62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കലാകിരീടത്തില്‍ മുത്തമിട്ടത് കണ്ണൂര്‍ ജില്ലയാണ്. സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തിയത് നടന്‍ മമ്മൂട്ടിയാണ്. അദ്ദേഹത്തിന്റെ പ്രസംഗത്തിൽനിന്ന്:
സ്കൂൾ യുവജനോത്സവത്തിന്റെ സമാപന സമ്മേളനത്തിന് ക്ഷണിച്ചപ്പോൾ എന്നെപ്പോലൊരാൾക്ക് ഈ യുവജനങ്ങളുടെ ഇടയിൽ എന്തുകാര്യം എന്നു ചിന്തിച്ചു. അപ്പോൾ മന്ത്രി പറഞ്ഞത് നിങ്ങളാണ് ഈ പരിപാടിക്ക് യോഗ്യനായ ആളെന്ന്. ഞാനിപ്പോഴും യുവാവാണെന്നുള്ളതാണ് അദ്ദേഹം കണ്ടുപിടിച്ചത്. അതു കാഴ്ചയിലേ ഉള്ളൂ, വയസ്സ് പത്തുതൊണ്ണൂറായി. വരാമെന്നു തീരുമാനിച്ചപ്പോഴാണ് ഒരു വീഡിയോ ക്ലിപ് കണ്ടത്. മമ്മൂട്ടി എന്തുടുപ്പിട്ടിട്ടാവും വരികയെന്നുപറഞ്ഞ്. ഞാൻ പുതിയൊരു ഉടുപ്പും കൂളിങ് ഗ്ലാസുമൊക്കെയിട്ട് തയ്യാറാക്കി വച്ചതായിരുന്നു. അപ്പോഴാണ് ആ വീഡിയോയിൽ ഒരു മുണ്ടും വെള്ള ഷർട്ടുമിട്ടാവും വരികയെന്നു പറയുന്നത് കേട്ടത്. അങ്ങനെ ആ പ്രതീക്ഷയ്ക്കൊത്ത് അണിഞ്ഞൊരുങ്ങി വന്നു. ഈ ജനക്കൂട്ടം കാണുമ്പോൾ എനിക്ക് പരിഭ്രമമുണ്ട്. വാക്കുകൾ കൊണ്ട് നിങ്ങളെ സന്തോഷിപ്പിക്കണം എന്നതൊന്ന്. മറ്റൊന്ന് മഴ വരാനുള്ള സാധ്യത കാണുന്നുണ്ട്. പെട്ടെന്നു മഴ പെയ്താൽ ആളുകൾ അങ്ങോട്ടുമിങ്ങോട്ടും ഓടുമ്പോൾ എന്തെങ്കിലും സംഭവിക്കുമോയെന്ന ആശങ്കയും. അതുകൊണ്ട് ഒരുപാടു നേരം സംസാരിക്കാൻ ഉദ്ദേശിക്കുന്നില്ല.
ഞാൻ പഠിച്ച കാലത്തെ സ്കൂളല്ല ഇപ്പോൾ. അന്ന് പത്താം ക്ലാസ്സ് വരെയേ സ്കൂളുള്ളൂ. ഇന്ന് പന്ത്രണ്ടാം ക്ലാസ് വരെയാണ് സ്കൂൾ. കലാപരിപാടികളിലെ വിജയപരാജയങ്ങൾ കലാപ്രവർത്തനങ്ങളെ ബാധിക്കരുത്. നാം അവതരിപ്പിക്കുന്നത് കലാപ്രകടനം മാത്രമാണ്. അതിലൊന്നിൽ മറ്റുള്ളവർക്കൊപ്പം എത്താൻ കഴിഞ്ഞില്ലെങ്കിലും കഴിവുകൾക്കൊരു കോട്ടവുമുണ്ടാകാൻ പോണില്ല. കാലാകാലങ്ങളായി തേച്ചുമിനുക്കി വളർത്തിയെടുത്ത് വലിയ കലാകാരന്മാരാകുകയാണ് വേണ്ടത്. മത്സരത്തിൽ വിജയിച്ചവർക്കും പരാജയപ്പെട്ടവർക്കും കലാലോകത്ത് അവസരങ്ങൾ ഒരുപോലെയാണ്.
ഒരു യൂണിവേഴ്സിറ്റി യൂത്ത്ഫെസ്റ്റിവലിൽപ്പോലും പങ്കെടുക്കാത്തയാളാണ് ഞാൻ. ആ എനിക്ക് നിങ്ങളുടെ മുമ്പിൽ സംസാരിക്കാൻ അർഹത നേടിയെങ്കിൽ ഈ കലാപാരിപാടിയിൽ പങ്കെടുത്ത പരാജയപ്പെട്ടവർക്കും വിജയിച്ചവർക്കും ഒരുപോലെ അവസരങ്ങൾ ലഭിക്കും. ക്ഷേത്രകലകൾ, മാപ്പിളപ്പാട്ട് മത്സരം തുടങ്ങി കേരളത്തിലുള്ള എല്ലാ തരത്തിലുള്ള മത്സരങ്ങളും യാതൊരു വിവേചനവുമില്ലാതെ കൂടിച്ചേരുന്ന സമ്മേളനമാണ് ഈ യൂത്ത് ഫെസ്റ്റിവൽ. ചെറുപ്പത്തിൽ തന്നെ അവരുടെ മനസ്സിലേക്ക് അനാവശ്യ ചിന്തകളില്ലാതെ, ഒരു വിവേചനവും വേർതിരിവുകളുമില്ലാതെ, കൂടെയുള്ളത് കൂട്ടുകാരനാണ് അല്ലെങ്കിൽ കൂട്ടുകാരിയാണെന്ന ബോധ്യത്തോടെയാണ് പരിപാടികൾ അവതരിപ്പിക്കുന്നത്. ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത് ഒരു സിഗരറ്റ് ഗേറ്റിന്റെ വാതിൽക്കൽനിന്ന് വലിച്ചാൽ ക്ലാസിന്റെ വാതിക്കൽ നിന്നാവും അവസാന പുക കിട്ടുക. അതുവരെ ആരൊക്കെ അതു വലിച്ചുവെന്ന് അറിയില്ല. അവിടെ ഒരുപാട് വിവേചനങ്ങൾ വേണമെങ്കിൽ തോന്നാം. അന്നും ഇന്നും അത്തരത്തിലുള്ള വിവേചനം വിദ്യാർഥികളെ ബാധിച്ചിട്ടില്ല.
കൊല്ലത്ത് ഇത്ര വലിയ പരിപടി സംഘടിപ്പിക്കാൻ സാധിച്ച സംഘാടകരോടും മത്സരങ്ങൾ കാണാൻ പ്രോത്സാഹിപ്പിച്ച ഇവിടുത്തെ ജനങ്ങളോടും നന്ദി പറയുന്നു. കൊല്ലംകാർക്കല്ല സമ്മാനം കിട്ടിയത്. കണ്ണൂർ സ്ക്വാഡിനാണ്. കൊല്ലംകാരെ പ്രോത്സാഹിപ്പിച്ച് നന്നാക്കാം എന്ന് ആരും കരുതിയില്ല. അത് കൊല്ലംകാരുടെ മഹത്വമായാണ് കരുതുന്നത്. ഇതാണ് നമ്മൾ മലയാളികൾ, കേരളീയർ. ഇത് അങ്ങോളം പുലർത്തുമെന്ന് എനിക്ക് വിശ്വാസമുണ്ട്. എല്ലാവർക്കും ആശംസകൾ നേരുന്നു. വളരെ വ്യത്യസ്തമായ ജനസമൂഹമുള്ള സ്ഥലമാണ് കൊല്ലം. ഇത്ര നല്ല മീൻ കിട്ടുന്നത് ഞങ്ങളുടെ നാട്ടിലാണെന്നാണ് ആദ്യം കരുതിയത്. നല്ല മനുഷ്യരേക്കൊണ്ടും നല്ല പ്രകൃതിസമ്പത്തുകൊണ്ടും സമ്പന്നമാണ് കൊല്ലം. എല്ലാവർക്കും സമാധാനവും സന്തോഷവുമുണ്ടാകട്ടെ.
Content Highlights: actor mammotty speech kerala school kalolsavam closing ceremony
Published: 08 Jan 2024, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented