആകാശത്തിനു കീഴെ ഹംസയും ഉന്നായനയും ചേർന്ന് ഇറക്കിവിട്ട സംഗീത തിരമാലയിൽ ’കൾച്ചർ പീപ്പിൾ’ മനം നിറയുംവരെ ആർത്തൊഴുകി.
ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് സിംപിളായി ട്രാക്ക് മാറുന്ന ഇലക്ട്രോണിക് മ്യൂസിക്കിന്റെ പ്രവാഹത്തെ കെട്ടിപ്പിടിച്ചു ചുവടുകൾ മാറ്റാനും ആസ്വാദകക്കൂട്ടം മറന്നില്ല. ഹൈ മൊമെന്റിൽ നിന്ന് കുത്തനെ താഴേക്കു പതിക്കുന്നതുപോലെയുള്ള ബീറ്റും സ്വസ്ഥമായി ആസ്വദിക്കാവുന്ന മ്യൂസിക്കും മാറിമാറി എത്തി. ഡെൽറ്റ ടീമിന്റെ കരവിരുതിൽ ഉയർന്ന കൾച്ചർ സ്റ്റേജിലെ താരങ്ങളായി ഹംസയും ഉന്നായനയും മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
തന്റെ ലോക യാത്രകളിലൂടെയാണ് ഡൽഹിക്കാരനായ ഹംസ റഹ്മത്തുള്ള പാട്ടിന്റെ വഴിതേടുന്നത്. ന്യൂയോർക്ക്, പാരീസ്, ബോസ്റ്റൺ, ബാലി തുടങ്ങിയ നാടുകളിലെ ജീവിതാനുഭവവും പാട്ടിൽ പ്രതിഫലിക്കുന്നുണ്ട്. രാജസ്ഥാനി ഫോക്സ്റ്റാർസുമായി ചേർന്ന് 2025-ൽ പുറത്തിറക്കിയ, 10 ട്രാക്കുകൾ ഉൾക്കൊള്ളുന്ന ഒറിജിൻസ് എന്ന ആൽബം ലോകപ്രശസ്തമാണ്. ബെംഗളൂരൂ സ്വദേശിയായ ഉന്നായന ഇലക്ട്രോണിക് മ്യൂസിക്കിലേക്ക് സൗത്ത് ഏഷ്യൻ, ആഫ്രിക്കൻ സ്വാധീനം ചേർത്താണ് ആസ്വാദകരെ ത്രസിപ്പിക്കുന്നത്.
ഇരുവരുടെയും അത്യുഗ്രൻ പെർഫോമൻസോടെയാണ് കൾച്ചർ സ്റ്റേജ് ഉണർന്നത്. ഒന്നര മണിക്കൂറോളം നീണ്ട ഹോട്ടസ്റ്റ് പെർഫോമൻസ് ബോൾഗാട്ടിയിലെ ഉത്സവത്തിന് തിരികൊളുത്തി, ഉത്സവം ഉന്മാദത്തിലെത്തി.
Content Highlights: Experience the soulful fusion of folk, tribal, and electronic music by Hamsa Rahimthula and Ujjayana at Kappa Cultr Fest.
Published: 21 Feb 2026, 09:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented