മുംബൈ; ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പ്ലേഓഫ് മത്സരത്തില്‍   ബെംഗളൂരു എഫ്‌സി വിവാദ ഗോള്‍ നേടിയതിന് പിന്നാലെ മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയ കേരളബ്ലാസ്റ്റേഴ്‌സിനെതിരേ ശക്തമായ നടപടിക്ക് സാധ്യത. കേരള ബ്ലാസ്റ്റേഴ്‌സ് അച്ചടക്കലംഘനം നടത്തിയെന്നാണ് തിങ്കളാഴ്ച ചേര്‍ന്ന ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ(എഐഎഫ്എഫ്) അച്ചടക്ക സമിതിയുടെ കണ്ടെത്തലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരു ടീമുകളുടേയും വാദങ്ങള്‍ കേട്ട ശേഷമാണ് സമിതിയുടെ നിരീക്ഷണം. 

To advertise here,

ഇതോടെ ബ്ലാസ്‌റ്റേഴ്‌സിനെതിരേ നടപടിയുണ്ടാകുമെന്ന് ഉറപ്പായി. മത്സരങ്ങളില്‍ നിന്ന് വിലക്കുകയോ പിഴശിക്ഷയോ ലഭിച്ചേക്കാം. റഫറിയുടെ വാദങ്ങള്‍ കൂടി കേട്ടതിന് ശേഷമാണ് സമിതിയുടെ തീരുമാനം. ഫുട്‌ബോള്‍ ഫെഡറേഷന്റെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് ചൊവ്വാഴ്ച പുറത്തുവന്നേക്കും. നേരത്തേ പ്ലേഓഫ് മത്സരം വീണ്ടും നടത്തണമെന്നും മത്സരം നിയന്ത്രിച്ച റഫറി ക്രിസ്റ്റല്‍ ജോണിനെ വിലക്കണമെന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് ആവശ്യപ്പെട്ടിരുന്നു. 

അച്ചടക്ക സമിതിക്ക് മുമ്പില്‍ ഹാജരായ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ റഫറിയുടെ നടപടിക്കെതിരേ വാദങ്ങള്‍ ഉന്നയിച്ചു. സുനില്‍ ഛേത്രിയുടെ കിക്ക് തടയാനൊരുങ്ങവേ റഫറി തന്നോട് പിന്നിലേക്ക് പോകാന്‍ നിര്‍ദേശിച്ചെന്നും അങ്ങനെ ചെയ്യുമ്പോഴാണ് ഛേത്രി ഗോളടിച്ചതെന്നുമാണ് ലൂണയുടെ വിശദീകരണം. അതേ സമയം ഫിഫയുടെ നിയമപ്രകാരമാണ് താന്‍ ഗോളനുവദിച്ചതെന്നാണ് റഫറി ക്രിസ്റ്റല്‍ ജോണ്‍ വാദിച്ചത്. 

ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക നിയമത്തിലെ ആര്‍ട്ടിക്കിള്‍ 58 പ്രകാരകമാണ് ബ്ലാസ്റ്റേഴ്‌സിനെതിരായ നടപടി. ആര്‍ട്ടിക്കിള്‍ 58.1 പ്രകാരം ഒരു ടീം മത്സരം കളിക്കാന്‍ വിസമ്മതിക്കുകയോ ആരംഭിച്ച മത്സരം തുടര്‍ന്ന്‌ കളിക്കാതിരിക്കുകയോ ചെയ്താല്‍ കുറഞ്ഞത് ആറുലക്ഷം രൂപ വരെ പിഴശിക്ഷ ലഭിക്കാം. ഗുരുതരമായ ലംഘനമാണെങ്കില്‍ നടപ്പുസീസണില്‍ നിന്ന് അയോഗ്യരാക്കുകയോ വരാനിരിക്കുന്ന ടൂര്‍ണമെന്റുകളില്‍ നിന്ന് വിലക്കുകയോ ചെയ്യാം.  

വെള്ളിയാഴ്ച ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന പ്ലേ ഓഫ് മത്സരമാണ് ഐഎസ്എല്‍ ചരിത്രത്തില്‍ തന്നെ ഇതുവരെ കാണാത്ത വിവാദ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. ഗോള്‍രഹിതമായ 90 മിനിറ്റുകള്‍ക്ക് ശേഷം മത്സരം എക്സ്ട്രാ ടൈമിലേക്ക്. ഇതിനിടെ ബ്ലാസ്റ്റേഴ്സ് ബോക്സിന്റെ പുറത്ത് ബെംഗളൂരുവിന് അനുകൂലമായി ഒരു ഫ്രീ കിക്ക് ലഭിക്കുന്നു. 96-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് താരങ്ങളും ഗോള്‍കീപ്പറും ഫ്രീ കിക്ക് തടയാനായി തയ്യാറെടുക്കും മുമ്പ് സുനില്‍ ഛേത്രി പെട്ടെന്നുതന്നെ കിക്കെടുത്ത് പന്ത് വലയിലെത്തിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ തയാറാകും മുന്‍പാണു കിക്കെടുത്തതെന്ന് താരങ്ങള്‍ വാദിച്ചെങ്കിലും റഫറി ക്രിസ്റ്റല്‍ ജോണ്‍ അത് അംഗീകരിച്ചില്ല. തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് ടീമിനെ തിരികെ വിളിക്കുകയായിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം മത്സരം പൂര്‍ത്തിയാക്കാതെ ഗ്രൗണ്ട് വിടുന്നത്.