സദസ്യരോട് കഥ പറഞ്ഞ് വേദി വിട്ടിറങ്ങി. ഗ്രീൻ റൂമിനരികിൽ വെച്ചാണ് വിഷ്ണുവും ആദിയും കണ്ടുമുട്ടിയത്.മുഖത്തെഴുത്ത് മായ്കാതെ കുശലം പറഞ്ഞ് ഒരു സൗഹൃദത്തിന്റെ പാലം തീർത്തു. വരാന്തയിലെ ബെഞ്ചിൽ ചമയം മാറ്റാതെ അവർ ഇരുന്നു. കലോത്സവ വിശേഷം സംസാരിച്ചങ്ങനെ.

വിഷ്ണു: ആരാണ് ഗുരുനാഥൻ. എങ്ങനെയാണ് ഈ കലയിലേക്ക് വന്നത്?

To advertise here,

ആദി: ഞാൻ പാലക്കാട് പി.എം.ജി. എച്ച്.എസ്.എസിലാണ് പഠിക്കുന്നത്. ചാക്യാർകൂത്ത് കണ്ടിട്ടുണ്ട്. പഠിക്കണംന്ന് മോഹവുമുണ്ടായി അപ്പോഴാണ് ശ്രീരാജ് ലക്കിടി എന്ന ഗുരുവിനെ ലഭിക്കുന്നത്.അദ്ദേഹമാണ് എന്നെ പഠിപ്പിച്ചത്. ആദി കെ.ദാമോദരൻ എന്നാണ് എന്റെ ഒഫീഷ്യൽ പേര്.തവിഷ്ണുവിന്റെ വിശേഷവും പറയൂ..

വിഷ്ണു: ഞാൻ കണ്ണൂർ മയ്യിൽ സ്വദേശിയാണ്. ഐ.എം. എൻ.എസ്.ജി.എച്ച്.എസ്.എസിലാണ് പഠിക്കുന്നത്.സ്‌കൂൾ കലോത്സവത്തിന് പങ്കെടുക്കുക എന്നത് എന്റെ മോഹമായിരുന്നു. ശ്രീനാഥ് കലാമണ്ഡലം, അഭിലാഷ് കലാമണ്ഡലം എന്നീ ഗുരുക്കൻമാരെ കിട്ടിയത് ഭാഗ്യമായി. സംസ്ഥാനതല മത്സരം വരെ എത്താനായി.വിഷ്ണുനാഥ് ദിവാകരൻ എന്നാണ് എന്റെ മുഴുവൻ പേര്.

ആദി: ആക്ഷേപഹാസ്യം വേണമല്ലോ.താൻ എന്താണ്‌ചെയ്തത്.

വിഷ്ണു: ദിവസവും പത്രം വായിക്കുക. വേണ്ടതെല്ലാം അതിൽ നിന്ന് മനസിലാകുമല്ലോ. താനോ

ആദി: അത് തന്നെ.ഭേഷായി നിരീക്ഷിച്ചാൽ സംഭാഷണത്തിനുള്ള വക കിട്ടും. ആകെ വെടിയും പുകയുമാണല്ലോ എന്നൊക്കെ ഞാൻ പറഞ്ഞത് ഗാസയും ഇസ്രയേലുമൊക്കെ വായിച്ചും കേട്ടുമാണ്.രാഷ്ട്രീയം ശ്രദ്ധിക്കുമോ.

വിഷ്ണു: അത്യാവശ്യം. കൂത്ത് പറയാൻ അതൊക്കെ വേണമെന്ന് മാഷ് പറഞ്ഞിരുന്നു. ചിലരെയൊക്കെ ഉദ്ദേശിച്ച് ചിലത് പറയാൻ വേണ്ടത് കിട്ടും. അത് പുരാണത്തിലെ സന്ദർഭവുമായി ഒത്തുവന്നാൽ മതി. ദാ ഒരു തടിയനിരിക്കുന്നു എന്നൊക്കെ സദസ്യരെ നോക്കി പറഞ്ഞാൽ കൊള്ളുന്നത് അവർക്കാകില്ല. മറ്റ് ചിലർക്കായിരിക്കും.

ആദി: കൂത്ത് അവതരിപ്പിച്ചാൽ മാത്രം മതിയോ തനിയ്ക്. പാചകപ്പുര പഴയിടത്തേക്ക് മടങ്ങീന്ന് കേട്ടു.

വിഷ്ണു: പോകണം, ഗംഭീരമായ സദ്യ തരാക്കണം. പഴയ ഇടം മാറണം പുതിയ ഇടം ഉണ്ടാകണം എന്നൊക്കെ ചിലർ പറയുന്നത് കേട്ടപ്പോൾ എന്താ സ്ഥിതീന്ന് വിചാരിച്ചിരുന്നു. എല്ലാം ശുഭമായി.

സർവ്വകാലവും ഭഗവത് നാമങ്ങളെ ഉച്ചരിച്ചുച്ചരിച്ച്... എന്ന് തുടങ്ങി നമ്മൾ കൂത്ത് പറഞ്ഞ് തുടങ്ങുമല്ലോ. പീഠമെടുത്ത് ഇരുന്ന് കഥ പറഞ്ഞ് തുടങ്ങുമ്പോൾ കഥ കാലം മാറി മാറി നന്നായി തീരണേയെന്ന് പ്രാർഥിക്കില്ലേ. അതുപോലെ കലോത്സവവും നന്നായി തീരട്ടെ എന്നാണ് ആഗ്രഹം.
വിഷ്ണു: ഞാനും അതാണ് വിചാരിച്ചത്. എല്ലാം നന്നാകട്ടെ...