അഹമ്മദാബാദ്: ഒടുക്കം കോലി ചിരിച്ചു, ശ്രേയസ്സ് അയ്യര്‍ കണ്ണീരോടെ മടങ്ങി. അഹമ്മദാബാദില്‍ ഇതിഹാസതാരത്തിന് സ്വപ്‌നസാഫല്യം. പതിനെട്ട് വര്‍ഷത്തെ നീണ്ടകാത്തിരിപ്പിനൊടുക്കം ഐപിഎല്‍ കിരീടത്തില്‍ കോലിയുടെ മുത്തം. പഞ്ചാബിനെ 6 റണ്‍സിന് കീഴടക്കി ബെംഗളൂരു ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു. ബെംഗളൂരു ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനേ ആയുള്ളൂ.
ഐപിഎല്‍ കിരീടം ലക്ഷ്യമിട്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാര്‍ സമ്മാനിച്ചത്. പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിങ്ങും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചു. ടീം നാലോവറില്‍ 32 റണ്‍സെടുത്തു. പ്രിയാന്‍ഷ് ആര്യയുടെ വിക്കറ്റഅ നഷ്ടമായെങ്കിലും പഞ്ചാബ് പവര്‍ പ്ലേയില്‍ സ്‌കോര്‍ അമ്പത് കടത്തി. 19 പന്തില്‍ 24 റണ്‍സെടുത്താണ് താരം പുറത്തായത്.
എന്നാല്‍ രണ്ടാം വിക്കറ്റില്‍ ജോഷ് ഇംഗ്ലിസും പ്രഭ്‌സിമ്രാന്‍ സിങ്ങും ചേര്‍ന്ന് സ്‌കോറുയര്‍ത്തി. എന്നാല്‍ ബെംഗളൂരു ശക്തമായി തിരിച്ചടിക്കുന്നതാണ് പിന്നീട് കണ്ടത്. പ്രഭ്‌സിമ്രാനെയും(26) പഞ്ചാബ് നായകന്‍ ശ്രേയസ്സ് അയ്യരേയും(1) കൂടാരം കയറ്റിയതോടെ ആര്‍സിബിക്ക് ജയപ്രതീക്ഷ കൈവന്നു. പഞ്ചാബ് 79-3 എന്ന നിലയിലായി. പിന്നാലെ തകര്‍ത്തടിച്ച ഇംഗ്ലിസും പുറത്തായി. ക്രുണാല്‍ പാണ്ഡ്യയാണ് താരത്തെ കൂടാരം കയറ്റിയത്. 23 പന്തില്‍ നിന്ന് ഇംഗ്ലിസ് 39 റണ്‍സെടുത്തു.
എന്നാല്‍ നേഹല്‍ വധേരയും ശശാങ്ക് സിങ്ങും ചേര്‍ന്ന് പഞ്ചാബിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 16 ഓവറില്‍ 136-4 എന്ന നിലയിലായിരുന്നു പഞ്ചാബ്. നാലോവറില്‍ വേണ്ടത് 55 റണ്‍സ്. പിന്നാലെ നേഹല്‍ വധേരയെയും(15) മാര്‍ക്കസ് സ്റ്റോയിനിസിനെയും(6) പുറത്താക്കി ഭുവനേശ്വര്‍ ആര്‍സിബിയെ വിജയതീരത്തിനടുത്തെത്തിച്ചു. അസ്മത്തുള്ള ഒമര്‍സായ് ഒരു റണ്ണെടുത്ത് പുറത്തായി. ഒടുക്കം നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 184 റണ്‍സെടുത്തു. ജയത്തോടെ ബെംഗളൂരു കന്നി ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു.
ബെംഗളൂരു നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന്റെത് ഭേദപ്പെട്ട തുടക്കമായിരുന്നു. ആദ്യ ഓവറില്‍ കത്തിക്കയറിയ ഓപ്പണര്‍ ഫില്‍ സാള്‍ട്ട് രണ്ടാം ഓവറില്‍ തന്നെ മടങ്ങി. ഒമ്പത് പന്തില്‍ നിന്ന് സാള്‍ട്ട് 16 റണ്‍സെടുത്തു. രണ്ടാം വിക്കറ്റില്‍ മായങ്ക് അഗര്‍വാളും വിരാട് കോലിയും ചേര്‍ന്ന് സ്‌കോറുയര്‍ത്തി. മായങ്കിന്റെ വെടിക്കെട്ടില്‍ ടീം ആറോവറില്‍ 55-ലെത്തി. പിന്നാലെ ചാഹല്‍ മായങ്കിനെ കൂടാരം കയറ്റി. 18 പന്ത് നേരിട്ട മായങ്ക് 24 റണ്‍സെടുത്തു. അതോടെ ആര്‍സിബി 56-2 എന്ന നിലയിലായി.
നായകന്‍ രജത് പാട്ടിദാറാണ് പിന്നീട് ആര്‍സിബിയെ കരകയറ്റാനിറങ്ങിയത്. അതേസമയം ആക്രമണോത്സുക ബാറ്റിങ്ങിന് മുതിരാതെയാണ് കോലി കളിച്ചത്. പതിയെ സിംഗിളുകളുമായി ആങ്കര്‍ റോളിലായിരുന്നു ഇന്നിങ്‌സ്. എന്നാല്‍ നായകന്‍ തകര്‍ത്തടിച്ചതോടെ ആര്‍സിബി പത്തോവറില്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെടുത്തു. 11-ാം ഓവറില്‍ പാട്ടിദാറും പുറത്തായതോടെ ആര്‍സിബി പ്രതിരോധത്തിലായി. 26 റണ്‍സാണ് ആര്‍സിബി നായകന്റെ സമ്പാദ്യം.
മധ്യഓവറുകളില്‍ വേഗം റണ്‍സ് കണ്ടെത്താനാവാത്തത് ആര്‍സിബിക്ക് തിരിച്ചടിയായി. പിന്നാലെ കോലിയും പുറത്തായതോടെ ടീം 131-4 എന്ന നിലയിലായി. 35 പന്തുകള്‍ നേരിട്ട കോലിക്ക് 43 റണ്‍സ് മാത്രമാണ് നേടാനായത്. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ജിതേഷ് ശര്‍മയും ലിവിങ്സ്റ്റണും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചതോടെ സ്‌കോര്‍ 170-കടന്നു. ലിവിങ്‌സ്റ്റണ്‍ 15 പന്തില്‍ നിന്ന് 25 റണ്‍സും ജിതേഷ് ശര്‍മ 10 പന്തില്‍ നിന്ന് 24 റണ്‍സുമെടുത്തു. റൊമാരിയോ ഷെഫേര്‍ഡ് 17 റണ്‍സെടുത്ത് പുറത്തായി. ഒടുക്കം നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ബെംഗളൂരു 190 റണ്‍സെടുത്തു. കൈല്‍ ജേമിസണും അര്‍ഷ്ദീപ് സിങ്ങും പഞ്ചാബിനായി മൂന്ന് വിക്കറ്റെടുത്തു.
Content Highlights: Royal Challengers Bengaluru vs Punjab Kings ipl final match
Published: 03 Jun 2025, 11:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented