കൊച്ചി: ‘‘ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറുമൊക്കെ എന്റെ എതിരാളികളായിരുന്നുവെന്നു പറയുമ്പോൾ ദാ ഇപ്പോഴും രോമാഞ്ചമുണ്ട്...’’ സ്പാനിഷ് ലാലിഗ ഫുട്‌ബോളിൽ കളിച്ചിരുന്ന കാലത്തെ ഓർമ്മകൾ പങ്കിട്ട് സംസാരിച്ചപ്പോൾ പറഞ്ഞ രോമാഞ്ചം അലക്സാണ്ടർ ഇപ്പോൾ കൊച്ചിയിലും അനുഭവിക്കുന്നുണ്ട്. അത് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർതീർക്കുന്ന മഞ്ഞസാഗരത്തിനുമുന്നിൽ കളിക്കുമ്പോഴാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധക്കോട്ടയിലേക്ക് പുതുതായെത്തിയ ഫ്രഞ്ച് താരം അലക്സാണ്ടർ കൊയെഫ് മനസ്സുതുറന്നു...

To advertise here,

ലെൻസും മുട്ടുകാലിലെ വിള്ളലും

ഫുട്ബോളിനെക്കുറിച്ച് പറയുമ്പോൾ പലപ്പോഴും ഞാൻ അറിയാതെ എന്റെ മുട്ടുകാലിൽ തഴുകാറുണ്ട്. ഫ്രഞ്ച് ക്ലബ്ബായ ലെൻസിലൂടെ പ്രൊഫഷണൽ ഫുട്ബോളിലേക്കെത്തുമ്പോൾ മനസ്സുനിറയെ സന്തോഷമായിരുന്നു. എന്റെ അച്ഛനും മുത്തച്ഛനുമെല്ലാം ഫുട്ബോളർമാരായിരുന്നതിനാൽ അതല്ലാതെ മറ്റൊരു സ്വപ്നവും എനിക്കുമുണ്ടായിരുന്നില്ല. എന്നാൽ, ലെൻസുമായി കരാറൊപ്പിട്ട സമയത്താണ് എന്റെ മുട്ടുകാലിലെ എല്ലിലുണ്ടായ വിള്ളൽ പ്രശ്നമാകുന്നത്. ഏറെനാളത്തെ ചികിത്സയ്ക്കുശേഷമാണ് എനിക്ക് രോഗം ഭേദമായത്.

മെസ്സി, ക്രിസ്റ്റ്യാനോ

ഇറ്റാലിയൻ ക്ലബ്ബായ ഉഡിനിസിൽനിന്ന് ലോണിലാണ് ഞാൻ സ്പാനിഷ് ലീഗിലേക്കെത്തുന്നത്. അവിടെ ഗ്രാനഡയ്ക്കും റയൽ മയോർക്കയ്ക്കും കളിക്കുമ്പോഴാണ് ക്രിസ്റ്റ്യാനോയും ലയണൽ മെസ്സിയുമൊക്കെ എതിരാളിയായിവന്നത്. റയൽ മാഡ്രിഡിനും ബാഴ്സലോണയ്ക്കുമൊക്കെ എതിരായി കളിക്കുമ്പോൾ കിട്ടുന്ന അനുഭവങ്ങൾ അപാരമാണ്. സ്പാനിഷ് ലീഗുതന്ന വെല്ലുവിളികൾ തന്നെയാണ് ഒരു ഫുട്ബോളർ എന്നനിലയിൽ എനിക്ക് മുന്നോട്ടേക്കുള്ള വഴിയൊരുക്കിയത്. സ്പെയിനിലെ സ്റ്റേഡിയങ്ങളിൽ കളിക്കാനിറങ്ങിയപ്പോൾ കിട്ടിയ അപാരമായ ഊർജം ഞാൻ ഇപ്പോൾ കൊച്ചിയിലും അനുഭവിക്കുന്നുണ്ട്.

കരോലിസും സ്റ്റാറെയും

ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിങ് ഡയറക്ടറായ കരോലിസ് സ്‌കിൻകിസുമായി എനിക്ക് ഏറെനാളത്തെ പരിചയമുണ്ട്. അദ്ദേഹമാണ് ബ്ലാസ്റ്റേഴ്സിനെപ്പറ്റി പറഞ്ഞതും ക്ലബ്ബിലേക്ക് എന്നെ ക്ഷണിച്ചതും. ബ്ലാസ്റ്റേഴ്സിലെത്തിയപ്പോൾ കോച്ച് മിക്കേൽ സ്റ്റാറെയുടെ കേളീശൈലിക്ക് അനുയോജ്യമായി കളിക്കാനാകുമെന്നും എനിക്കുറപ്പുണ്ടായിരുന്നു. ഡിഫൻഡറായും ഡിഫൻസീവ് മിഡ്ഫീൽഡറായും വിങ്ങറായുമൊക്കെ ഞാൻ കളിച്ചിട്ടുണ്ട്. ഗോളി ഒഴികെയുള്ള എല്ലാ പൊസിഷനിലും കളിച്ചിട്ടുള്ളതിനാൽ സ്റ്റാറെയുടെ ഗെയിംപ്ലാനിൽ എനിക്ക് വേഗം ഇണങ്ങിച്ചേരാനായി.

കൊൽക്കത്തയും കേരളവും

ഇന്ത്യയിലേക്കെത്തിയപ്പോൾ കൊൽക്കത്തയിലാണ് ഞാൻ ആദ്യം താമസിച്ചത്. കൊൽക്കത്തയെ അപേക്ഷിച്ചുനോക്കുമ്പോൾ അതിന്റെ പത്തിരട്ടി ഇഷ്ടമായത് കേരളമാണ്. ഇവിടത്തെ ഫുട്ബോൾ ആരാധകരെപ്പറ്റി കരോലിസ് നേരത്തേത്തന്നെ എന്നോട് പറഞ്ഞിരുന്നു. കൊച്ചിയിലെ സ്റ്റേഡിയത്തിൽ കളിക്കാനിറങ്ങിയപ്പോൾ അത് അനുഭവിച്ചറിയുകയും ചെയ്തു. ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരം മനോഹരമായൊരു വികാരമാണ്.

ബാഴ്സയുടെ മധ്യനിര

ഫുട്ബോളിൽ പ്രിയപ്പെട്ട ഒരു താരത്തെ പറയാൻ പറഞ്ഞാൽ ഞാൻ മൗനത്തിലാകും. പക്ഷേ, ബാഴ്സലോണയ്ക്കായി കളിച്ചിരുന്ന സാവിയും ഇനിയേസ്റ്റയും ബുസ്‌ക്വറ്റ്സും അടങ്ങിയ മധ്യനിരയെപ്പറ്റി ഞാൻ വാചാലനാകും. അവരുടെ കളി അപാരമായൊരു അനുഭവമാണ്. എതിരാളിയായും ഗാലറിയിലിരുന്നും ആ കളി കാണാൻ കഴിഞ്ഞിട്ടുണ്ടെന്നത് വലിയ ഭാഗ്യമായിട്ടാണ് കരുതുന്നത്.