കൊല്ലം:ഒരുപാട് തിരക്കഥകൾ വായിക്കുകയും വേണ്ടെന്നു വെക്കുകയും ചെയ്തിട്ടുള്ളവരാണ് ഞങ്ങൾ. എന്നാൽ നമ്മൾക്ക് പിടികിട്ടാത്തൊരു തിരക്കഥയുണ്ട്. ജീവിതത്തിന്റെ തിരക്കഥ. 42 വർഷങ്ങൾക്കുമുമ്പ് ഇവിടെ കൊല്ലത്ത് കാർത്തിക ഹോട്ടലിൽ അദ്ദേഹം താമസിച്ച് ബലൂൺ എന്ന ചിത്രത്തിൽ ഡോ. ബി.എ.രാജാകൃഷ്ണന്റെ ഫിയറ്റ് കാറിൽ എന്നെയുംകൂട്ടി പൂത്തൂരിലെ ഷൂട്ടിങ്‌ സ്ഥലത്തേക്കു പൊയ്ക്കൊണ്ടിരുന്നപ്പോൾ ഞാൻ ഒരിക്കലും വിചാരിച്ചില്ല, അദ്ദേഹം മഹാനടനായിട്ട് വരുമ്പോൾ ഞാനിവിടെ എം.എൽ.എ.യായിട്ട് അദ്ദേഹത്തെ ക്ഷണിക്കുമെന്ന്.

To advertise here,

അടുത്ത നിമിഷം എന്തു നടക്കുമെന്നറിയാത്ത ജീവിത തിരക്കഥയെ നോക്കി അദ്‌ഭുതപ്പെട്ടത് നടൻ മുകേഷ്. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപനസമ്മേളനവേദിയിൽ അവതാരകന്റെ വേഷത്തിലായിരുന്നു സ്ഥലം എം.എൽ.എ.

കടലിനെയും മമ്മൂട്ടിയെയും നോക്കിനിന്നാൽ ബോറടിക്കില്ലെന്ന് പണ്ട് ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്. കടലിനും എനർജിയാണ്, മമ്മൂട്ടിക്കും എനർജിയാണ്. നായർ സാബിൽ അഭിനയിക്കാൻ ഞങ്ങൾ കാശ്മീർ പോയപ്പോൾ അദ്ദേഹം ഓഫീസറും ഞങ്ങൾ കമാൻഡോകളുമായിരുന്നു. രാവിലെ ഞങ്ങളെ പരേഡ് ചെയ്യിപ്പിക്കുകയും എക്സർസൈസ് ചെയ്യിപ്പിക്കുകയുമെല്ലാം ചെയ്യുമ്പോൾ അവിടത്തെ ശരിക്കുള്ള ഒരു ബ്രിഗേഡിയർ സ്വകാര്യം പറഞ്ഞു, “ഞങ്ങളുടെ റെജിമെന്റിൽ നിങ്ങളെപ്പോലെ സുമുഖനായ, എനർജറ്റിക്കായിട്ടുള്ള, ശബ്ദഗാംഭീര്യമുള്ള ഒരു ഓഫീസർ ഇല്ലെ”ന്ന്. മലയാളിയെന്നനിലയിൽ, അദ്ദേഹത്തിന്റെ സഹപ്രവർത്തകനെന്നനിലയിൽ അഭിമാനംകൊണ്ട നിമിഷങ്ങളായിരുന്നു അത്. മമ്മൂട്ടി ആരാധകരുടെ ഹർഷാരവത്തിൽ മുകേഷ് അദ്ദേഹത്തെ പ്രസംഗിക്കാൻ ക്ഷണിച്ചു. മമ്മൂക്ക പ്ളീസ്...