മഡ്ഗാവ്:  മനോഹരം മോഹന്‍ ബഗാന്‍....! ആര്‍ത്തിരമ്പിയ ഗോവയിലെ ആരാധകരെ ആവേശക്കൊടുമുടിയിലെത്തിച്ചുകൊണ്ട് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ട് എ.ടി.കെ മോഹന്‍ ബഗാന്‍. ആവേശം അലതല്ലിയ ഫൈനലില്‍ ബെംഗളൂരു എഫ്.സിയെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ തകര്‍ത്താണ് മോഹന്‍ ബഗാന്‍ കിരീടം നേടിയത്. എ.ടി.കെയുടെ നാലാം ഐ.എസ്.എല്‍ കിരീടമാണിത്. 

To advertise here,

നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 2-2 ന് സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ 4-3 എന്ന സ്‌കോറിനാണ് മോഹന്‍ ബഗാന്റെ വിജയം. നിശ്ചിത സമയത്ത് മോഹന്‍ ബഗാന് വേണ്ടി ദിമിത്രി പെട്രറ്റോസ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ റോയ് കൃഷ്ണയും സുനില്‍ ഛേത്രിയും ബെംഗളൂരുവിനായി വലകുലുക്കി. 

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മോഹന്‍ ബഗാന് വേണ്ടി പെട്രറ്റോസ്, ലിസ്റ്റണ്‍ കൊളാസോ, കിയാന്‍, മന്‍വീര്‍ സിങ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ബെംഗളൂരുവിനായി അലന്‍ കോസ്റ്റ, സുനില്‍ ഛേത്രി, റോയ് കൃഷ്ണ എന്നിവര്‍ വലകുലുക്കി. റമീറെസും പാബ്ലോ പെരെസും കിക്ക് പാഴാക്കിയതോടെ ഒരു കിക്ക് ബാക്കിനില്‍ക്കേ മോഹന്‍ ബഗാന്‍ ചാമ്പ്യന്മാരായി. മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് ഇരുടീമുകളും കാഴ്ചവെച്ചത്. 

നായകന്‍ സുനില്‍ ഛേത്രിയില്ലാതെയാണ് ബെംഗളൂരു ആദ്യ ഇലവനെ പ്രഖ്യാപിച്ചത്. എ.ടി.കെ മോഹന്‍ ബഗാനില്‍ മലയാളി താരം ആഷിഖ് കുരുണിയന്‍ ആദ്യ ഇലവനില്‍ ഇടം നേടി. മത്സരം തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ബെംഗളൂരു താരം ശിവശക്തിയ്ക്ക് പരിക്കേറ്റു. ഇതോടെ ശിവശക്തിയെ പിന്‍വലിച്ച് സുനില്‍ ഛേത്രിയെ ഇറക്കാന്‍ പരിശീലകന്‍ നിര്‍ബന്ധിതനായി. 

ആറാം മിനിറ്റില്‍ പോസ്റ്റിന് മുന്നില്‍വെച്ച് മോഹന്‍ ബഗാന്റെ ഹ്യൂഗോ ബൗമസിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും താരത്തിന് അത് മുതലാക്കാനായില്ല. മത്സരത്തിന്റെ ആദ്യ മിനിറ്റുതൊട്ട് ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 

13-ാം മിനിറ്റില്‍ മോഹന്‍ ബഗാന് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. കോര്‍ണര്‍ കിക്കിന്റെ അനന്തരഫലമായാണ് പെനാല്‍റ്റി വന്നത്. ദിമിത്രി പെട്രറ്റോസ് എടുത്ത പെനാല്‍റ്റി കിക്ക് ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു രക്ഷപ്പെടുത്തിയെങ്കിലും റീബൗണ്ടായ പന്ത് ആഷിഖ് കുരുണിയന് കണക്കായി വന്നു. ഇത് റോയ് കൃഷ്ണ ബോക്‌സിനകത്തുവെച്ച് കൈകൊണ്ട് തടയാന്‍ നോക്കി. ഇതേത്തുടര്‍ന്നാണ് റഫറി പെനാല്‍റ്റി വിധിച്ചത്. 

കിക്കെടുത്ത ടീമിന്റെ ഗോളടിയന്ത്രം പെട്രറ്റോസിന് പിഴച്ചില്ല. 14-ാം മിനിറ്റില്‍ പോസ്റ്റിന്റെ ഇടത്തേമൂലയിലേക്ക് പന്തടിച്ചുകയറ്റി പെട്രറ്റോസ് മോഹന്‍ ബഗാന് ലീഡ് സമ്മാനിച്ചു. ഗുര്‍പ്രീത് പരമാവധി ശ്രമിച്ചെങ്കിലും പന്ത് വലയിലെത്തി. ഗോള്‍ വഴങ്ങിയതോടെ ബെംഗളൂരു ആക്രമിച്ച് കളിച്ചു. 

25-ാം മിനിറ്റില്‍ ഛേത്രിയെ ഗ്ലാന്‍ മാര്‍ട്ടിന്‍സ് ഫൗള്‍ ചെയ്തതിനെത്തുടര്‍ന്ന് ബെംഗളൂരുവിന് ബോക്‌സിന് തൊട്ടുപുറത്തുവെച്ച് ഫ്രീകിക്ക് ലഭിച്ചു. കിക്കെടുത്ത ഛേത്രി കൃത്യമായി പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തെങ്കിലും ഗോള്‍കീപ്പര്‍ വിശാല്‍ കെയ്ത് അത് തട്ടിയകറ്റി. തൊട്ടുപിന്നാലെ ലഭിച്ച സുവര്‍ണാവസരം സന്ദേശ് ജിങ്കനും പാഴാക്കി. 

ആദ്യപകുതിയില്‍ ബെംഗളൂരുവിന്റെ റോഷന്‍ സിങ്ങും സുനില്‍ ഛേത്രിയും പരിശീലകന്‍ സൈമണ്‍ ഗ്രെയ്‌സണും മഞ്ഞക്കാര്‍ഡ് വാങ്ങി. റഫറിയോട് കയര്‍ത്തതിനാണ് ഛേത്രിയ്ക്കും ഗ്രെയ്‌സണിനും മഞ്ഞക്കാര്‍ഡ് ലഭിച്ചത്.

ആദ്യപകുതിയുടെ ഇന്‍ജുറി ടൈമില്‍ ബെംഗളുരുവിനും പെനാല്‍റ്റി ലഭിച്ചു. സുഭാശിഷ് റോയ് ബെംഗളൂരുവിന്റെ റോയ് കൃഷ്ണയെ വീഴ്ത്തിയതിന്റെ ഫലമായി റഫറി പെനാല്‍റ്റി വിധിച്ചു. സുനില്‍ ഛേത്രിയാണ് കിക്കെടുക്കാനായി എത്തിയത്. അനായാസം ലക്ഷ്യം കണ്ട് ഛേത്രി ബെംഗളൂരുവിന് സമനില ഗോള്‍ സമ്മാനിച്ചു. പിന്നാലെ ആദ്യ പകുതി അവസാനിച്ചു. 

രണ്ടാം പകുതിയില്‍ ആഷിഖിന് പകരം ഗ്രൗണ്ടിലെത്തിയ ലിസ്റ്റണ്‍ കൊളാസോ മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു. 60-ാം മിനിറ്റില്‍ ലിസ്റ്റണിന്റെ തകര്‍പ്പന്‍ ലോങ്‌റേഞ്ചര്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് തട്ടിയകറ്റി. റീബൗണ്ടായി വന്ന പന്ത് പെട്രറ്റോസിന് ലഭിച്ചെങ്കിലും ഒഴിഞ്ഞ പോസ്റ്റില്‍ ലക്ഷ്യം കാണാന്‍ താരത്തിന് സാധിച്ചില്ല. പെട്രറ്റോസിന്റെ ഷോട്ട് ലക്ഷ്യം തെറ്റി പുറത്തേക്ക് പോയി. മത്സരത്തിലെ ഏറ്റവും മികച്ച അവസരങ്ങളിലൊന്നായിരുന്നു ഇത്. 

65-ാം മിനിറ്റില്‍ മോഹന്‍ ബഗാന്റെ ഹ്യൂഗോ ബൗമസിന്റെ ലോങ് റേഞ്ചര്‍ ക്രോസ് ബാറിന് മുകളിലൂടെ പറന്നു. എന്നാല്‍ ആക്രമിച്ച് കളിച്ച മോഹന്‍ ബഗാനെ ഞെട്ടിച്ചുകൊണ്ട് ബെംഗളൂരു മത്സരത്തില്‍ ലീഡെടുത്തു. 78-ാം മിനിറ്റില്‍ സൂപ്പര്‍ താരം റോയ് കൃഷ്ണയാണ് ഗോളടിച്ചത്. കോര്‍ണര്‍ കിക്കിലൂടെ വന്ന പന്ത് മോഹന്‍ ബഗാന്‍ പ്രതിരോധതാരത്തിന്റെ ഹെഡ്ഡറിലൂടെ വ്യതിചലിച്ചു. മാര്‍ക്ക് ചെയ്യാതെ നിന്ന റോയ് കൃഷ്ണയ്ക്ക് കണക്കായാണ് പന്ത് വന്നത്. വായുവിലേക്ക് ചാടിയുയര്‍ന്ന റോയ് കൃഷ്ണ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു. ഇതോടെ സ്‌റ്റേഡിയം ആര്‍ത്തിരമ്പി. 

എന്നാല്‍ ബെംഗളൂരുവിന്റെ ആഹ്ലാദത്തിന് അധികം ആയുസ്സുണ്ടായില്ല. 84-ാം മിനിറ്റില്‍ മോഹന്‍ ബഗാന് അനുകൂലമായി റഫറി പെനാല്‍റ്റി വിളിച്ചു. നംഗ്യാല്‍ ഭൂട്ടിയയെ ബോക്‌സിനകത്തുവെച്ച് പാബ്ലോ പെരസ് വീഴ്ത്തിയതിനെത്തുടര്‍ന്നാണ് റഫറി പെനാല്‍റ്റി വിധിച്ചത്. ഇത്തവണയും കിക്കെടുത്തത് പെട്രറ്റോസാണ്. താരത്തിന് പിഴച്ചില്ല. ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിനെ നിസ്സഹായനാക്കി പെട്രറ്റോസ് ഗോള്‍വല തുളച്ചു. ഇതോടെ മത്സരം സമനിലയിലെത്തുകയും ആവേശക്കൊടുമുടി താണ്ടുകയും ചെയ്തു. 

ഇന്‍ജുറി ടൈമില്‍ പെട്രറ്റോസിന്റെ ഗോളെന്നുറച്ച ഷോട്ട് പ്രബീര്‍ ദാസ് ഗോള്‍ ലൈനില്‍ വെച്ച് തടഞ്ഞ് ബെംഗളൂരുവിന്റെ രക്ഷകനായി. പിന്നാലെ ലിസ്റ്റണ്‍ കൊളാസോയ്ക്ക് ഫ്രീ ഹെഡ്ഡര്‍ കിട്ടിയെങ്കിലും താരത്തിനും ലക്ഷ്യം കാണാനായില്ല. വൈകാതെ നിശ്ചിത സമയം അവസാനിച്ചു. മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്‌സ്ട്രാ ടൈമില്‍100-ാം മിനിറ്റില്‍ ബെംഗളൂരുവിന്റെ രോഹിത്തിന്റെ ലോങ് റേഞ്ചര്‍ തലനാരിഴയ്ക്ക് ഗോള്‍ പോസ്റ്റിന് മുകളിലൂടെ പറന്നു. 106-ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കേ റോയ് കൃഷ്ണയ്ക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 110-ാം മിനിറ്റില്‍ മന്‍വീര്‍ സിങ്ങിന് ലഭിച്ച അവസരവും പാഴായി. പിന്നാലെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. 

ബെംഗളൂരുവാണ് ആദ്യം കിക്കെടുത്തത്. അലന്‍ കോസ്റ്റയെടുത്ത ആദ്യ കിക്ക് ലക്ഷ്യത്തിലെത്തിയോടെ ബെംഗളൂരു മുന്നിലെത്തി. മോഹന്‍ ബഗാന് വേണ്ടി ആദ്യ കിക്കെടുത്ത പെട്രറ്റോസും ഗോളടിച്ചു. ഇതോടെ സ്‌കോര്‍ 1-1 ആയി. ബെംഗളൂരുവിനായി രണ്ടാം കിക്കെടുത്ത റോയ് കൃഷ്ണ ലക്ഷ്യം കണ്ടപ്പോള്‍ മോഹന്‍ ബഗാനുവേണ്ടി ലിസ്റ്റണ്‍ കൊളാസോയും ഗോളടിച്ചു. ഇതോടെ സ്‌കോര്‍ 2-2 ആയി മാറി. ബെംഗളൂരുവിനായി റമീറെസാണ് മൂന്നാം കിക്കെടുത്തത് എന്നാല്‍ അത് വിശാല്‍ കെയ്ത് തട്ടിയകറ്റി. പിന്നാലെ വന്ന കിയാന്‍ ലക്ഷ്യം കണ്ടതോടെ മോഹന്‍ ബഗാന്‍ 3-2 ന് മുന്നിലെത്തി. 

നിര്‍ണായകമായ നാലാം കിക്ക് ബെംഗളൂരുവിനുവേണ്ടി എടുത്ത ഛേത്രി അനായാസം ലക്ഷ്യം കണ്ടു. മോഹന്‍ ബഗാന് വേണ്ടി നാലാം കിക്കെടുത്ത മന്‍വീര്‍ ഗോളടിച്ചതോടെ ടീം 4-3 ന് മുന്നിലെത്തി. അഞ്ചാം കിക്കെടുത്ത ബെംഗളൂരുവിന്റെ പാബ്ലോ പെരെസിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നതോടെ മോഹന്‍ ബഗാന്‍ കിരീട ജേതാക്കളായി.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം.....